മൊഴിമുത്തുകൾ-38

നോമ്പ്കാരൻ

മൊഴിമുത്ത്‌ :

റസൂൽ (സ) തങ്ങൾ പറഞ്ഞു. 'നിങ്ങൾ നോമ്പ്‌ അനുഷ്ഠിച്ചാൽ ചീത്ത പറയുകയോ ബഹളം വെക്കുകയോ ചെയ്യരുത്‌. ആരെങ്കിലും നിങ്ങളെ ചീത്ത പറയുകയോ നിങ്ങളുമായി ശണ്ഠ കൂടുകയോ ചെയ്താൽ നിശ്ചയം ഞാൻ നോമ്പുകാരനാണെന്നു നിങ്ങൾ പറയുക' (അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട, ബുഖാരി 4,88,39,101 മുസ്ലിം 1151 റിപ്പോർട്ട്‌ ചെയ്ത ഹദീത്‌)

'ചീത്ത വാക്കുകളും അതനുസരിച്ചുള്ള പ്രവർത്തനവും ഉപേക്ഷിക്കാത്തവൻ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന്‌ യാതൊരാവശ്യവുമില്ല' ( ബുഖാരി 4/99,100 ; അബുഹുറൈറ(റ) വിൽ നിന്ന് നിവേദനം )

വിവരണം:

കേവലം ശരീരത്തിനു മാത്രമല്ല നോമ്പ്‌ മറിച്ച്‌ വാക്കിനും പ്രവർത്തികൾക്കും ചിന്തകൾക്കും വ്രതം ബാധകമാണെന്നും, ചീത്ത വാക്കുകളും ചീത്ത പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതിന്റെയും, ക്ഷമ പാലിക്കേണ്ടതിന്റെയും ആവശ്യകതയും ഈ മൊഴിമുത്ത്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. നോമ്പ്‌ കാലത്ത്‌ അത്തരം കാര്യങ്ങൾ ഒഴിവാക്കി അല്ലാത്ത കാലത്തൊക്കെ അതാവാം എന്ന് അതിന്‌ അർത്ഥമില്ല. മറിച്ച്‌ നോമ്പ്‌ കാലത്ത്‌ പ്രത്യേകം ശ്രദ്ധിക്കുകയും അങ്ങിനെ ക്ഷമ പാലിക്കുന്നതിലൂടേ നേടിയെടുക്കുന്ന ഗുണങ്ങൾ ജീവിതത്തിലുടനീളം പകർത്താൻ പരിശ്രമിക്കുകയുമാണ്‌ വേണ്ടത്‌

കുറിപ്പ്:

പരിശുദ്ധ റമളാൻ മാസം നമ്മിലേക്ക്‌ വീണ്ടും എത്തുകയാണ്‌. റസൂൽ (സ) തങ്ങൾ റമളാൻ മാസത്തിന്റ്‌ ആഗമനത്തിനു രണ്ട്‌ മാസങ്ങൾക്ക്‌ മുന്നേ അഥവാ റജബ്‌ മാസത്തിൽ തന്നെ പ്രത്യേകം പ്രാർത്ഥനകൾ നിർവ്വഹിക്കാറുണ്ട്‌. 'അല്ലാഹുവേ റജബിലും ശഅബാനിലും ( റമാളാനിനു തൊട്ടുമുമ്പുള്ള 2 മാസങ്ങൾ) ബറകത്ത്‌ ചെയ്യേണമേ, റമളാനിനെ ഞങ്ങൾക്കെത്തിക്കേണമേ, ആരാധനകൾ വർദ്ധിപ്പിക്കാനും ഖുർആൻ പാരായണം ചെയ്യാനും അനുഗ്രഹിക്കേണമേ ' തുടങ്ങിയ പ്രാർത്ഥനകൾ പണ്ഡിതന്മാർ വിവരിക്കുന്നു.

നമ്മുടെ നാട്ടിലൊക്കെ അടുത്ത കാലം വരെയും ഏതൊരു മതസ്ഥരായാലും അവരുടെ മതവിശ്വാസമനുസരിച്ച്‌ പുണ്യമായി കാണക്കാക്കുന്ന ദിനങ്ങളും മാസങ്ങളുമൊക്കെ വരുമ്പോൾ വീടും വീട്ടു മുറ്റവും, മനസ്സും ആ ദിനങ്ങളെ വരവേൽക്കുന്നതിനായി ഒരുക്കാറുള്ളത്‌ നമുക്ക്‌ സുപരിചിതമാണ്‌. വിത്യസ്ത വിശ്വാസ പ്രമാണങ്ങളിൽ ജീവിക്കുന്ന അയൽവാസികൾ പരസ്പരം, ഇത്തരം അവസരങ്ങളിൽ വിശേഷിച്ചും അന്യോന്യം സഹായ സഹകരണങ്ങൾ ചെയ്യാറുമുണ്ട്‌. ഇന്നും ഗ്രാമങ്ങളിലെങ്കിലും അത്തരം നല്ല സൗഹൃദങ്ങൾ നില നിൽക്കുന്നുവെന്ന്തന്നെയാണെന്റെ അനുഭവ സാക്ഷ്യം.

നാട്ടിൻ പുറത്ത്‌ അമുസ്ലിം സഹോദരങ്ങൾവരെ തന്റെ മുസ്ലിം അയൽവാസിയുടെ വ്രതത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഭക്ഷണകാര്യത്തിൽ പോലും മിതത്വവും രഹസ്യ സ്വഭാവവും കാത്തു സൂക്ഷിച്ചിരുന്നു. പഠന കാലത്തും സുഹൃത്തുക്കൾ നോമ്പ്‌ കാരനായ മുസ്ലിം സുഹൃത്തിനോട്‌ ബഹുമാന പുരസ്സരം പെരുമാറിയിരുന്നു. അങ്ങിനെ ഒരു നാട്‌ മുഴുവൻ ആ നാട്ടിലെ അന്തരീക്ഷം മുഴുവൻ പുണ്യമാസത്തിന്റെ മഹത്വം നെഞ്ചിലേറ്റാൻ തയ്യാറായിരുന്നു. അതിന്റെ പ്രതിഫലനം ഓരോ നാട്ടിലേയും ജീവിതങ്ങളിൽ നിഴലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ഏറെ വിത്യാസപ്പെട്ടിരിക്കുന്നു. റമളാനിനെ അതിന്റെ യഥാവിധി വരവേൽക്കാൻ അതിന്റെ ആളുകൾക്ക്‌ തന്നെ സമയമില്ല. ആർക്കോ വേണ്ടി ചെയ്യുന്ന പോലെയുള്ള നാട്യങ്ങളാവുന്നില്ലേ പലപ്പോഴും. 'എത്രയോ നോമ്പുകാരുണ്ട്‌, അവർക്ക്‌ പട്ടിണിയല്ലാതെ ഒന്നും ബാക്കിയാവുന്നില്ല' എന്ന് നബി(സ) അരുളിയ തരത്തിലുള്ള നോമ്പുകാർ അധികരിക്കുന്നു. വ്രതം കൊണ്ട്‌ ലക്ഷ്യം വെക്കുന്നതൊന്നും നേടാനാവാതെ വിഷപ്പ്‌ മാത്രം സഹിച്ചിട്ട്‌ എന്ത്‌ ഫലം.

നമ്മുടെ വീട്ടിലേക്ക് നാം ഇഷ്ടപ്പെടുന്ന ഒരു അതിഥി വരുന്നുണ്ടെന്ന് മുൻകൂട്ടി അറിയുന്ന നാം ആ വിരുന്നുകാരനെ വരവേൽക്കുവാൻ നമ്മുടെ വീട്ടിന്റെ സ്വീകരണ മുറി അടിച്ചു വൃത്തിയാക്കി ഇരിപ്പിടങ്ങളൊക്കെ ശരിയാക്കി മേശപ്പുറം അലങ്കരിച്ച്‌ വിഭവങ്ങളൊരുക്കി ഒപ്പം അവരെ സ്വീകരിക്കാൻ സന്തോഷത്തോടെ മനസ്സൊരുക്കി കാത്തിരിക്കുന്നു. നമ്മുടെ വീട്ടിൽ കയറി വരുന്ന ആൾക്കും അത്‌ പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാവും എന്നെ സ്വീകരിക്കാൻ വേണ്ടി നടത്തിയ ഒരുക്കങ്ങൾ.. തനിക്ക്‌ വേണ്ടി തയ്യാറാക്കിയ വിഭവങ്ങൾ... നമ്മുടെ ഊഷ്മളമായ സത്കാരം കഴിഞ്ഞ്‌ സന്തുഷ്ടരായി അവർ തിരിച്ച്‌ പോകുന്നു. അത്‌ പോലെ പരിശുദ്ധ റമളാനിനെ സ്വീകരിക്കാൻ നാം ഒരുങ്ങിയിട്ടുണ്ടോ ! നമ്മുടെ വീടിന്റെ കാര്യം ശ്രദ്ധിയ്ക്കാൻ നമ്മുടെ മുറ്റത്തൊന്ന് നടക്കാൻ (മുറ്റം ഉള്ളവർക്ക്‌ ) നമുക്ക്‌ എന്നോ സമയം നഷ്ടമായിരിക്കുന്നു. നമ്മുടെ മനസ്സും അത്തരത്തിൽ നഷ്ടമാവുകയല്ലേ. അസൂയയും, പൊങ്ങച്ചവും, വിശ്വാസവഞ്ചനയും, അശ്ലീലവും മറ്റ്‌ അരുതായ്മകളും കൊണ്ട്‌ ചീഞ്ഞളിഞ്ഞ വൃത്തിഹീനമായ ഒരുമനസ്സിനു മേൽ അത്തർ പൂശി മണപ്പിച്ച ഒരു കാപട്യത്തിന്റെ ശരീരമാവുന്ന പുറം കോട്ടുമിട്ടല്ലേ നാം വിശുദ്ധ റമളാനിനെ വരവേത്കാൻ കാത്തിരിക്കുന്നത്‌ ! നമ്മുടെ വീട്ടിൽ കയറി വരുന്ന റമളാൻ മാസത്തിനായി നമ്മുടെ മനസ്സിന്റെ സ്വികരണ മുറി ഒരുക്കിയിട്ടില്ല ! വിഭവങ്ങൾ ഒന്നും തയ്യാറായിട്ടില്ല! പക്ഷെ വന്ന് കയറുന്ന റമളാൻ നമ്മിൽ സംതൃപ്തരാവുകയും വേണം ! അത്‌ വിരോധാഭാസമല്ലേ . ആദ്യം എന്നോട്‌ പിന്നെ എന്റെ പ്രിയ വായനക്കാരോട്‌ ചോദിക്കാനുള്ളത്‌ അതാണീപ്പോൾ..

അതിഭൗതികതയുടെ മാലിന്യങ്ങളാൽ വൃത്തിഹീനമായ മനസാകുന്ന മീൻ പാത്രവുമായി പരിശുദ്ധമായ റമളാൻ മാസമാകുന്ന ശുദ്ധമായപാൽ വാങ്ങാൻ കാത്തുനിൽക്കുന്നവരേക്കാൾ ബുദ്ധിശ്യൂന്യർ വേറെ ആരാണുണ്ടാവുക. ! സ്ഥിരമായി മത്സ്യം വാങ്ങുന്ന പാത്രം ശരിക്ക്‌ തേച്ച്‌ കഴുകി വൃത്തിയാക്കാതെ അതിൽ പാൽ വാങ്ങിയാൽ ആ പാൽ കൊണ്ട്‌ എന്ത്‌ ഉപകാരമാണുണ്ടാവുക. അപ്രകാരമായിരിക്കും നമ്മുടെ മലീമസമായ മനസ്സിനെ പാകപ്പെടുത്താതെ റമളാൻ കടന്നുവന്നാലുണ്ടാവുക. റമളാൻ ഒന്ന് മുതൽ പെട്ടെന്ന് ഇലക്ട്രിക് സ്വിച്ച് ഓൺ -ഓഫ് ചെയ്യുന്ന ലാഘവത്തോടെ മാറ്റാൻ കഴിയുന്നതല്ല നമ്മുടെയൊക്കെ മനസ്സിന്റെ ,പ്രവർത്തനങ്ങളുടെ അവസ്ഥ എന്നിരിക്കെ മുന്നൊരുക്കം തുടങ്ങേണ്ട സമയം അതിക്രമിക്കുകയാണ്. മനസ്സും ശരീരവും ഒരുക്കാൻ ,ഒരുങ്ങാൻ സമയം ആവശ്യമാണ്.

ഇവിടെ കൂടി ഈ മൊഴിമുത്തിന്റെ പ്രാധാന്യം നമ്മൾ കാണേണ്ടതുണ്ട്. ക്ഷമാശീലമായ മനസ്സൊരുക്കാൻ മുൻ‌കൂട്ടി തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി ഈ മൊഴിമുത്ത് നമ്മെ എത്തിക്കുന്നു. മനുഷ്യന്റെ അവന്റെ ദേഹേച്ഛയുടെ ചായ്‌വ്‌ തെറ്റുകളിലേക്കായിരിക്കും അതിനെ തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗമാണീ വ്രതം ലക്ഷ്യം വെക്കുന്നത്‌. അല്ലാതെ തിരുനബി (സ)അരുളിയ പോലെ, കുറെ ആളുകൾ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതിനാൽ ജഗന്നിയന്താവായ അല്ലാഹുവിന്‌ യാതൊന്നും നേടാനില്ല. എല്ലാം മനുഷ്യന്റെ സാംസ്കാരികമായ ഉന്നമനമാണ്‌ ലക്ഷ്യം വെക്കുന്നത്‌ അതിനൊപ്പം തന്റെ നാഥന്റെ കൽപന പാലിക്കുന്നതിലൂടെ പരലോക മോക്ഷവും.

പരിശുദ്ധ റമളാനിനെ അർഹിക്കുന്ന ആദരവോടേ വരവേത്ക്കാനും വേണ്ടവിധം സത്കരിക്കാനും സന്തോഷത്തോടെ യാത്രയാക്കാനും നാഥൻ തുണയാകട്ടെ. നമ്മുടെ മനസ്സിനെ പാകപ്പെടുത്താൻ മാലിന്യങ്ങൾ നീക്കി മനോഹരമാക്കാൻ കഴിയട്ടെ. ആ വൃത്തിയും വെടിപ്പും റമളാനിനു ശേഷവും നില നിർത്താൻ നമുക്ക്‌ കഴിയട്ടെ. റമളാൻ വ്രതത്തിലൂടെ നേടിയെടുക്കുന്ന ശാരീരികവും മാനസികവുമായ ഊർജ്ജ്വസലതയും ആത്മീയ ഉത്കർഷവും നമ്മുടെ വ്യക്തി-കുടുംബ ജീവിതത്തിലും അയൽ ബന്ധങ്ങളിലും നമ്മുടെ നാടിന്റെ നന്മയിലും വിനിയോഗിക്കാൻ നമുക്കേവർക്കും കഴിയട്ടെ. വ്യക്തി ജീവിതത്തിൽ നേടിയെടുക്കുന്ന നല്ല മാറ്റങ്ങൾ തുടർജീവിതത്തിൽ നമുക്ക് സ്വന്തമെന്ന പോലെ അതിന്റെ നല്ല വശങ്ങൾ നമ്മുടെ സഹജീവികൾക്കും ഉപയോഗപ്പെടുന്നില്ലെങ്കിൽ നാം നേടിയെടുത്തു എന്ന് പറയുന്ന ആത്മി‍യോത്കർഷം വെറും പുറം തോട് മാത്രമാണെന്ന തിരിച്ചറിവിലേക്ക് .... നിങ്ങൾ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് അല്ലാഹുവിന്ന് യാതൊരു പ്രയോജനവുമില്ല എന്ന പ്രഖ്യാപനം നമ്മുടെ മനസ്സിൽ ഉണ്ടാവട്ടെ..

റമളാൻ നമ്മിലേക്ക് സന്തോഷ പൂർവ്വം കടന്ന് വരട്ടെ എന്ന പ്രാർഥനയോടെ

അനുബന്ധ പോസ്റ്റുകൾ
20. വിശപ്പിന്റെ മഹത്വം

മൊഴിമുത്തുകൾ -37

കൃഷിയുടെ പ്രാധാന്യം

മൊഴിമുത്ത്‌ :

  • 'വൃക്ഷം നട്ടുപിടിപ്പിച്ചവൻ ആരോ അവന്റെ ആ (നട്ടുപിടിപ്പിക്കപ്പെട്ട) വൃക്ഷത്തിൽ നിന്ന് മനുഷ്യനും അല്ലാഹുവിന്റെ സൃഷ്ടികളിൽ മറ്റു വല്ലവയും ഭക്ഷിക്കുന്നത്‌ അവനൊരു ധർമ്മം മാത്രമായിരിക്കും' (അബൂ ഹുറൈറ (റ) വിൽ നിന്ന് ഇമാം അഹമദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ് )

  • വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക്‌ ആ നട്ടുണ്ടാക്കിയതിൽ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ പരിമാണം കണക്കിൽ അല്ലാഹു പ്രതിഫലം നൽകുക തന്നെ ചെയ്യും’. ( അബീ അയ്യൂബ്‌ (റ) വിൽ നിന്ന് ഇമാം അഹമ്മദ്‌ (റ) നിവേദനം ചെയ്ത ഹദീസ്‌)
വിവരണം:

കൃഷിക്കാർ നട്ടുപിടിപ്പിച്ചുണ്ടാക്കുന്നവ ആ കൃഷിക്കാരനോ അല്ലെങ്കിൽ മറ്റ്‌ ആർക്കെങ്കിലുമോ ഫലം ചെയ്യുമെന്നും അത്‌ ആ കൃഷിക്കാരന്‌ ഒരു ധർമ്മം ചെയ്തതിന്റെ തുല്യാമായി പരിഗണിക്കുമെന്നും ആദ്യ ഹദീസ്‌ വ്യക്തമാക്കുന്നു. മനുഷ്യനെന്നല്ല മറ്റ്‌ ഏത്‌ ജീവികളോ ആവട്ടെ ആ നട്ടു പിടിപ്പിക്കപ്പെട്ടതിന്റെ ഫലം ഉപയോഗിക്കുന്നതും കൃഷിക്കാരന്‌ നന്മയായി ഭവിക്കുമെന്നും അതിനാൽ കൃഷിചെയ്യുന്ന കൃഷിക്കാരൻ വിജയികളുടെ കൂട്ടത്തിലാവുകയും ചെയ്യുമെന്ന് പ്രത്യുത ഹദീസ്‌ വ്യക്തമാക്കുന്നു.

രണ്ടാമത്‌ ഹദീസിൽ കുറച്ച്‌ കൂടി വിശാലമായ അർത്ഥത്തിൽ 'വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക്‌ ' എന്നതിലൂടെ ഏതൊരു മനുഷ്യനും (അവന്റെ വിശ്വസമോ മതമോ വിത്യാസമില്ലാതെ ) ഗുണം /അനുഗ്രഹം , അഥവാ ഒരു ഫലവൃക്ഷം നട്ടുപിടിപ്പിക്കുന്നതിലൂടെ ലഭിക്കുമെന്ന് മനസ്സിലാക്കാം

കുറിപ്പ്‌ :


ഏത്‌ തരം കൃഷിയായാലും അത്‌ തനിക്കും, അല്ലെങ്കിൽ പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിനും ഭൂമിക്ക്‌ തന്നെയും നന്മ വിതക്കുന്നതായ ഒരു ധർമ്മമാണെന്ന് പ്രവാചകർ നമ്മെ പഠിപ്പിക്കുന്നു. എന്ന് മാത്രമല്ല അങ്ങിനെ സമൂഹത്തിനും ഭൂമിക്കും നന്മ ചെയ്യുന്നവർക്ക്‌ നാളെ ജഗന്നിയന്താവായ അല്ലാഹുവിൽ നിന്നുള്ള അർഹമായ പ്രതിഫലം വാഗ്ദത്തം ചെയ്യുകയും ചെയ്യുന്നു. കാർഷിക വൃത്തിയിലേർപ്പെടുന്ന കർഷകന്റെ മഹത്വമാണിതിലൂടെ വെളിവാക്കപ്പെടുന്നത്‌. വലിയ തോതിലുള്ള കൃഷി ചെയ്യുന്നവർക്ക്‌ മാത്രമല്ല. കേവലം ഒരു വൃക്ഷമോ മറ്റോ വെച്ച്‌ പിടിക്കുന്നവർക്കും ആ മരത്തിൽ നിന്ന് ഉണ്ടാകുന്ന ഫലങ്ങൾക്കനുസരിച്ച്‌ അത്‌ ഉപയോഗിക്കുന്ന മനുഷ്യർക്കും മറ്റ്‌ ജീവ ജാലങ്ങൾക്കും ഉപയോഗപ്പെടുന്നതനുസരിച്ച്‌ അതിനു കാരണക്കാരനായ ആ മനുഷ്യന്‌ പ്രതിഫലം നൽകപ്പെടും അത്‌ ജാതി-മത വിത്യാസമില്ലാതെ മനുഷ്യൻ എന്ന ഒരൊറ്റ പരിഗണന വെച്ചാണീ ഹദീസിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്‌ എന്നത്‌ പ്രത്യേകം നാം വിചിന്തനം ചെയ്യേണ്ടതുണ്ട്.

ലോകത്തിന്റെ സംതുലിതാവസ്ഥ നില നിർത്തുന്നതിൽ മാമലകൾക്കും കാടുകൾക്കും എന്ന പോലെ വയലേലകൾക്കും ഫലങ്ങൾ തിങ്ങി നിറഞ്ഞ്‌ കണ്ണിനും കരളിനും കുളിരു പകർന്നിരുന്ന മറ്റ്‌ വിളകൾക്കും ഉണ്ടെന്ന സത്യം നമുക്ക്‌ അറിയാമെങ്കിലും നാടോടുമ്പോൾ നടുവേ അല്ല മുന്നേ തന്നെ ഓടണമെന്ന അധികാര വർഗത്തിന്റെയും അവർക്കൊത്ത പ്രജകളുടെയും ആർത്തിയും, ആഗോളവത്കരണത്തിന്റെയും കമ്പോളവവത്കരണത്തിന്റെയും വഴികളിലൂടെ നമ്മെ ഗ്രസിച്ചിരിക്കുന്ന ബോഗസംസ്കാരവും, നമ്മുടെ പെറ്റമ്മയെ മറന്നുള്ള കൈവിട്ട കളികളിലേർപ്പെട്ടതിന്റെ ഫലമായി നമ്മുടെയൊക്കെ മനസ്സു പോലെ തന്നെ മണ്ണും മരവിച്ച അവസ്ഥയിലായിരിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്ന് അണുകുടുംബങ്ങളിലേക്കുള്ള കൂടുമാറ്റത്തിലൂടെ ഭൂമി തുണ്ടു തുണ്ടായി വെട്ടിമുറിക്കപ്പെട്ടപ്പോൾ വേരറുത്ത്‌ മാറ്റപ്പെട്ടത്‌ നമ്മെ ഊട്ടിയിരുന്ന ഫലം കായ്ക്കുന്ന വരിക്ക പ്ലാവും മൂവാണ്ടൻ മാവും ,പയറും കൂർക്കയും ,കപ്പയും ,വാഴയും, ചേമ്പും വിളഞ്ഞിരുന്ന തറവാടിന്റെ പിന്നാമ്പുറങ്ങളും കൂടിയായിരുന്നു.

അമ്മിയിൽ വെച്ച്‌ അമ്മ സ്നേഹം കൂട്ടി അരച്ച്‌ തന്നിരുന്ന ചമ്മന്തി വരെ നമുക്ക്‌ പ്ലാസ്റ്റിക്‌ പാക്കറ്റുകളിൽ ലഭ്യമായതിലൂടെ, ആ പ്ലാസ്സ്റ്റിക്‌ കൂമ്പാരങ്ങൾ നാം നമ്മുടെ പെറ്റമ്മയുടെ വയറിലേക്ക്‌ കുത്തിനിറച്ച്‌ അവൾക്ക്‌ ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി. ശ്വസം മുട്ടി മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയ്ക്ക്‌ കവി *ചരമ ഗീതം രചിച്ചു. നമ്മളത്‌ ഈണത്തിൽ പാടി. കവിയെ വാഴ്ത്തി. പക്ഷെ ഹൃദയത്തിൽ ഏറ്റ്‌ വാങ്ങിയില്ലെന്ന് മാത്രം.

നമ്മുടെ നാട്ടിൽ നമ്മൾ ഉത്പാദിപ്പിച്ച്‌ കൊണ്ടിരുന്നത്‌ നിർത്തി, കർഷകരെ സഹായിക്കേണ്ടവർ അവരെ ചൂഷണം ചെയ്ത്‌ തടിച്ച്‌ കൊഴുത്തു, വയലേലകൾ മണ്ണിട്ട്‌ നികത്തി , കോൺക്രീറ്റ്‌ കാടുകൾ തിർത്തു. അവിടെ അയൽ നാടുകളിൽ നിന്ന് പ്ലാസ്റ്റിക്‌ കവറുകളിൽ വിഷം നിറച്ചത്‌ വലിയ തുക കൊടുത്ത്‌ വരുത്തി ദുരഭിമാനം കൊണ്ടു. ദുരന്തം അടുത്ത തലമുറ അനുഭവിക്കാനുള്ളതാണെന്ന് കണക്ക്‌ കൂട്ടിയവർക്ക്‌ തെറ്റു പറ്റിയിരിക്കുന്നു. മനുഷ്യൻ അവന്റെ കരങ്ങളാൽ പ്രവൃത്തിച്ചതിന്റെ ഫലം തേടിയെത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും കാരണങ്ങളിലേക്ക്‌ ചിന്ത തിരിക്കാതെ പരസ്പരം പഴിചാരി രക്ഷപ്പെടാൻ വിഫലശ്രമം നടത്തുന്നു നാം.

പലവിധ കരാറുകൾ തീർത്ത കാണാചരടിൽ നമ്മുടെ ഉത്പന്നങ്ങൾക്ക്‌ നമുക്ക്‌ അവകാശമില്ലാത്ത അവസ്ഥ. എന്നിട്ടും നാം കരാറുകളുമായി മുന്നോട്ട്‌ തന്നെ. ഇപ്പോൾ ആസിയാൻ കരാർ വഴി സാധാരണക്കാരന്റെ മത്തിയും അയിലയും വരെ പ്ലാസ്റ്റിക്‌ പാക്കുകളിൽ നാളെ വാങ്ങേണ്ടി വരുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഈ കരാർ വഴി ഉത്പന്നങ്ങൾക്കുള്ള ഇറക്ക്‌ മതി തീരുവ ഇല്ലാതാവുന്നതോടെ മുഖ്യമായും നമ്മുടെ കേരളത്തിന്റെ ഒടിഞ്ഞ കാർഷികവൃത്തിയുടെ നട്ടെല്ല് പൊട്ടാൻ പോവുകയാണ്‌. റബ്ബർ,കുരുമുളക്‌, തേയില തുടങ്ങി അനവധി കാർഷികോത്പന്നങ്ങളും അതുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവരുടെ ജീവിതം വഴിയാധാരമാവുകയും ചെയ്യും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഈ കരാർ കാര്യമായി ബാധിക്കുകയില്ലെന്നതിനാൽ എതിർപ്പുകൾക്ക്‌ ശക്തി ഉണ്ടാവാൻ വഴിയില്ല. വരാനിരിക്കുന്ന നാളുകൾ വീണ്ടും ആത്മഹത്യകളുടേതാവാതിരിക്കട്ടെ. അതിനു രാഷ്ടീയം മറന്ന് നമ്മുടെ രാജ്യത്തിന്റെ പൊതു നന്മയ്ക്കായി ഇച്ഛാ ശക്തിയോടെ പ്രതികരിക്കുന്ന സമൂഹമാണാവശ്യം.

ദൈവത്തിന്റെ സ്വന്തം നാട്‌ അഭിമാനത്തോടെ കുറച്ച്‌ അഹങ്കാരത്തോടെയും നമ്മൾ എവിടെയു പറഞ്ഞുവരുന്ന കേരളത്തിന്റെ ഭൂപ്രകൃതി തികച്ചും കൃഷിയും അനുബന്ധ ഉത്പന്നങ്ങളും വിളയിച്ചെടുക്കാൻ ഏറെ അനുകൂലമായ പ്രദേശമായാണ്‌ കണക്കാക്കുന്നത്‌. ഏറ്റവും ചുരുങ്ങിയത്‌ നമ്മുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികളെങ്കിലും ഗ്രാമങ്ങളിൽ മിക്ക വീട്ടു വളപ്പിലും മുമ്പുണ്ടായിരുന്നു. ഞാൻ ഓർക്കുകയാണ്‌ എന്റ്‌ വീട്ടു വളപ്പിൽ വിളഞ്ഞ്‌ നിന്നിരുന്ന കപ്പയും ,കൂർക്കയും, മധുരക്കിഴങ്ങും, ചേമ്പും , ചേനയും, പയറും, രാഗിയും , വെണ്ടയും, തക്കാളിയും എന്തിനേറേ തണ്ണിമത്തൻ വരെ .. എന്റെ ഉമ്മയായിരുന്നു അതിനോക്കെ മേൽ നോട്ടം വഹിച്ചിരുന്നത്‌. ,പാടത്ത്‌ നിന്ന് കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞ്‌ ആദ്യത്തെ നെല്ല് കുത്തി വെച്ച നല്ല തവളക്കണ്ണൻ /കട്ടമോടൻ അരികൊണ്ടുള്ള ചോറിനൊപ്പം, അന്ന് തൊടിയിൽ നിന്ന് പൊട്ടിച്ചെടുത്ത പയർ പൊട്ടിച്ച്‌ ഉപ്പേരിയും കൂട്ടി കഴിക്കുമ്പോഴുണ്ടായിരുന്ന സ്വാദ്‌ ഇനി തിരിച്ച്‌ കിട്ടാനാവാത്ത വിധം തൊടികളും വയലുകളും മാറി..അല്ല നമ്മൾ മാറ്റി.

ഇന്ന് എല്ലാവർക്കും തിരക്കായി. വീടിന്റെ പിന്നമ്പുറത്ത്‌ ഒരു വേപ്പില തൈയ്യോ പച്ചമുളക്‌ തൈയ്യോ കുഴിച്ചിടാൻ പോലും നമുക്ക്‌ താത്പര്യമില്ല അല്ലെങ്കിൽ സമയമില്ല. ലോകം വിരൽ തുമ്പിലായപ്പോൾ വിരലുകൾ ചെയ്യുന്ന പണി സ്പൂൺ ചെയ്ത്‌ കൊണ്ടിരിക്കുന്നു. കൈകളും കാലുകളും മണ്ണിൽ തൊടാൻ നമ്മുടെ കുട്ടികളെയും നാം സമ്മതിക്കുന്നില്ല. നമുക്കറിയാം മണ്ണ് മുഴുവൻ വിഷമാണെന്ന് .നമ്മൾ തന്നെ നിറച്ച വിഷം !

വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക്‌ ആ നട്ടതിൽ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ തോതനുസരിച്ച്‌ അല്ലാഹു പ്രതിഫലം നൽകുമെന്ന തിരുനബി(സ) യുടെ പ്രഖ്യാപനം കൊണ്ട്‌ നമുക്കാർക്കെങ്കിലും പ്രയോജനമുണ്ടവാൻ നാം എന്ത്‌ നട്ട്‌ പിടിപ്പിച്ചിട്ടുണ്ട്‌ .വെട്ടിമാറ്റുകയല്ലാതെ ! അതിനൊരു മാറ്റം വരേണ്ടതുണ്ട്‌. മത സാംസ്കാരിക രാഷ്ടീയ സംഘടനകൾ വിഴുപ്പലക്കലിനു ചിലവാക്കുന്നതിന്റെ നൂറിലൊരംശം സമയവും ഊർജ്ജവും നമ്മുടെ നാടിന്റെ പച്ചപ്പ്‌ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കായി നീക്കിവെച്ചിരുന്നെങ്കിൽ. ചില നുറുങ്ങു വെട്ടങ്ങൾ ചില കോണുകളിൽ പ്രകാശിക്കുന്നത്‌ കാണാതിരിക്കുന്നില്ല. പക്ഷെ ഏറെ പുറകിലേക്ക്‌ പോയിരിക്കുന്നു നാം . ഓടി മുന്നിലേക്കെത്താനുള്ള ശ്രമം നടത്തുന്നതിനു പകരം കാരാഗൃഹങ്ങൾ തീർക്കാൻ മാത്രം ഉതകുന്ന കരാറുകളുമായി പിറകിലേക്ക്‌ വീണ്ടും നടക്കാനുള്ള തയ്യാറെടുപ്പിൽ ഭരണകൂടങ്ങൾ .. എങ്കിലും നമ്മളാൽ കഴിയുന്ന ശ്രമങ്ങൾ നടത്തേണ്ടതുണ്ട്‌. അല്ലെങ്കിൽ വരും തല മുറ നമ്മെ ശപിക്കുക തന്നെ ചെയ്യും. തീർച്ച

* ഭൂമിയ്ക്ക് ഒരു ചരമഗീതം

മൊഴിമുത്തുകൾ-36

കച്ചവടക്കാർ

മൊഴിമുത്ത്‌ :

  • വിശ്വസ്തനും സത്യവാനുമായ വ്യാപാരി; അമ്പിയാക്കൾ ,സിദ്ധീഖുകൾ, ശുഹദാക്കൾ, സാലിഹീങ്ങൾ എന്നീ മഹാന്മാരോടുകൂടിയാണ്‌. ( തുർമുദി )

  • സൂക്ഷിക്കുന്നവനും നന്മ ചെയ്യുന്നവരും സത്യവാന്മാരുമല്ലാത്ത കച്ചവടക്കാർ ഖിയാമ:ദിവസം നികൃഷ്ടരായി എഴുന്നേൽപ്പിക്കപ്പെടും. (തുർമുദി)


    വിവരണം:


    കച്ചവടം ചെയ്യുക എന്നത്‌ സത്പ്രവൃത്തിയാണ്‌. അത്‌ ചെയ്യുന്നവർക്കും ഇതര ജനങ്ങൾക്കും ഉപകാരപ്രദമായ നിലയിലായിരിക്കണം. അതിനു കച്ചവടക്കാരൻ സത്യവാനും വിശ്വസ്തനും ആയിരിക്കുകയും വേണം. ഇങ്ങിനെയുള്ള കച്ചവടക്കാർ നല്ലവരും സ്വർഗാവകാശികളുമാണ്‌.

    നിയമാനുസൃതമായി കച്ചവടം ചെയ്യാതെ അമിത ലാഭമെടുത്തും പൂഴ്ത്തിവെച്ചും, അളവിലും തൂക്കത്തിലും കുറച്ച്‌ കളവ്‌ പറഞ്ഞും കച്ചവടം ചെയ്യുന്നത്‌ തെറ്റാണെന്നും അത്തരം വഞ്ചകരായ കച്ചവടക്കാർ നിന്ദ്യരും നികൃഷടരുമായി ഖിയാമ: (അന്ത്യനാളിൽ )ദിവസം എഴുന്നേൽപിക്കപ്പെടുകയും അത്തരക്കാർക്ക്‌ നരകമാണ്‌ പ്രതിഫലമെന്നും ഈ ഹദീസ്‌ പഠിപ്പിക്കുന്നു

    കുറിപ്പ്‌ :

    കച്ചവടം എന്നത്‌ ഇന്ന്‌ ഇല്ലാതാവുകയാണ്‌ അവിടെ കച്ചകപടം അരങ്ങേറുന്നു. വിശ്വസ്തത്തയും സത്യസന്ധതയും ഇന്ന്‌ എല്ലാ മേഖലകളിൽനിന്നും പടിയിറക്കപ്പെട്ടിരിക്കുന്നപോലെ കച്ചവടത്തിന്റെ മേഖലകളിൽ നിന്നും പുറത്തക്കപ്പെട്ട അവസ്ഥയിലാണ്‌. വിശ്വസ്ഥതയും സത്യസന്ധതയും കൈമുതലാക്കി കച്ചവടം ചെയ്യാൻ ആരെങ്കിലും തുനിഞ്ഞാൽ പൊതുജനം അവനെ വിവരമില്ലാത്തവനെന്ന് ആക്ഷേപിക്കും. എത്‌ നിലക്കും ലാഭമുണ്ടാക്കുക എന്നതാണിപ്പോൾ കച്ചവടത്തിന്റെ മാനദണ്ഡം. കൈമാറ്റം ചെയ്യപ്പെടുന്ന സാധനങ്ങൾ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണമെന്നല്ല മറിച്ച്‌ കച്ചവടക്കാരന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌ ഉപഭോക്താവിന്റെ അഭിരുചികളും ആവശ്യങ്ങളും നിർണ്ണയിക്കപ്പെടുകയാണ്‌ ആധുനിക വ്യാപാരങ്ങളിൽ നടക്കുന്നത്‌ അവിടെ തന്നെ ചെറുകിട കച്ചവടക്കാരെ വൻസ്രാവുകൾ വെട്ടി വിഴുങ്ങുന്നകാഴ്ചകളും സാധാരണയായിരിക്കുന്നു. തന്റെയും തന്റെ കുടുംബത്തിന്റെയും ആവശ്യപൂരണത്തിന്‌ നല്ല നിലയിൽ കച്ചവടം ചെയ്യുന്നവർക്ക്‌ ഏറെ കഷ്ടതകൾ സഹിക്കേണ്ടി വരുമെന്നത്‌ തർക്കമറ്റതാണ്‌.

    നല്ല മനസ്സും ഉറച്ച വിശ്വാസവും വേണം ആ കടുത്ത പരീക്ഷണം അതിജീവിക്കാൻ. അങ്ങിനെ സത്യസന്ധതയോടെ കച്ചവടം ചെയ്യുന്നവർക്ക്‌ എത്രയോ ഉന്നത പദവിയാണ്‌ ഈ ഹദീസിലൂടെ നബി(സ) തങ്ങൾ വിവരിക്കുന്നത്‌ എന്നതിലൂടെ തന്നെ മാന്യമായ കച്ചവടത്തിന്റെ മഹത്വം നമുക്ക്‌ മനസ്സിലാക്കാം. ജനങ്ങൾ ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ ഉള്ള സാധനങ്ങൾ ആവശ്യക്കാരനു നൽകാതെ പൂഴ്ത്തിവെക്കുന്ന കച്ചവടക്കാർ തികച്ചും നീചമായ വിധത്തിലാണ്‌ ലാഭം കൊയ്യാൻ ശ്രമിയ്ക്കുന്നത്‌. ഒരേ ഉത്പാദന ചിലവുമായി ഉണ്ടാക്കപ്പെടുന്ന ഉത്പന്നം ഒരു സ്ഥലത്ത്‌ അനേകം വിലകളിൽ വിൽക്കപ്പെടുന്നത്‌ നാം കാണുന്നു. അത്‌ പോലെ മനുഷ്യന്റെ ജീവനു തന്നെ ഹാനികരമാവുന്ന വിധത്തിൽ ഉത്പന്നങ്ങളിൽ മായം കലർത്തി വിൽക്കാൻ യാതൊരു മനസാക്ഷികുത്തുമില്ലാത്ത കച്ചവടക്കാർ ഏറെയാണ്‌. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവർ, കള്ളതുലാസുകളുമായി കപടം നടത്തുന്നവർ, കാലാവധി കഴിഞ്ഞ സാധനങ്ങളിൽ ഡേറ്റ്‌ മാറ്റി വിൽക്കുന്നവർ, ഇല്ലാത്ത ഗുണകണങ്ങൾ പ്രചരിപ്പിച്ച്‌ വഞ്ചിക്കുന്നവർ അങ്ങിനെ പലതരത്തിലുമുള്ള ചൂഷണങ്ങൾ.

    നമ്മുടെ ഗ്രാമങ്ങളിൽ സാധാരണക്കാരനു അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനു ഗവൺമന്റ്‌ തലത്തിൽ തന്നെ ഏർപ്പെടുത്തിയിട്ടുള്ള റേഷൻ കടകൾ എന്നും അളവിന്റെയും തൂക്കത്തിന്റെയും കാര്യത്തിൽ മാത്രമല്ല ഗുണ നിലവാരത്തിന്റെ കാര്യത്തിലും പഴികേൾക്കുന്നത്‌ പതിവാണ്‌. ആ പരാതികളിൽ പതിരില്ലാത്തതുമാണെന്ന് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ളവർക്ക്‌ അറിയാവുന്നതുമാണ്‌. റേഷൻ കടകൾ നടത്തുന്നവർ പലപ്പോഴും അതിന്റെ ഉപഭോക്താക്കളെ വഞ്ചിക്കുന്നത്‌ പതിവാണ്‌. പലപ്പോഴും ഗവൺമന്റ്‌ വിതരണം ചെയ്യുന്ന അരിയും മണ്ണെണ്ണയും ഗോതമ്പുമെല്ലാം കടകളിൽ എത്തുന്നതിനു മുന്നേ മറ്റു വ്യാപാരകേന്ദ്രങ്ങൾക്ക്‌ മറിച്ച്‌ വിലപന നടത്തുന്നു. എന്നിട്ട്‌ കടയിൽ എത്തുന്ന പാവങ്ങളുടെ കണ്ണിൽ പൊടിയിടാൻ കുറച്ച്‌ സാധനങ്ങൾ മുന്നിൽ നിരത്തുകയും അത്‌ ചിലർക്ക്‌ വിതരണം ചെയ്ത്‌ പിന്നീടെത്തുന്നവരെ ' കഴിഞ്ഞു (കഴിച്ചു ) എന്ന സ്ഥിരം പല്ലവിയുമായി നിരാശയും കൊടുത്ത്‌ മടക്കി അയക്കുകയും ചെയ്യുക. പഴയപോലെ റേഷൻ സംവിധാനം ഇന്ന് വ്യാപകമായി നടക്കുന്നില്ല ഉള്ളത് കാര്യക്ഷമമാക്കുന്നതിനു പകരം നിർത്തലാക്കാനുള്ള ആലോചനകളും നടക്കുന്നു.

    ഇപ്പോൾ അത്തരം സംവിധാനം നടത്തുന്നവർക്ക്‌ ഒരു നേരം പോക്ക്‌ എന്ന നിലയിലേക്കായിരിക്കുന്നു. അധികമാരും റേഷൻ കടകളെ ആശ്രയിക്കുന്നുമില്ല. ആശ്രയിക്കുന്നവർക്ക്‌ ആശ (നിരാശ )നൽകാൻ മാത്രമേ അവർക്കും കഴിയുന്നുള്ളൂ. മാവേലിയും തൃവേണിയും വന്നെങ്കിലും അവിടെയൊക്കെ വലിയ വലിയ ക്യൂ സൃഷ്ടിക്കപ്പെടുന്നു എന്നതിലുപരി, തീരെ പ്രയോജനം ഇല്ലെന്ന് പറയാൻ കഴിയില്ലെങ്കിലും ഇന്നും ഏറെയൊന്നും മെച്ചം ഉള്ളതായി കാണുന്നില്ല. . അത്‌ പോലെ തന്നെ മുൻകാലത്തും അളവും തൂക്കവും പാലിച്ച്‌ റേഷൻ കടകൾ നടത്തി വന്നവർക്കൊന്നും വലിയ മുതലാളിമാരാവാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട്‌ (റേഷൻ കടകൾ നിർത്തിയതിനു ശേഷവും ) മനസമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതായി കാണുന്നു. എന്നാൽ ജനങ്ങളുടെ ശാപ വചനങ്ങൾ സമ്പാദിച്ച്‌ അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച്‌ പൂഴ്ത്തി വെപ്പും കരിഞ്ചന്തയും നടത്തി കാശുണ്ടാക്കിയവരിൽ പലർക്കും അതൊന്നും ഉപകരിക്കാതെ പോകുന്നതായും കാണാം.

    അപ്പോൾ ഇവിടെ തന്നെ സുഖകരമായ ഒരു അവസ്ഥയല്ല ഇത്തരം കച്ച(കപട)വടക്കാർക്കുള്ളതെങ്കിൽ നാളെ ഖിയാമ:നാളിൽ നിന്ദ്യരും നികൃഷടരുമായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്ന താക്കീത്‌ എല്ലാ കച്ചവടക്കാരും ഓർത്തെങ്കിൽ.

    നല്ല സാധനങ്ങൾ നല്ല രീതിയിൽ സാധാരണയിൽ കവിയാത്ത ലാഭത്തിനു നല്ല മനസ്സോടെ കച്ചവടം ചെയ്യുന്നവർക്ക്‌ ഒരു പക്ഷെ വലിയ വലിയ രമ്യ ഹർമ്മങ്ങളും ബിസിനസ്‌ സാമ്രാജ്യങ്ങളും പടുത്തുയർത്താൻ കഴിയില്ലായിരിക്കാം .എന്നാലും മനസമാധാനത്തോടെ അവസാന കാലം ജീവിക്കാൻ ആവുമെന്ന കാര്യം ഉറപ്പാണ്‌. ഏറെ പ്രയാസങ്ങൾ അത്തരം കച്ചവടക്കാർക്ക്‌ ഉണ്ടാവുമെന്നത്‌ കൊണ്ട്‌ തന്നെയാണ്‌ സത്യവാനായ കച്ചവടക്കാരന്‌ സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടത്‌.

    ജനങ്ങളുടെ ആവശ്യങ്ങൾ തീർക്കുക എന്നത്‌ ഏറെ നല്ല കാര്യമായി എണ്ണപ്പെട്ടതാണ്‌. ഭൂമിയിൽ ആരു ജനങ്ങളുടെ ആവശ്യങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കുന്നുവോ ആകാശത്തുള്ളവൻ അവരുടെ കാര്യങ്ങൾ നിവർത്തിക്കുമെന്ന തിരുനബി(സ)യുടെ വചനം ഇവിടെ സ്മരിക്കട്ടെ.

    മുഹമ്മദ്‌ നബി(സ)യുടെ വിശ്വസ്തത പ്രവാചകത്വ ലബ്ദിക്കു മുന്നേ തന്നെ അറേബ്യയിൽ പ്രസിദ്ധമായിരുന്നു. അവിടെയുള്ളവർ 'അൽ -അമീൻ’ അഥവാ വിശ്വസ്തൻ എന്നാണദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്‌. ആ വിശ്വസ്തതയാണു ഖദീജ ബീവി (റ)യുടെ വ്യാപരങ്ങളുടെ താക്കോൽ മുഹമ്മദ്‌ നബി(സ)യുടെ കൈകളിലെത്താൻ കാരണമാക്കിയത്‌ എന്ന് ചരിത്ര സാക്ഷ്യം. പ്രവാചകാധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തിയ പല നല്ല മാതൃകാ കച്ചവടക്കാരും ലോകത്തെമ്പാടും ഉണ്ടായിട്ടുണ്ട്‌. ഇന്നും അത്തരക്കാർ നമുക്കിടയിൽ ഉണ്ട്‌ എന്നതും ഒരു സത്യമാണ്‌.

    കേരളത്തിൽ പതി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഒരു മഹാ പണ്ഡിതനുണ്ടായിരുന്നു. അദ്ധേഹം മുന്നേ മരക്കച്ചവടം നടത്തിയിരുന്നു. മരം വാങ്ങാനെത്തുന്നവരോട്‌ മരത്തിന്റെ ഗുണങ്ങളായിരുന്നില്ല വിവരിച്ചിരുന്നത്‌ മറിച്ച്‌ ഈ മരത്തിനു ഇന്ന ഇന്ന കുറ്റങ്ങളും കുറവുകളും ഉണ്ടെന്നായിരുന്നു. ജനത്തിനു കേൾക്കേണ്ടത്‌ പക്ഷെ അതല്ലല്ലോ. ഇല്ലാത്ത ഗുണങ്ങൾ വല്ലാത്ത വാക്ചാതുരിയോടെ പറയുന്നത്‌ കേട്ടാൽ ജനം തൃപ്തരാവും പക്ഷെ അതിനു ആ സ്വാഥികനായ പണ്ഡിതൻ തയ്യാറായില്ല. കച്ചവടം എട്ടു നിലയിൽ പൊട്ടിയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ..! മറ്റു കച്ചവടക്കാരിൽ നിന്ന് തനിക്ക്‌ മാത്രമായി ലഭിക്കുന്ന വിലക്കുറവുകളും അദ്ധേഹം സ്വികരിച്ചിരുന്നില്ല. നമ്മുടെ കാര്യമോ.. എവിടെ ഓഫറുകളുണ്ടോ അവിടെ ഓടിയെത്തും .ഓഫറിനൊപ്പം ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും മറ്റും ആരും ശ്രദ്ധിയ്ക്കാറില്ല. പലപ്പോഴും ഉപഭോക്താവ്‌ ഈ ഓഫറുകളിൽ കൂടി വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. ആർക്കും പരാതിയില്ല. ഇതൊന്നുമില്ലാതെ ശരിയായ നിലക്ക്‌ കച്ചവടം ചെയ്യുന്നവർ അവഗണിക്കപ്പെടുകയും അവർ ആ തൊഴിലുപേക്ഷിക്കേണ്ട അവസ്ഥയിൽ എത്തുകയും ചെയ്യൂന്നു. ചിലർ ഇടക്ക്‌ വീണു കിട്ടുന്നവരെ പിഴിഞ്ഞ്‌ പിടിച്ച്‌ നിൽക്കുകയും ചെയ്യുന്നു.

    കുറച്ച്‌ നാളുകൾക്ക്‌ മുന്നേ ഒരു ബന്ധുവിന്റെ കൂടെ അദ്ധേഹത്തിന്റെ അയൽ വാസിയുടെ കച്ചവട സ്ഥാപനം സന്ദർശിച്ചു. അതിനു ശേഷം അദ്ധേഹം താമസിക്കുന്ന സ്ഥലത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി .ഒരു വില്ലയിലായിരുന്നു അദ്ധേഹം താമസിച്ചിരുന്നത്‌. അവിടെ താഴെ നിലയിൽ കുറെയതികം പെട്ടികൾ അടുക്കിവെച്ചിരിക്കുന്നത്‌ കണ്ടു ഞാൻ നോക്കിയപ്പോൾ ഞാൻ ചോദിക്കുന്നതിനു മുന്നേ അദ്ധേഹം വിവരിച്ചു. ആ പെട്ടിയിൽ ഒന്ന് തുറന്ന് കാണിക്കുകയും ചെയ്തു. ഇവിടെയുള്ള ചെറുകിട കടകളിൽ വിതരണത്തിനു തയ്യാറാക്കി വെച്ചിട്ടുള്ള ഒരു ഉത്പന്നമായിരുന്നു അത്‌. ആ ഉത്പന്നങ്ങൾ ഇവിടുത്തെ ഫുഡ്‌ കൺട്രോൾ നിയമമനുസരിച്ച്‌ വിറ്റഴിക്കേണ്ട സമയം കഴിഞ്ഞ ശേഷം കടകളിൽ നിന്ന് തന്നെ ശേഖരിച്ചതും. അതേ ഉത്പന്നം വേറെ ഒരു പേരിൽ വേറെ പാക്കറ്റിൽ പുതിയ ഒരു ജനനതിയ്യതിയും ഒട്ടിച്ച്‌ അത്‌ ശേഖരിക്കപ്പെട്ട കടകളിലേക്ക്‌ തന്നെ വീണ്ടും എത്തിക്കാനായി റെഡിയായിരിക്കയാണ്‌. ശരീരത്തെ നേരിട്ട് ബാധിക്കുന്ന ഒന്നായിരുന്നില്ല എങ്കിലും ഉൾകൊള്ളാനാവാത്തതായി പക്ഷെ പ്രതികരിക്കാനാവാ‍ത്ത അവസ്ഥയായിരുന്നു എന്റേത്. അധിക നാൾ കഴിയുന്നതിനു മുന്നെ അറിയാൻ കഴിഞ്ഞു. അദ്ധേഹത്തിന്റെ എല്ലാ ബിസിനസുകളും പൊളിയുകയും കുടുംബപരമായ പ്രശ്നങ്ങളിൽ അകപ്പെടുകയും ചെയ്തതായി. അത് വരെ ഉണ്ടാക്കിയതെല്ലാം വെള്ളത്തിൽ വരച്ചത് പോലെ നിഷ്ഫലം..!

ആധുനിക ലോകത്ത്‌ ബന്ധങ്ങൾ വരെ ലാഭവും നഷ്ടവും നോക്കി തീരുമാനിക്കയും ഉറപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിൽ നല്ല രീതിയിൽ നല്ല (അനുവദിക്കപ്പെട്ട) ലാഭമുണ്ടാക്കുന്ന കച്ചവടക്കാരെ കണ്ടെത്താൻ പ്രയാസം. ലാഭ നഷ്ടങ്ങളുടെ കണക്ക്‌ മാത്രമല്ല കച്ചവടം.. അത്‌ അവശ്യപൂരണമെന്ന നന്മയുടെ കൈമാറ്റം കൂടിയാണെന്ന തിരിച്ചറിവ്‌ എല്ലാ കച്ചവടക്കാർക്കും ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്‌.

കച്ചവടത്തെ സംബന്ധിച്ച് ഒരു പോസ്റ്റ് ഇവിടെയും വായിക്കാം.

മൊഴിമുത്തുകൾ-35


ദന്തശുദ്ധീകരണത്തിന്റെ പ്രാധാന്യം



മൊഴിമുത്ത് :

അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം :
നബി (സ) പറഞ്ഞു ' എന്റെ സമുദായത്തിന്‌ ഭാരമായിത്തീരുമോ എന്ന് ഭയപ്പെട്ടിരുന്നില്ലെങ്കിൽ എല്ലാ നിസ്കാരസമയത്തും പല്ലുതേക്കൽ ഞാൻ നിർബന്ധമായി കൽപിക്കുമായിരുന്നു '

നബി(സ)പറഞ്ഞു. ‘നിങ്ങൾ പല്ല് തേക്കുക; നിശ്ചയം അത് നിങ്ങളുടെ വായ ശുദ്ധിയാക്കുന്നതിനൊപ്പം അല്ലാഹുവിന്റെ തൃപിതി ലഭിക്കാനും കാരണമാകും’ (ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം , ഇമാം ബൈഹഖി(റ)യും,ഇമാം ബുഖാരി(റ)യും റിപ്പോർട്ട് ചെയ്ത ഹദീസ്)


കുറിപ്പ് :


ദന്തശുദ്ധീകരണം ഇസ്‌ലാം കൽപിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ്‌. വളരെയധികം പ്രാധാന്യം ആ കർമ്മത്തിനു കൊടുക്കാനുള്ള കാരണം വ്യക്തമാണ്‌. ദന്ത ശുദ്ധി വരുത്താതിരുന്നാൽ പല രോഗങ്ങൾക്കും അത്‌ കാരണമാവുകയും കൂടാതെ ജനങ്ങളുമായി ഇടപെടുന്നതിലും സാമൂഹ്യ ജീവിതം ഉപയോഗപ്രദമായി വിനിയോഗിക്കാനോ പറ്റാതെവരികയും ചെയ്യൂന്നു. എന്റെ സമുദായത്തിനു ഭാരമാവുമെന്ന് ഭയപ്പെട്ടിരുന്നില്ലെങ്കിൽ എല്ലാ നിസ്കാര സമയത്തും ദന്തശുചീകരണം നിർബന്ധമാക്കുമായിരുന്നു എന്ന ഹദീസിലൂടെ ദന്ത ശുചീകരണത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാവുന്നു

നമ്മുടെ നിത്യ ജീവിതത്തിൽ വൃത്തിയായി നടക്കണമെന്നത്‌ കൂടുതൽ വിവരിക്കാതെ തന്നെ ബോധ്യമുള്ള കാര്യമായിരിക്കെ അവിടെ ദന്തശുദ്ധികരണത്തിന്റെ കാര്യത്തിൽ ഒരുപക്ഷെ പലരും (നല്ല വേഷവിധനങ്ങളിൽ നല്ല പെരുമാറ്റങ്ങളുമായി ഇടപെടുന്നവരും ) വേണ്ടത്ര ശ്രദ്ധാലുക്കാളാണെന്ന് തോന്നുന്നില്ല.


വൃത്തി ഈമാനിന്റെ (വിശ്വാസത്തിന്റെ )പകുതിയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അത്‌ നാഴികക്ക്‌ നാൽപത്‌ വട്ടം ഉരുവിടുന്നവരും ഉപദേശിക്കുന്നവരും പക്ഷെ സ്വന്തം ജീവിതത്തിൽ പലപ്പോഴും അത്‌ പകർത്താൻ ജാഗ്രത പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്‌. നല്ല വസ്ത്രം (വൃത്തിയുള്ള) ധരിക്കൽ മാത്രമല്ല വൃത്തിയുടെ വിവക്ഷ. ദന്ത ശുദ്ധീകരണം അത്‌ അനുവർത്തിക്കുന്ന വ്യക്തിക്ക്‌ എന്നപോലെ അയാളുമായി ഇടപഴകുന്നവർക്കും കൂടി ആശ്വാസം ഉളവാക്കുന്ന കാര്യമാണ്‌. നമ്മുടെയൊക്കെ നിത്യ ജീവിതത്തിനിടയിൽ ഒരിക്കലെങ്കിലും അപരന്റെ വായ്‌ നാറ്റം കാരണത്താൽ നമുക്ക്‌ മുഖം തിരിക്കേണ്ടി വന്നിട്ടില്ലേ..! അപ്പോൾ നമ്മുടെ മനസിൽ ഉയരുന്ന നീരസം എത്രയാണെന്ന് ഊഹിക്കുക. അതേ വികാരം തന്നെയായിരിക്കില്ലേ നമ്മെ പറ്റി മറ്റുള്ളവർക്കും ഉണ്ടാവുക. !

പലപ്പോഴും ജമാഅത്ത്‌ നിസ്കാര വേളയിൽ (കൂട്ടായ നിസ്കാരം ) ശരിയായി ദന്തശുചീകരണം നടത്താത്ത ചിലരുടെ അസഹ്യമായ നാറ്റം കാരണത്താൽ എത്രയും വേഗം നിസ്കാരമൊന്ന് കഴിഞ്ഞ്‌ കിട്ടിയെങ്കിൽ എന്ന് ഒരിക്കലെങ്കിലും കരുതാത്തവർ വിരളമായിരിക്കും. കാരണം അടുത്തു നിൽക്കുന്നവനിൽ നിന്ന് വരുന്ന അസഹ്യമായ ഗന്ധം തന്നെ. ‘ഉള്ളിയും വെളുത്തുള്ളിയും അത് പോലെ ദുർഗന്ധമുണ്ടാക്കുന്ന മറ്റ് സാധനങ്ങളും കഴിച്ചവർ പള്ളിയുമായി അകന്നു നിൽക്കട്ടെ ,നിശ്ചയം മനുഷ്യർക്ക് വിഷമമുണ്ടാക്കുന്നത് മലക്കുകൾക്കും വിഷമമുണ്ടാക്കും’ എന്ന നബി(സ) യുടെ ഹദീസ് മുസ്‌ലിം (റ) റിപ്പോർട്ട് ചെയ്തത് ഇവിടെ കൂട്ടി വായിക്കാം. അത് കഴിക്കുന്നവർ അതിന്റെ ഗന്ധം പോവാനുതകുന്ന രീതിയിൽ വേവിച്ച് ഭക്ഷിക്കാൻ നബി(സ) ഉണർത്തുന്നു.

വയറിലെ അസുഖം (ദഹനക്കേടും മറ്റും മൂലം ) കൊണ്ടും, മോണരോഗങ്ങൾ കാരണമായും വായ്‌ നാറ്റമുണ്ടാകും. അത്‌ ചികിത്സിച്ച്‌ മാറ്റാവുന്നതുമാണ്‌. ചികിത്സ നടത്തിയാലും ചിലർക്ക്‌ അത്‌ സ്ഥിരമായുണ്ടാകും അത്തരക്കാർ ജനങ്ങളുമായി ഇടപഴകുന്ന വേളയിലെങ്കിലും തന്നെ കൊണ്ട്‌ മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ട്‌ അനുബവപ്പെടുന്നത്‌ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. നിത്യ ജീവിതത്തിൽ പുരുഷന്മാരുടെ വായ്‌നാറ്റം കൊണ്ട്‌ ഏറ്റവും കഷ്ടപ്പെടുന്നത്‌ അവരുടെ ഭാര്യമാരായിരിക്കും. രോഗം കൊണ്ടോ അല്ലെങ്കിൽ ശരിയായി ദന്തശുചീകരണം നടത്താത്തതിനാലോ ഉണ്ടാവുന്ന ദുർഗന്ധത്തെപറ്റി ഭർത്താവിനോട്‌ പറഞ്ഞാൽ ദുർഗന്ധത്തോടൊപ്പം അവിടെ ഭൂകമ്പത്തിനുള്ള സാധ്യതയും ഉണ്ടെന്നതിനാൽ പലപ്പോഴും തുറന്ന് പറയാൻ മടിച്ച്‌ നിശബ്ധമായി സഹിക്കും മിക്കവരും. ദാമ്പത്യ ജീവിതത്തിന്റെ താളം തെറ്റുന്നതിലേക്ക്‌ വരെ ചില കേസുകൾ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ടെന്നത്‌ വസ്തുതയാണ്‌.


പൊതുവെ മലയാളികൾ വൃത്തിയുടെ കാര്യത്തിൽ മറ്റുള്ളവർക്ക്‌ മാതൃകയാണെന്നിരിക്കിലും നമ്മുടെ പല നല്ല നടപടികളും (കാലത്ത്‌ എശുന്നേറ്റാൽ ഉടനെ പല്ല് തേച്ച്‌ മുഖം കഴുകി മല മൂത്ര വിസർജ്ജനം കഴിഞ്ഞതിനു ശേഷം മാത്രം ചായയോ കാപ്പിയോ മറ്റോ കുടിക്കുക എന്നതും ) തല തിരിഞ്ഞ പൊങ്ങച്ച സംസ്കാരത്തിന്റെ പേരിൽ ഉപേക്ഷിക്കുകയും ബെഡ്‌ കോഫി എന്ന ബാഡ്‌ കോഫി കുടിച്ച്‌ വായിൽ ഊറിയ എല്ലാ വൃത്തികേടുകളും അകത്താക്കുന്ന പതിവിലേക്ക്‌ ചിലർ എങ്കിലും മാറുന്നു. ചുരുങ്ങിയത്‌ കാലത്തും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായും പല്ലു തേക്കൽ ശീലമാക്കിയവർക്ക്‌ അതിന്റെ ഗുണങ്ങൾ ലഭിക്കാതിരിക്കില്ല. മക്കളെ ചെറുപ്പത്തിൽ തന്നെ അത്‌ ശീലിപ്പിക്കുക . സ്വയം ആരോഗ്യവാനാവുന്നതോടെ മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കാനും നല്ല ശീലങ്ങളിലൂടെ നമുക്ക്‌ കഴിയട്ടെ.


ദന്തശുചീകരണത്തെ പറ്റി ഇസ്ലാമികമായി വിശദീകരിക്കുന്ന ഒരു ആർട്ടിക്കിൾ ഇവിടെ കാണാം. കൂടാതെ , യുനെസ്കോ സൈറ്റിൽ നിന്ന് ദന്തശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെയും, കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന കാര്യങ്ങളെയും മറ്റ് ഹൈജീൻ വിഷയങ്ങളും വ്യക്തമായി വിവരിക്കുന്ന വളരെ നല്ല വിവരണങ്ങൾ പി.ഡി.എഫ് ഫോർമാറ്റിൽ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

മൊഴിമുത്തുകൾ-34

വാഗ്ദാനം നിറവേറ്റണം


മൊഴിമുത്ത്‌ :


നബി (സ) പറഞ്ഞു " നിങ്ങൾ ആറു കാര്യങ്ങളിൽ എനിക്ക്‌ ഉറപ്പ്‌ തരണം. എന്നാൽ നിങ്ങൾക്ക്‌ സ്വർഗമുണ്ടെന്ന് ഞാനും ഉറപ്പ്‌ തരാം ' 1) സംസാരിക്കുമ്പോൾ സത്യം പറയുക. 2) വാഗ്ദാനം ചെയ്താൽ നിറവേറ്റുക. 3) നിങ്ങൾ വിശ്വസിക്കപ്പെട്ടാൽ ആ വിശ്വസ്തത പൂർണ്ണമായും പാലിക്കുക 4 ) ഗുഹ്യസ്ഥലങ്ങളെ നിങ്ങൾ സൂക്ഷിക്കുക 5) കണ്ണുകളെ താഴ്ത്തുക 6 ) കൈകളെ തടയുക"

വിവരണം :

സത്യം പറയുക , വാഗ്ദാനം നിറവേറ്റുക, വിശ്വസ്തത പാലിക്കുക, വ്യഭിചാരവും മറ്റും ചെയ്യാതെ ഗുഹ്യസ്ഥലങ്ങളെ സൂക്ഷിക്കുക, വികാരമുണ്ടാക്കത്തക്കവിധം സ്തീകളെയും മറ്റും നോക്കാതിരിക്കുക, അക്രമം പ്രവർത്തിക്കാതിരിക്കുക എന്നീ ആറു സത്‌ഗുണങ്ങൾ ഉൾകൊണ്ട്‌ ജീവിക്കുന്നവർ ആരോ അവർക്ക്‌ സ്വർഗം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു.


കുറിപ്പ്‌ :

ഇന്നത്തെ സാഹചര്യത്തിൽ ഇവിടെ പറഞ്ഞിരിക്കുന്ന ആറുകാര്യങ്ങളും നാം പ്രത്യേകം വിചിന്തനം ചെയ്യേണ്ടതുണ്ട്‌. വാ തുറന്നാൽ നുണയല്ലാതെ പറയാൻ കഴിയാത്തവരെ അനേകം കാണാം. നിസാര കാര്യങ്ങൾ മറച്ച്‌ വെക്കാൻ വലിയ വലിയ കള്ളങ്ങൾ യാതൊരു മടിയുമില്ലാതെ പറയുന്നവർ.. അത്തരക്കാർക്ക്‌ അത്‌ പിന്നെ ഒരു ശീലമാവുന്നു. പിന്നെ ഏത്‌ കാര്യത്തിനും എത്ര വലിയ നുണയും പറയാൻ മടിയില്ലാത്തവരായി അധപതിക്കുകയും ചെയ്യുന്നു. സത്യത്തിൽ മറ്റുള്ളവരുടെ ഇടയിൽ അവരെ പറ്റി ഒരു ഇമേജ്‌ അവർ അറിയാതെ സൃഷ്ടിക്കപ്പെടുന്നത്‌ പലപ്പോഴും ജിവിതവസാനം വരെ മാറ്റിതിരുത്താൻ കഴിയാതെയും പോവുന്നു. സത്യമായ ഒരു കാര്യം തന്നെ പറഞ്ഞാലും 'അത്‌ ഇന്ന ആൾ പറഞ്ഞതല്ലേ.. അതിൽ എത്ര ശതമാനം വെള്ളം ചേർത്തിട്ടുണ്ടെന്ന് നോക്കണം ' എന്ന ഒരു ആലോചനയിലേക്ക്‌ ജനങ്ങൾ സ്വഭാവികമായും എത്തുകയും സമൂഹത്തിൽ അഥവാ ഈ ഭൗതിക ലോകത്ത്‌ തന്നെ എണ്ണപ്പെടാത്തവനായി മാറുകയും ചെയ്യുന്നു. വാഗ്‌ദത്ത ലംഘനം എന്നത്‌ കപട വിശ്വാസിയുടെ ലക്ഷണമായി നബി(സ)യുടെ മറ്റൊരു ഹദീസിൽ കാണാം. വാഗ്ദാനം ലംഘിക്കൽ വലിയ ശിക്ഷ അർഹിക്കുന്ന കാര്യമായി വിവരിച്ചിട്ടുണ്ട്‌. ഇന്ന് പക്ഷെ ജനങ്ങളിൽ ആ കാര്യത്തിൽ (ഭരണ മേഖലയിലും, ജോലി തലത്തിലായാലും, കുടുംബത്തിലും, വ്യക്തിപരമായും എല്ലാം ) യാതൊരു ശ്രദ്ധയും ഇല്ല എന്ന് മാത്രമല്ല .രഹസ്യമായും പരസ്യമായും വാഗ്ദാനം (ചെയ്യാൻ പറ്റുന്നതും പറ്റാത്തത്‌ എന്ന് പൂർണ്ണ ബോധ്യമുള്ളതും ) ചെയ്യാനും അത്‌ വളരെ ലാഘവത്തോടെ ലംഘിക്കുന്നതിനും യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതായിരിക്കുന്നു. മാത്രമല്ല ചിലർക്കെങ്കിലും വാഗ്ദാന ലംഘനം ചെയ്യുന്നത്‌ അലങ്കാരമോ അഭിമാനമോ ആയി തോന്നുന്നുവെന്ന് വേണം കരുതാൻ. ജനങ്ങളെ വാഗ്ദാനം നൽകി കബളിപ്പിക്കുന്ന നേതാക്കൾ വീണ്ടും അതേ ജനത്തിനു മുന്നിൽ പിന്നെ ഒരവസരത്തിൽ വന്ന് വീണ്ടും വാഗ്ദാനങ്ങൾ കോരിച്ചൊരിയുകയും പഴയപടി വാഗ്ദാനങ്ങളെല്ലാം അപ്പടി വിഴുങ്ങുകയും ചെയ്യുന്നത്‌ തിരിച്ചറിയപ്പെടാൻ മാത്രം അവബോധമുള്ള അനുയായികൾ ഇല്ലാഞ്ഞിട്ടോ എന്തോ..അത്‌ നിർബാധം തുടരുന്നു.


അമാനത്ത്‌ അഥവാ വിശ്വസ്തത എന്നത്‌ പൊതു ജിവിതത്തിലും വ്യക്തി ജീവിതത്തിലും ഇന്ന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വ ജീവികളെപ്പോലെയായിരിക്കുന്നു. നമുക്ക്‌ നമ്മെ തന്നെ വിശ്വാസമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങൾ. നമ്മെ വിശ്വസിച്ച്‌ ഏൽപ്പിക്കപ്പെട്ട ഭൂമിയായാലും, പണമായാലും, മറ്റ്‌ കാര്യങ്ങളായാലും എല്ലാം തന്നെ അതിൽ വിശ്വസ്തത പൂർണ്ണമായും പാലിക്കാൻ ഏൽപ്പിക്കപ്പെട്ടവർ ബാധ്യസ്ഥരാണ്‌. വിശ്വസിച്ച്‌ ഏൽപ്പിക്കപ്പെട്ടത്‌ അതിന്റെ അവകാശികളിൽ നിന്ന് കള്ളപ്രമാണങ്ങളും കള്ള സാക്ഷികളും ഉണ്ടാക്കി കരസ്ഥമാക്കുന്നത്‌ പതിവ്‌ കാഴ്ചകളാണ്‌. അത്‌ സാമർത്ഥ്യമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. പ്രവാസികൾക്ക്‌ ഇത്തരത്തിലുള്ള അനുഭവങ്ങൾ (സമ്പത്തിന്റെ കാര്യത്തിലായാലും, താൻ ജീവനു തുല്യം സ്നേഹിച്ച തന്റെ ജീവിതം ആർക്ക്‌ വേണ്ടി പ്രവാസഭൂമിയിൽ ഹോമിച്ചുവോ അവരുടെ കാര്യത്തിലായാലും ) ഏറെയാണ്‌. പരസ്പര വിശ്വാസം ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിനു അത്യന്താപേക്ഷിതമാണ്‌. പല ജീവിതങ്ങളും താറുമാറാകുന്നതും ഈ അമാനത്ത്‌ (വിശ്വസ്തത ) പാലിക്കപ്പെടാതെ വരുമ്പോഴാണെന്നത്‌ നാം ഓർക്കേണ്ടതുണ്ട്‌. അമാനത്ത് ഉത്തരവാദിത്വവും കടമയുമായും ബന്ധപ്പെട്ട് കിടക്കുന്ന വിശാലമായ വിഷയം കൂടിയാണ്.


ഗുഹ്യസ്ഥാനങ്ങൾ സൂക്ഷിക്കുക എന്നതും കണ്ണുകൾ താഴ്ത്തുക എന്നതും പരസ്പരം ബന്ധപ്പെട്ട്‌ കിടക്കുന്നു. മനുഷ്യ ശരീരത്തിലെ രണ്ട്‌ ഭാഗങ്ങൾ ( നാക്കും , ഗുഹ്യസ്ഥാനവും ) നിയന്ത്രിക്കാനും സൂക്ഷിക്കാനും കഴിയുന്നവർ വിജയികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടതായി തിരുനബി(സ)യുടെ മൊഴിമുത്തുകളിൽ വിവരിച്ചിട്ടുണ്ട്‌. കുത്തഴിഞ്ഞ ലൈംഗികത, വ്യഭിചാരവും അധികരിച്ച ഒരു കാലഘട്ടത്തിൽ വിശ്വസ്തത എന്നത്‌ കാലഹരണപ്പെട്ട വാക്കായി പരിണമിക്കുമ്പോൾ ധാർമ്മികതയും സദാചാരവും പുലർത്താൻ പറയുന്നവരെ പരിഹസിക്കുന്നവരെയാണ്‌ നമുക്ക്‌ കാണാൻ കഴിയുക. കണ്ണുകൾ താഴ്ത്തുക എന്ന് പറഞ്ഞതിനു നേർ വിപരീതമായി കണ്ണുകളാലുള്ള തുറിച്ച (ദുശിച്ച )നോട്ടങ്ങളുമായി ആൺ പെൺ ഭേതമില്ലാതെ വിഹരിക്കുന്ന അവസ്ഥ. ഞാൻ താമസിക്കുന്ന ഏരിയയിൽ അടുത്തയിടെ പ്രശസ്തമായ ഒരു ബിസിനസ്‌ ഗ്രൂപ്പിന്റെ ഷോപ്പിംഗ്‌ മാൾ ഉത്ഘാടനം ചെയ്തു. ഒരു ദിവസം വൈകുന്നേരം ആ മാളിലേക്ക്‌ ചില സാധനങ്ങൾ വാങ്ങുന്നതിനായി ചെന്നപ്പോൾ സെക്യൂരിറ്റി പറഞ്ഞു.. സോറി സാർ, വൈകുന്നേരം 5 മുതൽ 10 വരെ ഫാമിലികൾക്ക്‌ മാത്രമായി മാറ്റിയിരിക്കുന്നു. ബാച്ചിലേഴ്സിനു പ്രവേശനമില്ല. അന്വേഷിച്ചപ്പോൾ മനസ്സിലായത്‌ ചിലരുടെ സ്ത്രീകളെ കാണാത്തത്‌ പോലെയുള്ള തുറിച്ച്‌ നോട്ടങ്ങളുടെ ഫലമായി അവർക്ക്‌ ഷോപ്പിംഗ്‌ ചെയ്യാൻ വിഷമം നേരിട്ടത്‌ കൊണ്ടാണ് ഇങ്ങിനെ ഒരു നിയന്ത്രണം വെച്ചതെന്ന്. ഈ അനുഭവം ഇതിനൊപ്പം ചേർത്ത്‌ വായിക്കേണ്ടതാണെന്ന് തോന്നിയതിനാൽ ഇവിടെ ചേർക്കുന്നു. അപ്പോൾ നമ്മുടെ കണ്ണുകളെ ,ലൈംഗിക അവയവങ്ങളെ എല്ലാം നിയന്ത്രിക്കുക എന്നത്‌ ശ്രമകരമായത്‌ കൊണ്ട്‌ തന്നെയാണ്‌ അത്‌ ചെയ്യൂന്നവർക്ക്‌ വലിയ പ്രതിഫലം ഉറപ്പ്‌ നൽകിയത്‌.


തന്റെ ശക്തി (ശാരീരികവും ,സാമ്പത്തികവും, ഭരണപരവും മറ്റു മായ) മറ്റുള്ളവരെ ആക്രമിക്കുന്നതിനായി ദുരുപയോഗം ചെയ്യരുതെന്ന് കൂടി പറയുന്നു. വ്യക്തി തലം മുതൽ അന്തരാഷ്ട തലം വരെ നടന്നു വരുന്നതും ബലഹീനരെ ആക്രമിക്കുക എന്നതല്ലേ. മറ്റുള്ളവരെ കീഴ്പ്പെടുത്താനുള്ള ശക്തി ഉണ്ടായിരിക്കെ തന്നെ അതിൽ നിന്ന് ഒഴിഞ്ഞ്‌ നിൽക്കുന്നവനാണ്‌ വിജയി. താൻ നിമിത്തം അഥവാ തന്റെ കൈകൊണ്ട്‌ തന്റെ സഹജിവിക്കെതിരെ പ്രവർത്തിക്കാതിരിക്കാൻ കഴിയണം. അത്‌ കുടുംബ ബന്ധത്തിലും സുഹൃദ്‌ ബന്ധത്തിലും സാമൂഹ്യ ജീവിതത്തിലും രാഷ്ടീയ രംഗത്തും ഭരണ തലത്തിലുമെല്ലാം പുലർത്താൻ എത്രപേർ ശ്രമിക്കുന്നു ? ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങൾക്ക്‌ നേരെ അക്രമം അഴിച്ചു വിടുന്ന കാഴ്ചകൾ, തന്റെ കിഴിൽ സംരക്ഷിക്കപ്പെടേണ്ട ഭാര്യയെയും മക്കളെയും നിസാര കാര്യങ്ങൾക്ക്‌ വരെ ഉപദ്രവിക്കുന്ന നീചരും നികൃഷരുമായി അധപതിക്കുന്നവരുടെ എണ്ണം വർധിക്കുകയാണിന്ന്. അതെല്ലാം തന്റെ ശക്തി പ്രകടനത്തിനുള്ള മാർഗമായി കാണുന്നവർ . അത്തരക്കാർക്കെല്ലാം ഈ നബി വചനങ്ങൾ ഒരു തിരിച്ചറിവുണ്ടാക്കിയെങ്കിൽ !!


ആരുടെ മുന്നിലും സത്യം പറയാൻ ആർജ്ജവമുള്ള, വാഗ്ദത്തം ചെയ്താൽ പാലിക്കുന്ന, വിശ്വസിച്ചേൽപ്പിക്കപ്പെട്ടതിനെ സൂക്ഷിക്കുന്ന , കുത്തഴിഞ്ഞ ജിവിതങ്ങളിൽ വഴുതിവീഴാതെ ജീവിത വിശുദ്ധി സൂക്ഷിച്ച്‌ , മറ്റുള്ളവർക്ക്‌ നേരെ അക്രമം പ്രവർത്തിക്കാത്തവരുമായി ജീവിക്കാനും നാഥൻ തുണയ്ക്കട്ടെ.

മൊഴിമുത്തുകൾ-33

നന്മയിലേക്കുള്ള മുന്നേറ്റം

മൊഴിമുത്ത്‌ :

  • നബി(സ) പറഞ്ഞു ' നിങ്ങൾ സൽകർമ്മങ്ങൾ കൊണ്ട്‌ മുന്നേറുക. ഇരുൾ മുറ്റിയ രാത്രിയുടെ ഖണ്ഡങ്ങൾ പോലെയുള്ള (അഥവാ പരസ്പരം ചേർന്നതും വേർതിരിക്കാനാവാത്തതുമായ വിധത്തിലുള്ള ) കുഴപ്പങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. .......... '
    ( അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസ്‌ , മുസ്‌ ലിം (റ) റിപ്പോർട്ട്‌ ചെയതത്‌ # 118 )

  • ദുഷ്ടനായ ഹജ്ജാജിന്റെ പീഢനങ്ങളെ കുറിച്ച്‌ നബി (സ)യോട്‌ പരാതി പറഞ്ഞപ്പോൾ നബി(സ) പറഞ്ഞു ' നിങ്ങൾ ക്ഷമിക്കുക ,ഏത്‌ കാലവും മുൻ കാലത്തെ അപേക്ഷിച്ച്‌ ദുഷിച്ചതായിരിക്കും. നിങ്ങൾ നാഥനുമായി കണ്ടുമുട്ടുന്നത്‌ വരെ ഇതായിരിക്കും അവസ്ഥ
    സുബൈറുബ്‌ നു അ ദിയ്യ്‌ (റ) നിവേദനം ചെയ്ത ഹദീസ്‌ , ബുഖാരി (റ) റിപ്പോർട്ട്‌ ചെയ്തത്‌ #13/16,17 )


കുറിപ്പ്‌ :

നന്മയ്ക്ക്‌ വേണ്ടി നിലകൊള്ളുന്നവർക്കും നന്മ പ്രചരിപ്പിക്കുന്നവർക്കും ലാഭേച്ഛ കൂടാതെ കർമ്മനിരതരായിരിക്കുന്നവർക്കും എക്കാലത്തും പലവിധത്തിലുമുള്ള കുഴപ്പങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്നും എന്നാൽ അതിലൊന്നും മനസ്സ്‌ പതറാതെ തന്റെ ലക്ഷ്യം മാത്രം മുന്നിൽ കണ്ട്‌ കൊണ്ട്‌ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്‌ മുന്നേറാനുള്ള ആഹ്വാനവും പ്രചോദനവുമാണ്‌ ആദ്യമായി ഇവിടെ പ്രതിപാദിക്കുന്നത്‌. ഇരുൾ മുറ്റിയ രാത്രിപോലെ ഒന്ന് മറ്റൊന്നിനോട്‌ ചേർന്ന് കൊണ്ട്‌ ഒരു ഇടവേളയ്ക്ക്‌ സമയമില്ലാത്ത വിധത്തിൽ പ്രശനങ്ങൾ ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന നിലക്ക്‌ വന്ന് കൊണ്ടേയിരിക്കും എന്ന മൊഴി എത്രയോ അർത്ഥവത്തായി പുലർന്ന് കൊണ്ടിരിക്കുന്നു. ഏത്‌ മേഖലയിലായാലും ഇന്ന് നല്ലതിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക്‌ സമൂഹത്തിൽ നിന്ന് പോലും വേണ്ട സഹകരണം ലഭിക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും തെറ്റിദ്ധാരണകളുടെയും വ്യക്തി വിദ്വേഷത്തിന്റെയും രാഷ്ട്രീയ താത്പര്യങ്ങളുടെയും പേരിൽ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്നു.

നാം സാധാരണയായി പറഞ്ഞ്‌ വരുന്നതാണ്‌ ' ഇന്നത്തെ അപേക്ഷിച്ച്‌ അന്ന് അഥവാ നമ്മുടെ കുട്ടിക്കാലം ' നല്ല കാലമായിരുന്നു എന്ന്. ഇത്‌ ഇന്നും ഇന്നലെയും മാത്രം ഒതുങ്ങുന്നതല്ല എന്ന് രണ്ടാമതായി ഇവിടെ വ്യക്തമാവുന്നു. കാലാം പഴകുന്തോറും കുഴപ്പങ്ങൾ അധികരിക്കുകയും നന്മ തിരസ്കരിക്കപ്പെടുകയും ചെയ്യുമെന്ന് ഈ ഹദീസ്‌ നമ്മെ ഓർമ്മിപ്പിക്കുന്നു. കാലം ചെല്ലും തോറും ദുഷിച്ചതാവുമെന്നും അതിനാൽ‌ ക്ഷമയോടെ കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയും ഈ ഹദീസ്‌ വ്യക്തമാക്കുന്നു.
നന്മയുടെ വാഹകർക്ക്‌ എന്നും അവരുടെ വഴിത്താരയിൽ പല പീഢനങ്ങളും അനുഭവിക്കേണ്ടി വരും . കുഴപ്പങ്ങൾ തീർന്നതിനു ശേഷം പ്രവർത്തന നിരതരാവാം എന്ന് കരുതുന്നത്‌ ശരിയല്ല കാരണം നാളെ നിന്നെ സൃഷ്ടിച്ച നാഥന്റെ സവിധത്തിലെത്തുന്നത്‌ വരെയും കുഴപ്പങ്ങളും പീഢനങ്ങളും ഒരു തുടർക്കഥയായിരിക്കും. അതിനാൽ ക്ഷമ കൈകൊള്ളുകയും പതറാതെ മുന്നേറുകയും ചെയ്യുക. കഴിഞ്ഞ കാല മഹാന്മാരുടെ ജീവ ചരിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നതും അതല്ലേ. പക്ഷെ, അവർ ഈ തലമുറക്ക്‌ വേണ്ടി സഹിച്ച ത്യാഗത്തിന്റെയും പീഢനങ്ങളുടെയും കഥകൾ അയവിറക്കാനോ അതിൽ നിന്ന് പാഠമുൾകൊണ്ട്‌ നമ്മുടെ ജീവിതവും പ്രവർത്തനവും ചി ട്ടപ്പെടുത്താനോ നമുക്ക്‌ സമയമില്ല.

സ്വന്തം ജീവിതം സമൂഹത്തിനു വേണ്ടി ഉഴിഞ്ഞ്‌ വെച്ചവർ ഏറെയുണ്ട്‌ ഇന്നും. അവരുടെ പാതയിൽ മുള്ള്‌ വിതറാനാണ്‌ പലപ്പോഴും അഭിനവ ഹജ്ജാജുമാർ (ദുഷ്ടരായ ഭരണാധികാരികൾ ) ശ്രമിക്കുക. പീഢനങ്ങളേറെ അവർ സഹിക്കേണ്ടിയും വരുന്നു. പരിഹാസങ്ങളും .. അക്രമം കൊണ്ട്‌ നന്മയെ കുഴിച്ച്‌ മൂടാൻ ഒരിക്കലും കഴിയില്ല അത്‌ കൂടുതൽ ഊർജ്ജസ്വലതയോടെ തഴച്ച്‌ വളരുക തന്നെ ചെയ്യും.

നന്മയുടെ പക്ഷത്ത്‌ നിലകൊള്ളുന്നവരുടെ പാതയിൽ നിലകൊള്ളാനും എല്ലാ തിന്മക്കെതിരെയും നിലപാട്‌ കൈകൊള്ളാനും ആർജ്ജവമുള്ളവരും ക്ഷമയുളളവരുമായിരിക്കാൻ ജഗന്നിയന്താവ്‌ നമ്മെ തുണയ്ക്കട്ടെ.. എന്ന പ്രാർത്ഥനയോടെ

മൊഴിമുത്തുകൾ-32

ദുഷിച്ച നേതാക്കളെ എതിർക്കണം

മൊഴിമുത്ത്‌:

  • ''പിന്നീട്‌ നിങ്ങളിൽ ചില നേതാക്കളുണ്ടാകും, നിങ്ങളുടെ ആഹാര മാർഗങ്ങളെ അവർ കരസ്ഥമാക്കും. നിങ്ങളോട്‌ സംസാരിക്കുമ്പോൾ അവർ കളവ്‌ പറയും. അവർ പ്രവർത്തിക്കും, ആ പ്രവൃത്തിയെ അവർ ചീത്തയാക്കും. (‌ ആക്ഷേപകരമായ പ്രവൃത്തി അവർ ചെയ്യും). അവരുടെ കളവിനെ നിങ്ങൾ സത്യമാണെന്ന് സമ്മതിക്കുകയും അവരുടെ ചീത്ത പ്രവൃത്തികളെ നിങ്ങൾ നന്നാക്കി പറഞ്ഞ്‌ കൊടുക്കുകയും ചെയ്താലല്ലാതെ നിങ്ങളിൽ നിന്ന് ഒന്നും അവർ തൃപ്തിപ്പെടുകയില്ല. അപ്പോൾ അവർക്ക്‌ അവകാശപ്പെട്ടത്‌ നിങ്ങൾ കൊടുക്കുവിൻ. അവരത്‌ കൊണ്ട്‌ തൃപ്തിപ്പെട്ടാൽ അങ്ങിനെ. അല്ലെങ്കിൽ, (അതായത്‌ അതിരുവിട്ട്‌ പ്രവൃത്തിച്ചാൽ )എതിർക്കണം. അതിൽ കൊല്ലപ്പെട്ടവൻ ആരോ അവൻ രക്തസാക്ഷിയാണ്‌''
    ( ത്വബ്‌റാനി (റ) റിപ്പോർട്ട്‌ ചെയ്ത ഹദീസ്‌ ,അബീസലമ (റ) യിൽ നിന്ന് നിവേദനം )
കുറിപ്പ്‌ :

കൊച്ചു ഗ്രാമം /പ്രദേശം മുതൽ അന്തരാഷ്ട്ര തലം വരെയുള്ള നേതാക്കളുടെ സ്വഭാവമാണ്‌ ഈ ഹദീസിൽ വരച്ച്‌ കാട്ടുന്നത്‌. നീചമായ പ്രവർത്തനങ്ങളും കാപട്യങ്ങൾ നിറഞ്ഞ വാക്കുകളും സ്വാർത്ഥമായ ആഗ്രഹങ്ങളും ഉദ്ധേശ്യങ്ങളും വ്യക്തി താത്പര്യങ്ങളും തോന്ന്യാസങ്ങളുമെല്ലാം ജനങ്ങൾ ശരിവെക്കണം , സമ്മതിച്ച്‌ കൊടുക്കണം. എന്നാലല്ലാതെ അവർ തൃപ്തരാവുകയില്ല. ഏതെങ്കിലും കാര്യത്തിൽ നാം ഈ നേതാക്കളോട്‌ മുഖം കറുപ്പിച്ചാൽ പിന്നെ തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച പരമാവധി ദ്രോഹിക്കുകയും നമ്മുടെ ജീവിത മാർഗങ്ങളെ വരെ തടയുകയും ..സമാധാന ജീവിതം നയിക്കാൻ കഴിയാത്ത രൂപത്തിലാക്കി തീർക്കുകയും ചെയ്യും. ഇതിനു എത്രയോ ഉദാഹരണങ്ങൾ നമുക്ക്‌ എല്ലാ തുറകളിലും കാണാൻ സാധിക്കും. കേവലം ഒരു പഞ്ചായത്ത്‌ മെമ്പറുടെ നേരെ നിന്ന് നിങ്ങൾ ചെയ്യുന്നത്‌ നീതികേടാണെന്ന് വിളിച്ച്‌ പറയാൻ നമുക്കിന്ന് ഭയമാണ്‌ . അങ്ങിനെ ചെയ്ത്‌ കഴിഞ്ഞാൽ നളെ നമ്മുടെ വീട്ടിൽ അക്രമം അഴിച്ച്‌ വിടാൻവരെ ഇവർ തയ്യാറാകും. നമ്മെ ഒറ്റപ്പെടുത്താനല്ലാതെ കൂടെ നിൽക്കാൻ അധികമാരുമുണ്ടവുകയുമില്ല. എന്തിനു ഞാൻ അതിൽ ഇടപ്പെട്ട്‌ എന്റെ മനസമാധാനം ഇല്ലാതാക്കണം എന്ന ചിന്തയിൽ ആരും തിരിൻഞ്ഞു നോക്കുകയില്ല.

പക്ഷെ ഇത്തരക്കാരോട്‌ രാജിയാവുകയല്ല എതിർക്കുക തന്നെ വേണമെന്ന് നമ്മെ പഠിപ്പിക്കുന്നു ഇവിടെ. സാധുജനങ്ങളെ ഉപദ്രവിച്ചും ഉപയോഗിച്ചും നേതാവായി നടക്കുന്നവരെ പല്ലും നഖവുമുപയോഗിച്ച്‌ എതിർക്കേണ്ടതുണ്ട്‌. അങ്ങിനെയുള്ള ചെറുത്തു നിൽപ്പിൽ മരണപ്പെട്ടാൽ അവന്‌ രക്തസാക്ഷിയുടെ സ്ഥാനം ലഭിക്കുമെന്ന് ഈ ഹദീസ്‌ സാക്ഷ്യം വഹിക്കുന്നു.

എന്നാൽ ഇന്ന് കുട്ടിനേതാക്കളെ മുതൽ അന്തരാഷ്ട്ര തലത്തിലുള്ള നേതാക്കളെ വരെ അവർ എന്ത്‌ അനീതി പ്രവർത്തിച്ചാലും നീച കൃത്യങ്ങൾ ചെയ്താലും പച്ചക്കള്ളം പറഞ്ഞാലും അവർക്ക്‌ റാൻ മൂളി സന്തോഷിപ്പിച്ച്‌ നടക്കുന്നവരെയാണ്‌ നാം കാണുന്നത്‌.

ജനങ്ങളെ ദ്രോഹിക്കുന്ന നേതാക്കൾ ക്കും അവരെ സന്തോഷിപ്പിച്ച്‌ തൻകാര്യം നേടുന്നവർക്കും ഈ ഹദീസ്‌ ഒരു പാഠമാവട്ടെ..

കൂട്ടി വായിക്കാൻ

നമ്മുടെ നാട്‌ ഇപ്പോൾ ഇലക്ഷൻ ചൂടിലാണല്ലോ.. വലിയാ വാഗ്ദാനങ്ങളും തേനൂറുന്ന വാക്കുകളുമായി വരുന്ന നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നതിനെ പറ്റി അവരെ ഓർമ്മിപ്പിക്കേണ്ട സമയം. വാഗ്ദത്ത ലംഘനവും കാപട്യവും ഇന്നിന്റെ രാഷ്ടീയക്കാരന്റെ മുഖമുദ്രയായി മാറിയിരിക്കയാണ്‌. രാജ്യതാത്പര്യമോ ജനങ്ങളുടെ സുരക്ഷിതത്വമോ സമാധാന ജീവിതമോ ഇവർക്ക്‌ വിഷയമല്ല. രാജ്യം വെട്ടി മുറിച്ച്‌ വിറ്റിട്ടാണെങ്കിലും പോക്കറ്റ്‌ വീർപ്പിക്കുക എന്ന ലക്ഷ്യം മാത്രം. നിഷ്കളങ്കമായ സേവനം ചെയ്യുന്നവർ ഉണ്ടാവാം. എന്നാൽ അവർ വേദിയിലെത്താൻ അവസരം കിട്ടാതെ എന്നും കഴിയേണ്ട അവസ്ഥയാണുള്ളത്‌. മൂല്യങ്ങൾക്ക്‌ വേണ്ടി നിലകൊള്ളുന്നവർ ഒരു പാർട്ടിയിലും ഇല്ലാതായ അവസ്ഥയാണിപ്പോൾ. സാർത്ഥരായ നേതാക്കളെ ജനാധിപത്യ രീതിയിൽ എതിർക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരത്തിൽ വോട്ടാകുന്ന ആയുധം തേച്ച്‌ മിനുക്കി തയ്യാറാവുക. പ്രലോഭനങ്ങളിൽ വീഴാതെ ആയുധം ഉപയോഗിക്കുക. ..ആശംസകൾ

മൊഴിമുത്തുകള്‍-31

''അരാധനയില്‍ മിതത്വം''

മൊഴിമുത്ത്‌ :

  • ഒരിക്കല്‍ നബി(സ) വീട്ടില്‍ വന്നപ്പോള്‍ എന്റെ അടുത്ത്‌ ഒരു സ്ത്രീയുണ്ടായിരുന്നു. ഇതാരാണെന്ന് അവിടുന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ധാരാളം നിസ്കരിക്കുന്നവളെന്ന് പേരു കേട്ട സ്ത്രിയാണിവര്‍. അപ്പോള്‍ നബി(സ) പറഞ്ഞു. നിങ്ങള്‍ അങ്ങിനെ ചെയ്യരുത്‌ കഴിയുന്നത്‌ മാത്രം ചെയ്യുക. നിത്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ മടി കാണിക്കുന്നത്‌ വരെ അല്ലാഹു (നിങ്ങള്‍ക്ക്‌ പ്രതിഫലം തരുന്ന കാര്യത്തിലും ) മടി കാണിക്കുകയില്ല. പതിവായി ചെയ്തുവരുന്ന അമലുകള്‍ (ആരാധനാ കര്‍മ്മങ്ങള്‍ ) ആണ് അല്ലാഹുവിനു കൂടുതലിഷ്ടം.' ( ആയിശ (റ) യില്‍ നിന്ന് നിവേദനം ; ബുഖരി (റ) 3/31, മുസ്‌ ലിം (റ) 785 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

  • അമിതമായി ആരാധനയില്‍ മുഴുകുന്നവന്‍ നാശത്തിലാണെന്ന് നബി(സ) മൂന്ന് തവണ ആവര്‍ത്തിച്ച്‌ പറഞ്ഞു. ( ഇബ്‌നു മസ്‌ ഊദ്‌ (റ) നിവേദനം ,മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ 2670 ചെയ്ത ഹദീസ്‌ )


    നബി (സ) പറഞ്ഞു. മത നിയമങ്ങള്‍ ലളിതമാണ്. മത നിയമങ്ങള്‍ കഠിനതരമാക്കാന്‍ മുതിരുന്നവരെ അത്‌ പരാജിതനാക്കും. അതിനാല്‍ സുഗമമാര്‍ഗം സ്വീകരിക്കുക (മധ്യ നിലപാടെടുക്കുക) അതില്‍ സന്തുഷ്ടരാവുക. പ്രഭാതത്തിലും പ്രദോഷത്തിലും രാത്രിയില്‍ അല്‍പസമയവും ആരാധനകളിലൂടെ അല്ലാഹുവിനോട്‌ സഹായമര്‍ത്ഥിക്കുക. ( അബൂ ഹു റൈ റ (റ) നിവേദനം ചെയ്ത, ബുഖാരി (റ) 3/30. മുസ്‌ ലിം (റ) 784 ആയി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

കുറിപ്പ്‌ :

മതപരമായ നിയമങ്ങളും ആചാര അനുഷ്ടാനങ്ങളുമെല്ലാം മനുഷ്യന്റെ ജിവിത യാത്രയെ സുഗമമാക്കാനാണു സഹായിക്കേണ്ടത്‌ അപ്രകാരമാണത്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതും എന്നാല്‍ ചിലര്‍ അതിനെ അനാവശ്യമായി കഠിനമാക്കുന്നു. ശാരിരികമായ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉപേക്ഷിക്കുകയും (സമൂഹത്തിനോ കുടുംബത്തിനോ ഉപകാരമില്ലാത്ത വിധം ) ചെയ്യുന്നു. ഇതിന്റെ ആവശ്യമില്ലെന്നും .ആരാധന കാര്യങ്ങളില്‍ മിതത്വം ആണു നല്ലതെന്നും ദിനേന ക്രമമായി മുടങ്ങാതെ ,മടി കൂടാതെ ചെയ്യുന്ന അമലുകളാണു സ്രഷ്ടാവ്‌ ഇഷ്ടപ്പെടുന്നതെന്നും ഹദീസ്‌ വ്യക്തമാക്കുന്നു. ഉറക്കം നഷ്ടപ്പെടുത്തിയും കുടുംബ കാര്യങ്ങള്‍ ഉപേക്ഷിച്ചുമെല്ലാം ആരാധനകളില്‍ മുഴുകുന്നതിനെ പ്രവാചകര്‍ നിശിതമായി ചൊദ്യം ചെയ്തത്‌ മറ്റു ഹദീസുകളിലും വിവരിക്കപ്പെട്ടിട്ടുണ്ട്‌. നബി(സ) അല്ലാഹുവിനോടെ ഏറ്റവും അടുത്ത ആളായിട്ടും നബി നോമ്പ്‌ അനുഷ്ടിക്കുകയും , മുറിക്കുകയും , നിസ്കര്‍ക്കുകയും , ഉറങ്ങുകയും , വൈവാഹിക ജീവിതം നയിക്കുകയും ചെയ്ത്‌ സാധാരണ മനുഷ്യന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പഠിപ്പിക്കുക ചെയ്തിട്ടുണ്ട്‌. അതില്‍ നിന്ന് വിഭിന്നമായി നാടും വീടും ഉപേക്ഷിച്ച്‌ മക്കളെയും ഭാര്യയെയും സംരക്ഷിക്കാതെ അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കതെ ചിലര്‍ ഇ സ്ലാമിക പ്രബോധനം ,ദ അ വത്ത്‌ എന്നൊക്കെ പറഞ്ഞ്‌ ഊരു ചുറ്റുന്നത്‌ കാണാം. സ്വന്തം നാശം ക്ഷണിച്ച്‌ വരുത്തുന്നതിനൊപ്പം ഇക്കൂട്ടര്‍ പല വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും അറിയാതെ നയിക്കപ്പെടുന്നതായും കേള്‍ ക്കുന്നു. കാരണം ഇത്തരം സംഘങ്ങളെ നയിക്കുന്നവര്‍ പണ്ഡിതന്മാരോ മറ്റു ഇസ്‌ ലാമിക സംഘടനകളോ ആയിരിക്കില്ല എന്നത്‌ തന്നെ. ഭൗതിക ലോകത്ത്‌ മനുഷ്യന്‍ എത്ര പുരോഗമിച്ചാലും അവന്റെ ഉള്ളിന്റെ ഉള്ളില്‍ സമാധാനത്തിനും ശാന്തിക്കും ആത്മീയതയ്ക്കുമുള്ള ദാഹം അങ്കുരിക്കുക തന്നെ ചെയ്യും. അല്ലാത്തവര്‍ വിരളം. അങ്ങിനെ ആത്മാവിന്റെ ദാഹമകറ്റാന്‍ അത്താണിയന്വാഷിക്കുന്നവരും , അജ്ഞത കൊണ്ട്‌ അറിവിന്റെ മേഖലകളില്‍ നിന്ന് അകന്ന് നിന്നവരും എല്ലാം ഇത്തരം തട്ടിക്കൂട്ട്‌ സംഘങ്ങളുടെ ചില പൊടിക്കൈകളില്‍ പെട്ട്‌ പോകുന്നു. കേരളത്തില്‍ തന്നെ ഇത്തരം സംഘങ്ങള്‍ ഇസ്ലാമിന്റെ പേരിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. അവക്കൊന്നും തന്നെ ഇസ്ലാമിക പണ്ഡിത സംഘടനയുടെയോ മറ്റോ അംഗീകരമില്ലെന്നും മറിച്ച്‌ കാലാ കാലങ്ങളില്‍ അത്തരം തട്ടിപ്പുകളെ കുറിച്ച്‌ പൊതു ജനങ്ങള്‍ക്ക്‌ മുന്ന റിയിപ്പ്‌ നല്‍കുന്നു എന്നതാണു വസ്തുത.

ആരാധനകള്‍ ചെയ്യേണ്ടതില്ലെന്നോ , എപ്പോഴെങ്കിലും സൗകര്യത്തിനു ചെയ്താല്‍ മതിയെന്നോ , നമ്മുടെ സൗകര്യത്തിനു നിയമങ്ങള്‍ മാറ്റി മറിക്കമെന്നോ, സ്വാതികമായ ആത്മീയത പാടില്ലെന്നോ അല്ല ഇവിടെ വായിക്കപ്പെടേണ്ടത്‌. സാധാരണക്കാരായ ആളുകള്‍ സ്വന്തം ജീവിതത്തില്‍ നിന്ന് ഒളിച്ചോട്ടം നടത്തികൊണ്ടുള്ള ആരാധനകളില്‍ മുഴുകേണ്ടതില്ലെന്നും ചെയ്യുന്ന കര്‍മ്മങ്ങള്‍ മുടങ്ങാതെ ,അത്മാര്‍ത്ഥമായി മടി കൂടാതെ ചെയ്യുന്നതിലാണു പുണ്യം എന്നതാണിവിടെ രത്നചുരുക്കം. ജീവിതം മുഴുവന്‍ സ്രഷ്ടാവിന്റെ സ്മരണയില്‍ ജീവിച്ച്‌ തീര്‍ത്ത , തന്റെ സാന്നിദ്ധ്യം ഒന്ന് കൊണ്ട്‌ മാത്രം സമൂഹത്തിനും സഹയാത്രികര്‍ക്കും വെളിച്ചം പകര്‍ന്ന വഴിവിളക്കുകളായ മാഹാ രഥന്മാര്‍ ..അവരെ നമുക്ക്‌ സ്മരിക്കാം.

***എല്ലാവര്‍ക്കും റിപ്പബ്ലിക്‌ ദിനാശംസകള്‍***

‍മൊഴിമുത്തുകള്‍-30

ഉത്തമ പുരുഷന്‍

മൊഴിമുത്ത്‌:

‍"തന്റെ ഭാര്യയ്ക്ക്‌ ഗുണവാനായി നിലകൊള്ളുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍. ഞാന്‍ എന്റെ ഭാര്യയ്ക്ക്‌ ഗുണം ചെയ്യുന്ന ഉത്തമനാണ്. മാന്യന്‍ മാത്രമേ സ്ത്രീകളെ മാനിക്കുകയുള്ളൂ. നിന്ദ്യന്‍ മാത്രമേ സ്ത്രീകളെ നിന്ദിക്കുകയുള്ളൂ"
( അലി(റ) വില്‍ നിന്ന് നിവേദനം ; ഇബ്നു അസ്‌ കര്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

വിവരണം :


നാം നമ്മുടെ ഇണയുമായി(ഭാര്യയുമായി ) സന്തോഷത്തോടെ കഴിയണം. അവരെ സന്തോഷിപ്പിച്ച്‌ അവരുടെ പ്രേമവും സ്നേഹവും കരസ്ഥമാക്കണം. നബി(സ) അങ്ങിനെ ചെയ്യുന്നവരും അത്‌ മാന്യരും ഉത്തമരുമായ പുരുഷന്മാരും അങ്ങിനെ ചെയ്യുന്നവരുമാണെന്നും പറഞ്ഞിരിക്കുന്നു. അതിനാല്‍ ഇത്‌ ഒരു മഹല്‍ ഗുണവും ആവശ്യവുമാണ്. സ്ത്രീകളെ മാനിക്കുന്നത്‌ മാന്യതയും നിന്ദിക്കുന്നത്‌ മാനയ്തക്ക്‌ നിരക്കാത്തതുമാണെന്ന് മേല്‍ ഹദീസ്‌ വ്യക്തമാക്കുന്നു.

കുറിപ്പ്‌ :

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവരാണെന്നും. ഇണകള്‍ പരസ്പരം വസ്ത്രങ്ങളെന്ന പോലെ ചൂടും തണുപ്പുമേകി സ്നേഹവും സ്വാന്തനവും നല്‍കി ജീവിക്കേണ്ടവരാണെന്നും മഹത്‌ വചനങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പരസ്പരം ബഹുമാനത്തോടെയും വിശ്വസ്തതയോടെയും കഴിയേണ്ടത്‌ ദാമ്പത്യജീവിത വിജയത്തിനു അത്യന്താപേക്ഷിതമാണ്. താന്‍ പോരിമയും അഹന്തയും രണ്ട്‌ പേര്‍ക്കും നന്നല്ല. ഭാര്യയെ മാനിച്ചാല്‍, അവള്‍ക്ക്‌ സ്നേഹം നല്‍കിയാല്‍ തന്റെ അഭിമാനത്തിനു കുറവാണെന്ന് കരുതുന്ന വിവരക്കേടിന്റെ വിവരമുള്ളവര്‍ നിരവധിയാണ്. അവര്‍ സ്വന്തം ജീവിതം നിരര്‍ത്ഥകമാക്കുന്നതില്‍ വലിയ പങ്ക്‌ വഹിക്കുന്നു. സാധാരണ നിലക്ക്‌ തന്റെ ഭര്‍ത്താവില്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണനയും സ്നേഹവു ലഭിക്കുന്ന സ്ത്രീകള്‍ മറ്റ്‌ വഴിയില്‍ സഞ്ചരിക്കുന്നതിനെ സ്വപ്നേ പോലും ചിന്തിക്കുകയില്ല. സഹനവും ക്ഷമയും വാത്സല്യവും കാരുണ്യവുമെല്ലാം കനിഞ്ഞ്‌ നല്‍കിയിട്ടുള്ളത്‌ സ്ത്രീകള്‍ക്കാണെങ്കിലും തനിക്ക്‌ എപ്പോഴും താങ്ങും തണലുമാവേണ്ട തന്റെ തുണയില്‍ നിന്ന് സ്നേഹപൂര്‍വ്വമുള്ള ഒരു വാക്കോ നോക്കോ കിട്ടാതെയാവുമ്പോള്‍ ചുരുക്കം ചിലരെങ്കിലും വഴിവിട്ട ജീവിതത്തിലേക്കും പരുഷമായ പെരുമാറ്റങ്ങളിലേക്കും തിരിയുന്നതില്‍ അത്ഭുതപ്പെടാനില്ല.

പലപ്പോഴും സൂചിപ്പിച്ചിട്ടുള്ള ഒരു കാര്യം കൂടി. പലരും വീടിനു പുറത്ത്‌ വളരെ മാന്യരായിരിക്കും അന്യരോടും (അന്യ സ്ത്രീകളോടും ! ) മറ്റു സുഹൃത്തുക്കളോടുമെല്ലാം വളരെ നല്ല പെരുമാറ്റം. അവര്‍ക്കിടയില്‍ തമാശക്കാരന്‍, സത്ഗുണ സമ്പന്നന്‍. നിര്‍ഭാഗ്യവശാല്‍ വീട്ടുപടിക്കല്‍ എത്തുന്നതോടെ ആട്ടിന്‍കുട്ടിയുടെ മുഖംമൂടി മാറ്റി ചെന്നായുടെ ശൗര്യം എടുത്തണിയുന്നു. മക്കളോടും ഭാര്യയോടും കടിച്ചു കീറാന്‍ നില്‍ക്കുന്ന സിംഹമായി മാറുന്നു. അതാണു പുരുഷത്വം എന്ന വിവരക്കേട്‌ തലയില്‍ കയറ്റിവെച്ച ഈ വിഭാഗം ഏറെയുണ്ട്‌ നമുക്കിടയില്‍!. അവര്‍ മാറേണ്ടിയിരിക്കുന്നു. ഒരു വിരോധാഭാസം എന്തെന്നാല്‍, മുകളില്‍ വിവരിച്ച മഹത്‌വചനങ്ങള്‍ ജനങ്ങളോടെ ഉപദേശിച്ച്‌ കൊടുക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നതാണ് .

ഒരു സമൂഹത്തിന്റെ പുരോഗതി
നല്ല സമൂഹസൃഷ്ടിക്ക്‌ വേണ്ട നല്ല കുടുംബങ്ങളിലൂടെയാണല്ലോ അതിനു നല്ല വ്യക്തികള്‍ ഉത്തമ സ്ത്രീയും ഉത്തമ പുരുഷനും ഉണ്ടാവേണ്ടിയിരിക്കുന്നു. പരസ്പരം സ്നേഹിക്കുകയും മാനിക്കുകയും തങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റുകയും ചെയ്യുന്നവരായി കഴിയാന്‍ ജഗന്നിയന്താവ്‌ നമുക്കേവര്‍ക്കും അനുഗ്രഹം ചൊരിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ