മൊഴിമുത്തുകൾ-42

ഭക്ഷണ-പാനീയങ്ങളുടെ ദുർവ്യയം


മൊഴിമുത്ത്:

ഇമാം അഹ്‌മദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ് : നബി (സ.അ) തങ്ങൾ പറഞ്ഞു “അഹങ്കാരം കൂടാതേയും, അമിതമാക്കാതേയും തിന്നുക, കുടിയ്ക്കുക, വസ്ത്രം ധരിയ്ക്കുക, ധർമ്മം ചെയ്യുക”


വിവരണം:


ഏത് കാര്യം ചെയ്യുകയാണെങ്കിലും അതിൽ മിതത്വം പാലിക്കണമെന്നും ഒന്നിലും ദുർവ്യയം പാടില്ല എന്നതുമാണ് ഈ ഹദീസ് കൊണ്ട് ചുരുക്കത്തിൽ വ്യക്തമാക്കപ്പെടുന്നത്. ആവശ്യമനുസരിച്ച് മാത്രം ഭക്ഷിക്കുക, അമിതമാവത്ത വിധം വസ്ത്രങ്ങൾ വാങ്ങിക്കുക അത് പോലെ കഴിവനുസരിച്ചുള്ള ധർമ്മവും ചെയ്യുക. (ഒരാളുടെ കഴിവനുസരിച്ചാണ് അവനു ധർമ്മം ചെയ്യാൻ ബാധ്യസ്ഥത. തന്റെ കുടുംബത്തെ വഴിയാധാരമാക്കും വിധമുള്ള ദാ‍നധർമ്മങ്ങൾ ആവശ്യമില്ല്ല. )


കുറിപ്പ്:


ആധുനിക ലോകത്തിന്റെ മുഖമുദ്രയായ അഥവാ ഉപഭോഗ സംസ്കാരത്തിന്റെ ഏറ്റവും നീച വശമായ പൊങ്ങച്ചത്തിന്റെ ഭാഗമായി നാം വേണ്ടതിലെത്രയോ അധികമാണ് ഭക്ഷണ പാനീയങ്ങൾ ദുർവ്യയം ചെയ്യുന്നത് ! ലോകത്ത് ഒരു ദിവസം എത്രയോ ആയിരങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ, നമ്മുടെ ചുറ്റുവട്ടത്ത് തന്നെ അരപ്പട്ടിണിയും മുഴുപട്ടിണിയുമായ ചിലരെങ്കിലും ഉണ്ടാവാമെന്നത് ഒരു യാഥാർത്ഥ്യമെന്നിരിക്കെ നമ്മുടെ തീന്മേശയിലെ നിറഞ്ഞ് കവിഞ്ഞ പാത്രങ്ങളിലെ ആവശ്യത്തിൽ കവിഞ്ഞ വിഭവങ്ങൾ, കഴിച്ചതിനു ശേഷം വലിച്ചെറിയപ്പെടുന്ന ഭക്ഷണസാധനങ്ങൾ ഇതിനൊക്കെ വല്ല കയ്യും കണക്കുമുണ്ടോ !? തീന്മേശയിൽ വിഭവങ്ങൾ കുറഞ്ഞ് പോയാൽ മുഖം കറുപ്പിക്കുന്ന ഭർത്താവിന്റെ മുഖം പ്രസന്നമാക്കാൻ രാപകൽ കരിയും പുകയുമേൽക്കാൻ വിധിക്കപ്പെട്ട സഹോദരിമാർ എത്രയോ !

സമ്പന്നതയുടെ മടിത്തട്ടിൽ വാണിരുന്ന, കുടിച്ചും തിന്നും കൂത്താടിയിരുന്ന പല സമൂഹങ്ങളും രാജ്യങ്ങളും നിനച്ചിരിക്കാതെ വന്ന ദുരന്തങ്ങളിൽ വിറങ്ങലിച്ച് ഒരു കഷണം ഉണക്ക റൊട്ടിക്ക് വേണ്ടി എച്ചിൽ പാത്രത്തിനരികിലെ നായ്ക്കളേപ്പോലെ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങൾ നാം കാണുന്നു. പക്ഷെ നമുക്കൊരു മാറ്റമില്ല. ‘രണ്ട് പേർക്കുള്ളത് കൊണ്ട് മൂന്ന് പേർക്കും മൂന്ന് പേർക്കുള്ളത് കൊണ്ട് നാലു പേർക്കും മതിയാകുന്നതാണ്’ എന്ന തിരു നബിയുടെ ഉത്ബോധനം പക്ഷെ എന്റെ വീട്ടിൽ ,എന്റെ റൂമിൽ, എന്റെ ജീവിതത്തിൽ ബാധകമല്ല എന്ന രീതിയിലാണ് ‘നാലു പേർക്ക് കഴിക്കാവുന്നത് രണ്ട് പേർക്കും മൂന്ന് പേർക്ക് വേണ്ടുന്ന അളവ് രണ്ടാൾക്കുമായി നാം തയ്യാറാക്കുകയും കഴിക്കുകയും,ബാക്കി വലിച്ചെറിയുകയും ചെയ്യുന്നത്. നാളെ നാം ഇതിനൊക്കെ ഉത്തരം പറയേണ്ടി വരുമെന്നത് മറക്കാതിരിക്കാം. !

എത്ര ഇളക്കിയെടുത്താലും പ്ലാവിലകോരിയിൽ തടയാൻ മാത്രം വറ്റുകളില്ലാത്ത കഞ്ഞി കുടിച്ച് കഴിഞ്ഞിരുന്ന, കണ്ണുകൾ സജലമാവാനുതകുന്നവിധം ഓർമ്മകളുണർത്തുന്ന ഇല്ലായ്മകളുടെ കാലം കടന്നുവന്നവരാവും നമ്മിൽ പലരും ! പക്ഷെ നാമത് സൌകര്യപൂർവ്വം മറക്കുന്നു. സത്കാരങ്ങളാണെന്നും എവിടെയും.. പലതിന്റെയും പേരിൽ. ജഗന്നിയന്താവ് കനിഞ്ഞരുളിയ സൌഭാഗ്യങ്ങൾക്കും സൌകര്യങ്ങൾക്കുമിടയിൽ ചെറിയ ഒരു കുറവ് അനുഭവപ്പെടുമ്പോൾ, ഒന്ന് സമയം തെറ്റുമ്പോൾ നാം അസ്വസ്ഥരാവുന്നു !

കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഒരു പണ്ഡിതൻ തുടങ്ങിവെച്ച മഹത്തായ ഒരു രചനയിലെ അഥവാ ലോക പ്രസിദ്ധ പ്രവാചക പ്രകീർത്തന കാവ്യമായ ബുർ‌ദയുടെ മലയാളത്തിലുള്ള വിശദീകരത്തിലെ ഒരു ഖണ്ഡികയിലൂടെ ഒന്ന് കണ്ണോടിക്കാൻ അടുത്ത ദിവസം അവസരം ലഭിച്ചു. ‘ഇന്ന് ബുർദ ആസ്വാദകരുടെയും കീർത്തനക്കാരുടെയും വീട്ടിലെ തീന്മേശയിലെ വിഭവങ്ങൾ ഏത് മാതൃകയാണ് ഉൾകൊള്ളുന്നത് ?’ ഈ വരി വായിച്ചതോടെ മനസിൽ ആരോ കൊളുത്തി വലിക്കുന്ന പോലെ ..വായന നിർത്തി ഞാനും സുഹൃത്തും പരസ്പരം നോക്കി നിന്നു. അതെ, പറയാനും പ്രകീർത്തിക്കാനും ആളുകളേറെ.. പ്രാവർത്തികമാക്കാൻ ഞാനടക്കമുള്ളവർ ഏറെ പിറകിൽ.. വിശന്ന് പൊരിഞ്ഞ വയറുമായി വിശ്വപ്രവാചകർ മുഹമ്മദ് നബി (സ.അ) തങ്ങൾ എത്രയോ ദിന രാത്രങ്ങൾ കഴിച്ച് കൂട്ടിയിരിക്കുന്നു ! അനുയായികളുടെ കാര്യം പക്ഷെ വിശന്ന വയറുകൾ കാണാൻ സാധിക്കുന്നില്ല എന്നല്ല വിശപ്പ് എന്താണെന്ന് പോലും മറന്നിരിക്കുന്നു പലരും !!



ഈ സ്ഥിതി മാറേണ്ടതുണ്ട്. നമുക്കിടയിൽ തന്നെ വിശപ്പടക്കാൻ മണ്ണുതിന്ന ജന്മങ്ങൾ ഉണ്ടെന്ന ബോധം എപ്പോഴുമുണ്ടായിരിക്കട്ടെ. ആവശ്യത്തിൽ കൂടുതൽ വിഭവങ്ങളുണ്ടാക്കി നമ്മുടെ വയറും ഒപ്പം വേസ്റ്റ് കൊട്ടകളും കുത്തി നിറക്കുന്ന സംസ്കാരം ഉപേക്ഷിക്കാൻ ഞാനും നിങ്ങളും തയ്യാറാകണം. ഒരു ചെറിയ അംശം സഹജീവികളുടെ വിശപ്പടക്കാനുതകുന്ന രീതിയിൽ ചിലവഴിക്കാൻ വഴി തേടണം. നമ്മുടെ വീടുകളിൽ നിന്നാവട്ടെ അതിനു തുടക്കം.

ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കുക മാത്രമല്ല ആവശ്യത്തിൽ കൂടുതൽ ഭക്ഷിക്കുക കൂടി ചെയ്യുന്നത് വഴിയേ ശാരീരിക അസുഖങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു. ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനുമായി നീക്കി വെക്കണമെന്നത് തിറ്റയുടെ സമയത്ത് നമ്മൾ ഓർക്കാറില്ല. വെള്ളം എന്നല്ല വായു പോലും കടക്കാത്ത വിധം മൂക്കു മുട്ടെ തിന്ന് വഴിയേ പോകുന്ന രോഗങ്ങളെ നാം മാടി വിളിച്ച് കയറ്റുന്നു. ഒട്ടു മിക്ക ശാരീരിക അസുഖങ്ങളും വരുന്നത് നിയന്ത്രണമില്ലാത്ത ഭക്ഷണരീതിയിലൂ‍ടെയാണെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നു. എന്നാലും നാം മറക്കുന്നു അതെല്ലാം. തിന്നാലും മരിക്കും തിന്നില്ലെങ്കിലും മരിക്കും എന്നാണു ചിലരുടെ ന്യായം ! ഭക്ഷിക്കാൻ വേണ്ടി ജീവിക്കുക എന്നതിൽ നിന്ന് ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക എന്ന നിലയിലെക്കുള്ള മാറ്റം ആവശ്യമെന്ന തിരിച്ചറിവ് എന്നെങ്കിലും ഉണ്ടാവുമോ ! വിശപ്പ് ബാക്കി നിൽക്കെ ഭക്ഷണം കഴിക്കൽ നിറുത്തുക എന്ന തിരുനബി(സ.അ)യുടെ ഓർമ്മപ്പെടുത്തൽ മനോമുകുരത്തിൽ ഉറപ്പിച്ച്, അധികമാവാതെ ,അഹങ്കാരമില്ലാതെ ഭക്ഷണ പാനീയങ്ങളിൽ മിതത്വം പാലിക്കാൻ നമുക്കേവർക്കും കഴിയട്ടെ എന്ന പ്രതീക്ഷയിൽ..

(വസ്ത്രധാരണം,ധർമം എന്നി വിഷയങ്ങളിൽ കൂടുതൽ വിവരണം മറ്റൊരു അവസരത്തിൽ.ഇ.അ)



picture courtesy@ http://www.sustainabilityninja.com/

24 Response to മൊഴിമുത്തുകൾ-42

April 12, 2010 at 9:00 AM

ഭക്ഷിക്കാൻ വേണ്ടി ജീവിക്കുക എന്നതിൽ നിന്ന് ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക എന്ന നിലയിലെക്കുള്ള മാറ്റം ആവശ്യമെന്ന തിരിച്ചറിവ് എന്നെങ്കിലും ഉണ്ടാവുമോ !

April 12, 2010 at 9:31 AM

വളരെ നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍...

"ആവശ്യമനുസരിച്ച് മാത്രം ഭക്ഷിക്കുക, അമിതമാവത്ത വിധം വസ്ത്രങ്ങൾ വാങ്ങിക്കുക അത് പോലെ കഴിവനുസരിച്ചുള്ള ധർമ്മവും ചെയ്യുക"

April 12, 2010 at 12:57 PM

ഏവരും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ !
സമൃദിയില്‍ നമ്മള്‍ ഇല്ലായ്മയുടെ കാലം മറന്നു പോകുന്നു, വളരെ പെട്ടെന്ന്.

ഇവിടങ്ങളില്‍ ഉള്ള ഒരേ തളികയില്‍ നിന്നുണ്ണുന്ന സല്‍ക്കാരം (മന്തി) ഓര്‍ക്കുന്നു ഇപ്പോള്‍. അതില്‍ ഒരു സാഹോദര്യത്തിന്റെ അംശം ഉണ്ടെങ്കിലും ഒരുപാട് ഭക്ഷണം വെറുതെ കൊണ്ട് കളയുന്നു. അതുണ്ടായിരുന്നെങ്കില്‍ ഒരുപാട് പേര്‍ക്ക് വിശപ്പടക്കാമായിരുന്നു എന്ന് പലപ്പോഴും ഓര്‍ക്കാറുണ്ട്.

April 12, 2010 at 2:39 PM

ആദ്യം ഞാൻ മൊഴിമുത്തുകൾ മൈന്റ്‌ ചെയ്തിരുന്നേ ഇല്ല. പക്ഷെ ഇപ്പോൾ ആദ്യമായി ഇതു വായിച്ചു. മുൻപേ വായിക്കാഞ്ഞതിൽ ഖേദം തോന്നി. എനിക്കങ്ങു വല്ലാതെ ഇഷ്ടപെട്ടു. ഞാൻ ഫോളോവർ പോലും ചെയ്തു..അല്ല പിന്നെ എന്നോടാ കളി....

April 12, 2010 at 3:16 PM

> ശ്രീ,

നല്ല വാക്കുകൾക്കും ആദ്യമെത്തി അഭിപ്രായമറിയിച്ചതിലും വളരെ സന്തോഷം.
ഈ പ്രോത്സാഹനങ്ങൾക്ക് നന്ദി


> തെച്ചിക്കോടൻ


ഒരു തളികയിൽ നിന്ന് കഴിക്കുന്നത് ഏറ്റവും നല്ല കാര്യം തന്നെ .മനസിന്റെ ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കാൻ അത് കാരണമാക്കുന്നു. ചുരുക്കം നമ്മുടെ വീടുകളിൽ എങ്കിലും മാതാവും പിതാവും മക്കളും ചേർന്ന് അങ്ങിനെ കഴിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിക്കുന്നു. ഇന്നതൊക്കെ അന്യം നിന്ന് പോകുന്ന കാഴ്ചയാണെവിടെയും. നോമ്പ് കാലമായാൽ ഇവിടെ ഗൾഫിൽ ടെന്റുകളിൽ അങ്ങിനെയുള്ള സത്കാരം പൊതുവിൽ കൂടുതലായി നടക്കുന്നു. വേസ്റ്റാക്കലും അങ്ങിനെ തന്നെ :(

മന്തി എന്നത് ഒരു ബിരിയാണി പോലെ ഒരു വിഭവത്തിന്റെ പേരല്ലേ ?

> എറക്കാടൻ


ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. ഇനി ഇടയ്ക്കൊക്കെ മൈൻഡ് ചെയ്യണേ :)
ഫോളോ ചെയ്തതിലും സന്തോഷം

അഭിപ്രായങ്ങളും അറിയിക്കുക.

April 12, 2010 at 4:53 PM

പ്രിയ ബഷീര്‍ ഭായ്കഴിഞ്ഞ കാലം മറന്ന് ജീവിക്കുന്നവരാണിന്ന് പലരും. എന്തിനാ? എന്ന് ചോദിച്ചാല്‍ ‘അന്നുണ്ടായിരുന്നില്ല. ഇന്നുണ്ട്, അതിനാല്‍ അവര്‍ തിന്നെട്ടെടൊ’ എന്ന മറുപടിയും.
ഇങ്ങനെ ഒരോര്‍മപ്പെടുത്തല്‍ നന്നായി.

April 12, 2010 at 5:04 PM

ഒരനുബന്ധം കൂടി.

ഇവിടെ ഞങ്ങള്‍ക്ക് (മലയാളികള്‍) രണ്ട് മെസ്സുണ്ട്. ചില മെമ്പര്‍മാര്‍ ഭക്ഷണം വിളമ്പുമ്പോള്‍ ഒരു നേരം മീനൊ ഇറച്ചിയൊ ഇല്ലെങ്കില്‍ അന്ന് (മെസ്സ് മാനേജരോടുള്ള ദേശ്യം കാണിക്കാന്‍) കൂടുതല്‍ ചോറ്/പൊറാട്ട/ ചപ്പാത്തി എടുത്ത് രണ്ട് നുള്ള് നുള്ളി ഗുമാമയിലേക്കിടും.

ഇത് ശരിയല്ല എന്നെങ്ങാനും പറഞ്ഞാല്‍
‘കാശ് തന്നിട്ടാ നിന്റെ ഓശാരമല്ല. ഞാനെന്റെ ഓഹരി എന്ത് ചെയ്യുന്നെന്ന് നീ നോക്കണ്ട’ ഇവര്‍ ഇസ്ലാമികമായി കൂടുതല്‍ വിവരമുണ്ടെന്ന് പറയുന്നവരാണെന്നതാ കൂടുതല്‍ രസകരം...

April 13, 2010 at 9:44 AM

വിശപ്പും പട്ടിണിയും മാറി ഒരു നേരമെങ്ങിലും വയര്‍ നിറച്ച ആഹാരം കഴിച്ച ദിവസങ്ങള്‍ നമ്മുടെ പൂര്‍വികര്‍ക്ക് അത്യപൂര്‍വമായിരുന്നെങ്കില്‍ ഇന്നത്തെ തലമുറ ഓരോ വയ്കുന്നെരവും എന്താണ് കഴിക്കെണ്ടാതെന്നും എവിടെ നിന്നാണ് കഴിക്കെണ്ടാതെന്നും അറിയാതതിലാണ് വിഷമം. ലോകത്തിന്റെ പല ഭാകതും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കരയുമ്പോള്‍ ആര്‍ഭാട കല്യാനഗള്‍ക്കും മാമൂല്‍ സധ്യകള്‍ക്കുമായി വിഭവങ്ങള്‍ ഒരുക്ക്കി നാം എത്രയാണ് ദൂര്തടിക്കുന്നത്.

April 13, 2010 at 10:30 AM

ഒഎബി,

ഉള്ളപ്പോൾ ദൂർത്തടിക്കുന്നവർ വീണ്ടും ഇല്ലായ്മയിലേക്ക് കൂപ്പ്കുത്താനുള്ള വഴിയാണ് തേടുന്നത്. വയർ നിറഞ്ഞ് കവിയുമ്പോൾ സന്തോഷത്തിനു പകരം ചിലപ്പോഴെങ്കിലും ഒരു ആകുലത മനസിൽ നമുക്ക് വരുന്നില്ലെങ്കിൽ ഈ ലോകത്ത് അരവയറായി ആയിരങ്ങൾ അല്ല ലക്ഷങ്ങൾ വസിക്കുന്നുവെന്ന ചിന്ത വരുന്നില്ലെങ്കിൽ പിന്നെ എന്ത് മനുഷ്യരാണ് നമ്മൾ ? ഏത് തത്വങ്ങളാണു നാം മുറുകെ പിടിക്കുന്നു എന്നവകാശപ്പെടുന്നത് ? ബഷീർക്ക സൂചിപ്പിച്ച പോലെ വിവരമുണ്ടെന്ന് നാം കരുതുന്നവരും ഈ പാഴാക്കലുകൾ അനുവർത്തിക്കുന്നു എന്നത് കാണുമ്പോഴാണു ബഹുമാനം പുച്ഛമായി മാറുന്നത്.

ഈ പങ്കുവെക്കലിനു വളരെ നന്ദി


അഫ്സൽ മുഹമ്മദ്


നമ്മുടെയൊക്കെ വീടുകളിലും കുടുംബങ്ങളിലു എല്ലാം പലപ്പോഴും ഇങ്ങിനെ പല വിരുന്നുകൾക്കും മാമൂൽ സദ്യകൾക്കും വിവാഹഘോഷങ്ങൾക്കും ദൂർത്തടിക്കുമ്പോൾ അതിൽ നിന്ന് വിട്ടു നിൽക്കാൻ പോലും പലപ്പോഴും ആവാത്ത സ്ഥിതിയാണ് .ബന്ധങ്ങൾ മുറിയാതിരിക്കാൻ നമ്മളും അതിൽ പങ്കാളിയാവേണ്ടി വരുന്നു. വീട്ടിലായാലും അതൊക്കെ ഒഴിവക്കിയാൽ പിശുക്കൻ എന്ന് മുദ്രകുത്തപ്പെടുകയും ചെയ്യും. ഒരു വിചിന്തനത്തിനു നാം സ്വയം തയ്യാറാവുക. അതിനു ശ്രമിയ്ക്കാം.

നന്ദിയും സന്തോഷവും.ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും

April 13, 2010 at 11:22 AM

ബഷീര്‍ക്കാ ഇതു നല്ല ഒരു ഓര്‍മപ്പെടുത്തലാണ് എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യം തന്നെ പക്ഷെ എല്ലാവരും സൌകര്യപൂര്‍വ്വം മറന്ന ഭാവം കാണിക്കുന്നു എന്നു മാത്രം ..!!നമ്മളില്‍ നിന്നു തന്നെ ഇതിന് ഒരു തുടക്കം ആവശ്യമാണ്. !!എനിക്ക് തോനുന്നത് ഗള്‍ഫ് നാടുകളില്‍ ആണ് കൂടുതല്‍ ഭക്ഷണം പാഴാക്കി കളയുന്നത് എന്നാണ്. അത് റൂം മെസ്സായാലും തെച്ചിക്കോടന്‍ പറഞ്ഞ പോലെ മന്തിപാത്രമായലും കളയുന്നത് കൂടുതല്‍ ഇവിടെ തന്നെയാണ് . ഒരു കാലത്ത് പട്ടിണിയില്‍ കഴിഞ്ഞവര്‍ അത്യവശ്യം കാഷ് ഒക്കെ ആയാല്‍ അന്നു കിട്ടിയില്ല ഇന്നുണ്ടല്ലോ എന്നു കരുതി നശിപ്പിച്ചു കളയുന്നവരും ഉണ്ട്.!! ഒ എ.ബി. പറഞ്ഞ സംഭവം ഇവിടെ ഒട്ടുമിക്ക റൂമുകളിലും നടക്കുന്ന കാര്യമാണ്.എല്ലാം അറിയുന്നവര്‍ എന്നു ഭാവിക്കുന്നവര്‍ തന്നെ.!!

(ബഷീര്‍ക്കാ… ഇത് വായിച്ചപ്പഴാണ് “തട്ടിക്കളയും” എന്നു പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലായത്. പാത്രം തട്ടിക്കളയും … ഹ ഹ… ഞാന്‍ കരുതി എന്നെ തട്ടുന്ന കാര്യമാ പറഞ്ഞത് എന്ന്)

April 13, 2010 at 12:41 PM

പോസ്റ്റ്‌.. നന്നായി..

April 13, 2010 at 2:08 PM

ഹദീസ് വായിച്ചപ്പോള്‍ മുമ്പ് കിട്ടിയ ഒരു മെയില്‍ ഓര്‍ത്തു പോയി. എണ്ണപ്പണത്തിന്റെ പെരുമയില്‍ എല്ലാം മറക്കുന്ന ഒരു അറേബ്യന്‍ കൊട്ടാരത്തിലെ തീന്‍ മേശയും കുഴിച്ചു മൂടുന്ന ഭക്ഷണവും ഒപ്പം ഓര്‍മ്മപ്പെടുത്തലായി കുറെ എല്ലുന്തിയ രൂപങ്ങങ്ങും. ശരിക്കും കണ്ണ് നിറയിച്ച കാഴ്ച. ഒരു മണി വറ്റ് നിലത്ത് കളയരുതെന്ന ഉമ്മയുടെ താക്കീതും 'ബറക്കത്ത് ' (അനുഗ്രഹം) അതിലായിരിക്കും എന്ന പിന്കുറിയും ഉള്ളില്‍ വീണ്ടും തെളിയിച്ചതിനു നന്ദി ബഷീര്‍ ഭായ്.

April 14, 2010 at 11:49 AM

> ഹംസ

ഉള്ളപ്പോൾ ഇല്ലാത്ത പോലെയും ഇല്ലാത്തപ്പോൾ ഉള്ളപോലെയും (ഇല്ലായ്മ കൊട്ടിഘോഷിക്കാതെ) ജീവിക്കണമെന്നെ മഹത് വചനമൊന്നും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയാത്തിടത്തോളം ഇതിങ്ങനെ തുടരും. അനുഭവത്തിൽ നിന്ന് പാഠം പഠിക്കാത്തവരാണ് നമ്മിൽ പലരും. വിവരമുള്ളവരെന്ന് കരുതുന്നവരും ഒട്ടും പിന്നിലല്ല ഇക്കാര്യത്തിൽ. എന്റെ സമുദായത്തിനു ഞാൻ ഭയപ്പെടുന്ന മൂന്ന് കാര്യങ്ങൾ നബി(സ) തങ്ങൾ എണ്ണിപ്പറഞ്ഞതിൽ ഒന്നാണ് അമിതമായ വയർ അഥവാ പൊണ്ണത്തടി.. ഇനി കൂടുതൽ വിവരിക്കേണ്ടല്ലോ. ഇന്നത്ത അവസ്ഥയിൽ !

ഓ.ടോ :
കണ്ണാടിയിൽ വയറു നോക്കുകയാണോ ? പിന്നെ പേടിക്കേണ്ട. അത് ചുമ്മാ ഒന്ന് വിരട്ടിയതല്ലേ :)


> നിയ ജിഷാദ്

സന്തോഷം. തുടർന്നും വായിച്ച അഭിപ്രായം അറിയിക്കുമല്ലോ. മൊഴിമുത്തുകളിലേക്കെ സുസ്വാഗതം :)


> ശ്രദ്ധേയൻ,


അത് ഞാനു കണ്ടിരുന്നു. നാളെ അതിനൊക്കെ എണ്ണിയെണ്ണി ഉത്തരം പറയാതെ രക്ഷയുണ്ടാവുമോ !

നമ്മുടെ മാതാ പിതാക്കളുടെ ഉപദേശങ്ങളിലൊക്കെ കഴമ്പുള്ളതല്ലേ .. അതൊക്കെ ചെവി കൊള്ളാ‍ൻ നമുക്ക് മനസുണ്ടാവട്ടെ. ബറകത്ത് എന്ന ഒരു അനുഗ്രഹം ഇന്ന് എലാറ്റിൽ നിന്നും ഉയർത്തപ്പെട്ട അവസ്ഥയാണുള്ളത്. ഭക്ഷണത്തിൽ എന്നല്ല സമയത്തിലും മറ്റെല്ലാ മേഖലയിലും. എല്ലാം നമ്മുടെ തന്നെ പ്രവർത്തനങ്ങളുടെ ഫലം.

ഒരു വിചിന്തനത്തിനിനിയും നാം തയ്യാറായില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം വലിയതായിരിക്കും.

നമ്മെ എല്ലാവരെയും അതിൽ നിന്ന് രക്ഷനേടാൻ അനുഗ്രഹമുണ്ടാവട്ടെ

അഭിപ്രായങ്ങൾ പങ്ക് വെച്ചതിനു എല്ലാവർക്കും നന്ദി

Anonymous
April 14, 2010 at 12:32 PM

നമുക്ക് നല്ല കാലം വന്നാൽ നാം കഴിഞ്ഞകാലം മറക്കുന്നു എല്ലാവരും അറിഞ്ഞിരിക്കേണ്ട നല്ല കാര്യങ്ങൽ അല്ലാഹു അനുഗ്രഹിക്കട്ടെ..

April 16, 2010 at 10:03 AM

തീര്‍ച്ചയായും ഞാനും യോജിക്കുന്നു. ഒരു ഭാഗത്തു ഭക്ഷണം കിട്ടാതെ അലയുമ്പോള്‍ മറുഭാഗത്തു കുഴിച്ചുമൂടുന്നു!

April 16, 2010 at 10:37 PM

ബഷീര്‍ പറഞ്ഞത് ശരിയാണ്. ഇന്നെല്ലാരും ഭക്ഷിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നതെന്നു തോന്നും. അമിതഭക്ഷണം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ ഒരു വശത്ത്. വലിച്ചെറിഞ്ഞാലും വിശക്കുന്നവന് കൊടുക്കില്ലെന്ന വാശി മറുവശത്ത്.
മൊഴിമുത്തുകള്‍ പെറുക്കി ശേഖരിച്ചു വക്കുന്നു.

April 17, 2010 at 11:41 AM

ഇടക്ക് ഒരു ഹ്രസ്വചിത്രം കണ്ടിരുന്നു.കെ.എഫ്.സി പോലെ ഉള്ള ഒരു സ്ഥലത്ത് നിന്ന് ചിക്കന്‍ കഴിച്ച ശേഷം അവശിഷ്ടം കൊണ്ട് ഇടുന്നത് പാവപ്പെട്ട കുട്ടികള്‍ കഴിക്കുന്നത്.ഈ വചനം അത് ഓര്‍മ്മ്മപ്പെറ്റുത്തി

April 17, 2010 at 5:06 PM

മനുഷ്യന്‍റെ ആര്‍ത്തിയാണ് ഇന്നിന്‍റെ ശാപം. ആവശ്യത്തിന് ഉപയോഗിക്കാനുള്ളതെല്ലാം ഭൂമിയിലുന്ടെന്കിലും ആര്‍ത്തി തീര്‍ക്കാനുള്ളത് ഈ ഭൂമിയിലില്ല. അന്നപാനീയങ്ങള്‍ അനാവശ്യമാക്കുന്നതില്‍ ആധുനിക സമൂഹം മത്സരിക്കുന്ന കാഴ്ച എത്ര ദുസ്സഹം..!

April 18, 2010 at 8:56 AM

> ഉമ്മു അമ്മാർ

മൊഴിമുത്തുകളിലേക്ക് സുസ്വാഗതം
സന്ദർശനത്തിനും വായനയ്ക്കും അഭിപ്രായം പങ്കുവെച്ചതിനും വളരെ നന്ദി.


> എഴുത്തുകാരി

വീടുകളിൽ സ്ത്രീകൾക്ക് ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്താൻ കഴിയുമെന്ന് തോന്നുന്നു. അത് വഴി കുടുംബ ബജറ്റിലും മാറ്റം വന്നേക്കാം. മക്കളെ ചെറുപ്പം മുതൽ തന്നെ ഇല്ലായ്മ കൊണ്ട് വയറ് നിറക്കാൻ കഴിയാതെ പട്ടിണി കിടക്കേണ്ടിവരുന്ന മക്കളെകുറിച്ചും പറഞ്ഞ് കൊടുക്കാം. അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി ചേച്ചീ.


> ഗീത

അതൊന്നും ആർക്കും ചിന്തിക്കാൻ തന്നെ സമയമില്ല. കുടുംബസദസ്സുകളിൽ പട്ടിണി കിടക്കുന്നവരെ കുറിച്ചും ഭക്ഷണം വേസ്റ്റാക്കി കളയുന്നതിനെ കുറിച്ചുമൊക്കെ സംസാരങ്ങൾ ഉണ്ടാവട്ടെ. ആവശ്യത്തിനു കഴിച്ചാൽ ശരീരത്തിനും പോകറ്റിനും നല്ലത്. അല്ലെങ്കിൽ രണ്ടിനും ദുരിതം അഭിപ്രായം പങ്ക് വെച്ചതിൽ നന്ദി ചേച്ചീ.


> അരുൺ കായംകുളം

ഞാനും കണ്ടിരുന്നു. കണ്ണ് നനയിക്കുന്ന ആ കാശ്ച. അങ്ങിനെയുള്ളതെല്ലാം നമ്മുടെ വീട്ടിലുള്ളവരുമായും ഷെയർ ചെയ്യുന്നത് നന്നായിരിക്കും. വന്നതിലും അഭിപ്രായമറിയിച്ചതിലും നന്ദി

> റെഫി

ആർത്തിമൂത്ത മനുഷ്യൻ ! അതെ. അതു തന്നെയാണെവിടെയും മനുഷ്യന്റെ അധപതനത്തിന്റെ പ്രധാന ഹേതു. ഭക്ഷണത്തിൽ മാത്രമല്ല എല്ലാ മേഖലയിലും പിടിപെട്ടിരിക്കുന്നു ആർത്തി. എന്നതിൽ നിന്ന് മോചിതനാവുന്നുവോ അന്ന് നാം അടക്കമുള്ള മനുഷ്യർ രക്ഷപ്രാപിക്കും. അനുഗ്രഹങ്ങളുണ്ടാവട്ടെ. വന്നതിൽ , അഭിപ്രായമറിയിച്ചതിൽ സന്തോഷം കൂട്ടുകാരാ.

April 19, 2010 at 6:49 PM

basheer:kaalochithamaamaaya evarum ortthuperumaarenda ,manassilaakkenda mozhimutthuthanneyithu..ee post valare nallathaanu.

May 1, 2010 at 3:31 PM

നന്നായിട്ടുണ്ട് ബഷീര്‍

May 2, 2010 at 12:07 PM

ബഷിര്‍ജി,
ഇസ്ലാം മതത്തിലെ ആശയങള്‍ താങ്കളുടെ ചുവരില്‍ എഴുതിയിരിക്കുന്നു. ഇവിടെ വരുന്ന മുസ്ലിങളും അല്ലാത്തവരും അതു വായിച്ച് യൊജിച്ച് തല കുലുക്കി സന്തോഷത്തോടെ തിരിച്ച് പോകുന്നു...അതാണ് ഈ ബ്ലോഗിലേക്ക് എന്നെ ആകറ്ഷിച്ചത്.ഇതില്‍ അന്യ മതങളെ അവ്ഹേളിക്കുകയോ, കളിയാക്കുകയോ ചെയ്യുന്നില്ല. ഇവിടെ പ്രദിപാദിച്ചിരിക്കുന്ന വിഷയങളും എല്ലാ മനുഷ്യര്‍ക്കും ബാധക മായിട്ടുള്ളതാണ്..ജാതി മതങള്‍ക്ക് അതീതമായി...ഉദാഹരണം ഭക്ഷണം.
ഇതാണ്‍ യതാര്‍ത്ഥ മത വിജ്ഞാന പങ്കിടല്‍...കമന്റിലെ ഗ്വാ..ഗ്വാ വിളിയും പരസ്പരം ചെളി വാരി എറിയലുമല്ല...

May 3, 2010 at 11:24 AM

> വിജയലക്ഷ്മി

ചേച്ചിയുടെ വായനയ്ക്കും നല്ല വാക്കുകൾക്കും വളരെ നന്ദി


> ഷുക്കൂർ ചെറുവാടി

മൊഴിമുത്തുകളിലേക്ക് സുസ്വാഗതം
വളരെ സന്തോഷം ഇഷ്ടമായെന്നറിഞ്ഞതിൽ


> poor-me/പാവം-ഞാൻ/

സന്ദർശനത്തിനും നല്ല വാക്കുകൾക്കും ഈ പ്രോത്സാഹനത്തിനും ഹൃദയംഗമമായ നന്ദി.
ആശയങ്ങളും ആദർശങ്ങളും മനസുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടട്ടെ ആക്രോഷങ്ങളില്ലാതെ
അതിനായി യത്നിക്കാം.

തെറ്റു കുറ്റങ്ങൾ ജഗന്നിയന്താവ് പൊറുത്ത് തരട്ടെ എന്ന പ്രാർത്ഥനയോടെ

എല്ലാവർക്കും നന്ദി

May 11, 2010 at 9:03 AM

മൊഴിമുത്തുകൾ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന എല്ലാ സുമനസുകൾക്കും നന്ദി. പുതിയ പോസ്റ്റ് വിസർജ്ജന മര്യാദജൾവായിക്കുമല്ലോ