മൊഴി മുത്തുകൾ-41

ആരെയും നിന്ദിക്കയും പരിഹസിക്കയും അരുത്



മൊഴിമുത്ത് :

നബി(സ) തങ്ങൾ പറഞ്ഞു. “തന്റെ സഹോദരനെ ഏതെങ്കിലും കുറ്റം പറഞ്ഞ് ആര് പരിഹസിച്ചുവോ ആ കുറ്റം ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല” (തിർമുദി)

എന്റെ രക്ഷിതാവായ അല്ലാഹു എന്നെ വാനലോകത്തേക്ക് നയിച്ചു (മി‌അറാജ് ) ആ യാത്രയിൽ ചെമ്പിന്റെ നഖങ്ങളുള്ളവരും ആ നഖങ്ങൾ കൊണ്ട് സ്വന്തം മുഖവു നെഞ്ചും മാന്തിക്കൊണ്ടിരിക്കുന്നവരുമായ ഒരു കൂട്ടം ജനങ്ങളെ ഞാൻ കാണുകയുണ്ടായി. ഇവർ ആരാണെന്ന് ഞാൻ ജിബ്‌രീൽ (അ) എന്ന മലക്കിനോട് ചോദിച്ചു. ‘ ജനങ്ങളുടെ സ്വഭാവ നടപടികളെക്കുറിച്ച് സംസാരിച്ച് അവരുടെ ഇറച്ചി തിന്നുന്നവരാണ് ഇവരെന്ന് ജിബ്‌രീൽ (അ) പറഞ്ഞു.” (അബൂദാവൂദ്)

വിവരണം :

നമ്മുടെ ഒരു സഹോദരനിൽ /സഹോദരിയിൽ ഉള്ളതോ ഇല്ലാത്തതോ ആയ കുറ്റങ്ങളും കുറവുകളും മറ്റുള്ളവർക്ക് മുന്നിൽ പറഞ്ഞ് അവരെ പരിഹസിക്കുന്നവർ തങ്ങൾ മറ്റുള്ളവരിൽ ആരോപിക്കുന്ന കുറ്റം ഏതാണോ അതേ കുറ്റം ചെയ്യാതെ മരണപ്പെടുകയില്ല അഥവാ തന്റെ മരണത്തിനു മുന്നെ ആ കുറ്റം ചെയ്ത് ജനങ്ങൾക്ക് മുന്നിൽ സ്വയം പരിഹാസ്യനാവുമെന്ന് ചുരുക്കം

പ്രവാചകർ മുഹമ്മദ് നബി(അ)യുടെ ജീ‍വിതത്തിലെ അത്യപൂർവ്വ സംഭവമായിരുന്ന *ഇസ്‌റാ‍അ് -മി‌അ്‌റാജ് യാത്ര യിൽ നബി (സ) തങ്ങൾക്ക് പല അത്ഭുത ദൃശ്യങ്ങളും തന്റെ ജനതയ്ക്ക് ,ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമായി അല്ലാഹു കാണിച്ച് കൊടുത്തിട്ടുണ്ട്. മിഅറാജ് യാത്രയിലെ അനേകം അനുഭവങ്ങളിൽ ഒന്നാണ് ഈ ഹദീസിൽ വിവരിച്ചിരിക്കുന്നത്. ‘ജനങ്ങളുടെ ഇറച്ചി തിന്നുന്നവർ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞ് പരിഹസിക്കുന്നവരെ പറ്റിയാണ്.

കുറിപ്പ്:

മറ്റുള്ളവരെ പരിഹസിക്കുക എന്നത് ഒരു നിത്യ തൊഴിലെന്ന വണ്ണം കൊണ്ട് നടക്കുന്നവർ നമുക്കിടയിലുണ്ട്. പരദൂഷണം പറയുന്നതിനെ അന്യന്റെ പച്ച മാംസം തിന്നുന്നതിനോടാണ് മറ്റ് പല സന്ദർഭങ്ങളിലും പ്രവാചകർ (സ) വിവരിച്ചിരിക്കുന്നത്. തന്റെ സഹോദരന് ഉള്ള ന്യൂനതകൾ തന്നെ പറയുന്നതും പരദൂഷണത്തിന്റെ ഗണത്തിലാണ് ഉൾപ്പെടുന്നതെങ്കിൽ പിന്നെ ഇല്ലാത്ത കുറ്റങ്ങൾ ആരോപിക്കുന്നതിനെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ! നമുക്ക് ആദ്യമായി നമ്മുടെ തന്നെ കാര്യം പരിശോധിക്കാം. നമ്മുടെ സ്വന്തം കുറ്റവും കുറവും പരിഹരിക്കാൻ വഴിയെന്തെന്ന് ആലോചിക്കുന്നതിനു പകരം ഞാനടക്കമുള്ളവർ ചെയ്യുന്നത് നമ്മുടെ കുറ്റം എങ്ങിനെയെങ്കിലും മൂടി വെച്ച് അന്യന്റെ ഉള്ളതും ഇല്ലാത്തതുമായ ന്യൂനതകൾ മറ്റുള്ളവർക്ക് മുന്നിൽ വിവരിച്ച അവരെ നാണം കെടുത്തുന്നതിലൂടെ ലോകമാന്യം നേടാൻ ശ്രമിക്കുകയല്ലേ !! മി‌അറാജ് യാത്രയിലെ സംഭവം വിരൽ ചൂണ്ടുന്ന കടുത്തതും പരിഹാസ്യവുമായ ശിക്ഷയാണ് അതിനു നമ്മെ കാത്തിരിക്കുന്നതെന്ന ഓർമ്മ നമ്മിലുണ്ടാക്കാനും അതിലൂടെ ഹീനമായ കൃത്യത്തിൽ നിന്ന് വിട്ടു നിൽക്കാനും നമുക്ക് ജഗന്നിയന്താവ് അനുഗ്രഹം ചൊരിയട്ടെ.

വെറുതെ ഒരു നേരം പോക്കിന്, സദസ്സിൽ ഒരു ചിരിയുണർത്തുന്നതിന് ,അതിലൂടെ വലിയ തമാശക്കാരനായി ചമഞ്ഞ് പൊങ്ങച്ചം കാണിക്കുവാനൊക്കെയായിരിക്കും പലപ്പോഴും മറ്റുള്ളവരെ താഴ്ത്തികെട്ടി പരിഹസിക്കാൻ പലരും ശ്രമിക്കുന്നത്. ഒരാളെ ഇകഴ്ത്തി അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ പറഞ്ഞ് ചില സ്വാധീനങ്ങൾ ചെലുത്തി കാര്യം നേടാനും തൊഴിൽ മേഖലകളിൽ ഇക്കൂട്ടർ വിഹരിക്കുന്നത് കാണാം. പാര എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവർ ചെയ്യുന്നതും ഈ കഠിന ശിക്ഷയ്ക്ക് പാത്രമാവുന്ന കാര്യമല്ലാതെ മറ്റൊന്നുമല്ല.

നമ്മുടെ രാഷ്ട്രീയ ,മത, സാംസ്കാരിക ,സാഹിത്യ വേദികളിൽ, നടക്കുന്ന വ്യക്തി ഹത്യകൾ ഏതെങ്കിലും ആദർശ-ആശയ സംരക്ഷണത്തിനു വേണ്ടിയോ മറ്റോ അല്ല മറിച്ച് (ആശയവും ആദർശവും സംരക്ഷിക്കാൻ വ്യക്തി ഹത്യകൾ അനുവദനീയമാണെന്ന് അർത്ഥമില്ല) തങ്ങളുടെ എതിരളികളെ മാനസികമായി തകർക്കുക അവരെ സമൂഹത്തിനു മുന്നിൽ താഴ്ത്തിക്കെട്ടുക എന്നത് മാത്രമായിരിക്കും ലക്ഷ്യം. “എനിക്ക് ഇന്ന് ഇന്ന് ന്യൂനതകൾ ഉള്ളവനാണ്, എന്റെ എതിർ സ്ഥാനാർത്ഥിയാണ് എന്നേക്കാൾ എന്ത് കൊണ്ടും യോഗ്യൻ” എന്ന് പ്രസംഗിച്ച് നടന്ന് അവസാനം ജനങ്ങൾ അദ്ധേഹത്തെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ഒരു സംഭവം വായിച്ചതോർക്കുന്നു. നമ്മുടെ ജന നായകർ, സാംസ്കാരിക, സാഹിത്യ നായകർ അങ്ങിനെ തങ്ങളുടെ കുറ്റവും കുറവും വിളിച്ച് പറയാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ !! അത് നാം ആഗ്രഹിക്കുന്നില്ലെങ്കിലും തന്റെ ആശയം അംഗീകരിക്കാത്തവരെ, അല്ലെങ്കിൽ തന്റെ അഭിപ്രായത്തിനെതിരിൽ അഭിപ്രായം പറയുന്നവരെ പരിഹസിക്കുന്നവർ പക്ഷെ സ്വയം പരിഹാസ്യരു സാധാരണ ജനങ്ങൾക്കിടയിൽ അവരുടെ വ്യൿതിത്വം അളക്കപ്പെടുകയും ചെയ്യുകയാണുണ്ടാവുന്നത് എന്നത് അവർ ഓർക്കുന്നില്ല. വ്യക്തി തലത്തിൽ നമ്മുടെ കുറ്റങ്ങൾ , കുറവുകൾ ലിസ്റ്റ് ചെയ്യാൻ നമ്മൾ ശ്രമിച്ചാൽ എന്താവും കഥ ! ആ നമ്മളല്ലേ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ പെടാ പാടു പെടുന്നത്. !!


തീർച്ചയായും ഉപേക്ഷിക്കേണ്ട ഒരു ദുസ്വഭാവം തന്നെയാണിത് എന്നതിൽ സംശയമില്ല. കടുത്ത ആത്മ നിയന്ത്രണം തന്നെ വേണ്ടി വരും ചിലപ്പോൾ എങ്കിലും മറ്റുള്ളവരെ പരിഹസിച്ച് അവരുടെ കുറ്റങ്ങൾ പറഞ്ഞ് നേടിയെടുക്കുന്ന നൈമിഷികമോ അല്ലെങ്കിൽ കുറച്ച് കാലത്തേക്കുള്ളതോ ആയ നേട്ടങ്ങൾക്ക് പകരം വരാനിരിക്കുന്നത് ശ്വശ്വതമായ പരിഹാസ്യമായ ശിക്ഷയാണെന്ന ഓർമ്മയുണ്ടാവാൻ ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തട്ടെ.

‘റബീഉൽ അവ്വൽ’ അഥവാ ‘ആദ്യ വസന്തം’ നമ്മോട് വിടപറയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുദൂതരുടെ മൊഴിമുത്തുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങി ജീവിതത്തിൽ പകർത്താൻ ഏവർക്കും അനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..ഏവർക്കും നബിദിനാശംസകൾ

*ഇസ്‌റാ‍‌അ് /Israa: Prophet's trip from Makkah to Masjid al-Aqsa in Jerusalem
*മി‌അ്‌റാജ് /Mi'raj: Prophet's journey to Heaven


19 Response to മൊഴി മുത്തുകൾ-41

March 8, 2010 at 8:52 AM

“തന്റെ സഹോദരനെ ഏതെങ്കിലും കുറ്റം പറഞ്ഞ് ആര് പരിഹസിച്ചുവോ ആ കുറ്റം ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല“

March 8, 2010 at 9:14 AM

ഒരു പരിധി വരെയെങ്കിലും ഇങ്ങനെ ഒരു സ്വഭാവം എനിയ്ക്കുമുണ്ടല്ലോ എന്നാണ് ഇത് വായിച്ചപ്പോള്‍ തോന്നിയത്. അടുപ്പമുള്ള സുഹൃത്തുക്കള്‍ക്കിടയില്‍ (അവരുടെ അനുവാദത്തോടെയാണെങ്കില്‍ തന്നെയും) ചെറിയ നേരംപോക്കിനു വേണ്ടി ഇങ്ങനെയൊക്കെ തമാശ പറയുന്നതും കളിയാക്കുന്നതുമൊക്കെ എന്റെയും പതിവാണ് (അപരിചിതരുടെ സാന്നിധ്യത്തില്‍ ഈ പതിവില്ല).

എന്തായാലും ഇനി കുറച്ചു കൂടി ശ്രദ്ധിയ്ക്കാം. (അത്തരം നേരംപോക്കുകള്‍ അവര്‍ കൂടി ആസ്വദിയ്ക്കുന്നിടത്തോളം ഈ സ്വഭാവം നിര്‍ത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല, അതല്ലെങ്കില്‍ നിര്‍ത്താന്‍ അവര്‍ സമ്മതിയ്ക്കുമെന്നും തോന്നുന്നില്ല)

March 8, 2010 at 9:22 AM

"മറ്റുള്ളവരെ പരിഹസിക്കുക എന്നത് ഒരു നിത്യ തൊഴിലെന്ന വണ്ണം കൊണ്ട് നടക്കുന്നവർ നമുക്കിടയിലുണ്ട്. പരദൂഷണം പറയുന്നതിനെ അന്യന്റെ പച്ച മാംസം തിന്നുന്നതിനോടാണ് മറ്റ് പല സന്ദർഭങ്ങളിലും പ്രവാചകർ (സ) വിവരിച്ചിരിക്കുന്നത്"

ഇത് എല്ലാവരും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍!!

March 8, 2010 at 12:59 PM

എല്ലാവരും അറിഞ്ഞിരിക്കേണ്ട വലിയ പാഠം!

March 8, 2010 at 3:31 PM

> ശ്രീ,

ആദ്യമായി അഭിപ്രായമറിയിച്ചതിൽ സന്തോഷം
നിർദോശമായ തമാശകൾ ഈ ഗണത്തിൽ പെടുന്നില്ല. പക്ഷെ ആരെയും വേദനിപ്പിക്കുന്ന വിധത്തിൽ അതിരു കടക്കരുതെന്ന് മാത്രം.

> അരുൺ കായംകുളം,

വ്യക്തമായി ഇതൊക്കെ അറിവുള്ളവരും ഈ പരിപാടിയിൽ നിന്ന് പലപ്പോഴും മുക്തമല്ല എന്ന് കാണാൻ കഴിയും. ഓർമ്മപ്പെടുത്തലുകളായി മാറട്ടെ. അഭിപ്രായത്തിനു നന്ദി


> തെച്ചിക്കോടൻ,


തീർച്ചയായും, വായനയ്ക്കും അഭിപ്രായത്തിനു വളരെ നന്ദി

March 9, 2010 at 4:07 PM

എല്ലാവരും അറിഞ്ഞിരിക്കേണ്ട വലിയ പാഠം!
ഇത് എല്ലാവരും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍!!!

മൊഴിമുത്തുകള്‍ ശ്രേഷ്ഠം തന്നെ! തുടരൂ

March 9, 2010 at 6:05 PM

ഇങ്ങനെ ഒന്ന് ഓര്‍മപ്പെടുത്തിയതിന് ആദ്യം നന്ദി.
ഇത് വായിച്ച് ഞാന്‍ നല്ലൊരു തീരുമാനം എടുത്തു കഴിഞ്ഞു.
മനസ്സില്‍ അത് കോണ്‍ഗ്രീറ്റാക്കാന്‍ പടച്ച തമ്പുരാന്‍ കഴിവ് തരട്ടെ..ആമീന്‍.

അഭിനന്ദനത്തോടൊപ്പം നല്ലതിനായ പ്രാര്‍ത്ഥനയും.

March 10, 2010 at 9:53 AM

> വാഴക്കോടൻ ,

ഉൾകൊണ്ട് പ്രവർത്തിക്കാനാവട്ടെ നമുക്കെല്ലാവർക്കും. സന്ദർശനത്തിനും വായനക്കും നന്ദി

> OAB/ഒഎബി

നല്ല തീരുമാനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുക തന്നെ ചെയ്യും. അത് നമുക്ക് നടപ്പിലാക്കാൻ സാധിച്ചാൽ അതിന്റെ പ്രതിഫലവും.

നമ്മുടെ എല്ലാവരുടെയും നല്ല തീരുമാനങ്ങൾ നടപ്പിലാക്കാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ.

March 11, 2010 at 12:21 PM
This comment has been removed by the author.
Anonymous
March 13, 2010 at 4:20 PM

വ്യാഖാനം വായിച്ചപ്പോഴേ സംഗതി പിടികിട്ടിയുള്ളു. നല്ല സന്ദേശം. ഇനിയും വരട്ടെ മൊഴിമുത്തുകള്‍. അവനവനിലേക്കു നോക്കാതെ അസൂയ മുഴുത്ത് മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നവര്‍ എത്രയോ പേരുണ്ട്. അവരുടെ ഇരയാകേണ്ടി വന്നിട്ടുമുണ്ട് പലപ്പോഴും. പ്രവാചകന്റെ കാലത്തും ഇത്തരക്കാര്‍ ഉണ്ടായിരുന്നിരിക്കണം അല്ലേ. പിന്നെ അല്ലേ ഈ കലികാലത്ത്.

March 14, 2010 at 6:16 AM

പ്രിയ ബഷീർ, ഇതു പോലുള്ള മൊഴിമുത്തുകൾ (ഞാൻ ഉദ്ദേശിച്ചതു പൊതു സമൂഹത്തിനു ഉപകാരപ്പെടുന്ന ഹദീസ്സുകൾ )തെരഞ്ഞെടുത്തു പോസ്റ്റു ചെയ്യുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

March 14, 2010 at 9:09 AM

> Ashraf.T.V

Thanks for your visit

> maithreyi,

ഇവിടെ ആദ്യമാണെന്ന് തോന്നുന്നു. സുസ്വാഗതം :)
അതെ, അത്തരക്കാർ എന്നും ഉണ്ടായിരിക്കും.
ചിലർക്ക് അതൊരു ഹോബി പോലെയാണ്. പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വഴിമുട്ടിക്കാൻ വരെ പരദൂഷണം കാരണമാവുന്നുണ്ട്.

വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം.


> sherriff kottarakara,

വന്നതിലും അഭിപ്രാ‍യം അറിയിച്ചതിലും വളരെ സന്തോഷം.

നമ്മുടെ വ്യക്തി ജീവിതം നന്നാവുകയെന്നത് തന്നെ നാം ഉൾകൊള്ളുന്ന സമൂഹത്തിനും ഉപകാരപ്പെടുന്നതായിരിക്കും.

നല്ല വാക്കുകൾക്ക് നന്ദി.

March 15, 2010 at 7:43 PM

ഈ ദുഷിച്ച സ്വഭാവം മിക്കവരിലും ഞാൻ കണ്ടിട്ടുണ്ട്, എന്നിലും. പക്ഷേ ശ്രീ പറഞതുപോലെ അവരുടെ അനുവാദത്തോടുകൂടി മാത്രമേ ഞാൻ തമാശക്കുവേണ്ടി ഇതെടുത്ത് പയറ്റാറുള്ളൂ...

ഇനി ശ്രദ്ധിക്കണം.

ഓർമ്മപ്പെടുത്തലിന് വളരെ നന്ദി.

March 15, 2010 at 8:57 PM

ഒരു ആത്മപരിശോധന നടത്തി സ്വന്തം കുറവുകളെ കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറയാന്‍ തുനിയുകയില്ല തന്നെ. അത്തരം ഒരു ആത്മപരിശോധന നടത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കും ഈ പോസ്റ്റ്.

ഓ.ടോ. ഇനി ശ്രീയോട് : ശ്രീ സുഹൃത്തുക്കളെ കളിയാക്കുന്നത് അവരോടുള്ള സൌഹൃദവും സ്നേഹവും കൊണ്ടാകും. അത് ഒരു ദുഷിച്ച ലക്ഷ്യം - അതായത് അവരെ താഴ്ത്തിക്കെട്ടുക- എന്ന ഉദ്ദേശ്യം വച്ചല്ലല്ലോ. പിന്നെ അവരുടെ സാന്നിദ്ധ്യത്തില്‍ തന്നെയാണല്ലോ ആ കളിയാക്കല്‍. അത് അവരും ആസ്വദിക്കുന്നുണ്ടാകും. എനിക്കാണെങ്കില്‍ ഏറ്റവും അടുപ്പമുള്ളവരെ നല്ലവണ്ണം കളിയാക്കാനാണ് തോന്നുന്നത്. തിരിച്ച് എന്നെ അവര്‍ അതുപോലെ കളിയാക്കുന്നത് ഏറെ ഇഷ്ടവും. പക്ഷേ ബഷീര്‍ ഇവിടെ പറഞ്ഞിരിക്കുന്നത് മറ്റൊരാളെ ഇകഴ്ത്തണം എന്ന ഉദ്ദേശത്തോടെ തന്നെയുള്ള, മിക്കവാറും അയാളുടെ അസാന്നിദ്ധ്യത്തില്‍ പറയുന്ന കുറ്റം പറച്ചിലുകളും കളിയാക്കലുകളുമാണ്. അതുകൊണ്ട് സുഹൃത്തുക്കളെ ശ്രീ കളിയാക്കിക്കോളൂ.

March 16, 2010 at 9:20 AM

> ഭായി,


> ഗീതേച്ചി,


വന്നതിലും വിലയിരുത്തി അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം. തമാശയും പരിഹാസവും വിത്യാസമുണ്ട്. എന്നാൽ കളിയാക്കലുകൾ തന്നെ ഒരു പരിധി ലംഘിക്കുമ്പോൾ അത് മറ്റുള്ളവരുടെ കൂട്ടത്തിലുമാവുമ്പോൾ ചിലപ്പോൾ അത് മനസിനു ചെറിയ പോറലുകൾ വീഴ്ത്താൻ കാരണമാവും.
ചിലർക്ക് തമാശ എന്നാൽ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുക എന്നതിലാണ്. അത് പക്ഷെ സുഹൃദ് ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാനേ ഉപകരിക്കൂ.

നല്ല ബന്ധങ്ങൾ ഉണ്ടാക്കാനും നിലനിർത്താനും കഴിയട്ടെ.

നന്ദി

March 25, 2010 at 5:24 PM

നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങൾ...

ചെറിയ ചെറിയ “പരിഹാസതമാശകൾ” പോലെയല്ല താഴ്ത്തികെട്ടിയുള്ള പരിഹാസം.

March 27, 2010 at 11:19 AM

>കാക്കര-kaakkara

താങ്കളുടെ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി

ചെറിയ ചെറിയ തമാശകൾ എന്നതാവും ശരി .പരിഹാസം അവിടെയും ഒഴിവാക്കുന്നത് തന്നെ നല്ലത്

April 9, 2010 at 2:26 PM

ഒരു വലിയ പാഠം!!! താങ്ക്സ് !

April 11, 2010 at 9:12 AM

> Captain Haddock

മൊഴിമുത്തുകളിലേക്ക് സ്വാഗതം
സന്ദർശനത്തിനും നല്ല വാക്കുകകൾക്കും വളരെ നന്ദി