മൊഴിമുത്തുകള്‍-29

ഉത്തമ സ്ത്രീ
മൊഴിമുത്ത്‌:

  • ''തന്റെ ഗോപ്യസ്ഥാനത്തെ ശ്രദ്ധയോടെ സൂക്ഷിക്കുന്ന പാതിവ്രത്യമുള്ളവളും തന്റെ ഭര്‍ത്താവിനെ കൂടുതല്‍ പ്രേമിക്കുന്നവളുമായ സ്ത്രീയാണ് നിങ്ങളില്‍ ഉത്തമ സ്ത്രീ''
    ( അനസ്‌ (റ) ല്‍ നിന്ന് നിവേദനം , ദ്ദാഇമി (റ) റിപ്പോര്‍ട്ട്‌ ചെയ്ത്‌ ഹദീസ്‌ )

വിവരണം:

അന്യ പുരുഷന്മാരെ കുറിച്ച്‌ യാതൊരു (അരുതാത്ത) ചിന്തയും കൂടാതെ തന്റെ ഭര്‍ത്താവിന്നുമാത്രം തന്റെ ഗോപ്യസ്ഥാനം / ശരീരം ഉപയോഗപ്പെടുത്തി ജീവിതം നയിക്കുന്ന സ്തീകള്‍ക്കാണ് 'പതിവ്രത' എന്ന് പറയുന്നത്‌. അന്യ പുരുഷനെ ആഗ്രഹിക്കാതെ തന്റെ ഭര്‍ത്താവിനെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നവള്‍ക്ക്‌ 'ഗലിമത്‌' എന്ന് പറയുന്നു. പതിവ്രതയായ, ഭര്‍ത്താവിനെ കൂടുതല്‍ സ്നേഹിക്കുന്ന (ഗലിമത്‌ ) വളുമായ സ്ത്രീകളാണ് ഏറ്റവും ഉത്തമയായത്‌.

കുറിപ്പ്‌:

അല്ലാഹു സ്ത്രീകള്‍ക്ക്‌ പ്രത്യേകമായി കനിഞ്ഞരുളിയ ഗുണങ്ങളില്‍ പെട്ട ഒന്നാണ് ലജ്ജയും വാത്സല്യവും. പരസ്പരമുള്ള കരുണയെന്ന വികാരവും, പരസ്പര സ്നേഹവും സാഹോദര്യവും എന്ന മഹത്തായ വികാരവുമെല്ലാം ഭൂമുഖത്ത്‌ നിന്ന് അല്‍പാല്‍പമായി ഉയര്‍ത്തപ്പെടുന്ന അവസാനകാലഘട്ടത്തില്‍ ലജ്ജയും വാത്സല്യവും കൂടി നഷ്ടമാവുകയാണോ എന്ന് സന്ദേഹിക്കേണ്ട അവസ്ഥയിലാണു ആധുനിക മഹിളകളുടെ ജീവിത ശൈലിയും അഴിഞ്ഞാട്ടങ്ങളുമെല്ലാം സൂചിപ്പിക്കുന്നത്‌. തന്റെ സുഖത്തിനു വേണ്ടി സ്വന്തം മക്കളെ വലിച്ചെറിയാനും വേണ്ടി വന്നാല്‍ കൊലപ്പെടുത്താനും വരെ അമ്മമാര്‍ (?) മടിക്കാത്ത കാലത്ത്‌ വാത്സല്യം വെറും കാമ വികാരങ്ങള്‍ക്ക്‌ വഴിമാറുകയല്ലേ ചെയ്യുന്നത്‌ ! അത്‌ പോലെ തന്നെ വിശ്വാസ വഞ്ചന ചെയ്യുന്ന സ്തീകളുടെ എണ്ണവും സമൂഹത്തില്‍ പെരുകി കൊണ്ടിരിക്കുന്നു. (പുരുഷന്മാരുടെ കാര്യം പണ്ടേ തഥൈവ !) സ്തീകള്‍ ഇങ്ങിനെ വഴി പിഴച്ച്‌ പോകാന്‍ കാരണക്കാര്‍ അവരുടെ രക്ഷകരാവേണ്ട പുരുഷന്മാര്‍ കൂടിയാണെന്ന വസ്ഥുത വിസ്മരിക്കാനാവില്ല. എങ്കിലും ഏത്‌ പരിതസ്ഥിതിയിലും തന്റെ പാതിവ്രത്യം സൂക്ഷികുന്ന, തന്റെ ഭര്‍ത്താവിനെയും മക്കളെയും അതിരറ്റ്‌ സ്നേഹിക്കുന്ന അതില്‍ ജീവിതത്തിന്റെ എല്ലാ സന്തോഷവും സായൂജ്യവും കണ്ടെത്തുന്ന ഉത്തമകളായ സ്തീകള്‍ ഏറെയാണ്.


സഹചര്യങ്ങള്‍ മനുഷ്യനെ തെറ്റിലേക്ക്‌ നയിക്കാന്‍ ഇടവരുത്തുന്നു. തിന്മകള്‍‍ ലഘൂകരിക്കപ്പെടുകയും ഒരുവേള മഹത്വവത്‌കരിക്കപ്പെടുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍ ശരിയായ പാതകളില്‍ ചരിക്കുന്നതിനേക്കാള്‍ എളുപ്പവും സൗകര്യവും തെറ്റില്‍ മുഴുകി സുഖിക്കുന്നതിനാണെന്ന ധാരണ സ്തീയെയും പുരുഷനെയും ഒരു പോലെ പിടികൂടിയിരിക്കുകയയാണ്. അതിരുകളില്ലാത്ത സൗഹൃദങ്ങള്‍ പലപ്പോഴും അരുതായ്മകളുടെ ബന്ധങ്ങളിലേക്ക്‌ നയിക്കുകയും അത്‌വഴി കുടുംബ ബന്ധങ്ങളും സ്വജിവനും വരെ ബലികഴിക്കപ്പെടുന്ന സംഭവങ്ങള്‍ നമുക്ക്‌ മുന്നില്‍ ദിനേനയെന്നോണം കേള്‍ക്കുമ്പോഴും കാണുമ്പോഴും പക്ഷെ പാഠമുള്‍കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണു ദുഖ കരം. സാധാരണ ജീവിതത്തിന്റെ താളപ്പിഴകളില്‍ വലിയ ഒരു പങ്കാണ" ഇന്ന് ദ്ര്യശ്യമാധ്യമങ്ങള്‍ വഹിച്ച്‌ കൊണ്ടിരിക്കുന്നത്‌. അവിഹിത ബന്ധങ്ങളുടെ ഹരം പിടിപ്പിക്കുന്ന കെട്ടുകഥകളും , നഗ്‌നത വിറ്റു കാശാക്കുന്ന പരിപാടികളും , ബന്ധങ്ങളുടെ മാന്യതക്ക്‌ കടക്കല്‍ കത്തി വെക്കുന്ന റിയാലിറ്റി ഷോകളും മറ്റും മറ്റുമായി ഒരു ജനതയെ, അവരുടേ ക്രിയാത്മകതയെ മയക്കിക്കിടത്തി ജീവിതം എന്നാല്‍ ഏത്‌ വിധേനയും സുഖിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്ന വികലമായ ചിന്തകളിലേക്ക്‌ നയിക്കുന്ന വിഡ്ഢിപ്പെട്ടികള്‍ കേരളീയ ജീവിതത്തില്‍, നമ്മുടെ പവിത്രായ കരുതിയിരുന്ന ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീഴ്‌ത്തിയിരിക്കുന്നു. !

മുന്‍ കാലങ്ങളില്‍ ഒരു സ്ത്രീ ഏറ്റവും വിലമതിക്കപ്പെട്ടതായി കാത്തു സൂക്ഷിച്ചിരുന്ന പാതിവ്രത്യം ഇന്ന് അപരനെ അപമാനിക്കാനുള്ള ഒരു ആയുധമായി പോലും ഉപയോഗിക്കാന്‍ ലജ്ജയില്ലാത്ത സ്ത്രീകള്‍ കൂടികൊണ്ടിരിക്കുന്നു. വിവാഹതേര ബന്ധവും, വിവാഹപൂര്‍വ്വ ബന്ദങ്ങളുമെല്ലാം ഒരു ആവശ്യമെന്ന നിലക്ക്‌ ചാനല്‍ ചര്‍ച്ചകള്‍ നടത്താന്‍ വരെ നാണമില്ലാത്ത ഒരു വിഭാഗം നമുക്കിടയില്‍ തന്നെയുണ്ടല്ലോ. അപ്പോള്‍ പിന്നെ പാതിവ്രത്യം എന്നത്‌ സ്ത്രീക്കോ പുരുഷനോ ഒരു കടങ്കഥ പോലെ തോന്നുന്നതില്‍ അത്ഭുതമില്ല. വഴിവിട്ട ബന്ധങ്ങളാവാം പക്ഷെ സുരക്ഷ നോക്കിയാല്‍ മതിയെന്ന് മാത്രം. അതാണല്ലോ ആധുനികര്‍ നല്‍കുന്ന ഉപദേശം


പരസ്‌പര വിശ്വാസങ്ങളില്‍ വിള്ളലുകള്‍ വീഴതെ, പരസ്പരം വിശ്വാസ വഞ്ചന കാട്ടാതെ, പവിത്രമായ ആത്മബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാനും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ദൈവീക അനുഗ്രഹം നില നിര്‍ത്താനും എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കഴിയട്ടെ. അതിലൂടെ പരസ്പര വിശ്വാസവും സ്നേഹവും സൗഹാര്‍ദ്ദവുമുള്ള ഒരു കുടുംബവും ആ കുടുംബങ്ങളുടെ സമൂഹവും പിറക്കട്ടെ.

മൊഴിമുത്തുകള്‍-28

കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും അറിയുന്നില്ല

മൊഴിമുത്ത്‌:

  • റസൂല്‍ (സ) തങ്ങള്‍ പറഞ്ഞു : "ഒരു കാലം വരാനിരിക്കുന്നു . അന്ന് അക്രമം വ്യാപകമാവും. കൊല്ലപ്പെടുന്നവര്‍ അറിയുകയില്ല ഞങ്ങളെ എന്തിനാണു കൊന്നതെന്ന് ! കൊല്ലുന്നവനറിയില്ല ,തങ്ങള്‍ എന്തിനാണു കൊല്ലുന്നതെന്ന് !" ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

കുറിപ്പ്‌:

പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ മണ്ണില്‍ നമ്മുടെ നെഞ്ചില്‍ ഭീകര താണ്ഡവമാടിയ അക്രമികള്‍ അവര്‍ ആരായാലും എന്തിനു വേണ്ടി(?)യായാലും എന്തിന്റെ (?)പേരിലായാലും രക്ത രൂക്ഷിതമായ രാപകലുകള്‍ തീര്‍ത്തതിന്റെ ഞെട്ടലില്‍ നിന്ന് മോചിതമാവാത്ത ഇന്നിന്റെ അവസ്ഥയില്‍ മേല്‍ വിവരിക്കപ്പെട്ട ഹദീസ്‌ (തിരു വചനം )അക്ഷരാര്‍ത്ഥത്തില്‍ പുലരുന്നതിന്റെ കാഴ്ചകളുടെ സമയത്ത്‌ ഇനിയൊരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന അക്രമങ്ങളില്‍ , ഭരണകൂട ഭീകരതയില്‍ , രാജ്യങ്ങള്‍ ആക്രമിച്ച്‌ കീഴടക്കുന്നതില്‍ എല്ലാം എല്ലാം കൊല്ലപ്പെടുന്ന നിരപരാധികള്‍. അവര്‍ എന്ത്‌ തെറ്റാണീ അക്രമികളോട്‌ ചെയ്തത്‌ ? അറിയില്ല !. ഈ അക്രമങ്ങള്‍ കൊണ്ട്‌ അക്രമം നടത്തുന്നവര്‍ എന്ത്‌ നേടി ? അറിയില്ല ! ഈ അക്രമികള്‍ക്ക്‌ നമ്മുടെ ഭൗതികമായ സംവിധാനങ്ങളുപയോഗിച്ച്‌ എത്ര കഠിന ശിക്ഷ നല്‍കാനാവും ? മറ്റുള്ളവര്‍ക്ക്‌ കൂടി പാഠമാവുന്ന വിധത്തില്‍ ഏത്‌ തരത്തില്‍ ശിക്ഷിച്ചാലും ഒരിക്കല്‍ മരണപ്പെടും .അതോടെ നമ്മുടെ പ്രതികാര നടപടികളും നിലക്കും. ഒരാളെ കൊന്നാലും ആയിരക്കണക്കിനു ആളുകളെ കൊന്നു തള്ളിയാലും പരമാവധി ശിക്ഷ മരണം. അവിടെയാണു വിശ്വാസത്തിന്റെ പ്രസക്തി. അവിടെയാണു ഈ ഹദീസ്‌ പ്രസക്തമാവുന്നത്‌.

  • "അവസാന നാളില്‍ ബാധ്യതകള്‍ അതിന്റെ അവകാശികള്‍ക്ക്‌ തിരിച്ചേല്‍പ്പിക്കും. കൊമ്പില്ലാത്ത ആടിനു പോലും കൊമ്പുണ്ടായിരുന്ന ആടിനോട്‌ (കൊമ്പില്ലാത്ത ആടിനെ ഉപദ്രവിച്ചതിനാല്‍ ) പ്രതികാരം ചോദിക്കാന്‍ അന്ന് സാധിക്കും"
    ( അബൂ ഹുറൈറ (റ) നിവേദനം ചെയ്ത, മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

ഒരാളും ഈ വിചാരണയില്‍ നിന്ന്, വിധിയില്‍ നിന്ന് രാഷ്ട്രിയ സ്വാധീനമോ ശിപാര്‍ശയോ ഉപയോഗിച്ച്‌ രക്ഷപ്പെടാനാവില്ലെന്ന് ഈ ഖുര്‍ആന്‍ വചനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

  • 'അക്രമികള്‍ക്ക്‌ അത്മമിത്രമോ ശിപാര്‍ശ സ്വീകരിക്കുന്നവനോ ഇല്ല'
    (ഖുര്‍ആന്‍ 40:18)

എല്ലാ വിധ അക്രമങ്ങളില്‍ നിന്നും അക്രമികളില്‍ നിന്നും നമ്മെ ജഗന്നിയന്താവായ അല്ലാഹു കാത്തു രക്ഷിക്കട്ടെ.. നാം ജീവിക്കുന്നത്‌ അക്രമങ്ങളുടെ അന്ത്യനാളുകളിലാണെന്ന ബോധത്തൊടെ നന്മയെ പ്രോത്സാഹിപ്പിക്കാനു തിന്മയെ ചെറുക്കാനുമുള്ള മാനസിക സ്ഥൈര്യത്തിനുള്ള പ്രാര്‍ത്ഥനയോടെ, നമ്മുടെ നാട്ടില്‍ നടക്കുന്ന അസ്വസ്ഥതകളില്‍ വിങ്ങുന്ന ഹൃദയത്തോടെ ..
എന്നീ മൊഴിമുത്തുകളും ഇതിനൊപ്പം കൂട്ടി വായിക്കു‌ക