മൊഴിമുത്തുകൾ-35


ദന്തശുദ്ധീകരണത്തിന്റെ പ്രാധാന്യം



മൊഴിമുത്ത് :

അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം :
നബി (സ) പറഞ്ഞു ' എന്റെ സമുദായത്തിന്‌ ഭാരമായിത്തീരുമോ എന്ന് ഭയപ്പെട്ടിരുന്നില്ലെങ്കിൽ എല്ലാ നിസ്കാരസമയത്തും പല്ലുതേക്കൽ ഞാൻ നിർബന്ധമായി കൽപിക്കുമായിരുന്നു '

നബി(സ)പറഞ്ഞു. ‘നിങ്ങൾ പല്ല് തേക്കുക; നിശ്ചയം അത് നിങ്ങളുടെ വായ ശുദ്ധിയാക്കുന്നതിനൊപ്പം അല്ലാഹുവിന്റെ തൃപിതി ലഭിക്കാനും കാരണമാകും’ (ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം , ഇമാം ബൈഹഖി(റ)യും,ഇമാം ബുഖാരി(റ)യും റിപ്പോർട്ട് ചെയ്ത ഹദീസ്)


കുറിപ്പ് :


ദന്തശുദ്ധീകരണം ഇസ്‌ലാം കൽപിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ്‌. വളരെയധികം പ്രാധാന്യം ആ കർമ്മത്തിനു കൊടുക്കാനുള്ള കാരണം വ്യക്തമാണ്‌. ദന്ത ശുദ്ധി വരുത്താതിരുന്നാൽ പല രോഗങ്ങൾക്കും അത്‌ കാരണമാവുകയും കൂടാതെ ജനങ്ങളുമായി ഇടപെടുന്നതിലും സാമൂഹ്യ ജീവിതം ഉപയോഗപ്രദമായി വിനിയോഗിക്കാനോ പറ്റാതെവരികയും ചെയ്യൂന്നു. എന്റെ സമുദായത്തിനു ഭാരമാവുമെന്ന് ഭയപ്പെട്ടിരുന്നില്ലെങ്കിൽ എല്ലാ നിസ്കാര സമയത്തും ദന്തശുചീകരണം നിർബന്ധമാക്കുമായിരുന്നു എന്ന ഹദീസിലൂടെ ദന്ത ശുചീകരണത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാവുന്നു

നമ്മുടെ നിത്യ ജീവിതത്തിൽ വൃത്തിയായി നടക്കണമെന്നത്‌ കൂടുതൽ വിവരിക്കാതെ തന്നെ ബോധ്യമുള്ള കാര്യമായിരിക്കെ അവിടെ ദന്തശുദ്ധികരണത്തിന്റെ കാര്യത്തിൽ ഒരുപക്ഷെ പലരും (നല്ല വേഷവിധനങ്ങളിൽ നല്ല പെരുമാറ്റങ്ങളുമായി ഇടപെടുന്നവരും ) വേണ്ടത്ര ശ്രദ്ധാലുക്കാളാണെന്ന് തോന്നുന്നില്ല.


വൃത്തി ഈമാനിന്റെ (വിശ്വാസത്തിന്റെ )പകുതിയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അത്‌ നാഴികക്ക്‌ നാൽപത്‌ വട്ടം ഉരുവിടുന്നവരും ഉപദേശിക്കുന്നവരും പക്ഷെ സ്വന്തം ജീവിതത്തിൽ പലപ്പോഴും അത്‌ പകർത്താൻ ജാഗ്രത പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്‌. നല്ല വസ്ത്രം (വൃത്തിയുള്ള) ധരിക്കൽ മാത്രമല്ല വൃത്തിയുടെ വിവക്ഷ. ദന്ത ശുദ്ധീകരണം അത്‌ അനുവർത്തിക്കുന്ന വ്യക്തിക്ക്‌ എന്നപോലെ അയാളുമായി ഇടപഴകുന്നവർക്കും കൂടി ആശ്വാസം ഉളവാക്കുന്ന കാര്യമാണ്‌. നമ്മുടെയൊക്കെ നിത്യ ജീവിതത്തിനിടയിൽ ഒരിക്കലെങ്കിലും അപരന്റെ വായ്‌ നാറ്റം കാരണത്താൽ നമുക്ക്‌ മുഖം തിരിക്കേണ്ടി വന്നിട്ടില്ലേ..! അപ്പോൾ നമ്മുടെ മനസിൽ ഉയരുന്ന നീരസം എത്രയാണെന്ന് ഊഹിക്കുക. അതേ വികാരം തന്നെയായിരിക്കില്ലേ നമ്മെ പറ്റി മറ്റുള്ളവർക്കും ഉണ്ടാവുക. !

പലപ്പോഴും ജമാഅത്ത്‌ നിസ്കാര വേളയിൽ (കൂട്ടായ നിസ്കാരം ) ശരിയായി ദന്തശുചീകരണം നടത്താത്ത ചിലരുടെ അസഹ്യമായ നാറ്റം കാരണത്താൽ എത്രയും വേഗം നിസ്കാരമൊന്ന് കഴിഞ്ഞ്‌ കിട്ടിയെങ്കിൽ എന്ന് ഒരിക്കലെങ്കിലും കരുതാത്തവർ വിരളമായിരിക്കും. കാരണം അടുത്തു നിൽക്കുന്നവനിൽ നിന്ന് വരുന്ന അസഹ്യമായ ഗന്ധം തന്നെ. ‘ഉള്ളിയും വെളുത്തുള്ളിയും അത് പോലെ ദുർഗന്ധമുണ്ടാക്കുന്ന മറ്റ് സാധനങ്ങളും കഴിച്ചവർ പള്ളിയുമായി അകന്നു നിൽക്കട്ടെ ,നിശ്ചയം മനുഷ്യർക്ക് വിഷമമുണ്ടാക്കുന്നത് മലക്കുകൾക്കും വിഷമമുണ്ടാക്കും’ എന്ന നബി(സ) യുടെ ഹദീസ് മുസ്‌ലിം (റ) റിപ്പോർട്ട് ചെയ്തത് ഇവിടെ കൂട്ടി വായിക്കാം. അത് കഴിക്കുന്നവർ അതിന്റെ ഗന്ധം പോവാനുതകുന്ന രീതിയിൽ വേവിച്ച് ഭക്ഷിക്കാൻ നബി(സ) ഉണർത്തുന്നു.

വയറിലെ അസുഖം (ദഹനക്കേടും മറ്റും മൂലം ) കൊണ്ടും, മോണരോഗങ്ങൾ കാരണമായും വായ്‌ നാറ്റമുണ്ടാകും. അത്‌ ചികിത്സിച്ച്‌ മാറ്റാവുന്നതുമാണ്‌. ചികിത്സ നടത്തിയാലും ചിലർക്ക്‌ അത്‌ സ്ഥിരമായുണ്ടാകും അത്തരക്കാർ ജനങ്ങളുമായി ഇടപഴകുന്ന വേളയിലെങ്കിലും തന്നെ കൊണ്ട്‌ മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ട്‌ അനുബവപ്പെടുന്നത്‌ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. നിത്യ ജീവിതത്തിൽ പുരുഷന്മാരുടെ വായ്‌നാറ്റം കൊണ്ട്‌ ഏറ്റവും കഷ്ടപ്പെടുന്നത്‌ അവരുടെ ഭാര്യമാരായിരിക്കും. രോഗം കൊണ്ടോ അല്ലെങ്കിൽ ശരിയായി ദന്തശുചീകരണം നടത്താത്തതിനാലോ ഉണ്ടാവുന്ന ദുർഗന്ധത്തെപറ്റി ഭർത്താവിനോട്‌ പറഞ്ഞാൽ ദുർഗന്ധത്തോടൊപ്പം അവിടെ ഭൂകമ്പത്തിനുള്ള സാധ്യതയും ഉണ്ടെന്നതിനാൽ പലപ്പോഴും തുറന്ന് പറയാൻ മടിച്ച്‌ നിശബ്ധമായി സഹിക്കും മിക്കവരും. ദാമ്പത്യ ജീവിതത്തിന്റെ താളം തെറ്റുന്നതിലേക്ക്‌ വരെ ചില കേസുകൾ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ടെന്നത്‌ വസ്തുതയാണ്‌.


പൊതുവെ മലയാളികൾ വൃത്തിയുടെ കാര്യത്തിൽ മറ്റുള്ളവർക്ക്‌ മാതൃകയാണെന്നിരിക്കിലും നമ്മുടെ പല നല്ല നടപടികളും (കാലത്ത്‌ എശുന്നേറ്റാൽ ഉടനെ പല്ല് തേച്ച്‌ മുഖം കഴുകി മല മൂത്ര വിസർജ്ജനം കഴിഞ്ഞതിനു ശേഷം മാത്രം ചായയോ കാപ്പിയോ മറ്റോ കുടിക്കുക എന്നതും ) തല തിരിഞ്ഞ പൊങ്ങച്ച സംസ്കാരത്തിന്റെ പേരിൽ ഉപേക്ഷിക്കുകയും ബെഡ്‌ കോഫി എന്ന ബാഡ്‌ കോഫി കുടിച്ച്‌ വായിൽ ഊറിയ എല്ലാ വൃത്തികേടുകളും അകത്താക്കുന്ന പതിവിലേക്ക്‌ ചിലർ എങ്കിലും മാറുന്നു. ചുരുങ്ങിയത്‌ കാലത്തും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായും പല്ലു തേക്കൽ ശീലമാക്കിയവർക്ക്‌ അതിന്റെ ഗുണങ്ങൾ ലഭിക്കാതിരിക്കില്ല. മക്കളെ ചെറുപ്പത്തിൽ തന്നെ അത്‌ ശീലിപ്പിക്കുക . സ്വയം ആരോഗ്യവാനാവുന്നതോടെ മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കാനും നല്ല ശീലങ്ങളിലൂടെ നമുക്ക്‌ കഴിയട്ടെ.


ദന്തശുചീകരണത്തെ പറ്റി ഇസ്ലാമികമായി വിശദീകരിക്കുന്ന ഒരു ആർട്ടിക്കിൾ ഇവിടെ കാണാം. കൂടാതെ , യുനെസ്കോ സൈറ്റിൽ നിന്ന് ദന്തശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെയും, കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന കാര്യങ്ങളെയും മറ്റ് ഹൈജീൻ വിഷയങ്ങളും വ്യക്തമായി വിവരിക്കുന്ന വളരെ നല്ല വിവരണങ്ങൾ പി.ഡി.എഫ് ഫോർമാറ്റിൽ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

29 Response to മൊഴിമുത്തുകൾ-35

June 1, 2009 at 8:35 AM

നന്നായി, ബഷീര്‍ക്കാ...

June 1, 2009 at 8:37 AM

ദന്തശുദ്ധീകരണത്തില്‍ എത്രമാത്രം ശ്രദ്ധാലുക്കളമാകണമെന്നതിന്റെ ഗൌരവം സൂചിപ്പിക്കുന്നത് തന്നെയാണ് തിരുനബി (സ) യുടെ മേലുദ്ധരിച്ച വചനങ്ങള്‍. ചീന്തനീയമായ വിവരണങ്ങള്‍ക്ക് നന്ദി ബഷീര്‍ക്കാ.

June 1, 2009 at 9:29 AM

അതേ ഇക്ക,ആരോഗ്യം പല്ലിലാണ്‌ എന്ന് പഴമക്കാര്‍ പറയുന്നതും ഇതിനാലാവണം.

June 1, 2009 at 11:16 AM

നന്ദി കൂട്ടുകാരാ, പ്രത്യേകിച്ച് അവസാനം തന്നിരിക്കുന്ന 2 ലിങ്കുകള്‍ക്ക്....

June 1, 2009 at 11:20 AM

അഭിനന്ദനങ്ങൾ..

June 1, 2009 at 12:46 PM

ദന്തശുചീകരണം എന്തു കൊണ്ടും വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ.ഈ ലേഖനം നന്നായി

June 1, 2009 at 2:14 PM

>ശ്രീ,

ആദ്യം വന്ന് വായിച്ചതിന് ആദ്യം നന്ദി :)

>കാസിം
തങ്ങൾ,ഉപകാരപ്രദമായെന്നറിഞ്ഞതിൽ സന്തോഷം

>അരുൺ കായംകുളം

പല്ല് നന്നാൽ പാതി നന്നായി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. നാം കഴിക്കുന്ന ആഹാര സാധനങ്ങളും പല്ലിന്റെ ആരോഗ്യവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു.


>ശിവ

സന്തോഷം. ലിങ്കുകളും ഉപകാരപ്രദമായെന്നറിഞ്ഞതിൽ.

> ചെറിയപാലം

നന്ദി. വായനയ്ക്കും പ്രോത്സാഹനത്തിനും

>കാന്താരിക്കുട്ടി,

ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം

എല്ലാവർക്കും നന്ദി

June 1, 2009 at 7:17 PM

hu kurachu nerathe parayende Basheere.. enete ethra palla kedayi poyathu... Nannayirikkunnu. Ashamsakal...!!!!

June 3, 2009 at 8:32 AM

പ്രയോജനകരമായ ഇത്തരം പോസ്റ്റുകളിലൂടെ ‘മൊഴിമുത്തുകള്‍’ ഇനിയും ധന്യമാവട്ടെ. ആശംസകളും അഭിനന്ദനങ്ങളും ഈ പരിശ്രമങ്ങള്‍ക്ക്.

June 3, 2009 at 11:52 AM

..നല്ല പോസ്റ്റ്‌....

June 7, 2009 at 11:13 AM

> സുരേഷ് കുമാർ പുഞ്ചയിൽ,

ഇനിയുള്ളത് കേടാവാതെ നോക്കുക. പിന്നെ പല്ല പോയതിന്റെ കാരണം ഞാൻ വീട്ടിൽ വരുമ്പോൾ ചോദിച്ചറിഞ്ഞോളാം :)

> കുഞ്ഞിക്ക

നിങ്ങളുടെയൊക്കെ പ്രോത്സാഹനവും പ്രാർത്ഥനയും ഹൃദയത്തിലേറ്റുവാങ്ങുന്നു. പോരായ്മകളും ചൂണ്ടിക്കാട്ടുമല്ലോ

> ഹൻല്ലലത്ത്

നന്ദി. വായനയ്ക്കും നല്ല വാക്കിനും

എല്ലാ കൂട്ടുകാർക്കും നന്ദി

June 7, 2009 at 12:56 PM

ബഷീര്‍ഭായ് ഈ ശ്രമത്തിനെങ്ങിനെ നന്ദി പറയും.........?
നല്ല പോസ്റ്റ്.

June 7, 2009 at 5:12 PM

വീണ്ടും നല്ലൊരു മോഴിമുത്ത്. അഭിനന്ദനങ്ങള്‍..

June 7, 2009 at 10:16 PM

മനശുദ്ധിയോടെ കുറച്ചുനാളുകൾക്ക് ശേഷം വിശുദ്ധിയുടെ ഈ പറുദ്ദീസയിൽ ഞാൻ എത്തുകയാണ്
ബഷീർക്കാ

June 8, 2009 at 11:41 AM

>ഫസൽ ,

ഇവിടെ നന്ദി പറയേണ്ടത് എന്നോടല്ല !

ഞാൻ വാ‍യിക്കുന്നത് ,അറിവുള്ളവരിൽ നിന്ന് പകർന്ന് കിട്ടുന്നത് ഇവിടെ പകർത്തുന്നു എന്ന് മാത്രം. ചുരുക്കി പറഞ്ഞാൽ ഒരു പകർത്തിയെഴുത്ത് മാത്രം.

നമുക്കീ തിരുനബി വചനങ്ങൾ ക്രോഡീകരിച്ച് വിശദീകരിച്ച് തന്നിട്ടുള്ള മഹാന്മാരായ പണ്ഡിതന്മാരോട് നന്ദി പറയാം. എല്ലാറ്റിലുമുപരി ജഗന്നിയന്താവിനോടും

സന്തോഷം ..നന്ദി

> വാഴക്കോടൻ,

സന്തോഷം .. വീണ്ടും വരുമല്ലോ..നന്ദി

> അനൂപ് കോതനല്ലൂർ,

താങ്കൾ വീണ്ടും എത്തിയതിൽ വളരെ സന്തോഷം.
എല്ലാ നന്മകളും നേരുന്നു . ഏവർക്കും

June 8, 2009 at 2:21 PM

നന്ദി, കുറെ നല്ല വിവരങ്ങൾ നൽകിയതിന്.
ആശംസകൾ

June 9, 2009 at 12:28 PM

ഇതൊക്കെ അറിയാമെങ്കിലും ഇവിടെ പലരും ദന്ത ശുദ്ധീകരണത്തില്‍ ഒട്ടും ശ്രദ്ധിക്കാറില്ല. അസഹ്യമായ ദുര്‍ഗന്തവും കറപിടിച്ച പല്ലുകളുമായി പല ഉന്നത പധവിയിലിക്കുന്നവരെയും കാണാം.

അറിവിന്റെ വെളിച്ചം പകരുന്ന താങ്കള്‍ക്ക് നന്ദി. ഈ വെളിച്ചം എല്ലാവരിലുമെത്തട്ടെ.

June 9, 2009 at 5:25 PM

പല്ല് / വായ ശുചിയാക്കുന്നതിനെക്കുറിച്ച് ഖുർ ആൻ ശരിക്കും എന്താണ് പറഞ്ഞിട്ടുള്ളത്
എന്നറിയണമെന്നുണ്ടായിരുന്നു. കാരണമെന്തെന്നാൽ, രണ്ടു വർഷം അടുപ്പിച്ച് എഫ്.എം.റേഡിയോയിൽ
(റംസാൻ സമയത്ത്) നാട്ടിലെ ചില മൊല്ലാക്കമാർ വന്ന് പ്രഭാഷണം നടത്തുന്നത് കേട്ടിരുന്നു.
അതിൽ പറഞ്ഞ ഒരു കാര്യം, നോമ്പ് എടുക്കുന്ന ആളുകൾക്ക് വായ് നാറ്റം ഉണ്ടാകും. അത് പടച്ചോന് വളരെ ഇഷ്ടമാണ് എന്നത്രെ.
ഇതൊക്കെ കേൾക്കുമ്പോൾ ചിരിക്കണോ, കരയണോ എന്ന് സംശയിച്ചിരുന്നു.

June 10, 2009 at 12:24 PM

> വശം വദൻ

വായനയ്ക്കും അഭിപ്രായം അറിയിച്ചതിലും സന്തോഷം

> തെച്ചിക്കോടൻ

ചിലർ അറിവില്ലായ്മ കൊണ്ടും മറ്റ് ചിലർ അറിവുണ്ടായിട്ടും അത് ജീവിതത്തിൽ പകർത്താൻ തയ്യാറില്ലാത്തിനാലുമായിരിക്കും. ആദ്യ വിഭാഗത്തിനോട് നമുക്ക് ക്ഷമിക്കാം :)

പക്ഷെ ഇന്നത്തെ കാലത്ത് എനിക്ക് അറിയാത്തത് കൊണ്ടാണെന്ന് പറഞ്ഞൊഴിവാകാൻ പറ്റില്ല. കാരണം പഠിക്കാനുള്ള മാർഗങ്ങൾ ചുറ്റുപാടും ഉള്ളതിനാൽ

നന്ദി

> പാർത്ഥൻ,

ദന്തശുദ്ധീകരണത്തെ പറ്റി നബി(സ) പറഞ്ഞിട്ടുള്ളതിന്റെ (ഹദീസ് ) വിവരണമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.

ഖുർആനിൽ തന്നെ എല്ലാ കാര്യങ്ങളും വിവരിക്കണം എന്ന് ഇസ്ലാമിൽ നിയമമില്ല .

പിന്നെ താങ്കൾ കേട്ടത് ആ അർത്ഥത്തിലാവാൻ വഴിയില്ല. (വായ് നാറ്റം അല്ലാഹുവിന് ഇഷ്ടമാണ് എന്ന രൂപത്തിൽ )

വിശദമായി അതിനെ പറ്റി അടുത്ത ദിവസം വിവരിക്കാം.

നന്ദി

June 11, 2009 at 2:07 PM

പാർത്ഥൻ,

ശുദ്ധീകരണത്തിന്റെ എല്ലാ വശങ്ങൾൾക്കും മുന്തിയ പരിഗണനയാണ് ഖുർആൻ നൽകുന്നത്. ‘ശുദ്ധിയുള്ളവരെ അല്ലാഹു സ്നേഹിക്കുന്നു ‘ എന്ന വ്യാപക അർത്ഥമുള്ള പ്രയോഗമാണ് ഖുർആൻ നടത്തിയിട്ടുള്ളത്.അതിന്റെ വിശദീകരണമായി ശാരീരിക ശുദ്ധിയും,മാനസിക ശുദ്ധിയും വിശ്വാസ ശുദ്ധിയും എല്ലാം നിരവധി ഹദീസുകളിലായി നബി(സ്വ) വിശദീകരിച്ചിട്ടുണ്ട്.അതിൽ പെട്ടതും മുന്തിയ പരിഗണന നൽകപ്പെട്ടതുമായ ഒരു കാര്യമാണ് ദന്ത ശുദ്ധീകരണം. ‘എന്റെ സമുദായത്തിനു ബുദ്ധിമുട്ടാവുമെന്നു ഞാൻ ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ എല്ലാ അംഗസ്നാന സമയത്തും നിർബന്ധമായും വായ ശുചീകരണം ഞാൻ കൽ‌പ്പിക്കുമായിരുന്നു‘ എന്നാണ് നബി(സ്വ) പറഞത്. ചിലപ്പൊഴൊക്കെ ഇതിനു അവസരം ലഭിക്കാതെ വരുമ്പോൾ അവർ കുറ്റക്കാരാവാതിരിക്കാനാണിത് നിർബന്ധമാക്കാത്തത്. എന്നാൽ ഇത് വളരെ ശക്തമായ പുണ്യമായി പഠിപ്പിക്കുകയും ചെയ്തു. അതിനാൽ തന്നെ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും അംഗസ്നാനം(വുളൂ ) ചെയ്യുന്ന സുന്നത്തുകൾ പിന്തുടരുന്ന വിശ്വാസികളുടെ വായ നാറ്റത്തിൽ വ്യാകുലപ്പെടേണ്ട കാര്യമില്ല

പിന്നെ നോമ്പ്കാരൻ ഉച്ചക്ക് ശേഷം വായ ശുചീകരണം നടത്തേണ്ടതില്ല.എന്ന് പ്രവാചക വചനത്തിലുണ്ട്.അതിന്റെ ആത്മീയ വശം ആ വചനത്തിൽ തന്നെയുണ്ട് താനും .ഉറക്കു കൊണ്ടോ മറ്റോ വായക്ക് പകർച്ച വന്നിട്ടുണ്ടെങ്കിൽ ഈ നിരോധം ബാധകമല്ലെന്നും ഇസ് ലാമിക ലോകം വ്യക്തമാക്കിയിട്ടുണ്ട്.ഉദാഹരണമായി കേരളത്തിലെ മുസ്ലിംകൾക്ക് സുപരിചിതമായ കർമ്മ ശാസ്ത്ര ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ ആ ഗ്രന്ഥത്തിൽ കാണാം. ‘നോമ്പുകാരൻ ഉച്ചക്ക് ശേഷം ദന്തശുചീകരണം നടത്തേണ്ടതില്ല‘ ഉറക്ക് പോലുള്ളത് കൊണ്ട് അവന്റെ വായ പകർച്ചയായിട്ടില്ലെങ്കിൽ
(ഫത്ഹുൽ മുഈൻ)

അപ്പോൾ പാർഥൻ ഭയപ്പെടുന്നത് പോലുള്ള ഒരു അവസ്ഥയും ഇവിടെയില്ല.പിന്നെ അല്ലാഹുവിനു വേണ്ടി അന്നപാനാദികൾ ഉപേക്ഷിച്ചും അനാവശ്യ വർത്തമാനങൾ പോലും വർജ്ജിച്ചും വരണ്ടുണങ്ങി നിൽക്കുന്ന നോമ്പുകാരന്റെ വായക്ക് ദൈവം നൽകുമ്മെന്നേറ്റ ഒരു ഒരു ആത്മീയ ഔന്നത്യമാ‍ണിവിടെ അർത്ഥമാകുന്നത് .

ചുരുക്കിപ്പറഞ്ഞാൽ നോമ്പുകാരന്റെ വായയുടെ സുഗന്ധം എന്നത് നോമ്പ് മൂലം ഉണ്ടാകുന്ന ദൈവീകമായതാണ് .അത് വായ /പല്ല് ശുചിയാക്കാതിരുന്നിട്ട് വരുന്ന ദുർഗന്ധമല്ല. ചില ഇമാമുകൾ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞിട്ടുള്ളത് ബ്രഷ് ചെയ്യണമെന്ന ഹദീസിനു എതിരുമല്ല. ഉദാ :ഒരാൾ മരണപ്പെട്ടാൽ മയ്യിത്തിനെ കുളിപ്പിക്കൽ നിർബന്ധമാണ് എന്നാൽ ശഹീദിനെ (രക്തസാക്ഷി) കുളിപ്പിക്കരുത്. ശഹീദിന്റെ രക്തത്തിന്റെ മഹത്വമാണത് സൂചിപ്പിക്കുന്നത്.


അപ്പോൾ താങ്കൾ എഴുതിയ >> നോമ്പ് എടുക്കുന്ന ആളുകൾക്ക് വായ് നാറ്റം ഉണ്ടാകും. അത് പടച്ചോന് വളരെ ഇഷ്ടമാണ് എന്നത്രെ. <<

എന്നതിന്റെ യഥാർത്ഥ്യമെന്താണെന്ന് മനസ്സിലായിക്കാണുമെന്ന് കരുതട്ടെ.

ഇവിടെ പല്ല് തേക്കരുതെന്നും അത് കൊണ്ട് (പല്ല് തേക്കാത്തതിനാൽ ) നോമ്പ്കാരന്റെ വായിലുണ്ടാകുന്ന ദുർഗന്ധം അല്ലാഹുവിന് ഇഷ്ഠമാണെന്നും ആരും പ്രസംഗിക്കാൻ വഴിയില്ല.

നന്ദി.

June 11, 2009 at 3:44 PM

ബഷീർ,
വിശദീകരണങ്ങൾ വായിച്ചു.
മനുഷ്യൻആത്മശുദ്ധിക്കായി സ്വന്തമായി ചെയ്യേണ്ട കാര്യങ്ങളെ ഞങ്ങൾ പഞ്ചശുദ്ധി എന്നു പറയും. അത് ബുദ്ധന്റെ പഞ്ചശുദ്ധി എന്നു പേരിലും പ്രസിദ്ധമാണ്. അതിൽ ശരീരം കേശാദിപാദം ശുദ്ധി ചെയ്യണം എന്നാണ്. പാർട്ട് പാർട്ട് ആയിട്ടല്ല. വെള്ളത്തിന് ദൌലഭ്യമുള്ള സ്ഥലത്തെ സംസ്കാരമായതുകൊണ്ടാണ് ഈ രീതിയിൽ പറഞ്ഞത് എന്നു കരുതുന്നു.
-------------------------
ഇവിടെ പല്ല് തേക്കരുതെന്നും അത് കൊണ്ട് (പല്ല് തേക്കാത്തതിനാൽ ) നോമ്പ്കാരന്റെ വായിലുണ്ടാകുന്ന ദുർഗന്ധം അല്ലാഹുവിന് ഇഷ്ഠമാണെന്നും ആരും പ്രസംഗിക്കാൻ വഴിയില്ല.

മുകളിൽ പറഞ്ഞ കാര്യം -- ഞാൻ റേഡിയോയിൽ കേട്ടതാണ്. ഇനി അതിന് തെളിവ് വേണമെങ്കിൽ ബുദ്ധിമുട്ടാണ്. റേഡിയോ സ്റ്റേഷനിലെ ഓഡിയോ ലൈബ്രറിയിൽ നിന്നും തപ്പിയെടുക്കാനുള്ള അടുപ്പം എനിക്കില്ല. (പല്ലു തേക്കരുതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.)

എന്തായാലും അള്ളാഹുവിന് ഇഷ്ടാണെങ്കിലും എനിയ്ക്ക് തീരെ സഹിക്കാനാവുന്നില്ല.

June 14, 2009 at 9:09 AM

> പാർത്ഥൻ

>>> വെള്ളത്തിന് ദൌലഭ്യമുള്ള സ്ഥലത്തെ സംസ്കാരമായതുകൊണ്ടാണ് ഈ രീതിയിൽ പറഞ്ഞത് എന്നു കരുതുന്നു. <<<<

താങ്കളുടെ ധാരണകൾ /കരുതൽ ശരിയല്ല !

ഇസ്ലാം പാർട്ട് പാർട്ട് കഴുകുന്നതിനും മൊത്തമായി കഴുകുന്നതിനും എല്ലാം അതിന്റെ മര്യാദകളും നിയമങ്ങളും നിർബന്ധങ്ങളും (ശർഥ്, ഫർള് , സുന്നത്തുകൾ )എല്ലാം വിശദമായി പഠിപ്പിക്കുന്നുണ്ട്. അല്ലാതെ വെള്ളം കിട്ടാത്ത പ്രദേശത്തേക്ക് മാത്രമായ സംസകാരമായിട്ടല്ല. വെള്ളം കിട്ടാത്ത അവസ്ഥയിൽ എന്ത് ചെയ്യണമെന്നും വേറേ പഠിപ്പിക്കുന്നു.


>> എന്തായാലും അള്ളാഹുവിന് ഇഷ്ടാണെങ്കിലും എനിയ്ക്ക് തീരെ സഹിക്കാനാവുന്നില്ല. <<

അല്ലാഹുവിന് നോമ്പുകാരനെയും അവന്റെ ആത്മീയമായ അവസ്ഥയെയും ഇഷ്ടമാണെന്നും നോമ്പ് നോറ്റത് കൊണ്ട് അവനുണ്ടാവുന്ന അവസ്ഥകൾ (ശരീരത്തിനും ആത്മാവിനും ) അല്ലാഹുവിന്റെ സവിധത്തിൽ മഹത്തരമാണെന്നുമാണ് അതിനെ രത്നചുരുക്കം. അത് താങ്കൾക്ക് സഹിക്കാനാവുന്നില്ല എന്നത് ഒരു ചർച്ചാ വിഷയമല്ലാത്തതിനാൽ ചുരുക്കട്ടെ.

നന്ദി

June 14, 2009 at 12:12 PM

ബഷീർ,
ഇവിടെ അസഹിഷ്ണുതയുടെ ഒരു പ്രശ്നവും ഇല്ല.
ഞാൻ എല്ലാ തരം നോമ്പുകളും പരീക്ഷിക്കുന്ന ആളാണ്.
റംസാൻ നോമ്പും പലപ്പോഴും എടുത്തിട്ടുണ്ട്. പക്ഷെ ആ സമയത്ത് മത്സ്യമാംസാദികൾ കഴിക്കാറില്ല.
ഏകാദശീവ്രതം എന്നു പറയുന്ന പകുതി ദിവസ ഭക്ഷണരീതി, ഫാസ്റ്റിംഗ് എന്നു പറയുന്ന മുഴുവൻ ദിവസ ഉപവാസം,
കൂടാതെ പ്രകൃതി ചികിത്സാ ഭാഗമായി 4 ദിവസം തുടർച്ചയായി ഫാസ്റ്റിംഗും (ആ ദിവസങ്ങളിൽ രണ്ടു ഗ്ലാസ്സ് ഇളനീർവെള്ളം കഴിക്കും)
ചെയ്തു നോക്കിയിട്ടുണ്ട്. അതിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കിയിട്ടും ഉണ്ട്. അതിൽ അന്ധമായ ആചാരങ്ങൾ പിന്നീട് തുടരാറില്ല. അത്
എന്റെ ശീലം. നോമ്പു എടുക്കുമ്പോൾ എനിയ്ക്ക് വായ നാറ്റം ഉണ്ടാകാറില്ല. അത് ആഹാരശുദ്ധി പാലിക്കുന്നതുകൊണ്ടാണ്.
അതില്ലാത്തവർക്ക് വായ നാറ്റം ഉണ്ടാകും. അവനവനോ മറ്റുള്ളവർക്കോ ദോഷമോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന ആചാരങ്ങൾ അന്ധമാണ്.
പോസ്റ്റ് അതിനെ സൂചിപ്പിച്ചിരുന്നു.

June 14, 2009 at 1:04 PM

>പാർത്ഥൻ

താങ്കളുടെ പോസ്റ്റ് വായിച്ചു. എന്റെ അഭിപ്രായം പോസ്റ്റ് ചെയ്തിട്ടുണ്ട് അവിടെ.

താങ്കൾ നല്ലതും തിയ്യതും പരീക്ഷിച്ചറിയുന്നുവെന്ന് എഴുതി കണ്ടു. നല്ല കാര്യം തന്നെ.

ഇവിടെ താങ്കൾ സൂചിപ്പിച്ച ഒരു കാര്യം ..നല്ല ഭക്ഷണരീതി തുടർന്നാ‍ൽ വായ് നാറ്റം ഉണ്ടാവില്ല. എന്നത് ഒരു പരിധിവരെ ശരിയാണ്. പക്ഷെ തുടർച്ചയായ മണിക്കൂറുകൾ ഭക്ഷണ-പാനീയങ്ങൾ ഉപേക്ഷിക്കുന്നവന്റെ തൊണ്ട വരളുകയും ആ വരൾച്ചയ്ക്ക് സാധാരണയിൽ കവിഞ്ഞ ഗന്ധം ഉണ്ടാവുകയും ചെയ്യുക സ്വാഭാവികം മാത്രം.

അതിന്റെ ബാഹ്യർത്ഥത്തിലുള്ള ഗന്ധമോ ദുർഗന്ധമോ അല്ല ഇവിടെ അല്ലാഹുവിന്റെ സവിധത്തിൽ മഹത്വമുള്ളതായി എണ്ണുന്നത്. എന്ന് മാത്രം.

പിന്നെ നോമ്പ്കാരൻ ബ്രഷ് ചെയ്യുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടെന്ന് മാത്രം .നോമ്പ് നഷ്റ്റപ്പെടാനുള്ള സാധ്യതകൾ ഒഴിവാക്കി കൊണ്ടായിരിക്കണം ബ്രഷിംഗ് അത് കാലത്തായാലും ഉച്ചക്ക് ശേഷമായാലും.

ഉച്ചക്ക് ശേഷമായിരിക്കും കൂടുതലും ഈ വരണ്ട അവസ്ഥ നോമ്പ്കാരന് വരുന്നത്. നോമ്പ് കാരന് പ്രത്യേകമായുണ്ടാവുന്ന ആ അവസ്ഥയിലും ഉറക്കം കൊണ്ടോ മറ്റോ വായ പകർച്ച വരുകയോ മറ്റോ ചെയ്താൽ ബ്രഷ് ചെയ്യണമെന്ന് തന്നെയാണ് പഠിപ്പിക്കുന്നത്.

അല്ലാതെ നിർബന്ധമായും നോമ്പ്കാരൻ പല്ല് തേക്കരുതെന്ന് എവിടെയു പറഞ്ഞിട്ടില്ല.

പിന്നെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും.. അത് വലിയ ഒരു വിഷയം .ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് അന്ധവിശ്വാസമായും തിരിച്ചും അനുഭവപ്പെടും .അത് ഏത് മാനദണ്ഡമുപയോഗിച്ചാണ് വിലയിരുത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

വിശദമായ അഭിപ്രായങ്ങൾക്ക് വളരെ നന്ദി

June 14, 2009 at 8:00 PM

പല്ലുതേക്കുന്നത് ഒഴിവാക്കാനാവാത്ത കാര്യമാണെന്ന് ആര്‍ക്കും ഏതായാലും സംശയമൊന്നുമില്ലെന്ന് തോന്നുന്നു.
:)

എന്നാലും ചിലരില്‍ വായ് നാറ്റം കാണാം, അത് വെജിറ്റേറിയനായാലും.

റംസാന്‍ മാസത്തില്‍ പല്ലുതേക്കുന്നതിനെന്തിനാണ് പ്രത്യേക നിയമങ്ങള്‍? റംസാന്‍ നൊയമ്പുകാലത്ത് വിശപ്പിനെ മാറ്റാനായി വെള്ളം കുടിക്കുന്നതൊഴിവാക്കണെമന്നത് ശരിയായിരിക്കാം, പക്ഷെ തുപ്പല്‍ പോലും ഇറക്കാതെ നോയമ്പിനെ കാക്കണം എന്ന് പറയുന്നത് മാത്രമാണ് മനസ്സിലാവാത്തത്. മാനസികമായി അയാള്‍‍ നൊയമ്പെടുക്കാന്‍ തയ്യാറായിരിക്കെ, പല്ലുതേക്കുമ്പോള്‍ ഒരു തുള്ളി വെള്ളം അകത്തു പോയാല്‍ നോമ്പു മുറിയുമോ?

June 15, 2009 at 9:45 AM

> അനിൽ@ബ്ലോഗ്,




>>എന്നാലും ചിലരില്‍ വായ് നാറ്റം കാണാം, അത് വെജിറ്റേറിയനായാലും. <<

ശരിയായണ്. വായ് നാറ്റത്തിന് മറ്റ് പല (രോഗം മൂലവും ) കാരണങ്ങളും ഉണ്ടായിരിക്കും. അത് പോസ്റ്റിൽ സൂചിപ്പിച്ചതു വായിച്ചിരിക്കുമല്ലോ.



>>
റംസാന്‍ മാസത്തില്‍ പല്ലുതേക്കുന്നതിനെന്തിനാണ് പ്രത്യേക നിയമങ്ങള്‍? <<

പ്രത്യേക നിയമമല്ല. നോമ്പ് (ഇസ്ലാമിക അധ്യാപനപ്രകാരം )നഷ്ടപ്പെടുന്ന കാര്യങ്ങൾ ശ്രദ്ധിയ്ക്കുക എന്ന് മാത്രം.

>>റംസാന്‍ നൊയമ്പുകാലത്ത് വിശപ്പിനെ മാറ്റാനായി വെള്ളം കുടിക്കുന്നതൊഴിവാക്കണെമന്നത് ശരിയായിരിക്കാം, പക്ഷെ തുപ്പല്‍ പോലും ഇറക്കാതെ നോയമ്പിനെ കാക്കണം എന്ന് പറയുന്നത് മാത്രമാണ് മനസ്സിലാവാത്തത്. <<

ഇവിടെ തുപ്പൽ എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് ഉമിനീരാണെങ്കിൽ അത് ഇറക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല.മുൻ കമന്റിൽ അത് വിശദീകരിച്ചിട്ടുണ്ട്. പിന്നെ തുപ്പൽ എന്നത് തുപ്പിക്കളയാനുള്ളതാണ് അത് അകത്തേക്കല്ല പുറത്തേക്കാണെന്നത് ഏവർക്കും അറിയാവുന്നതല്ലേ

>>മാനസികമായി അയാള്‍‍ നൊയമ്പെടുക്കാന്‍ തയ്യാറായിരിക്കെ, പല്ലുതേക്കുമ്പോള്‍ ഒരു തുള്ളി വെള്ളം അകത്തു പോയാല്‍ നോമ്പു മുറിയുമോ? <<


നോമ്പിന് അതിന്റെ ചില നിബന്ധനകൾ പാലേക്കേണ്ടതുണ്ട്. അത് പാലിക്കാൻ ബാധ്യസ്ഥനാണ് മുസ്ലിം. നോമ്പ് അനുഷ്ഠിക്കുന്ന ഒരാൾ താൻ നോമ്പ്കാരനാണെന്നത് മറന്ന് കൊണ്ട് ഒരു തുള്ളി വെള്ളം അല്ല വയറ് നിറയെ വെള്ളവും ഭക്ഷണവും കഴിച്ചാലും നോമ്പ് മുറിയുകയില്ല. എന്നാൽ നോമ്പ്കാരനാവുമ്പോൾ പാലിക്കേണ്ട ചിലത് പാലിക്കാൻ ബോധപൂർവ്വം തയ്യാറല്ലാത്തവർക്ക് നോമ്പ് ഇല്ല എന്ന് മാത്രം.

ഇനി ഭക്ഷണവും പാനീയവും എല്ലാം ഉപേക്ഷിക്കുന്നവർക്ക് തന്നെ നോമ്പിന്റെ പ്രതിഫലം വെറും പട്ടിണിയല്ലാതെ വേറൊന്നുമില്ല എന്നാണ് നബി(സ) പഠിപ്പിക്കുന്നത്. കാരണം പട്ടിണികിടക്കുന്നത് കൊണ്ട് മാത്രം പൂർത്തിയാവുന്നതല്ല നോമ്പ് , മറിച്ച് ശരീരത്തിനൊപ്പം മനസ്സിനും നോമ്പ് ആയിരിക്കണം എന്ന് ഇസ്ലാം നിർദ്ദേശിക്കുന്നു.

മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക്
ഇസ്ലാമികമായ വ്രതത്തെപറ്റി വിശദീകരിക്കുന്ന ലേഖനങ്ങൾ
ഇവിടെ വായിക്കാം. റമദാൻ അടുത്ത് വരികയാണല്ലോ.. വിശദമായി സൌകര്യപ്പെട്ടാൽ പിന്നെയാവാം..



നന്ദി. അഭിപ്രായം പങ്ക് വെച്ചതിന്

June 21, 2009 at 11:59 PM

പ്രിയ ബഷീറ് ബായ്, ഞാൻ തീരെ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് പല്ല് തേപ്പ്.(ഒരു നേരം തേക്കും കെട്ടൊ) അക്കാര്യത്തിൽ എന്നെ ഭാര്യ എപ്പോഴും ചീത്ത പറയും. അവറ്ക്കാണല്ലൊ നമ്മെ കൊണ്ട് വലിയ ശല്യം.എന്നാൽ മക്കളെയൊക്കെ ഞാൻ നല്ല നിലയിൽ ഉപദേശിക്കാറുമുണ്ട്. കമന്റ്സുകൾ പല വഴിക്ക് പോയെങ്കിലും നല്ലൊരു പോസ്റ്റ് തന്നെ.
വൈകിയെന്നാലും നന്ദി.

June 22, 2009 at 2:09 AM

പല്ലിനെ വെറും പുല്ലുപോലെ കരുതരുത്
വില്ലിനെ യോദ്ധാവുപരിരക്ഷിക്കും പോൽ
പല്ലിനെ പരിരക്ഷിച്ചീടണം നാമെന്നുമെന്നും.

June 22, 2009 at 12:03 PM

> OAB

ഇനി ഉപദേശിക്കുന്നതിനു മുന്നെ സ്വയം ചെയ്യാൻ കൂടി ശ്രമിയ്ക്കുമല്ലോ :) വെറുതെ കുട്ടികളെകൊണ്ട് പറയിപ്പിക്കണ്ട.
വായനയ്ക്കും അഭിപ്രാ‍യത്തിനും വളരെ നന്ദി.

> bilatthipattanam ,

വാസ്തവം.!
ഇവിടെ ആദ്യമായെത്തിയതാണല്ലോ.. സന്തോഷപൂർവ്വം ഈ കമന്റ് സ്വീകരിക്കുന്നു. നന്ദി

വായിച്ച ..അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും സന്തോഷവും നന്ദിയും ഒരിക്കൽ കൂടി

പുതിയ പോസ്റ്റ് കച്ചവടക്കാർ വായിച്ച് അഭിപ്രാ‍യം അറിയിക്കുമല്ലോ..

സസ്നേഹം