മൊഴിമുത്തുകൾ-45


ജീവിത വിജയം

മൊഴിമുത്ത്:



“ അഞ്ചു കാര്യങ്ങൾക്ക് മുമ്പ് അഞ്ചു കാര്യങ്ങൾ സമ്പാദിക്കുക. 1) മരണത്തിനു മുമ്പ് ജീവിതം. 2) രോഗത്തിനു മുമ്പ് ആരോഗ്യം. 3) ജോലിത്തിരക്കിനു മുമ്പ് ഒഴിവു സമയം 4) വാർദ്ധക്യത്തിനു മുമ്പ് യൌവ്വനം 5) ദാരിദ്ര്യത്തിനു മുമ്പ് ഐശ്വര്യം”. (ഇബ്‌നു അബ്ബാസ് (റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്ത ഹദീസ് )


വിവരണം:



സമ്പാദിക്കുക എന്നതിന്റെ വിവക്ഷ മരണം എന്ന യാഥാർത്ഥ്യം നമ്മിലണയുന്നതിനു മുമ്പ് ജീവിതവും അവിടെ പ്രത്യേകമായി ആരോഗ്യം, ഒഴിവ് സമയം,യൌവ്വനം ,ഐശ്വര്യം എന്നി അനുഗ്രഹങ്ങൾ ശരിയായ ദിശാബോധത്തോടെ വിനിയോഗിക്കുക എന്നതാണ്. നമ്മിൽ നിന്ന് വിട്ടകന്നതിനു ശേഷം വീണ്ടും നമ്മിലേക്ക് ഇവയൊന്നും തിരിച്ച് വന്ന് ചേരുകയില്ലാത്തതിനാൽ നഷ്ടപ്പെടുന്നതിനു മുമ്പ് സമ്പാദിക്കാൻ കഴിയണമെന്ന് സാരം.

കുറിപ്പ് :

കരുതലോടെ ജീവിക്കേണ്ട ആവശ്യകതയാണിവിടെ നമ്മെ ബോധ്യപ്പെടുത്തുന്നത്. ജീവിത വിജയത്തിനു കരുതലോടെ അഞ്ച് പ്രധാന ഘട്ടങ്ങൾ നാം നേരിടണം. മരണമെന്നത് അടുത്ത നിമിഷം വന്ന് ചേരും ! അതിനാൽ തന്നെ ജിവിതം സമ്പാദിക്കേണ്ട കാലമാണ് (കേവല ധന സമ്പാദനം മാത്രമല്ല, മരണത്തിനു ശേഷമുള്ള ശാശ്വതമായ പരലോക ജീവിതത്തിലേക്കുള്ള സമ്പാദനവുമാണ് അർത്ഥമാക്കുന്നത്). യുവത്വവും ആരോഗ്യവും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഘടകവും അനുഗ്രഹവുമാണെന്നതിൽ തർക്കമില്ല പക്ഷെ മിക്കപേരും അത് വേണ്ടവിധം ഉപയോഗപ്പെടുത്താതെ കഴിയുന്നു. ചിലർ അത് ജനങ്ങൾക്ക് എന്നല്ല തനിക്ക് തന്നെ ഉപദ്രവമായി മാറുന്ന രീതിയിൽ ദുരുപയോഗം ചെയ്യുന്നു. ചുരുക്കം ചിലർ താൻ ഉൾപ്പെടുന്ന കുടുംബത്തിനും സമൂഹത്തിനും സമുദായത്തിനും നന്മയാകുന്ന വിധം യുവത്വവും ആരോഗ്യവും ചിലവഴിച്ച് ഇരുലോക വിജയം നേടുന്നു. നാം ഇതിൽ എവിടെ നിൽക്കുന്നുവെന്ന ഒരു വിചിന്തനം നല്ലതല്ലേ ! വർത്തമാന കാല സംഭവങ്ങളിൽ യുവത്വവും ആരോഗ്യവും താൻ നിലകൊള്ളുന്ന സമുദായത്തിനും താൻ ജീവിക്കുന്ന സമൂഹത്തിനുമെതിരായി വിനിയോഗിക്കുന്നവരുടെ ചെയ്തികൾ അനുഭവപാഠങ്ങളായി നമ്മുടെ മുന്നിലുണ്ട്. നേർവഴിയിൽനിന്നുള്ള വ്യതിചലനം അവരെ കൊണ്ടു ചെന്നെത്തിക്കുക ശാശ്വതമായ ദു:ഖത്തിലായിരിക്കുമെന്നതിൽ സംശയമില്ല. ആരോഗ്യവും യൌവ്വനവും വിടപറഞ്ഞ് വാർദ്ധക്യം പിടികൂടുന്ന അവസ്ഥയിൽ നഷ്ടപ്പെട്ടതൊന്നും പിന്നെ ജീവിതത്തിൽ തിരിച്ച് വരികില്ലെന്നതോർക്കാൻ കൂടി അക്കൂട്ടർക്കിപ്പോൾ സമയമുണ്ടാവില്ല ! മരണത്തെകുറിച്ചുള്ള ഓർമ്മ ദിവസത്തിൽ ഒരിക്കലെങ്കിലും നമുക്ക് ഉണ്ടായിരുന്നെങ്കിൽ, തന്റെ ആരോഗ്യവും യൌവ്വനവും ,ഒഴിവു സമയവും പാ‍ഴാക്കികളയാനോ ദുരുപയോഗം ചെയ്യാനോ മുതിരുമായിരുന്നില്ല.

ഐശ്വര്യം വന്ന് ചേർന്നാലത് ശ്വാശ്വതമെന്ന് കരുതി ദൂർത്തടിക്കുന്നവർ തൊട്ടടുത്ത ദിനം ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും നിനക്കാറില്ല. എത്രയെത്ര വമ്പൻ മുതലാളിമാരാണ് ഒരൊറ്റ ദിനം കൊണ്ട് പാപ്പരായത് !. എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ നിന്ന് ക്ഷണനേരം കൊണ്ട് ആപധിച്ചവരെത്ര!. നേരിടാനാവാതെ ജീവിതമൊടുക്കിയവരും ഏറെ... കഥകളേറെ നമുക്ക് മുന്നിലുണ്ട്..പക്ഷെ ബോധവാന്മാരായില്ലെന്ന് മാത്രം ! ഒഴിവ് സമയങ്ങൾ ക്രിയാത്കമായി ഉപയോഗിക്കുന്ന കൂട്ടത്തിലാണോ ഞാനും നിങ്ങളും ? ജീവിതത്തിന്റെ വലിയ സമയം മറ്റുള്ളവരെ ദ്രോഹിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും തെറ്റായ ആശയങ്ങളുടെ പ്രചാരണത്തിനുമായി ചിലവിടുന്നവർ എത്രയോ !


ഒരുദിനത്തിന്റെ ദൈർഘ്യത്തിൽ വർഷങ്ങൾ നമ്മെ വിട്ടൊഴിഞ്ഞകലുമ്പോൾ, ആരോഗ്യവും ,യൌവ്വനവും, ഒഴിവു സമയവും ,ഐശ്വര്യവും മരണം വാതിൽക്കലെത്തുന്നതിനു മുന്നെ ഈ ജീവിതത്തിലും നാളെയുടെ ശ്വാശ്വതജീവിതത്തിനുമായി ഉപയോഗപ്പെടുത്തി സമ്പാദിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ,