മൊഴിമുത്തുകൾ -37

കൃഷിയുടെ പ്രാധാന്യം

മൊഴിമുത്ത്‌ :

  • 'വൃക്ഷം നട്ടുപിടിപ്പിച്ചവൻ ആരോ അവന്റെ ആ (നട്ടുപിടിപ്പിക്കപ്പെട്ട) വൃക്ഷത്തിൽ നിന്ന് മനുഷ്യനും അല്ലാഹുവിന്റെ സൃഷ്ടികളിൽ മറ്റു വല്ലവയും ഭക്ഷിക്കുന്നത്‌ അവനൊരു ധർമ്മം മാത്രമായിരിക്കും' (അബൂ ഹുറൈറ (റ) വിൽ നിന്ന് ഇമാം അഹമദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ് )

  • വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക്‌ ആ നട്ടുണ്ടാക്കിയതിൽ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ പരിമാണം കണക്കിൽ അല്ലാഹു പ്രതിഫലം നൽകുക തന്നെ ചെയ്യും’. ( അബീ അയ്യൂബ്‌ (റ) വിൽ നിന്ന് ഇമാം അഹമ്മദ്‌ (റ) നിവേദനം ചെയ്ത ഹദീസ്‌)
വിവരണം:

കൃഷിക്കാർ നട്ടുപിടിപ്പിച്ചുണ്ടാക്കുന്നവ ആ കൃഷിക്കാരനോ അല്ലെങ്കിൽ മറ്റ്‌ ആർക്കെങ്കിലുമോ ഫലം ചെയ്യുമെന്നും അത്‌ ആ കൃഷിക്കാരന്‌ ഒരു ധർമ്മം ചെയ്തതിന്റെ തുല്യാമായി പരിഗണിക്കുമെന്നും ആദ്യ ഹദീസ്‌ വ്യക്തമാക്കുന്നു. മനുഷ്യനെന്നല്ല മറ്റ്‌ ഏത്‌ ജീവികളോ ആവട്ടെ ആ നട്ടു പിടിപ്പിക്കപ്പെട്ടതിന്റെ ഫലം ഉപയോഗിക്കുന്നതും കൃഷിക്കാരന്‌ നന്മയായി ഭവിക്കുമെന്നും അതിനാൽ കൃഷിചെയ്യുന്ന കൃഷിക്കാരൻ വിജയികളുടെ കൂട്ടത്തിലാവുകയും ചെയ്യുമെന്ന് പ്രത്യുത ഹദീസ്‌ വ്യക്തമാക്കുന്നു.

രണ്ടാമത്‌ ഹദീസിൽ കുറച്ച്‌ കൂടി വിശാലമായ അർത്ഥത്തിൽ 'വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക്‌ ' എന്നതിലൂടെ ഏതൊരു മനുഷ്യനും (അവന്റെ വിശ്വസമോ മതമോ വിത്യാസമില്ലാതെ ) ഗുണം /അനുഗ്രഹം , അഥവാ ഒരു ഫലവൃക്ഷം നട്ടുപിടിപ്പിക്കുന്നതിലൂടെ ലഭിക്കുമെന്ന് മനസ്സിലാക്കാം

കുറിപ്പ്‌ :


ഏത്‌ തരം കൃഷിയായാലും അത്‌ തനിക്കും, അല്ലെങ്കിൽ പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിനും ഭൂമിക്ക്‌ തന്നെയും നന്മ വിതക്കുന്നതായ ഒരു ധർമ്മമാണെന്ന് പ്രവാചകർ നമ്മെ പഠിപ്പിക്കുന്നു. എന്ന് മാത്രമല്ല അങ്ങിനെ സമൂഹത്തിനും ഭൂമിക്കും നന്മ ചെയ്യുന്നവർക്ക്‌ നാളെ ജഗന്നിയന്താവായ അല്ലാഹുവിൽ നിന്നുള്ള അർഹമായ പ്രതിഫലം വാഗ്ദത്തം ചെയ്യുകയും ചെയ്യുന്നു. കാർഷിക വൃത്തിയിലേർപ്പെടുന്ന കർഷകന്റെ മഹത്വമാണിതിലൂടെ വെളിവാക്കപ്പെടുന്നത്‌. വലിയ തോതിലുള്ള കൃഷി ചെയ്യുന്നവർക്ക്‌ മാത്രമല്ല. കേവലം ഒരു വൃക്ഷമോ മറ്റോ വെച്ച്‌ പിടിക്കുന്നവർക്കും ആ മരത്തിൽ നിന്ന് ഉണ്ടാകുന്ന ഫലങ്ങൾക്കനുസരിച്ച്‌ അത്‌ ഉപയോഗിക്കുന്ന മനുഷ്യർക്കും മറ്റ്‌ ജീവ ജാലങ്ങൾക്കും ഉപയോഗപ്പെടുന്നതനുസരിച്ച്‌ അതിനു കാരണക്കാരനായ ആ മനുഷ്യന്‌ പ്രതിഫലം നൽകപ്പെടും അത്‌ ജാതി-മത വിത്യാസമില്ലാതെ മനുഷ്യൻ എന്ന ഒരൊറ്റ പരിഗണന വെച്ചാണീ ഹദീസിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്‌ എന്നത്‌ പ്രത്യേകം നാം വിചിന്തനം ചെയ്യേണ്ടതുണ്ട്.

ലോകത്തിന്റെ സംതുലിതാവസ്ഥ നില നിർത്തുന്നതിൽ മാമലകൾക്കും കാടുകൾക്കും എന്ന പോലെ വയലേലകൾക്കും ഫലങ്ങൾ തിങ്ങി നിറഞ്ഞ്‌ കണ്ണിനും കരളിനും കുളിരു പകർന്നിരുന്ന മറ്റ്‌ വിളകൾക്കും ഉണ്ടെന്ന സത്യം നമുക്ക്‌ അറിയാമെങ്കിലും നാടോടുമ്പോൾ നടുവേ അല്ല മുന്നേ തന്നെ ഓടണമെന്ന അധികാര വർഗത്തിന്റെയും അവർക്കൊത്ത പ്രജകളുടെയും ആർത്തിയും, ആഗോളവത്കരണത്തിന്റെയും കമ്പോളവവത്കരണത്തിന്റെയും വഴികളിലൂടെ നമ്മെ ഗ്രസിച്ചിരിക്കുന്ന ബോഗസംസ്കാരവും, നമ്മുടെ പെറ്റമ്മയെ മറന്നുള്ള കൈവിട്ട കളികളിലേർപ്പെട്ടതിന്റെ ഫലമായി നമ്മുടെയൊക്കെ മനസ്സു പോലെ തന്നെ മണ്ണും മരവിച്ച അവസ്ഥയിലായിരിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്ന് അണുകുടുംബങ്ങളിലേക്കുള്ള കൂടുമാറ്റത്തിലൂടെ ഭൂമി തുണ്ടു തുണ്ടായി വെട്ടിമുറിക്കപ്പെട്ടപ്പോൾ വേരറുത്ത്‌ മാറ്റപ്പെട്ടത്‌ നമ്മെ ഊട്ടിയിരുന്ന ഫലം കായ്ക്കുന്ന വരിക്ക പ്ലാവും മൂവാണ്ടൻ മാവും ,പയറും കൂർക്കയും ,കപ്പയും ,വാഴയും, ചേമ്പും വിളഞ്ഞിരുന്ന തറവാടിന്റെ പിന്നാമ്പുറങ്ങളും കൂടിയായിരുന്നു.

അമ്മിയിൽ വെച്ച്‌ അമ്മ സ്നേഹം കൂട്ടി അരച്ച്‌ തന്നിരുന്ന ചമ്മന്തി വരെ നമുക്ക്‌ പ്ലാസ്റ്റിക്‌ പാക്കറ്റുകളിൽ ലഭ്യമായതിലൂടെ, ആ പ്ലാസ്സ്റ്റിക്‌ കൂമ്പാരങ്ങൾ നാം നമ്മുടെ പെറ്റമ്മയുടെ വയറിലേക്ക്‌ കുത്തിനിറച്ച്‌ അവൾക്ക്‌ ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി. ശ്വസം മുട്ടി മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയ്ക്ക്‌ കവി *ചരമ ഗീതം രചിച്ചു. നമ്മളത്‌ ഈണത്തിൽ പാടി. കവിയെ വാഴ്ത്തി. പക്ഷെ ഹൃദയത്തിൽ ഏറ്റ്‌ വാങ്ങിയില്ലെന്ന് മാത്രം.

നമ്മുടെ നാട്ടിൽ നമ്മൾ ഉത്പാദിപ്പിച്ച്‌ കൊണ്ടിരുന്നത്‌ നിർത്തി, കർഷകരെ സഹായിക്കേണ്ടവർ അവരെ ചൂഷണം ചെയ്ത്‌ തടിച്ച്‌ കൊഴുത്തു, വയലേലകൾ മണ്ണിട്ട്‌ നികത്തി , കോൺക്രീറ്റ്‌ കാടുകൾ തിർത്തു. അവിടെ അയൽ നാടുകളിൽ നിന്ന് പ്ലാസ്റ്റിക്‌ കവറുകളിൽ വിഷം നിറച്ചത്‌ വലിയ തുക കൊടുത്ത്‌ വരുത്തി ദുരഭിമാനം കൊണ്ടു. ദുരന്തം അടുത്ത തലമുറ അനുഭവിക്കാനുള്ളതാണെന്ന് കണക്ക്‌ കൂട്ടിയവർക്ക്‌ തെറ്റു പറ്റിയിരിക്കുന്നു. മനുഷ്യൻ അവന്റെ കരങ്ങളാൽ പ്രവൃത്തിച്ചതിന്റെ ഫലം തേടിയെത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും കാരണങ്ങളിലേക്ക്‌ ചിന്ത തിരിക്കാതെ പരസ്പരം പഴിചാരി രക്ഷപ്പെടാൻ വിഫലശ്രമം നടത്തുന്നു നാം.

പലവിധ കരാറുകൾ തീർത്ത കാണാചരടിൽ നമ്മുടെ ഉത്പന്നങ്ങൾക്ക്‌ നമുക്ക്‌ അവകാശമില്ലാത്ത അവസ്ഥ. എന്നിട്ടും നാം കരാറുകളുമായി മുന്നോട്ട്‌ തന്നെ. ഇപ്പോൾ ആസിയാൻ കരാർ വഴി സാധാരണക്കാരന്റെ മത്തിയും അയിലയും വരെ പ്ലാസ്റ്റിക്‌ പാക്കുകളിൽ നാളെ വാങ്ങേണ്ടി വരുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഈ കരാർ വഴി ഉത്പന്നങ്ങൾക്കുള്ള ഇറക്ക്‌ മതി തീരുവ ഇല്ലാതാവുന്നതോടെ മുഖ്യമായും നമ്മുടെ കേരളത്തിന്റെ ഒടിഞ്ഞ കാർഷികവൃത്തിയുടെ നട്ടെല്ല് പൊട്ടാൻ പോവുകയാണ്‌. റബ്ബർ,കുരുമുളക്‌, തേയില തുടങ്ങി അനവധി കാർഷികോത്പന്നങ്ങളും അതുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവരുടെ ജീവിതം വഴിയാധാരമാവുകയും ചെയ്യും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഈ കരാർ കാര്യമായി ബാധിക്കുകയില്ലെന്നതിനാൽ എതിർപ്പുകൾക്ക്‌ ശക്തി ഉണ്ടാവാൻ വഴിയില്ല. വരാനിരിക്കുന്ന നാളുകൾ വീണ്ടും ആത്മഹത്യകളുടേതാവാതിരിക്കട്ടെ. അതിനു രാഷ്ടീയം മറന്ന് നമ്മുടെ രാജ്യത്തിന്റെ പൊതു നന്മയ്ക്കായി ഇച്ഛാ ശക്തിയോടെ പ്രതികരിക്കുന്ന സമൂഹമാണാവശ്യം.

ദൈവത്തിന്റെ സ്വന്തം നാട്‌ അഭിമാനത്തോടെ കുറച്ച്‌ അഹങ്കാരത്തോടെയും നമ്മൾ എവിടെയു പറഞ്ഞുവരുന്ന കേരളത്തിന്റെ ഭൂപ്രകൃതി തികച്ചും കൃഷിയും അനുബന്ധ ഉത്പന്നങ്ങളും വിളയിച്ചെടുക്കാൻ ഏറെ അനുകൂലമായ പ്രദേശമായാണ്‌ കണക്കാക്കുന്നത്‌. ഏറ്റവും ചുരുങ്ങിയത്‌ നമ്മുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികളെങ്കിലും ഗ്രാമങ്ങളിൽ മിക്ക വീട്ടു വളപ്പിലും മുമ്പുണ്ടായിരുന്നു. ഞാൻ ഓർക്കുകയാണ്‌ എന്റ്‌ വീട്ടു വളപ്പിൽ വിളഞ്ഞ്‌ നിന്നിരുന്ന കപ്പയും ,കൂർക്കയും, മധുരക്കിഴങ്ങും, ചേമ്പും , ചേനയും, പയറും, രാഗിയും , വെണ്ടയും, തക്കാളിയും എന്തിനേറേ തണ്ണിമത്തൻ വരെ .. എന്റെ ഉമ്മയായിരുന്നു അതിനോക്കെ മേൽ നോട്ടം വഹിച്ചിരുന്നത്‌. ,പാടത്ത്‌ നിന്ന് കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞ്‌ ആദ്യത്തെ നെല്ല് കുത്തി വെച്ച നല്ല തവളക്കണ്ണൻ /കട്ടമോടൻ അരികൊണ്ടുള്ള ചോറിനൊപ്പം, അന്ന് തൊടിയിൽ നിന്ന് പൊട്ടിച്ചെടുത്ത പയർ പൊട്ടിച്ച്‌ ഉപ്പേരിയും കൂട്ടി കഴിക്കുമ്പോഴുണ്ടായിരുന്ന സ്വാദ്‌ ഇനി തിരിച്ച്‌ കിട്ടാനാവാത്ത വിധം തൊടികളും വയലുകളും മാറി..അല്ല നമ്മൾ മാറ്റി.

ഇന്ന് എല്ലാവർക്കും തിരക്കായി. വീടിന്റെ പിന്നമ്പുറത്ത്‌ ഒരു വേപ്പില തൈയ്യോ പച്ചമുളക്‌ തൈയ്യോ കുഴിച്ചിടാൻ പോലും നമുക്ക്‌ താത്പര്യമില്ല അല്ലെങ്കിൽ സമയമില്ല. ലോകം വിരൽ തുമ്പിലായപ്പോൾ വിരലുകൾ ചെയ്യുന്ന പണി സ്പൂൺ ചെയ്ത്‌ കൊണ്ടിരിക്കുന്നു. കൈകളും കാലുകളും മണ്ണിൽ തൊടാൻ നമ്മുടെ കുട്ടികളെയും നാം സമ്മതിക്കുന്നില്ല. നമുക്കറിയാം മണ്ണ് മുഴുവൻ വിഷമാണെന്ന് .നമ്മൾ തന്നെ നിറച്ച വിഷം !

വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക്‌ ആ നട്ടതിൽ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ തോതനുസരിച്ച്‌ അല്ലാഹു പ്രതിഫലം നൽകുമെന്ന തിരുനബി(സ) യുടെ പ്രഖ്യാപനം കൊണ്ട്‌ നമുക്കാർക്കെങ്കിലും പ്രയോജനമുണ്ടവാൻ നാം എന്ത്‌ നട്ട്‌ പിടിപ്പിച്ചിട്ടുണ്ട്‌ .വെട്ടിമാറ്റുകയല്ലാതെ ! അതിനൊരു മാറ്റം വരേണ്ടതുണ്ട്‌. മത സാംസ്കാരിക രാഷ്ടീയ സംഘടനകൾ വിഴുപ്പലക്കലിനു ചിലവാക്കുന്നതിന്റെ നൂറിലൊരംശം സമയവും ഊർജ്ജവും നമ്മുടെ നാടിന്റെ പച്ചപ്പ്‌ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കായി നീക്കിവെച്ചിരുന്നെങ്കിൽ. ചില നുറുങ്ങു വെട്ടങ്ങൾ ചില കോണുകളിൽ പ്രകാശിക്കുന്നത്‌ കാണാതിരിക്കുന്നില്ല. പക്ഷെ ഏറെ പുറകിലേക്ക്‌ പോയിരിക്കുന്നു നാം . ഓടി മുന്നിലേക്കെത്താനുള്ള ശ്രമം നടത്തുന്നതിനു പകരം കാരാഗൃഹങ്ങൾ തീർക്കാൻ മാത്രം ഉതകുന്ന കരാറുകളുമായി പിറകിലേക്ക്‌ വീണ്ടും നടക്കാനുള്ള തയ്യാറെടുപ്പിൽ ഭരണകൂടങ്ങൾ .. എങ്കിലും നമ്മളാൽ കഴിയുന്ന ശ്രമങ്ങൾ നടത്തേണ്ടതുണ്ട്‌. അല്ലെങ്കിൽ വരും തല മുറ നമ്മെ ശപിക്കുക തന്നെ ചെയ്യും. തീർച്ച

* ഭൂമിയ്ക്ക് ഒരു ചരമഗീതം