മൊഴിമുത്തുകൾ -43


വിസർജ്ജന മര്യാദകൾ


മൊഴിമുത്ത് :

“ഒലിച്ച്പോകാതെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ നിങ്ങൾ മൂത്രിക്കരുത്. അതിൽ കുളിക്കുകയും ചെയ്യരുത്” (ബുഖാരി )


വിവരണം:


നിരവധി ഹദീസുകൾ മലമൂത്ര വിസർജ്ജന മര്യാദകളെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കെട്ടിനിൽക്കുന്നതും ജനങ്ങൾ ഉപയോഗിക്കുന്നതുമായ വെള്ളത്തിൽ വിസർജ്ജനം നടത്തരുതെന്നും അങ്ങിനെയുള്ള വെള്ളത്തിൽ കുളിക്കരുതെന്നും ഈ ഹസീസ് വിവരിക്കുന്നു. ഫലം കായ്ക്കുന്ന വൃക്ഷച്ചുവട്ടിലും , നടവഴികളിലും, ആളുകൾ വിശ്രമിക്കുന്ന സ്ഥലം, കിണറുകൾക്ക് സമീപം തുടങ്ങി ജനങ്ങൾക്ക് ഉപദ്രവകരമായ രീതിയിൽ,രോഗങ്ങൾ പരത്താൻ കാരണമാകുന്ന രീതിയിൽ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിനെ സൂക്ഷിക്കാനും വിസർജ്ജന മര്യാദകളെ വിവരിക്കുന്ന ഹദീസ്കൾ നമ്മെ ഉണർത്തുന്നു.

കുറിപ്പ്:


മലമൂത്ര വിസർജ്ജനത്തിന് എന്ത് മര്യാദകൾ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. സമയാസമയത്ത് മലമൂത്ര വിസർജ്ജനം സുഗമമായി സാധ്യമാവുക എന്നത് വലിയ ഒരു അനുഗ്രഹമാണ്. (അതിനു ഒരു ദിവസം തടസം വന്നാൽ അറിയാം നമുക്കതിന്റെ അവസ്ഥ) എന്നാൽ മലമൂത്ര വിസർജ്ജനം കഴിയുന്നതോടെ ഒരാൾക്ക് ഉണ്ടാകുന്ന ആശ്വാസം (മാനസികമായും ശാരിരികമായും ) മറ്റുള്ളവർക്ക് ആശാസ്യമല്ലാത്ത രീതിയിൽ ആകരുത്. പൊതുവെ മലയാളികളുടെ (ഈ കാര്യത്തിലും പുർഷന്മാർ തന്നെ മുന്നിൽ ) ഒരു (ദു)സ്വഭാവമാണ് തോന്നിയാൽ കണ്ടിടത്ത് കാര്യം നിർവഹിക്കുക എന്നത്. പലപ്പോഴും സൌകര്യപ്രദമായ മറ്റ് മാർഗങ്ങൾ ഇല്ലാത്ത ഒരു അവസ്ഥയാണ് കേരളത്തിൽ അഥവാ ഉണ്ടെങ്കിൽ തന്നെ തോന്നിയത് മുഴുവൻ എവിടേക്കോ കയറിപ്പോകുന്ന അവസ്ഥയായിരിക്കും അത്തരം ശൌച്യാലയങ്ങളിൽ ചെല്ലുന്നതോടെ അനുഭവപ്പെടുക. അങ്ങിനെയൊക്കെയാണെങ്കിലും ഹദീസിൽ വിവരിച്ചത് പോലെയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന എത്രയോ ആളുകളുണ്ട് അവരെ മാതൃകയാക്കേണ്ടതല്ലേ.

നിർത്താതെയുള്ള ഓട്ടത്തിനിടയിൽ ഒരു കാൽ പൊക്കി നായ മൂത്രമൊഴിക്കുന്നത് പോലെ വഴിവക്കിലും മറ്റും നിന്ന് മൂത്രമൊഴിക്കുന്ന കാശ്ച കേരളത്തിൽ അപൂർവ്വമല്ല. അത്തരക്കാരുടെ ശീലങ്ങൾ മാറ്റിയെടുക്കാൻ ഏറെ പ്രയാസമാണെങ്കിലും അവർക്കൊപ്പം നിൽകാതിരിക്കാൻ ഓരോരുത്തരും ശ്രമിയ്ക്കേണ്ടതാണ്. ജനങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി പെരുമാറുന്ന ഇടങ്ങളിലും മറ്റും യാതൊരു ഔചിത്യവുമില്ലാതെ വിസർജ്ജനം നടത്തുന്ന പ്രവണത മറ്റുള്ളവരുടെ ശാപ വാക്കുകൾക്ക് പാത്രമാവുകയും രോഗം ക്ഷണിച്ച് വരുത്താൻ കാരണമാകയും ചെയ്യൂന്നു.

ശീലങ്ങളാണ് നമ്മെ ഭരിക്കുന്നത് ,അത് നല്ലതായാലും ചീത്തയായാലും ,നമ്മെ നാമാക്കുന്നത് നമ്മുടെ ശീലങ്ങളാണ്. നല്ല ശീലങ്ങൾ വളർത്താനും ചീ‍ത്ത ശീലങ്ങൾ ഒഴിക്കാനും ശീലിക്കേണ്ടത് നല്ല വ്യക്തിത്വത്തിന്റെ സൃഷ്ടിപ്പിന് ആവശ്യമാണ്. നല്ലത് ശീലിക്കാൻ നമുക്കേവർക്കും ജഗന്നിയന്താവ് അനുഗ്രഹം ചൊരിയട്ടെ.

13 Response to മൊഴിമുത്തുകൾ -43

May 10, 2010 at 8:45 AM

വിസർജ്ജന മര്യാദകൾ

May 10, 2010 at 9:32 AM

അഭിപ്രായത്തോട് അനുകൂലിയ്ക്കുന്നു.

May 10, 2010 at 2:10 PM

മതിയായ സൌകര്യങ്ങള്‍ ഇകാര്യത്തിനു നാട്ടില്‍ കുറവാണ്. യാത്രയിലും മറ്റും അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. എന്നിരുന്നാലും, മര്യാദകള്‍ പാലിക്കപെടെണ്ടത് തന്നെ.

May 10, 2010 at 9:46 PM

ഇത് വായിച്ചപ്പോഴാ ഒരു കല്ല്യാണം മുടങ്ങിയ കാര്യം ഓര്‍ത്തത് സംഭവം ഞാന്‍ പറയാം . ചെക്കന്‍ വന്നു പെണ്ണിനെ കണ്ടു ഇഷ്ടമായി അവന്‍ വീട്ടുകാരെ പറഞ്ഞയക്കാം എന്നു പറഞ്ഞു പോയി പിന്നെ അവന്‍റെ വീട്ടിലെ സ്ത്രീകളും വന്നു പെണ്ണിനെ കണ്ടു ഇഷ്ടമായി വളയോ മോതിരമോ എന്തോ ഒന്ന് പെണ്ണിനു സമ്മാനിച്ചു പോയി. ചുരുക്കി പറഞ്ഞാല്‍ രണ്ട് കൂട്ടര്‍ക്കും ഇഷ്ടമായി കല്ല്യാണം നടത്താം എന്ന തീരുമാനത്തില്‍ എത്തി. പെണ്ണിന്‍റെ വീട്ടില്‍ നിശ്ചയ ദിവസം വരന്‍റെ ആളുകള്‍ നാട്ടുമാന്യന്മാര്‍ വധുവിന്‍റെ വീട്ടിലേക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ പോവുന്ന വഴിയില്‍ എഴുന്നെറ്റ് നിന്നു മുണ്ട് ഉയര്‍ത്തിപ്പിടിച്ച് മുള്ളിക്കൊണ്ടിരിക്കുന്ന ഒരു ആളെ കണ്ടു. വണ്ടിയില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു ഒരു പോത്ത്കാക്ക നിന്നു മൂത്രം ഒഴിക്കുന്നത് കണ്ടില്ലെ എന്ന് എല്ലാവരും അയാളെ നോക്കി അയാള്‍ കാര്യം സാധിച്ച് ഒന്നു കുടഞ്ഞ് കൊണ്ട് നടന്നു പോവുകയും ചെയ്തു..! നിശ്ചയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആളുകള്‍ വട്ടം കൂടിയപ്പോള്‍ ആ മാന്യന്‍ അവിടെയുണ്ട് അത് മറ്റാരും അല്ല പെണ്ണിന്‍റെ വാപ്പ തന്നെ. ! ഈ ഒരു കാരണം കൊണ്ട് നിശ്ചയം വരെ എത്തിയ ഒരു കല്ല്യാണം മുടങ്ങി.! ( കണ്ട കഥയല്ല കേട്ട കഥയാണ്) അത്കൊണ്ട് ഈ മാതിരി കാര്യങ്ങള്‍ ഒക്കെ ഒന്നു ശ്രദ്ധിക്കുന്നത് നല്ലത് തന്നയാ.!!

May 10, 2010 at 11:11 PM

ശീലങ്ങളാണ് നമ്മെ ഭരിക്കുന്നത് ,അത് നല്ലതായാലും ചീത്തയായാലും ,നമ്മെ നാമാക്കുന്നത് നമ്മുടെ ശീലങ്ങളാണ്.
സത്യം ബഷീർ മാഷെ

May 11, 2010 at 9:14 AM

> ശ്രീ,

ആദ്യമായി എത്തിയതിയിലും വായിച്ചതിലും അനുകൂലിച്ചതിലും സന്തോഷം


>തെച്ചിക്കോടൻ,

ശരിയാണ്.എത്ര അസൌകര്യമുണ്ടായാലും ജനങ്ങൾക്ക് ഉപദ്രവമാകുന്ന രീതിയിൽ ആവാതിരിക്കാൻ ശ്രദ്ധിയ്ക്കാനും ,മര്യാദകൾ പാലിക്കാനും കണിശത പാലിക്കുന്നവരെ നമുക്കും പിന്തുടരാം. നന്ദി

>ഹംസ

ഈ സംഭവം പങ്ക് വെച്ചതിനു നന്ദി. അയാളുടെ സംസ്കാരം(?) ഉൾകൊള്ളാ‍ാൻ ആ വീട്ടുകാർക്ക് കഴിയാത്തതിനെ കുറ്റം പറയാൻ പറ്റില്ല. മാതാപിതാക്കളുടെ സ്വഭാവം /ശീലം മക്കളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.


അനൂപ് കോതനല്ലൂർ

തീർച്ചയായും. നല്ല ശീലങ്ങൾ നല്ല സംസ്കാരത്തെ ഉണ്ടാക്കുന്നു. അതിനായി ശ്രമിയ്കാം നമുക്ക്. നന്ദി

ഓ.ടോ
കുറെ നാളായി അനൂപിനെ കാണാറില്ലായിരുന്നു. വീണ്ടും എത്തിയതിൽ വളരെ സന്തോഷം

May 11, 2010 at 2:50 PM

സത്യം പറയാലോ ഞാനും ഒഴികാറുണ്ട് ഇങനെ മൂത്രം...അതിനൊരു സുഖാ...പക്ഷെ ഇപ്പം നിര്‍ത്തി...പിന്നെ ഹംസയുടെ കഥ നന്നായി

May 12, 2010 at 11:52 AM

> എറക്കാടൻ,

എങ്ങിനെ മൂത്രമൊഴിക്കണമെന്നതല്ല എവിടെ എന്നതാണ് . എങ്ങിനെ ഒഴിക്കണമെന്ന നിർദ്ദേശം മറ്റ് ഹദീസുകളിൽ വന്നിട്ടുണ്ട്. അത് ഇരുന്ന് കൊണ്ടാണ്.

എന്തായാലും മാറ്റിയല്ലോ നന്നായി :)

May 17, 2010 at 12:20 AM

നല്ല പറച്ചിലുകള്‍ക്ക് നന്ദിയോടെ..
പണെന്നോ ഒരു ലേഖനത്തില്‍ വായിച്ചതോര്‍ക്കുന്നു.
മലയാളിക്ക് ഒരു പോസ്റ്റിന്റെ/വാഴയുടെ മറവ് കിട്ടിയാല്‍,ഇടക്ക് വടക്ക് നിന്നാല്‍ ആരെങ്കിലും വന്നാല്‍ കിഴക്കോട്ട് തിരിഞ്ഞും പിന്നെയും തിരിഞ്ഞും കാര്യം സാധിക്കുന്നതായ കാര്യം.

ആ കാര്യത്തില്‍ ഒത്തൊരുമ കാണിക്കുന്നതും നമ്മള്‍ തന്നെ.

May 17, 2010 at 12:20 AM

പിന്നെ അന്വേഷണങ്ങള്‍ക്കുള്ള നന്ദി പ്രത്യേകം ട്ടൊ...:) :>)

May 17, 2010 at 1:03 PM

>OAB,

ശരിയാണ്. ആ കാര്യത്തിലെങ്കിലും ഒത്തൊരുമയുണ്ടല്ലേ :) ജനങ്ങൾക്കപ്രദ്രവമാകുന്ന രീതിയിലും മാനദണ്ഡങ്ങൾ പാലിക്കാതെയും ഉള്ള ഒത്തൊരുമകൾ വേണ്ടാന്ന് വെക്കാം..

അഭിപ്രായത്തിനു നന്ദി.:

June 10, 2010 at 2:45 PM

ആശംസകള്‍

June 28, 2010 at 9:03 AM

> മരഞ്ചാടി,

സന്ദർശനത്തിനും ആശംസകൾക്കും നന്ദി :) അഭിപ്രായങ്ങളും അറിയിക്കുമല്ലോ.

======================

പ്രിയപ്പെട്ടവരെ,
മൊഴിമുത്തുകളിൽ പുതിയ പോസ്റ്റ് ‘കടബാധ്യത’ വായിക്കുമല്ലോ.
അഭിപ്രായങ്ങളും അറിയിക്കുക..
എല്ലാവർക്കും നന്ദി