മൊഴിമുത്തുകൾ-42

ഭക്ഷണ-പാനീയങ്ങളുടെ ദുർവ്യയം


മൊഴിമുത്ത്:

ഇമാം അഹ്‌മദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ് : നബി (സ.അ) തങ്ങൾ പറഞ്ഞു “അഹങ്കാരം കൂടാതേയും, അമിതമാക്കാതേയും തിന്നുക, കുടിയ്ക്കുക, വസ്ത്രം ധരിയ്ക്കുക, ധർമ്മം ചെയ്യുക”


വിവരണം:


ഏത് കാര്യം ചെയ്യുകയാണെങ്കിലും അതിൽ മിതത്വം പാലിക്കണമെന്നും ഒന്നിലും ദുർവ്യയം പാടില്ല എന്നതുമാണ് ഈ ഹദീസ് കൊണ്ട് ചുരുക്കത്തിൽ വ്യക്തമാക്കപ്പെടുന്നത്. ആവശ്യമനുസരിച്ച് മാത്രം ഭക്ഷിക്കുക, അമിതമാവത്ത വിധം വസ്ത്രങ്ങൾ വാങ്ങിക്കുക അത് പോലെ കഴിവനുസരിച്ചുള്ള ധർമ്മവും ചെയ്യുക. (ഒരാളുടെ കഴിവനുസരിച്ചാണ് അവനു ധർമ്മം ചെയ്യാൻ ബാധ്യസ്ഥത. തന്റെ കുടുംബത്തെ വഴിയാധാരമാക്കും വിധമുള്ള ദാ‍നധർമ്മങ്ങൾ ആവശ്യമില്ല്ല. )


കുറിപ്പ്:


ആധുനിക ലോകത്തിന്റെ മുഖമുദ്രയായ അഥവാ ഉപഭോഗ സംസ്കാരത്തിന്റെ ഏറ്റവും നീച വശമായ പൊങ്ങച്ചത്തിന്റെ ഭാഗമായി നാം വേണ്ടതിലെത്രയോ അധികമാണ് ഭക്ഷണ പാനീയങ്ങൾ ദുർവ്യയം ചെയ്യുന്നത് ! ലോകത്ത് ഒരു ദിവസം എത്രയോ ആയിരങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ, നമ്മുടെ ചുറ്റുവട്ടത്ത് തന്നെ അരപ്പട്ടിണിയും മുഴുപട്ടിണിയുമായ ചിലരെങ്കിലും ഉണ്ടാവാമെന്നത് ഒരു യാഥാർത്ഥ്യമെന്നിരിക്കെ നമ്മുടെ തീന്മേശയിലെ നിറഞ്ഞ് കവിഞ്ഞ പാത്രങ്ങളിലെ ആവശ്യത്തിൽ കവിഞ്ഞ വിഭവങ്ങൾ, കഴിച്ചതിനു ശേഷം വലിച്ചെറിയപ്പെടുന്ന ഭക്ഷണസാധനങ്ങൾ ഇതിനൊക്കെ വല്ല കയ്യും കണക്കുമുണ്ടോ !? തീന്മേശയിൽ വിഭവങ്ങൾ കുറഞ്ഞ് പോയാൽ മുഖം കറുപ്പിക്കുന്ന ഭർത്താവിന്റെ മുഖം പ്രസന്നമാക്കാൻ രാപകൽ കരിയും പുകയുമേൽക്കാൻ വിധിക്കപ്പെട്ട സഹോദരിമാർ എത്രയോ !

സമ്പന്നതയുടെ മടിത്തട്ടിൽ വാണിരുന്ന, കുടിച്ചും തിന്നും കൂത്താടിയിരുന്ന പല സമൂഹങ്ങളും രാജ്യങ്ങളും നിനച്ചിരിക്കാതെ വന്ന ദുരന്തങ്ങളിൽ വിറങ്ങലിച്ച് ഒരു കഷണം ഉണക്ക റൊട്ടിക്ക് വേണ്ടി എച്ചിൽ പാത്രത്തിനരികിലെ നായ്ക്കളേപ്പോലെ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങൾ നാം കാണുന്നു. പക്ഷെ നമുക്കൊരു മാറ്റമില്ല. ‘രണ്ട് പേർക്കുള്ളത് കൊണ്ട് മൂന്ന് പേർക്കും മൂന്ന് പേർക്കുള്ളത് കൊണ്ട് നാലു പേർക്കും മതിയാകുന്നതാണ്’ എന്ന തിരു നബിയുടെ ഉത്ബോധനം പക്ഷെ എന്റെ വീട്ടിൽ ,എന്റെ റൂമിൽ, എന്റെ ജീവിതത്തിൽ ബാധകമല്ല എന്ന രീതിയിലാണ് ‘നാലു പേർക്ക് കഴിക്കാവുന്നത് രണ്ട് പേർക്കും മൂന്ന് പേർക്ക് വേണ്ടുന്ന അളവ് രണ്ടാൾക്കുമായി നാം തയ്യാറാക്കുകയും കഴിക്കുകയും,ബാക്കി വലിച്ചെറിയുകയും ചെയ്യുന്നത്. നാളെ നാം ഇതിനൊക്കെ ഉത്തരം പറയേണ്ടി വരുമെന്നത് മറക്കാതിരിക്കാം. !

എത്ര ഇളക്കിയെടുത്താലും പ്ലാവിലകോരിയിൽ തടയാൻ മാത്രം വറ്റുകളില്ലാത്ത കഞ്ഞി കുടിച്ച് കഴിഞ്ഞിരുന്ന, കണ്ണുകൾ സജലമാവാനുതകുന്നവിധം ഓർമ്മകളുണർത്തുന്ന ഇല്ലായ്മകളുടെ കാലം കടന്നുവന്നവരാവും നമ്മിൽ പലരും ! പക്ഷെ നാമത് സൌകര്യപൂർവ്വം മറക്കുന്നു. സത്കാരങ്ങളാണെന്നും എവിടെയും.. പലതിന്റെയും പേരിൽ. ജഗന്നിയന്താവ് കനിഞ്ഞരുളിയ സൌഭാഗ്യങ്ങൾക്കും സൌകര്യങ്ങൾക്കുമിടയിൽ ചെറിയ ഒരു കുറവ് അനുഭവപ്പെടുമ്പോൾ, ഒന്ന് സമയം തെറ്റുമ്പോൾ നാം അസ്വസ്ഥരാവുന്നു !

കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഒരു പണ്ഡിതൻ തുടങ്ങിവെച്ച മഹത്തായ ഒരു രചനയിലെ അഥവാ ലോക പ്രസിദ്ധ പ്രവാചക പ്രകീർത്തന കാവ്യമായ ബുർ‌ദയുടെ മലയാളത്തിലുള്ള വിശദീകരത്തിലെ ഒരു ഖണ്ഡികയിലൂടെ ഒന്ന് കണ്ണോടിക്കാൻ അടുത്ത ദിവസം അവസരം ലഭിച്ചു. ‘ഇന്ന് ബുർദ ആസ്വാദകരുടെയും കീർത്തനക്കാരുടെയും വീട്ടിലെ തീന്മേശയിലെ വിഭവങ്ങൾ ഏത് മാതൃകയാണ് ഉൾകൊള്ളുന്നത് ?’ ഈ വരി വായിച്ചതോടെ മനസിൽ ആരോ കൊളുത്തി വലിക്കുന്ന പോലെ ..വായന നിർത്തി ഞാനും സുഹൃത്തും പരസ്പരം നോക്കി നിന്നു. അതെ, പറയാനും പ്രകീർത്തിക്കാനും ആളുകളേറെ.. പ്രാവർത്തികമാക്കാൻ ഞാനടക്കമുള്ളവർ ഏറെ പിറകിൽ.. വിശന്ന് പൊരിഞ്ഞ വയറുമായി വിശ്വപ്രവാചകർ മുഹമ്മദ് നബി (സ.അ) തങ്ങൾ എത്രയോ ദിന രാത്രങ്ങൾ കഴിച്ച് കൂട്ടിയിരിക്കുന്നു ! അനുയായികളുടെ കാര്യം പക്ഷെ വിശന്ന വയറുകൾ കാണാൻ സാധിക്കുന്നില്ല എന്നല്ല വിശപ്പ് എന്താണെന്ന് പോലും മറന്നിരിക്കുന്നു പലരും !!



ഈ സ്ഥിതി മാറേണ്ടതുണ്ട്. നമുക്കിടയിൽ തന്നെ വിശപ്പടക്കാൻ മണ്ണുതിന്ന ജന്മങ്ങൾ ഉണ്ടെന്ന ബോധം എപ്പോഴുമുണ്ടായിരിക്കട്ടെ. ആവശ്യത്തിൽ കൂടുതൽ വിഭവങ്ങളുണ്ടാക്കി നമ്മുടെ വയറും ഒപ്പം വേസ്റ്റ് കൊട്ടകളും കുത്തി നിറക്കുന്ന സംസ്കാരം ഉപേക്ഷിക്കാൻ ഞാനും നിങ്ങളും തയ്യാറാകണം. ഒരു ചെറിയ അംശം സഹജീവികളുടെ വിശപ്പടക്കാനുതകുന്ന രീതിയിൽ ചിലവഴിക്കാൻ വഴി തേടണം. നമ്മുടെ വീടുകളിൽ നിന്നാവട്ടെ അതിനു തുടക്കം.

ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കുക മാത്രമല്ല ആവശ്യത്തിൽ കൂടുതൽ ഭക്ഷിക്കുക കൂടി ചെയ്യുന്നത് വഴിയേ ശാരീരിക അസുഖങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു. ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനുമായി നീക്കി വെക്കണമെന്നത് തിറ്റയുടെ സമയത്ത് നമ്മൾ ഓർക്കാറില്ല. വെള്ളം എന്നല്ല വായു പോലും കടക്കാത്ത വിധം മൂക്കു മുട്ടെ തിന്ന് വഴിയേ പോകുന്ന രോഗങ്ങളെ നാം മാടി വിളിച്ച് കയറ്റുന്നു. ഒട്ടു മിക്ക ശാരീരിക അസുഖങ്ങളും വരുന്നത് നിയന്ത്രണമില്ലാത്ത ഭക്ഷണരീതിയിലൂ‍ടെയാണെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നു. എന്നാലും നാം മറക്കുന്നു അതെല്ലാം. തിന്നാലും മരിക്കും തിന്നില്ലെങ്കിലും മരിക്കും എന്നാണു ചിലരുടെ ന്യായം ! ഭക്ഷിക്കാൻ വേണ്ടി ജീവിക്കുക എന്നതിൽ നിന്ന് ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക എന്ന നിലയിലെക്കുള്ള മാറ്റം ആവശ്യമെന്ന തിരിച്ചറിവ് എന്നെങ്കിലും ഉണ്ടാവുമോ ! വിശപ്പ് ബാക്കി നിൽക്കെ ഭക്ഷണം കഴിക്കൽ നിറുത്തുക എന്ന തിരുനബി(സ.അ)യുടെ ഓർമ്മപ്പെടുത്തൽ മനോമുകുരത്തിൽ ഉറപ്പിച്ച്, അധികമാവാതെ ,അഹങ്കാരമില്ലാതെ ഭക്ഷണ പാനീയങ്ങളിൽ മിതത്വം പാലിക്കാൻ നമുക്കേവർക്കും കഴിയട്ടെ എന്ന പ്രതീക്ഷയിൽ..

(വസ്ത്രധാരണം,ധർമം എന്നി വിഷയങ്ങളിൽ കൂടുതൽ വിവരണം മറ്റൊരു അവസരത്തിൽ.ഇ.അ)



picture courtesy@ http://www.sustainabilityninja.com/