മൊഴിമുത്തുകള്‍-29

ഉത്തമ സ്ത്രീ
മൊഴിമുത്ത്‌:

  • ''തന്റെ ഗോപ്യസ്ഥാനത്തെ ശ്രദ്ധയോടെ സൂക്ഷിക്കുന്ന പാതിവ്രത്യമുള്ളവളും തന്റെ ഭര്‍ത്താവിനെ കൂടുതല്‍ പ്രേമിക്കുന്നവളുമായ സ്ത്രീയാണ് നിങ്ങളില്‍ ഉത്തമ സ്ത്രീ''
    ( അനസ്‌ (റ) ല്‍ നിന്ന് നിവേദനം , ദ്ദാഇമി (റ) റിപ്പോര്‍ട്ട്‌ ചെയ്ത്‌ ഹദീസ്‌ )

വിവരണം:

അന്യ പുരുഷന്മാരെ കുറിച്ച്‌ യാതൊരു (അരുതാത്ത) ചിന്തയും കൂടാതെ തന്റെ ഭര്‍ത്താവിന്നുമാത്രം തന്റെ ഗോപ്യസ്ഥാനം / ശരീരം ഉപയോഗപ്പെടുത്തി ജീവിതം നയിക്കുന്ന സ്തീകള്‍ക്കാണ് 'പതിവ്രത' എന്ന് പറയുന്നത്‌. അന്യ പുരുഷനെ ആഗ്രഹിക്കാതെ തന്റെ ഭര്‍ത്താവിനെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നവള്‍ക്ക്‌ 'ഗലിമത്‌' എന്ന് പറയുന്നു. പതിവ്രതയായ, ഭര്‍ത്താവിനെ കൂടുതല്‍ സ്നേഹിക്കുന്ന (ഗലിമത്‌ ) വളുമായ സ്ത്രീകളാണ് ഏറ്റവും ഉത്തമയായത്‌.

കുറിപ്പ്‌:

അല്ലാഹു സ്ത്രീകള്‍ക്ക്‌ പ്രത്യേകമായി കനിഞ്ഞരുളിയ ഗുണങ്ങളില്‍ പെട്ട ഒന്നാണ് ലജ്ജയും വാത്സല്യവും. പരസ്പരമുള്ള കരുണയെന്ന വികാരവും, പരസ്പര സ്നേഹവും സാഹോദര്യവും എന്ന മഹത്തായ വികാരവുമെല്ലാം ഭൂമുഖത്ത്‌ നിന്ന് അല്‍പാല്‍പമായി ഉയര്‍ത്തപ്പെടുന്ന അവസാനകാലഘട്ടത്തില്‍ ലജ്ജയും വാത്സല്യവും കൂടി നഷ്ടമാവുകയാണോ എന്ന് സന്ദേഹിക്കേണ്ട അവസ്ഥയിലാണു ആധുനിക മഹിളകളുടെ ജീവിത ശൈലിയും അഴിഞ്ഞാട്ടങ്ങളുമെല്ലാം സൂചിപ്പിക്കുന്നത്‌. തന്റെ സുഖത്തിനു വേണ്ടി സ്വന്തം മക്കളെ വലിച്ചെറിയാനും വേണ്ടി വന്നാല്‍ കൊലപ്പെടുത്താനും വരെ അമ്മമാര്‍ (?) മടിക്കാത്ത കാലത്ത്‌ വാത്സല്യം വെറും കാമ വികാരങ്ങള്‍ക്ക്‌ വഴിമാറുകയല്ലേ ചെയ്യുന്നത്‌ ! അത്‌ പോലെ തന്നെ വിശ്വാസ വഞ്ചന ചെയ്യുന്ന സ്തീകളുടെ എണ്ണവും സമൂഹത്തില്‍ പെരുകി കൊണ്ടിരിക്കുന്നു. (പുരുഷന്മാരുടെ കാര്യം പണ്ടേ തഥൈവ !) സ്തീകള്‍ ഇങ്ങിനെ വഴി പിഴച്ച്‌ പോകാന്‍ കാരണക്കാര്‍ അവരുടെ രക്ഷകരാവേണ്ട പുരുഷന്മാര്‍ കൂടിയാണെന്ന വസ്ഥുത വിസ്മരിക്കാനാവില്ല. എങ്കിലും ഏത്‌ പരിതസ്ഥിതിയിലും തന്റെ പാതിവ്രത്യം സൂക്ഷികുന്ന, തന്റെ ഭര്‍ത്താവിനെയും മക്കളെയും അതിരറ്റ്‌ സ്നേഹിക്കുന്ന അതില്‍ ജീവിതത്തിന്റെ എല്ലാ സന്തോഷവും സായൂജ്യവും കണ്ടെത്തുന്ന ഉത്തമകളായ സ്തീകള്‍ ഏറെയാണ്.


സഹചര്യങ്ങള്‍ മനുഷ്യനെ തെറ്റിലേക്ക്‌ നയിക്കാന്‍ ഇടവരുത്തുന്നു. തിന്മകള്‍‍ ലഘൂകരിക്കപ്പെടുകയും ഒരുവേള മഹത്വവത്‌കരിക്കപ്പെടുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍ ശരിയായ പാതകളില്‍ ചരിക്കുന്നതിനേക്കാള്‍ എളുപ്പവും സൗകര്യവും തെറ്റില്‍ മുഴുകി സുഖിക്കുന്നതിനാണെന്ന ധാരണ സ്തീയെയും പുരുഷനെയും ഒരു പോലെ പിടികൂടിയിരിക്കുകയയാണ്. അതിരുകളില്ലാത്ത സൗഹൃദങ്ങള്‍ പലപ്പോഴും അരുതായ്മകളുടെ ബന്ധങ്ങളിലേക്ക്‌ നയിക്കുകയും അത്‌വഴി കുടുംബ ബന്ധങ്ങളും സ്വജിവനും വരെ ബലികഴിക്കപ്പെടുന്ന സംഭവങ്ങള്‍ നമുക്ക്‌ മുന്നില്‍ ദിനേനയെന്നോണം കേള്‍ക്കുമ്പോഴും കാണുമ്പോഴും പക്ഷെ പാഠമുള്‍കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണു ദുഖ കരം. സാധാരണ ജീവിതത്തിന്റെ താളപ്പിഴകളില്‍ വലിയ ഒരു പങ്കാണ" ഇന്ന് ദ്ര്യശ്യമാധ്യമങ്ങള്‍ വഹിച്ച്‌ കൊണ്ടിരിക്കുന്നത്‌. അവിഹിത ബന്ധങ്ങളുടെ ഹരം പിടിപ്പിക്കുന്ന കെട്ടുകഥകളും , നഗ്‌നത വിറ്റു കാശാക്കുന്ന പരിപാടികളും , ബന്ധങ്ങളുടെ മാന്യതക്ക്‌ കടക്കല്‍ കത്തി വെക്കുന്ന റിയാലിറ്റി ഷോകളും മറ്റും മറ്റുമായി ഒരു ജനതയെ, അവരുടേ ക്രിയാത്മകതയെ മയക്കിക്കിടത്തി ജീവിതം എന്നാല്‍ ഏത്‌ വിധേനയും സുഖിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്ന വികലമായ ചിന്തകളിലേക്ക്‌ നയിക്കുന്ന വിഡ്ഢിപ്പെട്ടികള്‍ കേരളീയ ജീവിതത്തില്‍, നമ്മുടെ പവിത്രായ കരുതിയിരുന്ന ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീഴ്‌ത്തിയിരിക്കുന്നു. !

മുന്‍ കാലങ്ങളില്‍ ഒരു സ്ത്രീ ഏറ്റവും വിലമതിക്കപ്പെട്ടതായി കാത്തു സൂക്ഷിച്ചിരുന്ന പാതിവ്രത്യം ഇന്ന് അപരനെ അപമാനിക്കാനുള്ള ഒരു ആയുധമായി പോലും ഉപയോഗിക്കാന്‍ ലജ്ജയില്ലാത്ത സ്ത്രീകള്‍ കൂടികൊണ്ടിരിക്കുന്നു. വിവാഹതേര ബന്ധവും, വിവാഹപൂര്‍വ്വ ബന്ദങ്ങളുമെല്ലാം ഒരു ആവശ്യമെന്ന നിലക്ക്‌ ചാനല്‍ ചര്‍ച്ചകള്‍ നടത്താന്‍ വരെ നാണമില്ലാത്ത ഒരു വിഭാഗം നമുക്കിടയില്‍ തന്നെയുണ്ടല്ലോ. അപ്പോള്‍ പിന്നെ പാതിവ്രത്യം എന്നത്‌ സ്ത്രീക്കോ പുരുഷനോ ഒരു കടങ്കഥ പോലെ തോന്നുന്നതില്‍ അത്ഭുതമില്ല. വഴിവിട്ട ബന്ധങ്ങളാവാം പക്ഷെ സുരക്ഷ നോക്കിയാല്‍ മതിയെന്ന് മാത്രം. അതാണല്ലോ ആധുനികര്‍ നല്‍കുന്ന ഉപദേശം


പരസ്‌പര വിശ്വാസങ്ങളില്‍ വിള്ളലുകള്‍ വീഴതെ, പരസ്പരം വിശ്വാസ വഞ്ചന കാട്ടാതെ, പവിത്രമായ ആത്മബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാനും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ദൈവീക അനുഗ്രഹം നില നിര്‍ത്താനും എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കഴിയട്ടെ. അതിലൂടെ പരസ്പര വിശ്വാസവും സ്നേഹവും സൗഹാര്‍ദ്ദവുമുള്ള ഒരു കുടുംബവും ആ കുടുംബങ്ങളുടെ സമൂഹവും പിറക്കട്ടെ.

മൊഴിമുത്തുകള്‍-28

കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും അറിയുന്നില്ല

മൊഴിമുത്ത്‌:

  • റസൂല്‍ (സ) തങ്ങള്‍ പറഞ്ഞു : "ഒരു കാലം വരാനിരിക്കുന്നു . അന്ന് അക്രമം വ്യാപകമാവും. കൊല്ലപ്പെടുന്നവര്‍ അറിയുകയില്ല ഞങ്ങളെ എന്തിനാണു കൊന്നതെന്ന് ! കൊല്ലുന്നവനറിയില്ല ,തങ്ങള്‍ എന്തിനാണു കൊല്ലുന്നതെന്ന് !" ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

കുറിപ്പ്‌:

പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ മണ്ണില്‍ നമ്മുടെ നെഞ്ചില്‍ ഭീകര താണ്ഡവമാടിയ അക്രമികള്‍ അവര്‍ ആരായാലും എന്തിനു വേണ്ടി(?)യായാലും എന്തിന്റെ (?)പേരിലായാലും രക്ത രൂക്ഷിതമായ രാപകലുകള്‍ തീര്‍ത്തതിന്റെ ഞെട്ടലില്‍ നിന്ന് മോചിതമാവാത്ത ഇന്നിന്റെ അവസ്ഥയില്‍ മേല്‍ വിവരിക്കപ്പെട്ട ഹദീസ്‌ (തിരു വചനം )അക്ഷരാര്‍ത്ഥത്തില്‍ പുലരുന്നതിന്റെ കാഴ്ചകളുടെ സമയത്ത്‌ ഇനിയൊരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന അക്രമങ്ങളില്‍ , ഭരണകൂട ഭീകരതയില്‍ , രാജ്യങ്ങള്‍ ആക്രമിച്ച്‌ കീഴടക്കുന്നതില്‍ എല്ലാം എല്ലാം കൊല്ലപ്പെടുന്ന നിരപരാധികള്‍. അവര്‍ എന്ത്‌ തെറ്റാണീ അക്രമികളോട്‌ ചെയ്തത്‌ ? അറിയില്ല !. ഈ അക്രമങ്ങള്‍ കൊണ്ട്‌ അക്രമം നടത്തുന്നവര്‍ എന്ത്‌ നേടി ? അറിയില്ല ! ഈ അക്രമികള്‍ക്ക്‌ നമ്മുടെ ഭൗതികമായ സംവിധാനങ്ങളുപയോഗിച്ച്‌ എത്ര കഠിന ശിക്ഷ നല്‍കാനാവും ? മറ്റുള്ളവര്‍ക്ക്‌ കൂടി പാഠമാവുന്ന വിധത്തില്‍ ഏത്‌ തരത്തില്‍ ശിക്ഷിച്ചാലും ഒരിക്കല്‍ മരണപ്പെടും .അതോടെ നമ്മുടെ പ്രതികാര നടപടികളും നിലക്കും. ഒരാളെ കൊന്നാലും ആയിരക്കണക്കിനു ആളുകളെ കൊന്നു തള്ളിയാലും പരമാവധി ശിക്ഷ മരണം. അവിടെയാണു വിശ്വാസത്തിന്റെ പ്രസക്തി. അവിടെയാണു ഈ ഹദീസ്‌ പ്രസക്തമാവുന്നത്‌.

  • "അവസാന നാളില്‍ ബാധ്യതകള്‍ അതിന്റെ അവകാശികള്‍ക്ക്‌ തിരിച്ചേല്‍പ്പിക്കും. കൊമ്പില്ലാത്ത ആടിനു പോലും കൊമ്പുണ്ടായിരുന്ന ആടിനോട്‌ (കൊമ്പില്ലാത്ത ആടിനെ ഉപദ്രവിച്ചതിനാല്‍ ) പ്രതികാരം ചോദിക്കാന്‍ അന്ന് സാധിക്കും"
    ( അബൂ ഹുറൈറ (റ) നിവേദനം ചെയ്ത, മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

ഒരാളും ഈ വിചാരണയില്‍ നിന്ന്, വിധിയില്‍ നിന്ന് രാഷ്ട്രിയ സ്വാധീനമോ ശിപാര്‍ശയോ ഉപയോഗിച്ച്‌ രക്ഷപ്പെടാനാവില്ലെന്ന് ഈ ഖുര്‍ആന്‍ വചനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

  • 'അക്രമികള്‍ക്ക്‌ അത്മമിത്രമോ ശിപാര്‍ശ സ്വീകരിക്കുന്നവനോ ഇല്ല'
    (ഖുര്‍ആന്‍ 40:18)

എല്ലാ വിധ അക്രമങ്ങളില്‍ നിന്നും അക്രമികളില്‍ നിന്നും നമ്മെ ജഗന്നിയന്താവായ അല്ലാഹു കാത്തു രക്ഷിക്കട്ടെ.. നാം ജീവിക്കുന്നത്‌ അക്രമങ്ങളുടെ അന്ത്യനാളുകളിലാണെന്ന ബോധത്തൊടെ നന്മയെ പ്രോത്സാഹിപ്പിക്കാനു തിന്മയെ ചെറുക്കാനുമുള്ള മാനസിക സ്ഥൈര്യത്തിനുള്ള പ്രാര്‍ത്ഥനയോടെ, നമ്മുടെ നാട്ടില്‍ നടക്കുന്ന അസ്വസ്ഥതകളില്‍ വിങ്ങുന്ന ഹൃദയത്തോടെ ..
എന്നീ മൊഴിമുത്തുകളും ഇതിനൊപ്പം കൂട്ടി വായിക്കു‌ക

മൊഴിമുത്തുകള്‍-27

അക്രമിക്കപ്പെട്ടവനെയും അക്രമിയെയും സഹായിക്കുക

മൊഴിമുത്ത്‌:

  • ''അക്രമിക്കപ്പെട്ടവനായാലും അക്രമിയായാലും നിന്റെ സഹോദരനെ നീ സഹായിക്കുക. ചോദിക്കപ്പെട്ടു. 'എങ്ങിനെയാണ് ഞാന്‍ അക്രമിയെ സഹായിക്കുന്നത്‌ എന്ന് ? നബി (സ) പറഞ്ഞു : അക്രമിക്കുന്നതില്‍ നിന്നവനെ നീ തടയുകയും അക്രമിക്കാനുള്ള അവന്റെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുക ; എന്നാല്‍ തീര്‍ച്ചയായും അതവനെ സഹായിക്കലാണ് . ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം :


നാം ഓരോരുത്തരും അവരവര്‍ക്ക്‌ കഴിയാവുന്ന വിധത്തില്‍ മറ്റുള്ളവര്‍ക്ക്‌ സഹായം ചെയ്ത്‌ കൊടുക്കണം. അക്രമിയായി നടക്കുന്ന ഒരാളെ ആ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും അയാളുടെ അക്രമാസകതിയും അക്രമിക്കാനുള്ള അവന്റെ കഴിവിനെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കലും യഥാര്‍ത്ഥത്തില്‍ ആ അക്രമിയെ സഹായിക്കലാണ്. അതാണ് അക്രമിയായ സഹോദരനെയും സഹായിക്കണം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്‌.

കുറിപ്പ്‌:

വര്‍ത്തമാന കാലത്ത്‌ ഏറെ പ്രസക്തിയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു ഹദീസ്‌ (തിരുമൊഴി )യാണ് സുപ്രസിദ്ധ ഹദീസ്‌ ഗ്രന്ഥത്തിലൂടെ ബുഖാരി ഇമാം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. യാതൊരു കാരണവും കൂടാതെ അല്ലെങ്കില്‍ നിസാര കാരണങ്ങള്‍ക്ക്‌ മനുഷ്യര്‍ അക്രമിയായി തീരുകയും നിരപരാധികള്‍ അക്രമിക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ ദിനേന വായിച്ചും കേട്ടും കണ്ടു നമ്മുടെ കാതിനും കണ്ണിനും മനസ്സിനും ഒരു മരവിപ്പ്‌ ബാധിച്ച ഇന്നിന്റെ അവസ്ഥയില്‍ അക്രമിയായ ഒരാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുതകുന്ന കാര്യങ്ങള്‍ ക്രിയാത്മകമായി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വാര്‍ത്ഥങ്ങള്‍ എളുപ്പ വഴിയില്‍ നടപ്പിലാക്കാന്‍ സ്വന്തം പെറ്റമ്മയെ പോലും കൊലക്കത്തിക്കിരയാക്കുന്നവര്‍, മദ്യത്തിനും മയക്കു മരുന്നിനും അടിമയായി പിഞ്ചു കുഞ്ഞുങ്ങളെ വരെ തന്റെ ഇംഗിതത്തിനു വിധേയരാക്കുന്ന നീചര്‍, പണത്തിനും പ്രശസ്തിക്കും വേണ്ടി രാജ്യത്തിനും രാജ്യക്കാര്‍ക്കും ഭീഷണിയായി ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ വികലമായ വിശ്വാസങ്ങളുടെ അടിമകളായി സഹജിവികളെ കൊന്നൊടുക്കാന്‍ പ്രതിജ്ഞയെടുത്ത്‌ ഭീതി വിതക്കുന്നവര്‍ അങ്ങിനെ വിവിധ തലങ്ങളിലുള്ള അക്രമങ്ങള്‍ .അക്രമികള്‍ ഇവരെയൊക്കെ സഹായിക്കണമെന്ന് പറയുമ്പോള്‍ പെട്ടെന്ന് ദഹിക്കാനാവുകയില്ല. അക്രമിയെ ഏത്‌ വിധേനയും ഇല്ലാതാക്കണമെന്നേ ഏവരും ചിന്തിക്കുകയുള്ളൂ. പക്ഷെ ലോകത്തിനു മുഴുവന്‍ കാരുണ്യമായിട്ടല്ലാതെ നബിയേ താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല (ഖുര്‍ആന്‍ ) എന്ന് പ്രഖ്യാപിക്കപ്പെട്ട വിശ്വ പ്രവാചകനു പക്ഷെ അവിടെയും തന്റെ കാരുണ്യത്തിന്റെ വിശാലത വ്യക്തമാക്കുന്നു ഈ തിരുമൊഴിയിലൂടെ. അക്രമിക്കപ്പെട്ടവനെ സഹായിക്കുക എന്നത്‌ ഏതൊരു മനുഷ്യ സ്നേഹിയുടെയും കടമയാണല്ലോ. അത്‌ പോലെ അക്രമിയായവനെ അവന്‍ അക്രമിയാവാനുണ്ടായ സാഹചര്യം ,കാരണങ്ങള്‍ ഇല്ലാതാക്കുകയും ,അക്രമിയെ അക്രമത്തില്‍ നിന്ന് തടയാനാവുന്നത്‌ ചെയ്യുകയും, അക്രമിക്കാനുള്ള അവന്റെ ശക്തിയും സ്രോതസ്സും ക്ഷയിപ്പിക്കുകയും ചെയ്യുക എന്നതിലൂടെ യഥാര്‍ത്ഥത്തില്‍ അവനെ സഹായിക്കുകയാണു ചെയ്യുന്നത്‌.

മൊഴിമുത്തുകള്‍-26

ഭക്ഷണത്തെ കുറ്റപ്പെടുത്തരുത്‌

മൊഴിമുത്ത്‌:

  • ''മുഹമ്മദ്‌ നബി(സ) ഒരിക്കലും ഭക്ഷണത്തെ കുറ്റപ്പെടുത്താറുണ്ടായിരുന്നില്ല. താത്പര്യമുണ്ടെങ്കില്‍ ഭക്ഷിക്കുകയും ഇല്ലെങ്കില്‍ ഭക്ഷിക്കാതിരിക്കുകയും ചെയ്യും'' ( അബൂ ഹുറൈറ (റ) നിവേദനം ചെയ്ത ഹദിസ്‌, ബുഖാരി (റ) 9/477 ,മുസ്‌ ലിം (റ) 2064 ആയി റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

  • ജാബിര്‍ (റ) നിവേദനം : ''നബി (സ) ഒരിക്കല്‍ തന്റെ വീട്ടുകാരോട്‌ കറി (റൊട്ടി കഴിക്കാന്‍ ) ആവശ്യപ്പെട്ടു. ഇവിടെ സുര്‍ക്ക(വിനാഗിരി ) അല്ലാതെ മറ്റൊന്നുമില്ല എന്ന് അവര്‍ പറഞ്ഞപ്പോള്‍ അവിടുന്ന് അത്‌ കൊണ്ടുവരാന്‍ പറഞ്ഞു. അത്‌ (സുര്‍ക്ക) ചേര്‍ത്ത്‌ ഭക്ഷിക്കുമ്പോള്‍ സുര്‍ക്ക ഒരു നല്ല കറിയാണ് ,സുര്‍ക്ക ഒരു നല്ല കറിയാണ്. എന്ന് നബി(സ) പറഞ്ഞുകൊണ്ടിരുന്നു'' ( മുസ്‌ ലിം (റ) 2052 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

വിവരണം:

ഒരു സന്ദര്‍ഭത്തിലും ഭക്ഷണത്തെ കുറ്റം പറയാതിരിക്കാനും ഉള്ളത്‌ കൊണ്ട്‌ തൃപ്തിപ്പെട്ട്‌ ആ ഭക്ഷണം ഉണ്ടാക്കിതന്നവരെ സന്തോഷിപ്പിക്കുന്ന വിധത്തില്‍ നല്ല വാക്കുകള്‍ പറയണമെന്നും ഈ ഹദീസുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

കുറിപ്പ്‌:

നാം ഓരോരുത്തരും ചിന്തിക്കേണ്ട ഒരു വിഷയമല്ലേ ഇത്‌ ? ഭക്ഷണത്തെ നിന്ദിച്ച്‌, കുറ്റം പറഞ്ഞ്‌ അത്‌ പിന്നെ ആഹരിക്കുമ്പോള്‍ എത്രമാത്രം സംതൃപ്തി നമുക്കത്‌ തരുന്നുണ്ട്‌ എന്നത്‌ ഒരു വിചിന്തനത്തിനു വിധേയമാക്കുക. ലോകത്തിനു അനുഗ്രഹമായി സൃഷ്ടിക്കപ്പെട്ട പ്രവാചകര്‍ മുഹമ്മദ്‌ നബി(സ) തങ്ങള്‍ കേവലം സുര്‍ക്ക കൂട്ടി ഭക്ഷണം കഴിക്കുമ്പോഴും അതിനെ പ്രകീര്‍ത്തിക്കുന്നു. അത്‌ നല്‍കിയ വീട്ടുകാര്‍ക്ക്‌ എത്ര ആശ്വാസമായിരിക്കും ആ വചനങ്ങള്‍. അത്‌ പോലെ തൃപിതിയോടെ കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെതന്നെയല്ലേ. എത്ര ലളിതമായ ഭക്ഷണരിതിയും ജീവിതവും ആയിരുന്നു പ്രവചകരും അനുയായികളും നയിച്ചിരുന്നത്‌ എന്നതിലേക്ക്‌ കൂടി ഈ ഹദീസുകള്‍ നമ്മെ വഴിനടത്തുന്നു.

ഇവിടെയാണു നമ്മുടെയൊക്കെ വീടുകളില്‍ നടക്കുന്ന, നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക്‌ മനസിനെ തിരിക്കേണ്ടത്‌. കറികളും കൂട്ടുകറികളും വറുത്തതും എല്ലാമായി വിഭവ സമൃദ്ധമായ സദ്യയൊരുക്കി തളരുന്ന നമ്മുടെ വീട്ടിലെ ഉമ്മ പെങ്ങന്മാര്‍, ഭാര്യമാര്‍. അവര്‍ക്കായി‌ ഒരു നല്ല വാക്ക്‌ പറയലില്ല എന്ന് മാത്രമല്ല എന്തെങ്കിലും ചെറിയ കുറ്റം കണ്ടെത്തി മറ്റുള്ളവരുടെ മുന്നില്‍ വെച്ച്‌ പോലും പരിഹസിക്കുന്ന എത്രയോ പേര്‍ !! എത്ര മാത്രം അവരുടെ മനസ്സ്‌ വേദനിക്കുന്നുണ്ടാവും .അതൊന്നും പലരും ഓര്‍ക്കാറില്ല. നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ഉപദേശിച്ച്‌ കൊടുക്കുന്നവരും ഈ കൂട്ടത്തില്‍ എത്രയോ ഉണ്ടെന്നത്‌ വളരെ വിചിത്രമായി തോന്നുകയാണ്. തൊണ്ടക്കുഴിയില്‍ നിന്നിറങ്ങാത്ത ആദര്‍ശവുമായി കഴിഞ്ഞിട്ടെന്ത്‌ കാര്യം?

നമ്മുടെ സാമൂഹ്യ ചുറ്റുപാടനുസരിച്ച്‌ ഈ വിഷയത്തില്‍ കുറ്റക്കാര്‍ പുര്‍ഷ വര്‍ഗം തന്നെയെന്നതില്‍ സംശയമില്ല. ഭക്ഷണത്തില്‍ ഒരു കല്ല് പെട്ടാല്‍, ഒരു മുടി കിട്ടിയാല്‍, ഉപ്പ്‌ അല്‍പം കുറഞ്ഞാല്‍, കൂടിയാല്‍ , വേവിനു അല്‍പം വിത്യാസം വന്നാല്‍, ഒരു അഞ്ച്‌ മിനിട്ട്‌ വൈകിയാലൊക്കെ ചന്ദ്രഹാസമിളക്കുന്ന സ്നേഹ സമ്പന്നരായ ഭര്‍ത്താക്കന്മാരെ സഹിക്കുന്ന പ്രിയ സഹോദരിമാരെ എത്രയോകണ്ടിട്ടുണ്ട്‌. ഇന്ന് ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന പരിഗണന ഇന്നും ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്.

ഗള്‍ഫ്‌ നാട്ടില്‍ വന്ന് ബാച്ചിലറായി താമസിച്ച്‌ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഓര്‍ക്കുന്നുണ്ടാവും നമുക്ക്‌ മുന്നില്‍ വിളമ്പി വെക്കപ്പെട്ടിരുന്ന ഭക്ഷണത്തെ പറ്റിയും അതിനു പിന്നിലെ അധ്വാനത്തെ പറ്റിയും. ഇവിടെ നിന്ന് (ഗള്‍ഫില്‍ ) എന്ത്‌ ഭക്ഷണം കിട്ടിയാലും അതിലൊക്കെയുപരി , നാട്ടില്‍ നിന്ന് സ്നേഹം ചേര്‍ത്തരച്ച്‌ , വാത്സല്യം പൊതിഞ്ഞ്‌ കൊടുത്തയക്കുന്ന എന്തിനുമായും നാം കാത്തിരിക്കുന്നത്‌ ആ തിരിച്ചറിവിലാണെന്ന് തോന്നുന്നു.

എന്ത്‌ ഭക്ഷണ സാധനമായാലും അതിനെ കുറ്റം പറയാതെഉള്ള ഭക്ഷണം സംതൃപിതിയോടെ കഴിക്കാനും അത്‌ ഉണ്ടാക്കിതരുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വെറുപ്പിക്കാതിരിക്കാനുമുള്ള നല്ല മനസ്സ്‌ നമുക്കേവര്‍ക്കും അല്ലാഹു കനിഞ്ഞേകട്ടെ

മൊഴിമുത്തുകള്‍-25

രോഗിയെ സന്ദര്‍ശിക്കല്‍-മര്യാദകള്‍

മൊഴിമുത്ത്‌:

  • ''‍നിങ്ങള്‍ ബന്ധിക്കപ്പെട്ടവനെ അഴിച്ചിടുക. ക്ഷണിച്ചവന്ന്‌ ഉത്തരം നല്‍കുക. വിശന്നവന്‌ ഭക്ഷണം കൊടുക്കുകയും, രോഗിയെ സന്ദര്‍ശിക്കുകയും ചെയ്യുക. ( അബൂ മുസ അല്‍ അഷ്‌അരി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌)

  • രോഗിയെ സന്ദര്‍ശിക്കുന്നതില്‍ ശ്രേഷഠമായത്‌ രോഗിയുടെ അരികില്‍ നിന്ന്‌ വേഗത്തില്‍ പോരുന്നതാണ്‌'( ജാബിര്‍ (റ) വില്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ട ഹദീസ്‌ )

കുറിപ്പ്‌:

ബന്ധനസ്ഥനായവരെ വിട്ടുകൊടുക്കലും , ശരിയായ രീതിയില്‍ വിവാഹചടങ്ങിനും മറ്റും ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിച്ച്‌ പങ്കെടുക്കലും, വിശന്നു വലഞ്ഞവനു ഭക്ഷണം കൊടുക്കലും കൂടാതെ രോഗിയെ സന്ദര്‍ശിക്കലും സത്‌കര്‍മ്മങ്ങളായി എണ്ണപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ട കാര്യമാണിതെല്ലാം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ സാധ്യതയില്ല. അത്‌ പോലെ നാം രോഗികളെ സന്ദര്‍ശിക്കുന്നത്‌ പുണ്യകര്‍മ്മമാണെന്നിരിക്കെ അവരെ സന്ദര്‍ശിക്കുമ്പോള്‍ രോഗികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ദീര്‍ഘമായ സന്ദര്‍ശനം ഒഴിവാക്കുകയാണു വേണ്ടത്‌. അത്തരം സന്ദര്‍ശനമാണു കൂടുതല്‍ പ്രതിഫലമര്‍ഹിക്കുന്നത്‌.

ഒരാള്‍ രോഗിയായല്‍ അയാളെ സന്ദര്‍ശിക്കുന്നവരില്‍ ചിലര്‍ സാമാന്യ മര്യാദകളില്ല്ലാതെ അല്ലെങ്കില്‍ താന്‍ പറയുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഫലങ്ങള്‍ രോഗിയില്‍ എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് മനസ്സിലാക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും രോഗിയെയും ബന്ധുക്കളെയും വിഷമത്തിലാക്കാറുണ്ട്‌. ഹൃദ്രോഗിയായ ഒരാളുടെ അടുത്ത്‌ ‍ ഹൃദ്രോഗം മൂലം തന്റെ സുഹൃത്ത്‌ മരിച്ചതും , ഒരു അസുഖവും ഇല്ലാതിരുന്ന വേറൊരാള്‍ പെട്ടെന്ന് മരിച്ചതുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച്‌ വിവരിച്ചാല്‍ അത്‌ കേള്‍ക്കുന്ന രോഗിക്ക്‌ എന്ത്‌ സമാധാനമാണുണ്ടാവുക ? ഇത്തരക്കാരുടെ ദീര്‍ഘ സന്ദര്‍ശനം കൊണ്ട്‌ ഇല്ലാത്ത അസുഖം ഉണ്ടാവാന്‍ ഏറെ സാധ്യതയുണ്ട്‌ താനും. രോഗിയെ കൂടുതല്‍ സംസാരിപ്പിക്കാതെയും നാം നോക്കണം .നമ്മുടെ സന്ദര്‍ശനം കൊണ്ട്‌, വാകുകള്‍ കൊണ്ട്‌ രോഗിക്ക്‌ ആശ്വാസമുണ്ടായില്ലെങ്കിലും ആശങ്കയുണ്ടാവാതിരിക്കന്‍ ശ്രമിക്കേണ്ടതാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന തിരു നബി വചനങ്ങള്‍ നമുക്ക്‌ മറക്കാതിരിക്കാം

മൊഴിമുത്തുകള്‍-24

രോഗിയെ സന്ദര്‍ശിക്കണം
മൊഴിമുത്ത്‌:

  • ''രോഗിയെ സന്ദര്‍ശിക്കുന്നവന്‍ അല്ലാഹുവിന്റെ ദയയില്‍ പ്രവേശിക്കുന്നു. രോഗിയുടെ അടുത്ത്‌ അവന്‍ ഇരുന്നാല്‍ അല്ലാഹുവിന്റെ കാരുണ്യം അവനില്‍ നിറയുന്നതാണ്''
(അബുമുസല്‍ അശ്‌അരി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

കുറിപ്പ്‌:

അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിനും /ദയയ്ക്ക്‌ പാത്രമാവുന്നതിനുള്ള ഒരു പുണ്യ കര്‍മ്മമാണു രോഗിയെ സന്ദര്‍ശിക്കല്‍. വിശ്വാസികള്‍ക്ക്‌ അത്‌ കടമയാക്കിയിട്ടുള്ളതുമാണ്
രോഗികളെ സന്ദര്‍ശിക്കാനും അവരെ ആശ്വസിപ്പിക്കാനും രോഗം ബാധിച്ച വ്യക്തിക്ക്‌ / കുടുബത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്ത്‌ കൊടുക്കാനും നമ്മിലധികപേര്‍ക്കും സമയം കണ്ടെത്താന്‍ കഴിയാറില്ല അല്ലെങ്കില്‍ അതൊരു പുണ്യകര്‍മ്മമായോ മറ്റോ പരിഗണിക്കാറില്ല എന്നതല്ലേ വാസ്തവം. അഥവാ ചെയ്യുന്നവര്‍ തന്നെ (അധികപേരും ) ജനങ്ങളെ കാണിക്കാനും ചില ലാഭക്കച്ചവടങ്ങളുടെ കണക്കുകൂട്ടലുകളോടെയും.

നാം ആരോഗ്യത്തോടെയിരിക്കുമ്പോള്‍ രോഗം ബാധിച്ച്‌ അവശരായവരെ സന്ദര്‍ശിക്കുന്നതിലൂടെ അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാനും നമ്മുടെ ആരോഗ്യപരമായ അവസ്ഥയില്‍ ജഗന്നിയന്താവില്‍ നന്ദി പറയാനും അവസരം ഉണ്ടാവണം. എന്നാല്‍ ചില മാരകമായ പകര്‍ച്ച വ്യാധികള്‍ പിടിപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനും മറ്റും നിബന്ധനകള്‍ പാലിക്കുകയും വേണം. രോഗികള്‍ക്ക്‌ നമ്മുടെ സന്ദര്‍ശനം ഒരു ശല്യമാവാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്

എല്ലാ മാരകമായ രോഗങ്ങളില്‍ നിന്നും നമുക്ക്‌ രക്ഷയുണ്ടാവാന്‍ പ്രാര്‍ത്ഥനയോടെ.

മൊഴിമുത്തുകള്‍-23

മൂപ്പെത്തുന്നതിനുമുമ്പ്‌ വില്‍ക്കരുത്‌
മൊഴിമുത്ത്‌ :

  • ''അതിന്റെ നന്മ (കുല) ശരിയായി പുറത്ത്‌ വരുന്നത്‌ വരെ പഴങ്ങള്‍ വില്‍ക്കുന്നതിനെ നബി(സ) വിരോധിച്ചിരിക്കുന്നു. വാങ്ങുന്നതു വില്‍ക്കുന്നതും വിരോധിച്ചിരിക്കുന്നു.''

  • ''കറുത്ത നിറമാകുന്നത്‌ വരെ മുന്തിരി വില്‍ക്കുന്നതിനെയും മൂപ്പെത്തുന്നത്‌ വരെ ധാന്യങ്ങള്‍ വില്‍ക്കുന്നതിനെയും നബി (സ) വിരോധിച്ചിരിക്കുന്നു''( നിരവധിപേര്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

വിവരണം:


നാം ക്ര്യഷി ചെയ്തുണ്ടാക്കുന്ന ധാന്യങ്ങളും ഫലങ്ങളുമെല്ലാം തന്നെ അതിന്റെ ഗുണദോശങ്ങള്‍ പ്രത്യക്ഷത്തില്‍ കാണുന്നത്‌ വരെ വില്‍ക്കരുത്‌. വാങ്ങുകയും അരുത്‌. ചിലപ്പോള്‍ വാങ്ങുന്നവനും ചിലപ്പോള്‍ വില്‍ക്കുന്നവനും അത്‌ നഷ്ടമുണ്ടാക്കും. ഒരാള്‍ക്ക്‌ നഷ്ടമുണ്ടാക്കി മറ്റൊരാള്‍ക്ക്‌ ലാഭമുണ്ടാവുന്നതിനും ,ഒരാളെ ബുദ്ധിമുട്ടിച്ച്‌ മറ്റൊരാള്‍ സുഖിക്കുന്നതും ഇസ്ലാം അനുവദിക്കുന്നില്ല. ഭൂമി പാട്ടത്തിനെടുത്ത്‌ ( ഫലവര്‍ഗ്ഗങ്ങളും മറ്റു മൂപ്പെത്തുന്നതിനുമുമ്പ്‌ ‌ മതിപ്പിന്റെ അടിസ്ഥാനത്തില്‍ വില്‍ക്കലും വാങ്ങലും നടത്തുന്നവര്‍ ) ഈ ഹദീസ്‌ ശ്രദ്ധിയ്ക്കട്ടെ.

കുറിപ്പ്‌:

കച്ചവടം ചെയ്ത്‌ ലാഭമുണ്ടാക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ അന്യായമായ വിധത്തില്‍ മറ്റുള്ളവരെ വഞ്ചിച്ച്‌ കച്ചവട ലാഭമുണ്ടാക്കുന്നതിനെ വിരോധിക്കുകയും ചെയ്തിട്ടുണ്ട്‌ . തിരു നബി (സ) തങ്ങള്‍ വിശ്വസ്തനായ കച്ചവടക്കാരനായിരുന്നുവെന്നത്‌ ചരിത്രം സാക്ഷ്യം വഹിക്കുന്നു. നമുക്കറിയാം വലിയ മഹാന്മരായ പല പണ്ഡിത ശ്രേഷ്ടന്മാര്‍ അവരുടെ ജീവിത മാര്‍ഗമായി പല കച്ചവടവും ചെയ്തിരുന്നത്‌ എന്നാല്‍ അവരൊക്കെ കൊള്ള-കൊടുക്കലുകളില്‍ (വാങ്ങുകയും വില്‍ക്കുകയു ചെയ്യുന്നതില്‍ ) അങ്ങേയറ്റം സൂക്ഷ്മത പാലിച്ചിരുന്നു. ഇല്ലാത്ത ഗുണങ്ങള്‍ വര്‍ണ്ണിച്ച്‌ , ക്ര്യതിമമായി രുചി ഭേതങ്ങള്‍ വരുത്തി ,കാഴ്ചക്ക്‌ നല്ലതെന്ന് തോന്നിപ്പിച്ച്‌ ധാന്യങ്ങളോ ,പഴങ്ങളോ മറ്റോ വിറ്റഴിച്ച്‌ അവര്‍ ലാഭമുണ്ടാക്കിയിരുന്നില്ല. ഇന്നത്തെ അവസ്ഥയെന്താണെന്ന് നോക്കൂ. വില്‍ക്കുന്നവനും വാങ്ങുന്നവനും സംത്ര്യപ്തമായ ക്രയ വിക്രയന്നളാണു നബി(സ) പ്രോത്സാഹിപ്പിക്കുന്നത്‌. അല്ലാതെ ഏത്‌ വിധേനയും അപരന്റെ പോകറ്റിലെ കാശ്‌ പിഴിയുന്ന കച്ച(കപട)വടങ്ങളല്ല.

നല്ല കച്ചവടക്കാരായി നല്ല നിലയില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നല്ല ജീവിതം ഇരു ലോകത്തും നമ്മെ തേടിയെത്താതിരിക്കില്ല. ആശംസകള്‍

മൊഴിമുത്തുകള്‍-22

പുതുവസ്ത്രം ധരിക്കുമ്പോള്‍

‍മൊഴിമുത്ത്‌ :


  • ''നബി (സ) പുതുവസ്ത്രം ധരിക്കുമ്പോള്‍ തലപ്പാവ്‌, കുപ്പായം, രണ്ടാം മുണ്ട്‌ എന്നിങ്ങനെ ഓരോന്നിന്റെയും ( വസ്ത്രത്തിന്റെയും) പേരു പറഞ്ഞ്‌ ഇങ്ങിനെ പ്രാര്‍ത്ഥിക്കറുണ്ടായിരുന്നു: നാഥാ, സര്‍വ്വ സ്തുതിയും നിനക്കാണ്. എന്നെ ഈ വസ്ത്രം ധരിപ്പിച്ചത്‌ നീയാണ്. ഇതിന്റെയും (ഈ വസ്ത്രത്തിന്റെയും ) ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത്‌ അതിന്റെയും ,നന്മ ഞാന്‍ നിന്നോറ്റ്‌ ചോദിക്കുന്നു. ഇതിന്റെയും , ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത്‌ അതിന്റെയും, ദൂഷ്യത്തില്‍ നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. ( അബൂസ ഈദ്‌ (റ) നിവേദനം ചെയ്ത, അബൂദാവൂദ്‌ (റ) 4020 , തിര്‍മിദി (റ) 1767 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )



കുറിപ്പ്‌:


പുതുതായി ഒരു വസ്ത്രം ലഭിക്കുക എന്നത്‌ നാം ലോകരക്ഷിതാവിനെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ട ഒരു സന്ദര്‍ഭമാണ്. ആ വസ്ത്രം കൊണ്ടുള്ള നന്മയെ ആഗ്രഹിക്കലും ഏതെങ്കിലും ദൂഷ്യം ഉണ്ടാവുന്നതിനെ തൊട്ട്‌ നാഥന്റെ കാവലിനെ തേടലും അനിവാര്യമാണെന്നതിനെ സൂചിപ്പിക്കുന്നു ഈ ഹദീസ്‌. ( ദൂഷ്യത്തിനു ഉദാഹരണം : ചില വസ്ത്രങ്ങളില്‍ തീ പെട്ടെന്ന് പടരുന്നു. അത്‌ പോലെ ചില വസ്ത്രങ്ങള്‍ ധരിച്ചതിനു ശേഷം ഉണ്ടാകുന്ന അസ്വസ്തകള്‍ തുടങ്ങിയവ ).


അത്‌ പോലെ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ എല്ലാം വലത്‌ വശത്തിനു പ്രാധാന്യം കൊടുക്കുക എന്നത്‌ നബിചര്യയാണ്. പലപ്പോഴും നാം അശ്രദ്ധ കാണിക്കുന്ന വിഷയവുമാണത്‌. വസ്ത്ര ധാരണത്തിനും ആഹാര പാനീയങ്ങള്‍ കഴിക്കാനും റസൂല്‍(സ)വലത്‌ കൈയാണുപയോഗിച്ചിരുന്നത്‌ അത്‌ പോലെ വസ്ത്രം ധരിക്കുമ്പോഴും വലത്‌ ഭാഗത്തിനു മുന്‍ഗണന കൊടുത്തിരുന്നതായും അങ്ങിനെ ചെയ്യാന്‍ പറയുകയും ചെയ്തതായി നിരവദി ഹദീസുകള്‍ കാണാം. നമൂക്ക്‌ ഒരു നല്ല വസ്ത്രം ലഭിക്കുമ്പോള്‍ സന്തോഷിക്കുന്നതിനൊപ്പം നമ്മെ പോലെ തന്നെയുള്ള സഹജീവികളായ ഏത്രയോ മര്‍ത്യര്‍ ഒരു നല്ല വസ്ത്രത്തിനു കൊതിച്ച്‌ കഴിയുന്നുണ്ടെന്ന ഓര്‍മ്മ നമ്മെ നമുക്ക്‌ കൈവന്ന നന്മയില്‍ നന്ദിയുള്ളവരായും സഹജീവികളോടെ കാരുണ്യമുള്ളവരായും വര്‍ത്തിക്കാന്‍ നമ്മുടെ മനസ്സിനെ പാകപ്പെടുത്താന്‍ നിമിത്തമാകട്ടെ.



ഈദുല്‍ ഫിത്വര്‍ സുദിനത്തില്‍ നമ്മുടെ മക്കളുടെ സന്തോഷപ്രദമായ മുഖങ്ങളില്‍ നിര്‍വ്ര്യതിയടയുന്ന നാം നമ്മുടെ തൊട്ടടുത്തുള്ള ഭവനങ്ങളില്‍ ആ സന്തോഷത്തിനു വഴിയൊരുക്കുന്ന പുതു വസ്ത്രങ്ങള്‍ അണിയാന്‍ അവിടുത്തെ കുരുന്നുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്നൊരു അന്വേഷണം നടത്തേണ്ടതില്ലേ ! പ്രാദേശികമായ പരിഗണനകള്‍ ,കുടുംബപരമായ പരിഗണനകള്‍ അതെല്ലാം കഴിഞ്ഞിട്ട്‌ മതിയെന്ന് തോന്നുന്നും മറ്റ്‌ കാര്യങ്ങള്‍.. അതു തന്നെയല്ലേ തിരുനബി (സ) പഠിപ്പിച്ചതും. തന്റെ അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചാഹരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന പ്രഖ്യാപനത്തിലൂടെ..



എല്ലാവര്‍ക്കും

മൊഴിമുത്തുകള്‍-21


റമദാന്‍ വ്രതത്തിന്റെ മഹത്വം

മൊഴിമുത്തുകള്‍:




  • ‍റസൂല്‍ (സ) പറഞ്ഞു. " അല്ലാഹു പ്രഖ്യാപിച്ചു; മനുഷ്യര്‍ ചെയ്യുന്ന കര്‍മ്മങ്ങളില്‍ വ്രതമല്ലാത്ത സര്‍വ്വ കര്‍മ്മങ്ങളും അവര്‍ക്ക്‌ തന്നെയുള്ളതാണ്, വ്രതമാകട്ടെ എനിക്കുള്ളതാണ് ! ഞാനാണതിനു പ്രതിഫലം നല്‍കുന്നത്‌. വ്രതം ( തെറ്റുകളില്‍ നിന്നും നരകാഗ്നിയില്‍ നിന്നും ) രക്ഷ നേടാനുള്ള ഒരു പരിചയാണ്. അതിനാല്‍ നിങ്ങള്‍ വ്രതാമനുഷ്ടിക്കുമ്പോള്‍ തെറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ്‌ നില്‍ക്കുകയും വേണം. ആരെങ്കിലും നിങ്ങളെ അസഭ്യം പറയുകയാ നിങ്ങളുമായി വഴക്കുണ്ടാക്കുകയോ ചെയ്യുന്നതായാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറയുക. മുഹമ്മദ്‌ നബിയുടെ ആത്മാവ്‌ ആരുടെ നിയന്ത്രണത്തിലാണോ അവന്‍ സത്യം ! നോമ്പുകരന്റെ വായയുടെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ പരിമളമുള്ളതാണ്. നോമ്പ്‌ അനുഷ്ടിക്കുന്നവനു ആഹ്ലാദിക്കാന്‍ രണ്ട്‌ അവസരമുണ്ട്‌. ഒന്ന് വ്രതം മുറിക്കുമ്പോള്‍, മറ്റൊന്ന് തന്റെ രക്ഷിതാവിനെ (അല്ലാഹുവിനെ ) കണ്ടുമുട്ടുമ്പോഴും. വ്രതം കാരണം അവനപ്പോള്‍ സന്തുഷ്ടനാകുന്നതാണ്. ( അബൂ ഹുറൈ റ (റ) നിവേദനം ചെയ്ത, ബുഖാരി (റ) 4/88 , മുസ്‌ലിം (റ) 163, 1151 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )




  • ''വിശ്വാസ ദാര്‍ഢ്യതയോടെയും പ്രതിഫലമാഗ്രഹിച്ചും റമദാന്‍ മാസം വ്രതമനുഷ്ടിച്ചവരുടെ ഗതകാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ( ബുഖാരി 4/97 , മുസ്‌ലിം 1079 )


വിവരണം:


സര്‍വ്വ കര്‍മ്മങ്ങളും അല്ലാഹുവിനു വേണ്ടിയാണു ചെയ്യേണ്ടതും അവനാണു അതിനു പ്രതിഫലം നല്‍കുന്നതും ചില കാര്യങ്ങള്‍ക്കുള്ള പ്രതിഫലം എത്രയെന്ന് അറിയിച്ചു. വ്രതത്തിന്റെ കാര്യത്തില്‍ അങ്ങിനെ അറിയിച്ചിട്ടില്ല ഐഹിക ലോകത്ത്‌ അപരനു കൊടുത്തുവീട്ടാനുള്ളതിനും വാക്കാലോ പ്രവ്ര്യത്തിയാലോ മറ്റുള്ളവരെ വിഷമിച്ചതിനും പകരമായി മനുഷ്യന്‍ ചെയ്ത സുക്യ്‌തങ്ങള്‍ പരലോകത്ത്‌ വെച്ച്‌ വീതിച്ച്‌ നല്‍കപ്പെടുമെന്ന് അറിയിച്ചിരിക്കുന്നു. എന്നാല്‍ നോമ്പിന്റെ പ്രതിഫലം ഇങ്ങിനെ വീതിച്ച്‌ നല്‍കപ്പെടുകയില്ല. ലോകമാന്യത്തിനു ( മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍ ) ചെയ്യാന്‍ കഴിയാത്ത ഒരു കര്‍മ്മമാണു നോമ്പ്‌. ശാരീരികവും ആത്മിയവുമായ നേട്ടം കൈവരിക്കാന്‍ ഉതകുന്ന സഹായകവും. അതിനാലാണു അല്ലാഹു " നോമ്പ്‌ എനിക്കുള്ളതാണ്. ഞാനാണതിനു പ്രതിഫലം നല്‍കുന്നതെന്നു" പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്‌.

കുറിപ്പ്‌:


നാമൊക്കെ അനുഷ്ടിക്കുന്ന നോമ്പിന്റെ കാര്യത്തില്‍ ഒരു വിചിന്തനം നടത്തേണ്ടതില്ലേ.. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചത്‌ കൊണ്ട്‌ മാത്രം നോമ്പ്‌ സ്വീകാര്യമാവുമോ ? നാവിനും മനസ്സിനും പ്രവര്‍ത്തികള്‍ക്കും എല്ലം നിയന്ത്രണം വെക്കാന്‍ നമ്മില്‍ എത്രപേര്‍ക്ക്‌ കഴിയുന്നുണ്ട്‌. അനാവശ്യമായ ചര്‍ച്ചകളും വാഗ്വാദങ്ങളും അന്യനെ പറ്റിയുള്ള പാരകളുമായി ‍ ദിനങ്ങള്‍ തള്ളിനീക്കുന്നവരുടെ നോമ്പ്‌‍ പട്ടിണിമാത്രമായി പരിഗണിക്കുമെന്ന താക്കിത്‌ പലരും ഓര്‍ക്കാതെ പോകുന്നു. ഞാന്‍ നോമ്പ്കാരനാണെന്ന് പറഞ്ഞ്‌ ഒഴിഞ്ഞ്‌ മാറാന്‍ നമ്മുടെ ദുരഭിമാനവും താന്‍ പോരിമയും നമ്മെ പലപ്പോഴും അനുവദിക്കാറില്ല എന്നതല്ലേ വാസ്തവം. പണ്ഡിതന്മാരുടെ വരെ പച്ചമാസം കൊത്തിവലിക്കുന്ന പലരെയും ഈ വ്രത നാളിലും നമുക്ക്‌ കണ്ടെത്താം. അവര്‍ക്ക്‌ നല്ല ബുദ്ധി കൈവരാന്‍ പ്രാര്‍ത്ഥിച്ച്‌ അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് ഒഴിയുകയാണു അഭികാമ്യം മനസ്സിനും ശരീരത്തിനും പ്രവര്‍ത്തികള്‍ക്കും ഒരുപോലെ വ്രതമനുഷ്ടിച്ച്‌ , ഭൗതികവു ആത്മീയവുമായ നേട്ടം കൈവരിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന പാര്‍ത്ഥനയോടെ


അവലംബം : രിയാളുസ്വാലിഹീന്‍

മൊഴിമുത്തുകള്‍-20

''വിശപ്പിന്റെ മഹത്വം''

മൊഴിമുത്തുകള്‍:

"മുഹമ്മദ്‌ നബി (സ) വഫാതാകുന്നത്‌ വരെ ( മരണപ്പെടുന്നത്‌ വരെ ) അവിടുത്തെ കുടുംബം രണ്ട്‌ ദിവസം തുടര്‍ച്ചയായി ബാര്‍ലിയുടെ റൊട്ടി വയറു നിറയെ കഴിച്ചിട്ടില്ല " ( ആഇശ (റ) വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ , റിപ്പോര്‍ട്ട്‌ ചെയ്തത്‌ ബുഖാരി (റ) 9/478 , മുസ്‌ ലിം (റ) 2970 )

''ആ ഇശ (റ) പറയാറുണ്ട്‌. എന്റെ സഹോദരീ പുത്രാ, അല്ലാഹുവാണേ, റസൂല്‍ (സ) യുടെ വീടുകളില്‍ (ഭാര്യമാരുടെ വീടുകളില്‍ ) തീ കത്തിക്കാത്ത നിലയില്‍ മൂന്ന് ചന്ദ്രപിറവി (മൂന്ന് മാസത്തെ ) ഞങ്ങള്‍ കണ്ടിട്ടുണ്ട്‌. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്റെ സഹോദരീ, പിന്നെ എങ്ങിനെയായിരുന്നു നിങ്ങളുടെ ജീവിതം ? ആഇശ (റ) പറഞ്ഞു . കാരക്കയും ( ഉണക്കിയ ഈത്തപ്പഴം ) വെള്ളവും മാത്രം .പക്ഷെ കറവക്ക്‌ കൊടുക്കുന്ന ഒട്ടകങ്ങളുടെയും ആടുകളുടെയും ഉടമസ്ഥരായ ചില അന്‍സാരീ അയല്‍ക്കാര്‍ നബി(സ)ക്കുണ്ടായിരുന്നു. അവരതിന്റെ പാല്‍ റസൂല്‍(സ)ക്ക്‌ കൊടുത്തയക്കും. അവിടുന്ന് അത്‌ ഞങ്ങള്‍ക്കും കുടിക്കാന്‍ തരുമായിരുന്നു. (ഉര്‍വ (റ) വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടത്‌, റിപ്പോര്‍ട്ട്‌ ചെയ്തത്‌ ബുഖരി (റ) 11/251 , മുസ്‌ലിം (റ) 2972 )

വയറു നിറക്കാന്‍ താണയിനം കാരക്കപോലും കിട്ടാത്ത അവസ്ഥയില്‍ ഞാന്‍ നിങ്ങളുടെ പ്രവാചകനെ കണ്ടിട്ടുണ്ട്‌ ( നുഅ്മാനുബുനു ബശീര്‍ (റ) നിവേദനം ചെയ്തത്‌, മുസ്‌ലിം (റ) 2978 )

ഒരിക്കല്‍ റസൂല്‍ (സ) വീട്ടില്‍ നിന്ന് പുറത്തിറങ്ങി . അപ്പോള്‍ അബൂബക്കര്‍ (റ) വും ഉമര്‍ (റ)വും വഴിയില്‍. ഈ സമയത്ത്‌ നിങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ കാരണമെന്തെന്ന് റസൂല്‍ അന്വേഷിച്ചു. 'അല്ലാഹുവിന്റെ റസൂലേ , വിശപ്പ്‌.' അവര്‍ പ്രതികരിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു. 'എന്റെ ആത്മാവ്‌ ആരുടെ നിയന്ത്രണത്തിലാണോ അവന്‍ തന്നെ സത്യം നിങ്ങളെ പുറത്തിറക്കിയ അതേ കാരണം തന്നെയാണു എന്നെയും പുറത്തിറക്കിയത്‌ ' ( അബൂ ഹുറൈ റ (റ) നിവേദനം ചെയ്തത്‌, മുസ്‌ ലിം 2038 , തിര്‍മുദി 2370 )

റസൂല്‍ (സ)പറഞ്ഞു; അല്ലാഹുവേ മുഹമ്മദ്‌ നബിയുടെ കുടുംബത്തിന്റെ ഭക്ഷണം കഷ്ടിച്ചുജീവിക്കാനുതകുന്നതാക്കണമേ ( അബൂഹു റൈ റ (റ) വില്‍ നിന്ന് നിവേദനം, ബുഖാരി 11/251, മുസ്‌ ലിം 1055 ,2281 )

റസൂല്‍ (സ) പറഞ്ഞു " അല്ലാഹു നല്‍കിയതില്‍ സംത്ര്യപ്തനും ഉപജീവനത്തിനു മാത്രം ആഹാരവുമുള്ള സത്യവിശ്വാസി വിജയിച്ചിരിക്കുന്നു " ( അബ്‌ ദുല്ല (റ) വില്‍ നിന്ന് നിവേദനം , മുസ്‌ ലിം 1054 )

റസൂല്‍ (സ) പറഞ്ഞു "വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടുണ്ടാവില്ല. തന്റെ നട്ടെല്ലു നിവര്‍ത്തി നിര്‍ത്താനുള്ള ഭക്ഷണം മാത്രം മതി മനുഷ്യന്. കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം പാനീയത്തിനും ഒരു ഭാഗം ശ്വാസോചഛാസത്തിനുമായി ഭാഗിച്ചു കൊള്ളുക ( മിഖ്ദാം (റ) വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ , തിര്‍മിദി (റ) 2381 )

കുറിപ്പ്‌:

ഒരു വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണു ഈ ഹദീസുകള്‍. ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം സ്യ്‌രഷ്ടിച്ചിട്ടില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യം വഹിച്ച ലോക ഗുരു മുഹമ്മദ്‌ നബി (സ) തങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ചിരുന്ന നിലപാടുകള്‍, നബി (സ) തങ്ങളും അവിടുത്തെ കുടുംബവും അനുഭവിച്ച വിശപ്പ്‌ , ദാരിദ്ര്യം , അതില്‍ ദര്‍ശിച്ച മഹത്വം എന്നിവയെല്ലാം നമുക്ക്‌ പാഠമാവേണ്ടതല്ലേ..!

വിഷപ്പ്‌ എന്താണെന്ന് തന്നെ അറിയാതെ വളരുന്ന അല്ലെങ്കില്‍ വളര്‍ത്തുന്ന ആധുനിക യുവത വിശന്ന് തളര്‍ന്നവന്റെ അവസ്ഥ എങ്ങിനെ മനസ്സിലാക്കാനാണ് ? തീന്‍ മേശയില്‍ നിരക്കുന്ന വിഭവങ്ങളില്‍ കുറ്റവും കുറവും കണ്ടെത്തി അത്‌ പ്രയാസപ്പെട്ട്‌ ഉണ്ടാക്കിയ പത്നിയെ ശാസിക്കുന്ന പരമ ഭക്തരായവര്‍ എത്രയോ ! ഉണ്ടാക്കിയ ഭക്ഷണം വലിച്ചെറിയുന്നവരും കുറവല്ല ! ഇവരെല്ലാം എടുത്തു പറയുന്നതും ഈ നബി(സ)യുടെ തിരുമൊഴികള്‍ തന്നെയെന്നത്‌ വളരെ വിചിത്രമായി തോന്നുകയാണ്.

വയറു നിറയെ വിഭവ സമ്ര്യദ്ധമായ ആഹരാം കഴിക്കുമ്പോള്‍ അരവയറുമായി കഴിയുന്നവരെ ഓര്‍ക്കുന്നവര്‍ എത്രയുണ്ട്‌ ? കൈവന്ന സൗഭാഗ്യത്തില്‍ ജഗന്നിയന്താവിനോട്‌ നന്ദി പ്രകാശിപ്പിക്കുന്നവര്‍ എത്രയുണ്ട്‌ ? പരിശുദ്ധ റമദാനിലെ വ്രതത്തിന്റെ ഉദ്ധേശ്യങ്ങളില്‍ ഒന്ന് തന്നെ ഈ വിശപ്പ്‌ എല്ലാവരും രുചിക്കുക എന്ന് തന്നെയാണ്. സഹജീവികളോട്‌ കാരുണ്യത്തോടെ വര്‍ത്തിക്കാന്‍ അത്‌ കാരണമാവണം. പക്ഷെ ഇന്ന് ആ ലക്ഷ്യം കാറ്റില്‍ പറത്തുന്ന രീതിയില്‍ ,വ്രതാനുഷ്ഠാനത്തിന്റെ പ്രവിത്രത ഇല്ലാതാക്കുന്ന രീതിയില്‍, ഭക്ഷണമേളകളായി അധപതിക്കുകയാണോ നമ്മുടെ വിടിന്റെ അകത്തളങ്ങള്‍ വരെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശ്വാസം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ വലയുന്ന അനവധിപേര്‍ നമുക്ക്‌ ചുറ്റുമുണ്ടെന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കാന്‍ ശ്രമിയ്ക്കാം.

പ്രാര്‍ത്ഥനയോടെ

‍അവലംബം : രിയാളുസ്വാലിഹീന്‍

മൊഴിമുത്തുകള്‍-19

മൊഴിമുത്തുകള്‍

റമദാന്‍ മാസം:

''റമദാന്‍ അഗതമായാല്‍ ആകാശത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യും'' ( ശൈഹാന്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദിസ്‌ )

നോമ്പ്‌

''നോമ്പ്‌ ഒരു കാവലാണ് ''( അബൂ ഹുറൈ റ (റ) വില്‍ നിന്ന് നിവേദനം, ബുഖാരി (റ) & മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

അത്താഴം

''നിങ്ങള്‍ അത്താഴം കഴിക്കുവിന്‍ , തീര്‍ച്ചയായും അതില്‍ പുണ്യമുണ്ട്‌'' ( ശൈഹാന്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

നോമ്പ്‌ മുറിക്കല്‍

''‍നിങ്ങളില്‍ ആരെങ്കിലും നോമ്പ്‌ മുറിക്കുന്നതായാല്‍ കാരക്ക (ഉണക്കിയ ഈത്തപ്പഴം ) കൊണ്ട്‌ മുറിക്കട്ടെ തീര്‍ച്ചയായും അത്‌ പുണ്യമാണ്. അത്‌ കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട്‌ മുറിക്കട്ടെ തീര്‍ച്ചയായും അത്‌ ശുദ്ധിയുള്ളതാണ് ''( ഇമാം അഹ്‌ മ ദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

‍അല്ലാഹു സ്വീകരിക്കുന്ന വിധത്തില്‍ ഈ റമദാന്‍ ആചരിക്കുവാന്‍ കഴിയട്ടെ..

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍

മൊഴിമുത്തുകള്‍-18

ആരാണെന്ന് ചോദിച്ചാല്‍ പേരു പറയണം
മൊഴി മുത്ത്‌:

  • "ഞാനൊരു രാത്രി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ റസൂല്‍ (സ) തങ്ങള്‍ ഒറ്റക്ക്‌ നടന്നുപോകുന്നത്‌ കണ്ടു. ഞാന്‍ നിലാവിന്റെ നിഴലില്‍ നബിയെ പിന്തുടര്‍ന്നു. അപ്പോള്‍ അവിടുന്ന് തിരിഞ്ഞ്‌ ആരാണെന്ന് ചോദിച്ചു. അബുദര്‍റാണെന്ന് ഞാന്‍ പ്രതിവചിച്ചു.
    (അബൂ ദര്‍റ് (റ) നിവേദനം ചെയ്തത്‌. ബുഖാരി 11/222,223 & മുസ്‌ ലിം 2/688, 33 റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

  • ''ഞാനൊരിക്കല്‍ നബി (സ) യുടെ വീടിന്റെ വാതിലില്‍ മുട്ടി. നബി (സ) അതാരാണെന്ന് ചോദിച്ചു. ഞാനാണിതെന്ന് മറുപടി പറഞ്ഞപ്പോള്‍ അവിടുന്നു (ചോദ്യരൂപത്തില്‍ ) പറഞ്ഞു. ഞാന്‍..? ഞാന്‍ ..? എന്റെ പ്രതികരണം നബി (സ)ക്ക്‌ ഇഷ്ടമായില്ലെന്ന് മനസ്സിലായി. ( ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം. ബുഖാരി 11/30 മുസ്ലിം 2155 ഹദീസായി റിപ്പോര്‍ട്ട്‌ )

വിവരണം :

ആരാണെന്ന് ചോദിക്കപ്പെട്ടാല്‍ ഞാന്‍ എന്ന് മറുപടി പറയുന്നതല്ല, തന്നെ മനസ്സിലാവുന്ന രീതിയില്‍ പേരു പറയുകയാണു വേണ്ടതെന്നണു മേല്‍ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നത്‌.

കുറിപ്പ്‌ :

ആരാണെന്ന് ചോദിക്കപ്പെട്ടാല്‍, നമ്മില്‍ പലരും സ്വാഭാവികമായി പറയുന്ന ഒരു ഉത്തരമാണു " ഞാനാ'', ''ഇത്‌ ഞാനാണു '' എന്ന ഒഴുക്കന്‍ ഉത്തരം. അത്‌ ശരിയല്ല കാരണം അവിടെ ചോദ്യകര്‍ത്താവിനു വ്യക്തമായ ഉത്തരം കിട്ടുന്നില്ല. (എല്ലാവരെയും എല്ലായിപ്പോഴും ശംബ്ദം കൊണ്ട്‌ തിരിച്ചറിയാന്‍ പറ്റുകയില്ലല്ലോ. പലപ്പോഴും രോഗം കൊണ്ടും ക്ഷീണം കൊണ്ടുമെല്ലാം ശബ്ദത്തില്‍ വിത്യാസം വരുകയും ചെയ്യൂമ്പോള്‍ ''ഞാന്‍'' എന്ന മറുപടി അവ്യക്തത സ്ര്യഷ്ടിക്കുന്നു. അസമയത്തും മറ്റും വീട്ടിലേക്ക്‌ (യാത്ര കഴിഞ്ഞോ മറ്റോ ) വന്നാല്‍ , വീടിനകത്തു നിന്നുള്ള ചോദ്യത്തിനു നാം ''ഞാന്‍'' എന്ന ഉത്തരം ആണു ഉപയോഗിക്കുക. അതിനു പകരം പേരു പറഞ്ഞ്‌ തന്നെ ചോദ്യകര്‍ത്താവിനു വ്യക്തമായ ഉത്തരം നല്‍കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണിവിടെ.

ഇരുട്ടുള്ള ഒരു വഴിയിലൂടെ നടന്നു പോകുന്ന ഒരാള്‍ തന്റെ എതിരില്‍, വഴിയില്‍ അവ്യക്തമായ ഒരു രൂപത്തെ കാണുകയും ആരാണെന്ന് ( അല്‍പം ഭയത്തോടെ ) ചോദിക്കുകയും . ഇത്‌ ഞാനാണെന്ന് ആ രൂപം പറയുകയും (ചോദ്യ കര്‍ത്താവിനു ആളെ മനസ്സിലാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ) ചെയ്താല്‍ നേരത്തെ ഉണ്ടായിരുന്ന ഭയം വര്‍ദ്ധിക്കുക സ്വഭാവികം. അത്‌ ഒഴിവാക്കാന്‍ പേരു പറയുന്നതാണു അഭികാമ്യം.

നല്ല മാത്യകകള്‍ പിന്തുടരാന്‍ ഏവര്‍ക്കും കഴിയട്ടെ..
അവലംബം : രിയാളുസ്വാലിഹീന്‍ പരിഭാഷ

മൊഴിമുത്തുകള്‍-17

സത്യം പറയുക
മൊഴിമുത്ത്‌ :

"കയ്പായിരുന്നാല്‍ പോലും നിങ്ങള്‍ സത്യം പറയുക " ബൈഹഖി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌

വിവരണം:

സത്യം പറയുന്നത്‌ കൊണ്ട്‌ വരാവുന്ന ദോഷം ഭയന്ന് അത്‌/സത്യം പറയുന്നതില്‍ നിന്നവനെ തടയുന്നു. അതിനാല്‍ സത്യം പറയുന്നതിനെ കയ്പ്‌ പോലെ വെറുക്കുകയും ചെയ്യുന്നു /ഭയക്കുന്നു. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ പോലും സത്യം തന്നെ പറയണം അതാണ് . യഥാര്‍ത്ഥ വിശ്വാസിയുടെ ലക്ഷണം.
കുറിപ്പ്‌:

ഇന്ന് കളവ്‌ പറയുക എന്നത്‌ ഒരു സാധാരണ കാര്യമായി മാറിയിരിക്കയാണ്. സത്യം ചെയ്ത്‌ പറയുന്നത്‌ വലിയ കളവായിരിക്കും . എത്ര ഉന്നതനായ വ്യക്തിയായി സമൂഹം ആദരിക്കുന്നവരായലും സത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ ചുരുങ്ങിക്കൊണ്ടിരിക്കയാണ്. ഒരു കളവ്‌ പറഞ്ഞാല്‍ പിന്നെ ആ കളവ്‌ ഫലിപ്പിക്കാന്‍ വീണ്ടും വീണ്ടും കളവ്‌ പറയേണ്ടി വരികയും അവസാനം എല്ലാ കളവുകളും പൊളിയുകയും ചെയ്യും. നുണ പരിശോധനാ സംവിധാനങ്ങളാല്‍ ഉരുത്തിരിയുന്ന സത്യങ്ങളില്‍ എത്രമാത്രം സത്യമുണ്ടെന്നതും ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കയാണ്. എല്ലാം നുണകളില്‍ കരുപ്പിടിപ്പിക്കുന്ന ജീവിതകാഴ്ചകളാണെവിടെയും.

സ്വന്തം മനസ്സാക്ഷി പറയുന്നത്‌ പോലും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. ഏത്‌ പ്രതിസന്ധിയിലും സത്യം പറയണമെന്ന മഹത്‌ വചനം നെഞ്ചിലേറ്റിയവര്‍ സത്യം പറയുന്നത്‌ കൊണ്ട്‌ വരാവുന്ന ഭവിഷ്യത്തുകള്‍ കണക്കാക്കതെ തന്നെ തങ്ങളുടെ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുമ്പോള്‍ പക്ഷെ കപട സത്യങ്ങളുടെ മുഖം മൂടിയണിഞ്ഞ സമൂഹം അവരെ പരിഹസിക്കാനും കല്ലെറിയാനും തയ്യാറാകുന്നു. എങ്കിലും ലോകമാന്യത്തിനു വേണ്ടി സത്യത്തിനു നിരക്കാത്തത്‌ വിളിച്ചു പറയാതെ നിലകൊള്ളാന്‍ കഴിയുന്നവര്‍ എല്ലാ കൊടുങ്കാറ്റുകളും അതിജീവിക്കുക തന്നെ ചെയ്യും കാരണം സത്യത്തെ ഒരിക്കലും അധിക കാലത്തേക്ക്‌ മറച്ചു വെക്കാന്‍ കഴിയില്ല.

ചെറുപ്പത്തില്‍ തന്നെ കുട്ടികളെ സത്യം പറഞ്ഞ പഠിപ്പിക്കാന്‍ മാതാ പിതാക്കള്‍ ശ്രമിയ്ക്കണം. അതിനു നാം തന്നെ അവര്‍ക്ക്‌ മാത്ര്യകയായിരിക്കുകയും വേണം. നമുക്കതിനു കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

.................................................................................
>>നാം കുട്ടികളോട്‌ ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഇത്‌ പോലെ ചില സംശയങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും‍ <<

മൊഴിമുത്തുകള്‍-16

കോപത്തെ അടക്കല്‍

മൊഴിമുത്തുകള്‍:

  • കോപം വന്നാല്‍ (എന്തും ചെയ്യാന്‍ കഴിവും ശക്തിയുമുള്ളവനായതോടു കൂടി)ആരു ക്ഷമിച്ചുവോ / കോപത്തെ അടക്കിയോ അവന്റെ ഹ്ര്യദയത്തെ സത്യ വിശ്വാസത്താലും നിര്‍ഭയത്താലും അല്ലാഹു നിറയ്ക്കുന്നതാണ്. ( അബൂ ഹുറൈറ(റ) യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ്‌ )

  • കോപം പൈശാചികമാണ്. പിശാചിനെ തീ കൊണ്ട്‌ സ്ര്യഷ്ടിക്കപ്പെട്ടതാണ്. വെള്ളം തീ കെടുത്തുന്നതുമാണ്. അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ ശരീരം കഴുകട്ടെ. (മറ്റൊരു നിവേദനത്തില്‍ ) *വുളു /അംഗസ്നാനം ചെയ്യട്ടെ എന്നും വന്നിട്ടുണ്ട്‌. ( മആവിയ(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ . അബൂ നുഐം (റ) റിപ്പോര്‍ട്ട്‌ ചെയതത്‌ .

വിവരണം:

എന്തും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ കോപം വരികയും അത്‌ സ്വയം അടക്കി ക്ഷമിക്കുകയും ചെയ്താല്‍ അത്‌ വഴി അവന്റെ /അവളുടെ ഈമാന്‍ (വിശ്വാസം ) വര്‍ദ്ധിക്കുകയും മറ്റൊന്നിനെയും ഭയപ്പെടാത്ത വിധം അവര്‍ക്ക്‌ നിര്‍ഭയത്വം ലഭിക്കുകയും ചെയ്യും. കോപം വന്നാല്‍ അവിവേകമായി ഒന്നും ചെയ്യാതെ കോപത്തെ അടക്കിവെക്കുക എന്നത്‌ ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ലക്ഷണമായി ഖുര്‍ആനിലും നബി വചനങ്ങളിലും സ്ഥിരപ്പെട്ടതാണ്. അങ്ങിനെ കോപം അടക്കുന്നവര്‍ കോപം വന്നാലുടനെ വെള്ളം ഉപയോഗിച്ച്‌ ശരീരം കഴുകുകയോ *വുളു (അംഗസ്നാനം ) ചെയ്യുകയോ ചെയ്യുന്നത്‌ ഫലപ്രദമായി ‌ഭവിക്കുന്നതാണ്.

കുറിപ്പ്‌:

കോപം വരിക എന്നത്‌ മനുഷ്യ സഹജമാണ്. എന്നാല്‍ കോപത്തെ അടക്കി ആ അവസ്ഥയെ തരണം ചെയ്യുക എന്നത്‌ ജീവിത വിജയത്തിനു കാരണമായി ഭവിക്കുമെന്ന് തിരുനബി(സ)യുടെ ഈ മൊഴികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വ്യക്തികള്‍ തമ്മിലും, കുടുംബങ്ങള്‍ തമ്മിലും, സമുദായങ്ങള്‍ തമ്മിലും, രാജ്യങ്ങള്‍ തമ്മിലുമെല്ലാം നടന്നിട്ടുള്ള, ഇപ്പോള്‍ നടക്കുന്ന പല അനിഷ്ട സംഭവങ്ങളുടെയും, അക്രമണങ്ങളുടെയുമൊക്കെ അടിസ്ഥാന കാരണമന്വേഷിച്ചാല്‍ നാമെത്തിച്ചേരുക കോപം അടക്കാതിരുന്നതിന്റെ അനന്തരഫലാമായി ഉരുത്തിരിഞ്ഞ ഒരു കാര്യത്തിലായിരിക്കും.

കോപമുള്ള അവസ്ഥയില്‍ മനുഷ്യന്‍ എന്തൊക്കെയാണു ചെയ്യുക എന്നത്‌ ഊഹിക്കാന്‍ പോലും കഴിയില്ല. വായില്‍ നിന്ന് പുറത്ത്‌ വരുന്ന വാക്കുകള്‍ അല്ലെങ്കില്‍ കോപത്തോടെ കുറിക്കുന്ന വാക്കുകള്‍ എല്ലാം കടുത്തതും അപരന്റെ മനസ്സിനെ തകര്‍ക്കുന്ന തരത്തിലുമായിരിക്കും. നല്ലതിനു വേണ്ടി, നീതിക്ക്‌ വേണ്ടി, അനീതിക്കെതിരെ കോപിക്കുക എന്നത്‌ വേറെ വിഷയമാണ്. എന്നാല്‍ നാം പലപ്പോഴും കോപിക്കുക നിസ്സാര കാര്യങ്ങള്‍ക്കായിരിക്കും. അത്‌ നമ്മുടെ വ്യക്തിത്വത്തിനു തന്നെ പ്രതികൂലമായി ഭവിക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യും.

സ്വാഭാവികമായും വിവേകം വികാരത്തിനു വഴിപ്പെടുന്ന അവസ്ഥയില്‍ നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ്‌ അധികരിക്കുന്നു / ബ്ലഡ്‌ പ്രഷര്‍ കൂടുന്നു/ ഹ്ര്യദയമിടിപ്പിനു വേഗം കൂടുന്നു. കോപം അടക്കി നിര്‍ത്തുമ്പോള്‍ വരുന്ന പ്രക്ഷുബ്ദാവസ്ഥയില്‍ നിന്ന് ശാരീരികമായും മാനസികമായുമുള്ള മോചനത്തിനു മനസ്സും ശരീരവും കുളിര്‍മ്മയാക്കേണ്ടതുണ്ട്‌. അതിനു നല്ല ഒരു ഉപാധിയാണു സ്നാനം എന്നത്‌ . ചുരുങ്ങിയത്‌ അംഗ സ്നാനമെങ്കിലും ചെയ്യുക. ശരീരം ക്ഷീണിച്ച അവസ്ഥയില്‍ നിന്ന് മുക്തി നേടാനും ഉന്മേഷത്തിനും *വുളു എടുക്കുന്നതിനായി കഴുകേണ്ട അവയവങ്ങള്‍ (കൈകള്‍ മുട്ടുള്‍പ്പെടെ, കാലുകള്‍, മുഖം, ചെവി ) വെള്ളം കൊണ്ട്‌ കഴുകുന്നത്‌ നല്ലതാണ്.

പല കുടുംബ ബന്ധങ്ങളും ശിഥിലമാവുന്നതിന്റെ കാരണം നിസ്സാര കാര്യത്തിനുള്ള അമിത കോപവും അതിലൂടെ വരുന്ന പ്രശ്നങ്ങളുമാണ്. പരസ്പരം ക്ഷമിക്കാനും സഹിക്കാനും ദമ്പദികള്‍ തയ്യാറായാല്‍ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാവും. വിട്ടു വീഴ്ച ചെയ്യാനുള്ള മനസ്സ്‌ നമുക്കുണ്ടാവണം. വിട്ടു കൊടുക്കരുത്‌... എപ്പോഴും എനിക്ക്‌ ജയിക്കണം എന്ന ഭാവവുമായി കഴിഞ്ഞാല്‍ അത്‌ അത്യന്തികമായ തോല്‍ വിയിലേക്കായിരിക്കും നമ്മെ എത്തിക്കുക.

കോപം ഒതുക്കി, വിട്ടു വീഴ്ചയോടെ ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജീവിക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ എന്ന പ്രര്‍ത്ഥനയോടെ..

==================

*വുളു = അംഗസ്നാനം അഥവാ നിസ്കരിക്കുന്നതിനായി കൈകള്‍, മുഖം ,കാലുകള്‍ ,ചെവികള്‍ തുടങ്ങിയ കഴുകുന്നത്‌

മൊഴിമുത്തുകള്‍-15

ശപിക്കരുത്‌


മൊഴിമുത്ത്‌ :

"ശപിക്കല്‍ സത്യസന്ധനായ വിശ്വാസിക്ക്‌ ചേര്‍ന്നതല്ല" (അബൂ ഹുറൈറ (റ) യില്‍ നിന്ന് നിവേദനം ; ബുഖാരി 10/139, മുസ്‌ലിം 110 )

''ശപിക്കുന്നവന്‍ അന്ത്യനാളില്‍ ശിപാര്‍ശകരോ സക്ഷികളോ ആവാന്‍ യോഗ്യരല്ല'' ( അബൂദ്ദര്‍ദാഅ് (റ) വില്‍ നിന്ന് നിവേദനം; മുസ്‌ലിം 2598 )

''അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ, അവന്റെ കോപത്തിനു വിധേയമാവട്ടെ, നരകവാസിയാവട്ടെ എന്നൊന്നും നിങ്ങള്‍ ശപിക്കരുത്‌'' ( സമുറത്‌ബ്നു ജുന്‍ദുബ്‌ (റ) വില്‍ നിന്ന് നിവേദനം , അബൂദാവൂദ്‌ 4906 , തുര്‍മുദി 1977 )

''സത്യവിശ്വാസി ആക്ഷേപകനോ ,ശപിക്കുന്നവനോ, ദുശ്ശീലക്കാരനോ, ദുര്‍നടപ്പുകാരനോ ആവില്ല'' ( ഇബ്നുമസ്‌ ഊദ്‌ (റ)വില്‍ നിന്ന് നിവേദനം, തുര്‍മുദി 1978 )

''മനുഷ്യന്‍ വല്ലതിനെയും ശപിച്ചാല്‍ ആ ശാപം ആകാശത്തേക്കുയരും. അപ്പോള്‍ ആകാശവാതിലുകള്‍ അടയ്ക്കപ്പെടും. അത്‌ കാരണം ആ ശാപം ഭൂമിയിലേക്ക്‌ തന്നെയിറങ്ങും; ഭൂമിയുടെ വാതിലുകളും അടയ്ക്കപ്പെടും. പിന്നീടത്‌ ഇടത്തോട്ടും വലത്തോട്ടും സഞ്ചരിക്കും. ഒരു മാര്‍ഗവും ലഭിക്കാതെ ശപിക്കപ്പെട്ടവനിലേക്ക്‌ (അര്‍ഹനാണെങ്കില്‍ ) ചെന്ന് ചേരും. അല്ലാത്ത പക്ഷം അത്‌ ശപിച്ചവനിലേക്ക്‌ തന്നെ തിരിച്ച്‌ പോകും ( അബുദ്ദര്‍ദാഅ് (റ) വില്‍ നിന്ന് നിവേദനം, അബൂദാവൂദ്‌ 4905 )

കുറിപ്പ്‌ :

മനുഷ്യന്റെ ഒരു സാധാരണ രീതിയാണു തൊട്ടതിനും പിടിച്ചതിനുമൊക്കെ ശാപ വാക്കുകള്‍ ചൊരിയുക എന്നത്‌. അറിഞ്ഞോ അറിയാതെയോ താന്‍ ചെയ്യുന്നതിന്റെ ദൂരവ്യാപക ഫലങ്ങളെ പറ്റി അവന്‍ /അവള്‍ ചിന്തിക്കുന്നില്ല. കോപം വരുമ്പോള്‍ പലരുടെയും സ്വഭാവമാണ് അപരനെ ശപിക്കുക എന്നത്‌. ഇത്‌ തികച്ചും തെറ്റാണെന്നും ഉപേക്ഷിക്കേണ്ടതാണെന്നും തിരു നബി (സ)യുടെ വചനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചില സ്ത്രീകള്‍; മക്കള്‍ എന്തെങ്കിലും അരുതായ്മ പ്രവര്‍ത്തിച്ചാല്‍ അല്ലെങ്കില്‍ അവര്‍ പറഞ്ഞത്‌ കേള്‍ക്കാതെ പ്രവര്‍ത്തിച്ചാല്‍, നിസാര കാര്യത്തിനു പോലും മക്കളെ ശപിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. അത്തരക്കാരോട്‌ മനസ്സില്‍ എന്തോ ഒരു വെറുപ്പ്‌ കുട്ടിക്കാലത്ത്‌ തന്നെ തോന്നിയിട്ടുണ്ട്‌.

സ്ഥിരമായി തന്റെ മകനെ ശപിച്ചിരുന്ന ഒരു മാതാവ്‌ ഇന്ന് ആ മകന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന ( സന്തോഷിക്കുകയാവും എന്ന് ചിലര്‍ പറയുന്നു. കാരണം അത്രയ്ക്കും വഴി വിട്ട ജീവിതമായിരുന്നു ആ മകന്‍ നയിച്ചിരുന്നത്‌ ) അവസ്ഥ അറിയാം. ആ മാതാവിന്റെ ശാപ വാക്കുകളാണോ ആ മകനെ സ്വന്തം മാതാവിനെ തല്ലിച്ചതക്കുന്ന മകനാക്കി, മദ്യത്തിനും മയക്കു മരുന്നിനും അടിമയാക്കി, അരുതാത്ത ബന്ധങ്ങള്‍ക്കുടമയാക്കി, അവസാനം നാട്ടുകാരാലും വീട്ടുകാരാലും തള്ളപ്പെട്ട അവസ്ഥയില്‍ സ്വന്തം വീട്ടില്‍ കിടപ്പു മുറിയില്‍ ഒരു തുണ്ടം കയറില്‍ ജീവനോടുക്കുന്നതിലേക്ക്‌ നയിച്ചത്‌ എന്ന് ആരെങ്കിലും കരുതിയാല്‍ അതില്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ല. തന്റെ ആയുസ്സു മുഴുവന്‍ ഗള്‍ഫില്‍ രക്തം വിയര്‍പ്പാക്കി ജീവിതം കളഞ്ഞ ഒരു പിതാവിനു താങ്ങും തണലുമാവേണ്ടിയിരുന്ന ആ യുവാവിന്റെ ജീവിതം അങ്ങിനെ ദാരുണമായി അവസാനിച്ചു.

നമ്മുടെ നാവുകള്‍ മറ്റുള്ളവരെ / മറ്റുള്ളതിനെ ശപിക്കാനായി ഉപയോഗിക്കാതിരിക്കാനുള്ള മനസ്സാന്നിദ്ധ്യവും നല്ല മനസ്സും നമുക്കേവര്‍ക്കും ജഗന്നിയന്താവ്‌ കനിഞ്ഞരുളട്ടെ..

അവലംബം : രിയാളുസ്വാലിഹീന്‍ പരിഭാഷ

മൊഴിമുത്തുകള്‍-14

''‍അധ്യാപകനും, വിദ്യാര്‍ത്ഥിയും ''


മൊഴിമുത്ത്‌:

''വിദ്വാനും (അധ്യാപകന്‍ ) വിദ്യാര്‍ത്ഥിയും ഗുണത്തില്‍ പങ്കുകാരാണ് (പരസ്പര പൂരകങ്ങള്‍ ) ഇതര ജനങ്ങള്‍, അവരില്‍ ഒരു ഗുണവുമില്ല ''( ത്വബ്‌റാനി (റ) ,അബു ദര്‍ദ്ദാഅ്(റ) വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ )

വിവരണം:

ഒരു മനുഷ്യനായാല്‍ ഒന്നുകില്‍ അറിവുള്ളവനായിരിക്കണം.അല്ലെങ്കില്‍ അറിവിനെ പഠിക്കുന്നവനായിരിക്കണം. ഇത്‌ രണ്ടിലും പെടാതെ അന്ധരായി ജീവിക്കുന്നവര്‍ ഫലത്തില്‍ ഗുണമില്ലാത്തവരാണ്.

കുറിപ്പ്‌:

അറിവ്‌ നേടിയവരുടെയും അറിവ്‌ സമ്പാദിയ്ക്കുന്നവരുടെയും മഹത്വമാണിവിടെ ഈ തിരു മൊഴിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്‌. അറിവില്ലാത്തവര്‍ അറിവ്‌ നേടാന്‍ പരിശ്രമിയ്ക്കേണ്ടതിന്റെ (പ്രായ പരിധിയില്ലാതെ ) ആവശ്യവും ഈ ഹദീസ്‌ വ്യക്തമാക്കുന്നു. അധ്യാപകനെ / വിദ്വാനെ( ഭൗതികവും ആത്മീയവും എന്ന വേര്‍തിരിവില്ലാതെ തന്നെ ) എല്ലാ വിഭാഗം ജനങ്ങളും ആദരിച്ച്‌ പോരുന്നതും അധ്യാപകവ്യത്തി ഒരു തൊഴില്‍ എന്നതിലുപരി സേവനമായി കണക്കാക്കുന്നതും അറിവിന്റെ മഹത്വം മനസ്സിലാക്കിയ ജനങ്ങള്‍. ഇന്ന് അതിനെല്ലാം വളരെ മാറ്റം വന്നിരിക്കുന്നത്‌ ഖേദകരമാണെന്നതില്‍ സംശയമില്ല. അധ്യാപകരും വിദ്യാര്‍ത്ഥിയും തമ്മിലുള്ള നല്ല ബന്ധങ്ങള്‍ കേട്ടു കേള്‍വിയായി തീരുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണു നടമാടിക്കൊണ്ടിരിക്കുന്നത്‌. രണ്ട്‌ ഭാഗത്തു നിന്നും വീഴ്ചകള്‍ സംഭവിക്കുന്നു. എല്ലാ കച്ചവടവത്കരിക്കപ്പെട്ടപ്പോള്‍ അധ്യാപന-സേവന മേഖലയും അതില്‍ ബലിയാടായി. അധ്യാപകനെ കല്ലെറ്റിയുന്ന വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി /വിദ്യാര്‍ത്ഥിനികളെ മാനസികമായും ലൈഗികമായും പീഢിപ്പിക്കുന്ന അധ്യാപകരും അധികരിച്ചു വരുന്നത്‌ ഒട്ടൊരു ആധിയോടെ കാണുവാന്‍ വിധിക്കപ്പെട്ട ഇന്നിന്റെ സമൂഹം പക്ഷെ നഷ്ടമായികൊണ്ടിരിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ തിരിച്ച്‌ പിടിക്കാന്‍ ശ്രമിക്കേണ്ടതിനു പകരം ചില താത്പര്യങ്ങളുടെ പേരില്‍ അധ്യാപകരെ വേട്ടയാടുന്ന , വിദ്യാര്‍ത്ഥികളെ ദുരുപയോഗം ചെയ്യുന്ന, വിദ്യാഭ്യാസത്തെ തന്നെ ചില ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി മാത്രം ഉപയോഗിക്കുന്ന പ്രവണതകളില്‍ വ്യാപരിക്കുനാന്നതാണു കാണുന്നത്‌. ആത്മീയ രംഗത്തായാലും ഭൗതിക രംഗത്തായാലും സ്ഥിതി വിത്യാസമല്ല.

അറിവു സമ്പാദിയ്ക്കുവാനും അറിവുള്ളവരെ ബഹുമാനിക്കുവാനും അറിവിന്റെ പ്രകാശം കൊണ്ട്‌ മനസ്സിനെ ദീപ്തമാക്കാനും നമുക്ക്‌ കഴിയട്ടെ.

മൊഴിമുത്തുകള്‍-13

സംത്യപ്തിയാണ് ഐശ്വര്യം

മൊഴിമുത്ത്‌ :

''പരിവാരങ്ങള്‍ അധികരിക്കുന്നതല്ല ഐശ്വര്യം ; മനസ്സിന്റെ സംത്യപ്തിയാണ് യഥാര്‍ത്ഥ ഐശ്വര്യം /സമ്പത്ത്‌ '' ( അബൂ ഹുറൈറ (റ) വില്‍ നിന്ന് മുസ്‌ ലിം (റ) നിവേദനം ചെയ്ത ഹദീസ്‌ )

''മനസ്സിന്റെ ത്യപ്തി (സംത്യപ്തി )യുള്ളവനാണ് ശരിയായ സമ്പന്നന്‍/ ഐശ്വര്യം ഉള്ളവന്‍'' ( ബുഖാരി (റ) നിവേദനം ചെയ്ത ഹദീസ്‌ )

വിവരണം:

കുറെ ധനമോ, സ്വാധീനമോ ഉള്ളത്‌ കൊണ്ട്‌ ഒരാള്‍ യഥര്‍ത്ഥത്തില്‍ സമ്പന്നനാവുന്നില്ല. ഉള്ളത്‌ കൊണ്ട്‌ ത്യപ്തിപ്പെട്ട്‌ മനസംത്യപ്തിയോടെ ജീവിക്കുന്നവനാണ് ശരിയായ സമ്പന്നന്‍ (ഐശ്വര്യവാന്‍ ). സംത്യപ്തിയില്ലാതെ ജീവിക്കുന്നവര്‍ എത്ര വലിയ ധനാഢ്യരാണെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ദരിദ്രരായിരിക്കും.

കുറിപ്പ്‌:

എത്ര ധനമുണ്ടായാലും എല്ലാവിധ ജീവിതസൗകര്യങ്ങള്‍ ഉണ്ടായാലും മതിവരാതെ / സംത്യപ്തിയില്ലാതെ വീണ്ടും വീണ്ടും സമ്പാദിച്ചു കൂട്ടാനുള്ള ത്വരയോടെ, ശരിയായി ഭക്ഷണം പോലും കഴിക്കാന്‍ നേരമില്ലാതെ, തന്റെ ഭാര്യയും മക്കളുമായി ചിലവഴിക്കാന്‍ സമയം നീക്കിവെക്കാതെ, അവരുടെ ന്യായമായ ആവശ്യങ്ങള്‍പോലും ( ഒരു ഭര്‍ത്താവെന്ന നിലക്കും, പിതാവെന്ന നിലക്കും ) നിവര്‍ത്തിച്ചുകൊടുക്കാന്‍ താത്പര്യമെടുക്കാതെ നെട്ടോട്ടമോടുന്നവരെ നമുക്ക്‌ എത്രയോകാണാം. എന്നെങ്കിലും ഇത്തരക്കാര്‍ക്ക്‌ ഒരു മതി വരുമെന്ന് തോന്നുന്നില്ല. ഈ ഓട്ടത്തിനിടയില്‍ നഷ്ടപ്പെടുന്ന മനസ്സമാധാനം/സംത്യപ്തിയാണു യഥാര്‍ത്ഥസമ്പത്ത്‌ /ഐശ്വര്യം എന്ന തിരിച്ചറിവ്‌ ലഭിക്കുമ്പോഴേക്കും ഏറെ വൈകിയിരിക്കും പലപ്പോഴും.

സ്വയം നഷ്ടപ്പെടുന്നതിനൊപ്പം, സമ്പാദിക്കണം സമ്പാദിക്കണം എന്ന ഈ അടങ്ങാത്ത ത്വര മനുഷ്യനെ അരുതാത്ത വഴിയിലും നടത്തി മറ്റുള്ളവരുടെ ജീവിതം നഷ്ടത്തിലാക്കാനും അഥവാ മറ്റ്‌ ജീവിതങ്ങള്‍ ചവിട്ടി മെതിക്കാനും ഇടയാക്കാനും അത്‌ വഴി രണ്ട്‌ ലോകവും (വിശ്വാസിയെ സംബന്ധിച്ചിടത്തോളം) നഷ്ടമാവാനും ഇടയാക്കുന്നു.

പുലര്‍കാലം മുതല്‍ സായാഹ്നം വരെ അളന്നേടുക്കാനാവുന്ന ഭൂമിയെല്ലാം താങ്കള്‍ക്ക്‌ സ്വന്തമാക്കാമെന്ന രാജാവിന്റെ വാഗ്ദത്തില്‍, കഴിയാവുന്നത്ര ഭൂമി സ്വന്തമാക്കാനുള്ള അത്യാഗ്രഹത്താല്‍ വിശ്രമമില്ലാതെ ഓടി ഓടി അവസാനം കിതച്ച്‌ കിതച്ച്‌ ജീവന്‍ നഷ്ടമായി ആറടി മണ്ണുമാത്രം സ്വന്തമാക്കിയ ഒരു അത്യാഗ്രഹിയുടെ കഥ ഇവിടെ ഓര്‍ക്കട്ടെ.

സമ്പാദിച്ച്‌ കൂട്ടുന്നതിലല്ല ..മനസ്സിന്റെ സംത്യപ്തിയിലാണു ഐശ്വര്യം എന്ന തിരിച്ചറിവോടെ ഉള്ളത്‌ കൊണ്ട്‌ ഒരുമയായി ജീവിക്കാന്‍ നമ്മെ എല്ലാവരെയും ജഗന്നിയന്താവ്‌ അനുഗ്രഹിക്കട്ടെ.. എന്ന പ്രാര്‍ത്ഥനയോടെ.

മൊഴിമുത്തുകള്‍-12

അഹങ്കാരികള്‍- നരകവാസികള്‍



‍മൊഴിമുത്ത്‌:

''നരകവാസികളെ സംബന്ധിച്ചു ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞ്‌ തരട്ടെയോ ?'' എന്ന്‌ ചോദിച്ച്‌ കൊണ്ട്‌ റസൂല്‍ (സ) പറഞ്ഞു : "ക്രൂര മനസ്കരും, അന്യായമായി ധനം സമ്പാദിക്കുന്നവരും അഹങ്കാരികളുമാണവര്‍'' (ബുഖാരി 8/507,508 ,മുസ്‌ലിം :2853 )

''മനസ്സില്‍ അണുമണിത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' എന്ന് നബി (സ) തങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു മനുഷ്യന്‍ തന്റെ വസ്ത്രവും പാദരക്ഷയും ഭംഗിയുള്ളതാവാന്‍ ആഗ്രഹിക്കാറുണ്ടല്ലോ !അത്‌ അഹങ്കാരത്തില്‍ പെടുമോ? റസൂല്‍ (സ) പ്രതിവചിച്ചു. ''അല്ലാഹു അഴകുള്ളവനും അഴകിനെ ഇഷ്ടപ്പെടുന്നവനുമാണ് ''(അത്‌ അഹങ്കാരമല്ല എന്നര്‍ത്ഥം ) ''സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കരം ( മുസ്‌ ലിം (റ) . ഹദീസ്‌ നമ്പര്‍ 31 : നിവേദനം : ഇബ്‌നു മസ്‌ഊദ്‌ (റ) )

അബൂഹുറൈ റ (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ്‌ : ''റസൂല്‍ (സ) പറഞ്ഞു . " അഹങ്കാരത്താല്‍ വസ്ത്രം വലിച്ചിഴച്ചു നടക്കുന്നവനുനേരെ അന്ത്യ ദിനത്തില്‍ അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം ) നോക്കുന്നതല്ല'' ( ബുഖാരി (റ) 10/219 ,220 മുസ്‌ലിം (റ) 2087 )

ഇതേ ആശയമുള്ള വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ കാണാം.

"അല്ലാഹു പറഞ്ഞു : ഭൂമിയില്‍ ഉന്നതാവസ്ഥയോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാണു പരലോകം (സ്വര്‍ഗ്ഗം) നാം നിശ്ചയിച്ചിരിക്കുന്നത്‌ '' ( സൂറത്ത്‌ ഖസസ്‌ : 83 )

''ഭൂമിയിലൂടെ നീ അഹങ്കരിച്ച്‌ നടക്കരുത്‌ ''( സൂറത്ത്‌ ഇസ്‌റാഅ് : 37 )

"(അഹങ്കാരത്താല്‍ )ജനങ്ങളില്‍ നിന്ന് നീ മുഖം തിരിച്ച്‌ കളയരുത്‌. ഭൂമിയിലൂടെ അഹങ്കരിച്ച്‌ നടക്കരുത്‌. പൊങ്ങച്ചവും അഹങ്കാരവും കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല '' ( സൂറത്ത്‌ ലുഖ്മാന്‍ : 18 )

കുറിപ്പ്‌:

അഹങ്കാരം, സ്വാര്‍ത്ഥം, ദുരഭിമാനം എന്നി ദുര്‍ഗുണങ്ങള്‍ മനുഷ്യനെ അധ:പതനത്തിന്റെ ഗര്‍ത്തത്തിലേക്ക്‌ തള്ളിവിടുമെന്നതില്‍ സംശയമില്ല. ഭൂമിയില്‍ അഹങ്കരിച്ച്‌, ജനങ്ങളെ അവഗണിച്ച്‌ നടക്കുന്നവര്‍ക്കുള്ള അവസ്ഥയാണിവിടെ (നബി വചനങ്ങളിലും ഖര്‍ആനിലും) വിവരിക്കപ്പെട്ടിരിക്കുന്നത്‌. ഇന്ന് അഹങ്കാരികളുടെ ലോകമായി പരിണമിച്ചിരിക്കയാണെവിടെയും . താഴ്മകാണിക്കുന്നത്‌ തന്റെ അന്തസ്സിനു കുറവായി കാണുന്നവരെ കൊണ്ട്‌ ലോകം നിറയുന്നു ഭരണാധികാരികളായാലും പ്രജകളായാലും തഥൈവ. ലോകം മുഴുവന്‍ ഒരേ ശബ്ദത്തില്‍ അരുതെന്ന് ആവശ്യപ്പെട്ടിട്ടും താന്‍ പോരിമയും അഹങ്കാരവും ഉപേക്ഷിക്കാന്‍ തയ്യാറാവാതെ രാജ്യങ്ങളെ ആക്രമിക്കുന്ന, നിരപരാധികളെ കൊന്നൊടുക്കുന്ന ക്രൂരരായ രാഷ്ട്രത്തലവന്മാര്‍.. നിസ്സാര കാര്യങ്ങള്‍ക്ക്‌ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച്‌ അണികളെ /അനുയായികളെ തെരുവിലിറക്കി അക്രമം നടത്താന്‍ ആഹ്വാനം നല്‍കുന്നവര്‍.. ആരാധനാലയങ്ങള്‍ രാഷ്ടീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നവര്..‍ തുടങ്ങി സാധാരണ കുടുംബത്തില്‍ തന്റെ ഇണയുടെ അഭിപ്രായം പോലും ആരായാതെ തന്നിഷ്ടം നടത്തുന്നവര്‍ വരെ അഹങ്കാരികളുടെ ഗണത്തില്‍ പെടുന്നു. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാമെങ്കിലും.

മനസ്സില്‍ നിന്ന് ഞാന്‍ എന്ന ഭാവം മാറ്റി വെച്ച്‌ , അഹങ്കാരത്തിന്റെ അവസാന കണികയും എടുത്ത്മാറ്റി മറ്റുള്ളവര്‍ക്ക്‌ ഉപദ്രവമാകാതെ ജീവിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ

( അവലംബം : രിയാളുസ്വാലിഹീന്‍ പരിഭാഷ )

മൊഴിമുത്തുകള്‍-11

മദ്യപാനം


മൊഴിമുത്ത്‌ :

  • മദ്യം, സര്‍വ്വ നീചപ്രവര്‍ത്തനങ്ങളുടെയും അടിത്തറയാകുന്നു. അത്‌ വന്‍ദോശങ്ങളില്‍ വലുതുമാകുന്നു. മദ്യപന്‍ നിസ്കാരം ഉപേക്ഷിക്കുന്നതും വകതിരിവില്ലാതെ തന്റെ മാതാവ്‌, എളയുമ്മ, അമ്മായി മുതലായവരെ പ്രാപിക്കുന്നതുമാണ്. ( ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് ത്വബ്‌ റാനി (റ ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം :
മദ്യം എന്നതില്‍ എല്ലാ ലഹരിയുണ്ടാക്കുന്നതും ഉള്‍പ്പെടും. ഇവ വില്‍ക്കുന്നതും കുടിക്കുന്നതും എല്ലാ വന്‍ദോശങ്ങളില്‍ എണ്ണപ്പെട്ടിരിക്കുന്നു. മദ്യപനു മിക്ക സമയത്തും വകതിരിവ്‌ (തിരിച്ചറിവ്‌ ) ഉണ്ടായിരിക്കയില്ല. അവനു മാതാവിനെയും സഹോദരിയെയും തിരിച്ചറിയുകയില്ല. ദുര്‍ഗുണമല്ലാതെ സത്ഗുണമൊന്നും മദ്യപനില്‍ ഉണ്ടാവുകയില്ല. അതിനാല്‍ തന്നെ മദ്യം സര്‍വ്വ നീചപ്രവത്തിയുടെയും അടിസ്ഥാമായി നബി(സ) തങ്ങള്‍ പ്രഖ്യാപിച്ചത്‌.

വിവരണം:
മദ്യപാനത്തിന്റെയും അതിന്റെ ദൂഷ്യ വശങ്ങളെപറ്റിയും കൂടുതല്‍ പറയേണ്ട ആവശ്യമുദിക്കുന്നില്ല. പക്ഷെ എല്ലാമറി‍ഞ്ഞിരുന്നിട്ടും ആധുനിക ലോകം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കരാളഹസ്തത്തില്‍ നാള്‍ക്ക്‌ നാള്‍ അമര്‍ന്ന് കൊണ്ടിരിക്കയാണെന്നതാണു വസ്ഥുത. സ്വന്തം മകളെ വരെ മദ്യത്തിന്റെ ലഹരിയില്‍ പ്രാപിക്കുന്ന അധമന്മാരായി മാറ്റാന്‍ മദ്യമെന്ന വിഷത്തിനു കഴിയുന്നു. എല്ലാ നീചപ്രവര്‍ത്തനങ്ങളും ചെയ്യുന്നതിനു മുന്നെ മൂക്കറ്റം മദ്യപിക്കുന്നത്‌ പതിവെന്നത്‌ തന്നെ സര്‍വ്വ നീചപ്രവത്തിയുടെയും അടിത്തറയായി മദ്യത്തെ എണ്ണിയതിനെ നമുക്ക്‌ മനസ്സിലാക്കി തരുന്നു. എത്രയോ കുടുബങ്ങളാണു ദിനംപ്രതി മദ്യത്തിന്റെ പിടിയില്‍ അമര്‍ന്ന് ശിഥിലമായികൊണ്ടിരിക്കുന്നത്‌. ഇന്ത്യയില്‍ പലയിടത്തും മദ്യനിരോധനം നടപ്പിലാക്കിയിട്ടുണ്ടങ്കിലും ഒന്നും തന്നെ അതിന്റെ ഫല പ്രാപ്തിയിലെത്തിയിട്ടില്ല എന്ന് വേണം കരുതാന്‍. വിദ്യഭ്യാസം കൊണ്ടും സംസ്കാരം കൊണ്ടുമൊക്കെ മുന്നിലാണെന്നവകാശാപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ മതപരമായ ആഘോഷങ്ങള്‍ക്ക്‌ വരെ മദ്യം ഒഴിച്ച്‌ കൂടാനാവാത്ത ഇനമായി മാറിയിരിക്കുന്ന ദുരവസ്ഥ. ഇന്ന് സ്ത്രീകളും കുട്ടികളുമടക്കം ലഹരിയുടെ പിടിയില്‍ അമര്‍ന്ന് നരകിക്കുമ്പോഴും ഭരണ കര്‍ത്താക്കള്‍ അബ്കാരി നയം ലഘൂകരിച്ച്‌ വരുമാനം ഉണ്ടാക്കാന്‍ വീണ്ടു വഴി അന്വഷിക്കുകയാണു.

പ്രഭാതം മുതല്‍ പ്രദോശം വരെ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന തൊഴിലാളിയുടെ വരുമാനത്തിന്റെ ഏറിയ പങ്കും മദ്യഷാപ്പുകളിലെത്തുന്നു. വീട്ടിലെത്തുന്നത്‌ തെറിയഭിശേകവും തൊഴിയൂം വഴക്കും മാത്രം. തൊഴിലാളികള്‍ എന്നും ഇങ്ങിനെ നരകിക്കണമെന്ന് ചിന്തിക്കുന്ന അതിലൂടെ തങ്ങളുടെ നില നില്‍പ്പ്‌ (അവരെ ഉപയോഗിച്ച്‌ ) കണ്ടെത്തുന്ന രാഷ്ടീയക്കാര്‍ ഒരിക്കലും ഈ ദുരവസ്ഥ കാണുകയില്ല. മദ്യം വരുത്തി വെക്കുന്ന സാമൂഹ്യവിപത്തിലൂടെ, കുടുംബത്തിന്റെ തകര്‍ച്ചയിലൂടെ, കൊലപാതകങ്ങളിലൂടെ , ആത്മഹത്യയിലൂടെ, അപകടങ്ങളിലൂടെയെല്ലാം രാജ്യത്തിനു നഷ്ടമായികൊണ്ടിരിക്കുന്ന മനുഷ്യവിഭവം, സമാധാന അന്തരീക്ഷം ഇതിന്റെയൊക്കെ വില ഒന്ന് കൂട്ടിയിരുന്നെങ്കില്‍ ലാഭ നഷ്ടങ്ങളുടെ യഥാര്‍ത്ഥ കണക്ക്‌ തെളിയുമായിരുന്നു.

അതൊക്കെ ചിന്തിക്കാന്‍ ആര്‍ ക്കിവിടെ സമയം..?

മൊഴിമുത്തുകള്‍-10

അറിവ്‌ നേടല്‍
‍ മൊഴിമുത്ത്‌:

  • അറിവ്‌ (വിദ്യഭ്യാസം)നേടല്‍ നിസ്കാരത്തേക്കാളും, നോമ്പിനേക്കാളും, ഹജ്ജിനേക്കാളും, അല്ലാഹുവിന്റെ വഴിയില്‍ സമരം ചെയ്യുന്നതിനേക്കാളും മഹത്വമുള്ളതാണ് ( ദാരിമി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

    വിവരണം:


    അറിവുണ്ടായാലേ ഏതൊരു സല്‍പ്രവ്യത്തിയും ശരിപ്പെടുകയുള്ളൂ.. അതിനാല്‍ തന്നെ പ്രസ്തുത സത്കര്‍മ്മങ്ങളേക്കാള്‍ മഹത്വം അറിവ്‌ നേടുന്നതിനാണെന്ന് പറഞ്ഞത്‌. എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അറിവ്‌ നേടാന്‍ ശ്രമിയ്ക്കാത്തവര്‍ നബി (സ)യുടെ ഈ വചനത്തെ കുറിച്ച്‌ വിചിന്തനം ചെയ്യേണ്ടതാണ്
കുറിപ്പ്‌:

ജീവിതത്തില്‍ അറിവ്‌ സമ്പാദിക്കേണ്ടതിന്റെ ,വിദ്യ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയും അതിനു ഇസ്‌ലാം കല്‍പ്പിക്കുന്ന മഹത്വവുമാണ് ഈ മൊഴിമുത്തിലൂടെ നബി (സ)തങ്ങള്‍ ലോകത്തോട്‌ പറയുന്നത്‌. ഒരു മുസ്ലിം നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ആരാധന കര്‍മ്മങ്ങളായ നിസ്കാരം ,നോമ്പ്‌ തുടങ്ങിയ കര്‍മ്മങ്ങളേക്കാള്‍ മഹത്വമുള്ളതായി അറിവ്‌ നേടുന്നതിനെ കണക്കാക്കുമ്പോള്‍ അതിന്റെ പ്രസക്തി എത്രമാത്രമുണ്ടെന്ന് വിവരിക്കേണ്ടതില്ല. നിസ്കാരവും നോമ്പും മറ്റു കര്‍മ്മങ്ങളും ഒഴിവാക്ക്‌ വിദ്യ നേടാന്‍ തുനിയണം എന്നല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്‌. അറിവ്‌ ആത്മീയം, ഭൗതികം എന്ന അതിര്‍ വരമ്പിട്ട്‌ ഇവിടെ വിവക്ഷിച്ചിട്ടില്ല എങ്കിലും ആത്മീയമായ അറിവിനു അതിന്റെ മഹത്വം മറ്റു ഹദീസുകളില്‍ വിവരിച്ചിട്ടുണ്ടെന്നത്‌ സാന്ദര്‍ഭികമായി ഓര്‍ക്കുക. ഏതൊരു പ്രവ്യത്തിയും ചെയ്യുമ്പോള്‍ ( അത്‌ മതപരമായാലും, ഭൗതികമായാലും ) ചെയ്യുന്ന കാര്യത്തെ /കര്‍മ്മത്തെ കുറിച്ച്‌ വ്യക്തമായ അറിവ്‌ ഉണ്ടായിരിക്കല്‍ ആ കാര്യത്തിന്റെ ശരിയായ നിര്‍വഹണത്തിനു എളുപ്പമുണ്ടാക്കുകയും അതില്‍ വിജയം വരിക്കാന്‍ കഴിയുകയും ചെയ്യും.

ധാരാളം സമ്പത്തുണ്ടായിട്ടും, പഠിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അതിനൊന്നും മിനക്കെടാതെ സമയം ചിലവഴിച്ച്‌ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിനേടുവാനായി നിരവധി തവണ ഹജ്ജിനും മറ്റും പോകുന്നവര്‍ ഈ ഹദീസിലെ പാഠങ്ങള്‍ ഉള്‍കൊണ്ടെങ്കില്‍ എത്ര നന്നായിരുന്നു. അറിവ്‌ നേടാന്‍ ഇത്ര പ്രായ പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. മനുഷ്യന്‍ അവന്റെ മരണം വരെയും വിദ്യാര്‍ത്ഥിയായിരിക്കണം. അങ്ങിനെ നല്ല അറിവ്‌ നേടാനും നേടിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പാര്‍ന്ന് നല്‍കി അറിവിനെ പരിപോഷിപ്പിക്കാനും നമുക്കേവര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ ..

മൊഴിമുത്തുകള്‍-9

കാലത്തെ അധിക്ഷേപിയ്ക്കരുത്‌
മൊഴിമുത്ത്‌:
  • അല്ലാഹു പറയുന്നു. കാലത്തെ അധിക്ഷേപിച്ച /ചീത്ത വിളിച്ച മനുഷ്യന്‍ എന്നെ അധിക്ഷേപിക്കുന്നു. കാരണം, ഞാനാണു കാലം. എന്റെ നിയന്ത്രണത്തിലാണു എല്ലാ കാര്യങ്ങളും. രാത്രിയും പകലും മാറ്റി മറിക്കുന്നതും ഞാന്‍ തന്നെ. (ബുഖാരി (റ) & മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
കാലത്തെ പഴിക്കുന്നതിനെ പറ്റിയാണു ഇവിടെ പറഞ്ഞിരിക്കുന്നത്‌. കൊല്ലത്തെയും /കാലത്തെയും എടുത്ത്‌ പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌ ശരിയല്ല. അത്‌ അല്ലാഹുവിനെ തന്നെ ആക്ഷേപിയ്ക്കുന്നതിനു തുല്യമാണത്‌ രാത്രി പകലാക്കുന്നതും പകലിനെ വീണ്ടും രാത്രിയാക്കുന്നതുമടക്കം സര്‍വ്വം നിയന്ത്രിക്കുന്നത്‌ അല്ലാഹുവാണ്. അതിനാല്‍ കാലത്തെ അധിക്ഷേപിക്കരുതെന്ന് ഈ ഹദീസ്‌ പഠിപ്പിക്കുന്നു.

കുറിപ്പ്‌:

സാധാരണയായി ജനങ്ങള്‍ പറയാറുള്ള ഒരു കാര്യമാണു . ഈ വര്‍ഷം വളരെ മോശമാണെനിയ്ക്ക്‌. .. കാലം വളരെ പിഴച്ച്‌ പോയിരിക്കുന്നു. മുന്‍കൊല്ലം ഏറെ നന്നായിരുന്നു... പണ്ട്‌ കാലത്ത്‌ വളരെ നന്മകള്‍ ഉണ്ടായിരുന്നു... ഈ കാലത്ത്‌ തിന്മകള്‍ അധികരിച്ചിരിക്കുന്നു... എന്നൊക്കെ. എന്നാല്‍ അതിനൊപ്പം അതിന്റെയൊക്ക കാരണമായി (നല്ലതിന്റെയും ചീത്തയുടെയും ) നാം കാലത്തെ പഴിയ്ക്കാന്‍ പാടില്ല. കാലത്തെ പഴിക്കുന്നതിലൂടെ നാം ജഗന്നിയന്താവായ അല്ലാഹുവിനെ തന്നെ പഴിക്കുന്നതിനു തുല്യമായ കാര്യമാണു ചെയ്യുന്നത്‌. ഈ ലോകത്ത്‌ നടക്കുന്ന സര്‍വ്വതും നിയന്ത്രിയ്ക്കുന്ന , രാവിന്റെയും പകലിന്റെയും, എല്ലാ കാലങ്ങളുടെയും നിയന്ത്രണാധിപനായ അല്ലാഹു നല്ല കാലം, ചീത്ത കാലം എന്നിങ്ങനെ കാലത്തെ വിഭജിച്ചിട്ടില്ല .മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അവനു വന്ന്ഭവിക്കുന്ന കാര്യങ്ങള്‍ക്ക്‌ അവന്‍ കാലത്തെ പഴിപറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിയ്ക്കരുത്‌ .
എല്ലാ അവസ്ഥകളിലും പാഠങ്ങള്‍ ഉള്‍കൊണ്ട്‌ ക്ഷമയോടെ ജീവിതം നയിയ്ക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ..

മൊഴിമുത്തുകള്‍-8

രണ്ടുമുഖം
മൊഴിമുത്ത്‌ :
  • ചിലരുടെ അടുക്കല്‍ ഒരു‍ മുഖവും മറ്റു ചിലരുടെ അടുക്കല്‍ വേറൊരു മുഖവും ആയി വര്‍ത്തിക്കുന്നവരെ ജനങ്ങളില്‍ ഏറ്റവും മോശപ്പെട്ടവരായി അവസാന നാളില്‍ (ഖിയാമത്ത്‌ നാളില്‍ ) അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ കാണുന്നതാണ് ( മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
  • ഈ ലോകത്ത്‌ രണ്ട്‌ മുഖമുള്ളവന്‍ ആരോ അവനു ഖിയാമ നാളില്‍ ( അന്ത്യ നാളില്‍ ) തീ കൊണ്ടുള്ള രണ്ട്‌ നാവുകളുണ്ടായിരിക്കുന്നതാണ് ( അബൂദാവൂദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക്‌ വേണ്ടി സാഹചര്യത്തിനും ജനങ്ങള്‍ക്കുമൊത്തും സംസാരിച്ച്‌ എല്ലാവരുടെയും പ്രീതി സമ്പാദിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രണ്ട്‌ മുഖക്കാരായ ( ഒന്ന് മനസ്സില്‍ വെച്ച്‌ മറ്റൊന്ന് പറയുന്നവര്‍ ) മനസ്സാക്ഷിയില്ലാത്ത ജനങ്ങളെ എവിടെയും കാണാം. അത്തരക്കാരെ കുറിച്ചാണു ഈ ഹദീസുകള്‍ (നബി വചനങ്ങള്‍ ) സൂചിപ്പിക്കുന്നത്‌. അത്തരം സ്വഭാവം വളരെ മോശമാണെന്നും ശിക്ഷാര്‍ഹമാണെന്നും നബി (സ) പഠിപ്പിക്കുന്നു.
കുറിപ്പ്‌:
വര്‍ത്തമാന കാലഘട്ടത്തില്‍ ഏറെയൊന്നും വിശദീകരണം ആവശ്യമില്ലാത്ത കാര്യമാണു രണ്ടു മുഖവുമായി വര്‍ത്തിക്കുന്നവരുടേ കാര്യം.പുറമെ അലക്കി തേച്ച ചിരിയും കൂപ്പുകൈകളുമായി ജനങ്ങളെ സമീപിച്ച്‌ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പിന്തുണ ഉറപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ മുതല്‍ സാധാരണ കുടുംബങ്ങളില്‍ വരെ, ഭാര്യയും ഭര്‍ത്താവും തമ്മില്‍ , സഹോദരങ്ങള്‍ തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍ എല്ലാം തങ്ങളുടെ യഥാര്‍ത്ഥ മുഖം ഒളിപ്പിച്ച്‌ കാപട്യത്തിന്റെ മുഖം മൂടിയണിന്‍ഞ്ഞ്‌ പകല്‍ മാന്യരായി നടക്കുന്നവര്‍. ഇത്തരക്കാര്‍ അവസരം കിട്ടുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുന്നു. അതിന്റെ പരിണിത ഫലങ്ങള്‍ സമൂഹത്തില്‍ നാം കണ്ട്‌ അനുഭവിക്കുകയും ചെയ്യുന്നു. മത സാംസ്കാരിക സാഹ്യത്യ മണ്ഡലങ്ങളിലെല്ലാം ഇക്കൂട്ടര്‍ അധികരിച്ചിരിക്കയാണ്. മറ്റുള്ളവരുടെ കയ്യടി വാങ്ങാന്‍ ആദര്‍ശം പണയം വെക്കുന്ന, നല്ല പേരു നില നിര്‍ത്താന്‍ അനീതി കണ്ടാലും പ്രതികരിക്കാതെ ചെരുപ്പിനനുസരിച്ച്‌ കാലു മുറിച്ച്‌ പാകപ്പെടുത്തുന്നവര്‍. ഇവരൊക്കെ സൂക്ഷിക്കുന്ന പൊയ്മുഖങ്ങള്‍ ഒരു നാളില്‍ മറനീക്കി പുറത്ത്‌ വരിക തന്നെ ചെയ്യും. അഭിപ്രായം തുറന്ന് പറയാനും, നല്ലതിനെ അഭിനന്ദിക്കാനും നമ്മുടെ വ്യക്തി ബന്ധങ്ങളും മറ്റും ഒരിയ്ക്കലും തടസ്സമാവരുത്‌.

മൊഴിമുത്തുകള്‍-7

പുഞ്ചിരിയോടുകൂടി സംസാരിയ്ക്കുക

മൊഴിമുത്ത്‌:

  • നിന്റെ സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നത്‌ നിനക്ക്‌ ധര്‍മ്മമാണ്. ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
  • പുഞ്ചിരിയില്ലാതെ നബി (സ ) ഒരു വര്‍ത്തമാനവും പറയാറില്ല. ( അബുദര്‍ദാ അ (റ) ല്‍ നിന്ന് അഹ്‌മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌)

വിവരണം:

മറ്റുള്ളവരുമായി സംസാരിയ്ക്കുമ്പോള്‍ പുഞ്ചിരിയോടെയും തെളിവാര്‍ന്ന മുഖത്തോടെയും ആയിരിക്കണം. ഇത്‌ ഏത്‌ കഠിന ഹൃദയരെയും സന്തോഷിപ്പിക്കും. നബി (സ) അപ്രകാരമാണു സംസാരിച്ചിരുന്നത്‌. അതിനാല്‍ തന്നെ വ്യക്തിപരമായി നബി(സ)യെ ആരും വെറുത്തിരുന്നില്ല, എന്ന് മാത്രമല്ല നബി(സയുടെ സംസാരം ശത്രുക്കള്‍ക്ക്‌ പോലും ഗുണം ചെയ്തിട്ടുണ്ട്‌. തന്റെ സഹോദര‍ന്റെ മുഖത്ത്‌ നോക്കി ഒന്ന് പുഞ്ചിരിക്കുന്നത്‌പോലും ധര്‍മ്മമാണെന്ന് പഠിപ്പിക്കുമ്പോള്‍ പുഞ്ചിരിയോടെ സംസാരിക്കുന്നതിന്റെ മഹത്വം വിവരിക്കേണ്ടതില്ല.

കുറിപ്പ്‌:
അധുനിക യുഗത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്ന കാര്യമാണു ഒരു പുഞ്ചിരി ചുണ്ടില്‍ വിടര്‍ത്തുക എന്നത്‌. എല്ലാ മുഖങ്ങളിലും ഗൗരവം. പൊട്ടിച്ചിരിപ്പിക്കാനുതകുന്ന തമാശ കേട്ടാലും ഒരു ചെറുചിരിയുതിര്‍ക്കാതെ ശ്വസം പിടിച്ചിരിക്കുന്നവരെ കാണാം. ചിരിച്ചാല്‍ തന്റെ ഇമേജിനു കോട്ടം തട്ടുമോയെന്ന് ഭയപ്പെടുന്ന പൊങ്ങച്ചസംസ്കാരത്തിനു അടിമയായവര്‍. പരിചയമുള്ളവരായാല്‍ തന്നെ കണ്ടുമുട്ടിയാല്‍ ഒരു ചെറുചിരി സമ്മാനിക്കാന്‍ നില്‍ക്കാതെ നടന്നകലുന്നവര്‍. യാതൊരു ചിലവുമില്ലാതെ എന്നാല്‍ തനിക്കു തന്നെ ആരോഗ്യപരമായും മാനസികപരമായും വളരെ നല്ലതെന്ന് ആധുനിക ആരോഗ്യശാസ്ത്രം വരെ വിധിയെഴുതിയ നിര്‍ദോശമായ രണ്ടു ചുണ്ടുകളുടെ അനക്കം അടക്കി ഗൗരവം നടിക്കുന്നവര്‍. ചിലരുണ്ട്‌, അവര്‍ സമൂഹത്തില്‍ / വീടിനു വെളിയില്‍ വളരെ നല്ല രീതിയില്‍ ആളുകളുമായി ഇടപഴകുകയും തമാശകള്‍ പറയുകയും ചെയ്യും. എന്നാല്‍ വീടിന്റെ പടിക്കലെത്തിയാല്‍ വേറൊരു കപട ഗൗരവത്തിന്റെ മുഖമണിയുന്നു. പിന്നെ ചിരിയുമില്ല.. തമാശയുമില്ല.! ചിരിച്ചാല്‍ താന്‍ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ ചെറുതാവുമെന്ന ഭയം.
പുഞ്ചിരിക്കുന്നതില്‍ പുണ്യമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനം നമുക്ക്‌ മാത്യകയാക്കാം. പരസ്പരം പുഞ്ചിരിച്ച്‌ ,മുഖ പ്രസാദത്തോടെ നമുക്ക്‌ സംവദിയ്ക്കാം.. നാഥന്‍ തുണയ്ക്കട്ടെ . ആമീന്‍

മൊഴിമുത്തുകള്‍ -6

ശാശ്വത സമ്പാദ്യം
മൊഴിമുത്ത്‌:
  • ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ കര്‍മ്മവും നശിച്ചു മൂന്ന് കാര്യങ്ങളൊഴികെ 1) നടന്നുകൊണ്ടിരിക്കുന്ന ധര്‍മ്മം. 2) ഉപകാരപ്രദമായ അറിവ്‌ 3) തനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്ന നല്ല സന്താനം ( മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
ഓരോ മനുഷ്യനും തന്റെ ജീവിത കാലത്ത്‌ തനിയ്ക്കായി സമ്പാദിയ്ക്കണം. മരണപ്പെട്ടാല്‍ പിന്നെ അത്‌ സാദ്ധ്യമല്ല. മരണത്തിനു ശേഷവും സമ്പാദിയ്ക്കാന്‍ കഴിയുന്ന മൂന്ന് വിഷയങ്ങള്‍ ഒഴികെ
1) നടന്നു കൊണ്ടിരിക്കുന്നതായ സദഖ( ധര്‍മ്മം ); അഥവാ എല്ലാ കാലത്തും പൊതുജനോപകാരപ്രദമായ ധര്‍മ്മം. ഇതില്‍ പൊതു സ്ഥാപനങ്ങള്‍ക്കായി ദാനം ചെയ്യുന്ന സ്വത്ത്‌ (വഖ്‌ഫ്‌ സ്വത്ത്‌ ), കിണര്‍, കുളം, പാലം, റോഡ്‌, വിശ്രമ സ്ഥലങ്ങള്‍ (സത്രം), ആത്മീയ പഠന കേന്ദ്രങ്ങള്‍, തുടങ്ങീ പൊതുജനങ്ങള്‍ക്ക്‌ എപ്പോഴും ഉപകരിച്ചു കൊണ്ടിരിക്കുന്ന നിര്‍മ്മാണങ്ങളിലൂടെയും മരണശേഷം ഇതിന്റെ നന്മ ആ വ്യക്തിക്ക്‌ ലഭിക്കുകയും ചെയ്യും.
2) ഉപകാരപ്രദമായ അറിവ്‌; അറിവ്‌ നേടുകയും അത്‌ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്ന് കൊടുക്കുകയും അറിവനുസരിച്ച്‌ ഉപദേശിക്കുകയും, ഗ്രന്ഥങ്ങള്‍ രചിച്ച്‌ പ്രസിദ്ധീകരിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അതിന്റെ ഫലം എക്കാലത്തും ജനങ്ങള്‍ക്ക്‌ ഉപകാരമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിലൂടെയും മരണ ശേഷം ഇതിന്റെ നന്മ ആ വ്യക്തിക്ക്‌ ലഭിക്കുകയും ചെയ്യും.
3) നല്ല സന്താനം; തന്റെ മക്കളെ സംബന്ധിച്ച തന്നി അര്‍പ്പിതമായ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണമായി നിരവേറ്റുകയും അവരെ സന്മാര്‍ഗ്ഗ പരിശീലനം കൊടുത്ത്‌ നല്ലവരാക്കി വളര്‍ത്തുകയും ചെയ്താല്‍ ആ മക്കള്‍ ചെയ്യുന്ന നന്മകളുടെ ഫലവും അവരുടെ പ്രാര്‍ത്ഥനയും മരണ ശേഷവും നശിക്കാത്ത സമ്പത്തില്‍ പെടുന്നു.
കുറിപ്പ്‌:
നശ്വരമായ ഈ ജീവിത യാത്രയില്‍ നമുക്ക്‌ അല്ലാഹു കനിഞ്ഞരുളി തന്ന ആരോഗ്യവും സമ്പത്തും ആയുസ്സും എല്ലാം തന്റെ സുഖത്തിനും സന്തോഷത്തിനുമെന്ന പോലെ താന്‍ നില കൊള്ളുന്ന സമുദായത്തിനും നാടിനും ഉപകരിക്കുന്ന ,മറ്റുള്ളവര്‍ക്ക്‌ ആ അനുഗ്രഗങ്ങളെ കൊണ്ട്‌ ഉപകരിക്കുന്ന രീതിയില്‍ ചിലവഴിക്കാനും ജനങ്ങളെ ഉപദ്രവകരമായ കാര്യങ്ങളില്‍ നിന്ന് വിട്ട്‌ പൊതു ജന നന്മയ്ക്ക്‌ ഉപയുക്തമാവുന്ന രീതിയില്‍ വര്‍ത്തിക്കാനും തന്റെ സന്താനങ്ങള്‍ക്ക്‌ ഭൗതിക വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതിനൊപ്പം അവരെ ധാര്‍മ്മിക വിദ്യഭ്യാസം കൂടി നല്‍കി സമൂഹത്തിനും നാളെ തന്റെ മരണ ശേഷം മാതാ പിതാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നവരായും വളര്‍ത്താന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.എല്ലാം തട്ടിത്തെറിപ്പിച്ചുള്ള കുതിച്ചു പായലില്‍, സമ്പാദിച്ചു കൂട്ടുവാനുള്ള ത്വരയില്‍, നാം മറന്നു പോവാന്‍ പാടില്ലാത്ത കാര്യമാണു മരണം എന്ന ശാശ്വത സത്യം.. ഈ ഓട്ടവും അലച്ചിലും മത്‌സരവും നിശ്ചലമാകുന്ന ഒരു ദിനം. അന്ന് ദു:ഖിച്ച്‌ വിരല്‍ കടിക്കുന്നവരായി പരിണമിക്കാതിരിക്കാന്‍ വിചിന്തനം ചെയ്യുക.. ശാശ്വതമായ സമ്പത്ത്‌ എന്താണെന്നതിനെ പറ്റി..

മൊഴിമുത്തുകള്‍-5

കുടുംബ ബന്ധം
മൊഴിമുത്ത്‌
  • തന്റെ ആഹാരവഴി വിശാലമാകുന്നതിനും തന്റെ സല്‍പേര്‌ (പ്രശസ്തി ) നിലനില്‍ക്കുവാനും ഇഷ്‌ടപ്പെടുന്നവര്‍ ആരോ അവര്‍ കുടുംബ ബന്ധം നിലനിര്‍ത്തട്ടെ ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
  • തനിക്ക്‌ ദീര്‍ഘായുസ്സുണ്ടാകുന്നതും ആഹാരമാര്‍ഗ്ഗം അഭിവ്യദ്ധിപ്പെടുന്നതും ആരെ സന്തോഷിപ്പിക്കുന്നുവോ അവന്‍ ചാര്‍ച്ചയെ (കുടുംബത്തെ ) ചേര്‍ത്തുകൊള്ളട്ടെ എന്ന് തൌറാത്തില്‍ എഴുതപ്പെട്ടതാകുന്നു ( ഹാഖിം, ഇബ്നു അബ്ബാസ്‌ (റ ) വില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം
ചാര്‍ച്ചയെ ചേര്‍ക്കുക അഥവാ കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക എന്നത്‌ പുണ്യകര്‍മ്മമാണ്‌ ദീര്‍ഘായുന്‍സ്സ്‌ ലഭിക്കുവാനും ജീവിതാഭിവ്യദ്ധിയുണ്ടാകുവാനും അത്‌ പര്യാപതമാണ്‌. കുടുംബാംഗങ്ങളുമായി സ്നേഹത്തിലും സൌഹാര്‍ദ്ദത്തിലും വര്‍ത്തിക്കണം. അന്യേോന്യം സഹായ സഹകരണങ്ങള്‍ ചെയ്യണം. ഒരിക്കലും ദ്രോഹിയ്ക്കരുത്‌. ഇത്‌ ഒരു മനുഷ്യത്വപരമായ മര്യാദ മാത്രമാകുന്നു. ഈ മര്യാദ പാലിക്കുന്നതില്‍ പുണ്യവും ഉപേക്ഷിക്കുന്നത്‌ ദോഷവുമാണെന്ന് വിവരിക്കുന്ന അനേകം നബി(സ)വചനങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട്‌.
കുറിപ്പ്‌ :-
നാട്ടിലായാലും ഗള്‍ഫിലായാലും വന്നവഴി മറന്ന്, കുടുംബങ്ങളെ മറന്ന്, അവരുടെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും തിരിഞ്ഞു നോക്കാത്തവര്‍ എത്ര.. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയുംവരെ തന്റെ സ്വാര്‍ത്ഥമായ ആവശ്യപൂരണത്തിനു ഉപയോഗപ്പെടുത്തി കറിവേപ്പിലപോലെ ദൂരെക്കളയുന്ന മക്കളും മരുമക്കളും സഹോദരങ്ങളും അനവധി.. കുടുംബത്തില്‍ ഒരു ബുദ്ദിമുട്ട്‌ വന്നാല്‍ അവിടേക്ക്‌ തിരിഞ്ഞു നോക്കാതെ അന്തരാഷ്ട വിഷയങ്ങളില്‍ വ്യാപരിച്ച്‌ പേരും പ്രശസ്തിയുമായി നടക്കുന്നവര്‍..! തന്റെ സ്വന്തം മാതാപിതാക്കള്‍..സഹോദരീ സഹോദരന്മാര്‍.. കിടന്നുറങ്ങാന്‍ നല്ല കൂരയില്ലാതെ , ധരിയ്ക്കാന്‍ നല്ല വസ്ത്രങ്ങളില്ലാതെ, കഴിയ്ക്കാന്‍ നല്ല ഭക്ഷണമില്ലാതെ അന്യരെ ആശ്രയിച്ച്‌ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍, അവരെ അറിയാത്ത ഭാവം നടിച്ച്‌ അകലങ്ങളില്‍ സുഖലോലുപതയുടെ മടിത്തട്ടില്‍ ആറാടുന്നവര്‍.. ഇവരൊക്കെ ധൂര്‍ത്തടിച്ച്‌ കളയുന്നതിലെ ചില്ലറതുട്ടുകള്‍ മതിയാവുമായിരുന്നു എത്രയോ കുടുംബങ്ങള്‍ രക്ഷപ്പെടുവാന്‍.. അകലങ്ങളില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട പ്രവാസികളില്‍ നല്ല പങ്കും തങ്ങളുടെ ജീവിതം കുടുംബങ്ങള്‍ക്കായി, നാട്ടിലെ പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുന്നവരും നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്നവരുമാണ്‌, എങ്കിലും ചില പുഴുക്കുത്തുകള്‍ ഇല്ലാതയില്ല. നമ്മുടെ ഉയര്‍ച്ചയില്‍, ഐശ്വര്യത്തില്‍, സന്തോഷത്തില്‍ എല്ലാം നമ്മുടെ വേണ്ടപ്പെട്ടവരെ ചേര്‍ത്തുവേക്കാനുള്ള നല്ല മനസ്സ്‌ നമുക്ക്‌ എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

മൊഴിമുത്തുകള്‍-4

‍മാതാവിന്റെ മഹത്വം

  • മാതാവിന്റെ കാല്‍കീഴിലാണ്‌ മക്കളുടെ സ്വര്‍ഗം ( ഇമാം അഹ്‌ മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ ത ഹദീസ്‌ )

മക്കളുടെ കടമ

  • ആര്‌ തന്റെ മാതാപിതാക്കളെ ത്യപിതിപ്പെടുത്തിയോ, അവന്‍ അല്ലാഹുവിനെയും ത്യപ്‌തിപ്പെടുത്തി. ആര്‌ തന്റെ മാതാപിതാക്കളെ വെറുപ്പിച്ചുവോ, അവന്‍ തന്റെ അല്ലാഹുവിനെയും വെറുപ്പിച്ചു.

  • മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്‌തവാനാരോ അവന്ന് സുഖ സന്തോഷമുണ്ട്‌. അവന്റെ ആയുസ്സ്‌ അല്ലാഹു ദീര്‍ഘിപ്പിക്കുകയും ചെയ്യും. ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

മാതാവിനെ ശുശ്രൂഷിച്ച്‌ അവരുടെ ത്യപ്‌തി സമ്പാദിക്കണം അത്‌ മക്കളുടെ കടമയാണ്‌. വിശ്വാസിയെ സംബന്ധിച്ച്‌ അവന്റെ / അവളുടെ പരമമായ ലക്ഷ്യം ലോക രക്ഷിതാവിന്റെ ത്യപ്തിയും പരലോക വിജയവും ആണ്‌ എന്നതിനാല്‍ ആ പരലോക വിജയത്തിനു മാതാക്കളുടെ പൊരുത്തം കൂടിയേ തീരു എന്ന് നബി(സ) അരുളുന്നു. മാതാക്കളുടെ പൊരുത്തം നേടാതെ അവരുടെ ത്യപ്‌ തി സമ്പാദിക്കാതെ യഥര്‍ത്ഥ ജീവിത വിജയം അസാധ്യമാണെന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. മതാപിതാക്കളുടെ ത്യപ്തി അല്ലാഹുവിനെയും ത്യപ്‌തിപ്പെടുത്തും. അത്‌ പ്രകാരം അവരുടെ വെറുപ്പിനു പാത്രമാകുന്ന മക്കള്‍ അല്ലാഹുവിന്റെ വെറുപ്പും സമ്പാദിയ്ക്കും.

നമ്മെ ചെറുപ്പം മുതല്‍ സംരക്ഷിച്ച്‌ വളര്‍ത്തി വിദ്യഭ്യാസം നല്‍കി വലുതാക്കിയ മാതാപിതാക്കള്‍ മുഖേന നമുക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും വന്ന് ചേരുന്നു. തിരിച്ച്‌ അവര്‍ക്ക്‌ നന്മ ചെയ്യുകയും അവരെ സംരക്ഷിക്കുകയും ചെയ്യല്‍ മക്കളുടെ കര്‍ത്തവ്യമാണ്‌` കര്‍ത്തവ്യം മറക്കുന്നവരെ അല്ലാഹു ശിക്ഷിക്കുകയും, യഥാവിധി കര്‍ത്തവ്യ നിര്‍വഹണം നടത്തുന്നവര്‍ക്ക്‌ അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യും.മതാ പിതാക്കള്‍ മക്കളോട്‌ നിര്‍ വഹിക്കേണ്ട ചുമതലകളും നബി (സ) സവിസ്‌ തരം വിവരിച്ചിട്ടുണ്ട്‌. അങ്ങിനെ തങ്ങളിലര്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച മാതാപിതാക്കള്‍ക്ക്‌ മാത്രമേ മക്കളില്‍ നിന്ന് തിരിച്ച്‌ കര്‍ത്തവ്യ നിര്‍വഹണത്തെ കുറിച്ച്‌ ആഗ്രഹിക്കാന്‍ അവകാശമുള്ളൂ.. എന്ന് കരുതി നാം നമ്മുടെ മാതാ പിതാക്കളില്‍ നിന്ന് വല്ല വന്ന വീഴ്ചകളില്‍ അവരെ അവഗണിക്കാന്‍ പാടില്ല. അവര്‍ക്ക്‌ നല്ലതിനു വേണ്ടിപ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും നമ്മുടെ കടമയാണ്‌. അത്‌ നാം നിറവേറ്റുക തന്നെ വേണം.മാതാവിന്റെ ത്യപ്‌ തി സമ്പാദിക്കാതെ എത്ര വലിയ ആളായാലും അല്ലാഹുവിന്റെ മുന്നില്‍ രക്ഷയില്ല എന്നതിനു ഉത്തമ ദ്യഷ്ടാന്തമാണു അല്‍ ഖമ (റ)വിന്റെ മരണാസന്ന സമയത്തെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.

ആ സംഭവം ഉമ്മ, സ്നേഹത്തിന്റെ അക്ഷയ ഖനി എന്ന പോസ്റ്റില്‍ ഇവിടെ കാസിം തങ്ങള്‍ ‍ വിവരിച്ചിട്ടുള്ളത്‌ വായിക്കുക

തന്നെ അവഗണിച്ച മകനെ തീയിലിട്ടു കരിക്കുമെന്ന് സന്ദേഹിച്ച്‌ അല്‍ ഖമ (റ ) യുടെ മാതാവ്‌ തന്റെ മകനു പൊറുത്തു കൊടുക്കാന്‍ തയ്യാറായതിലൂടെ ഒരു മാതാവിന്റെ മതാവിന്റെ മനസ്സ്‌ നമുക്കിവിടെ കാണാം. ആധുനിക യുഗത്തില്‍ കടമകള്‍ മറക്കുന്ന മക്കളും, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാത്ത മാതാപിതാക്കളും കേവലം പൊങ്ങച്ചത്തിനു വേണ്ടിമാത്രം ബന്ധങ്ങള്‍ സൂക്ഷിക്കുന്ന അവസഥയിലെത്തി നില്‍ക്കുന്നു. മാതാവിനെ ഓര്‍ക്കാന്‍ നമുക്കിന്ന് ഒരു ദിനം വേണം പിതാവിനെ ഓര്‍ക്കാന്‍ നമുക്കിന്ന് ഒരു ദിനം വേണം അവിടെയൊക്കെ കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞ്‌ വിഷം ഉള്ളിലൊതുക്കി ഉള്ളില്‍ തട്ടാത്ത വാചക കസര്‍ത്തുമായി ഓരോ ആഘോഷങ്ങള്‍. എങ്കിലും ആര്‍ക്കെങ്കിലും ഒരു മനം മാറ്റമുണ്ടാവന്‍ ഈ ദിനാഘോഷങ്ങള്‍ക്ക്‌ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആശിച്ച്‌ പോവുകയാണ്‌. ജീവിത സുഖത്തിനും സമ്പാദിക്കാനുമായി (മാത്രം ) വ്യദ്ധരായ മാതാ പിതാക്കളെ സദനങ്ങളിലാക്കി വിദേശങ്ങളില്‍ വിലസുന്ന മക്കള്‍.. അവരും ഓര്‍ ക്കുക .. വാര്‍ദ്ധക്യം എന്നത്‌ വരാനിരിക്കുന്നുവെന്ന്.. ഒരു പഴം ചൊല്ല് " അപ്പന്റെ അപ്പനു പാളയിലാണെങ്കില്‍ ( കഞ്ഞി കൊടുക്കുന്നത്‌ ) എന്റെ അപ്പനും പാളയില്‍ തന്നെ ) എന്ന് ഒരു മകന്‍ പണ്ട്‌ പറഞ്ഞുവത്രെ.... ഓര്‍മ്മയിലുണ്ടാവട്ടെ നമുക്കെന്നും..

മൊഴിമുത്തുകള്‍-3


വിയര്‍പ്പ്‌ വറ്റുന്നതിനു മുന്നെ വേദനം കൊടുക്കുക

  • أعطوا الأجير أجره قبل أن يجف عرقه وأعلمه أجره وهو في عمله
    വിയര്‍പ്പ്‌ വറ്റുന്നതിനു മുമ്പ്‌ തൊഴിലാളിക്ക്‌ അവന്റെ കൂലി കൊടുക്കുവിന്‍. അവന്‍ തന്റെ പ്രവ്യത്തിയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ അവന്റെ പ്രതിഫലത്തെ ( കൂലിയെ ) അറിയിച്ചു കൊടുക്കുകയും ചെയ്യുവിന്‍ ' ( ബൈഹഖി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

വിവരണം :

ഒരു കൂലിക്കാരനെ (തൊഴിലാളിയെ ) വിളിച്ച്‌ വേല ചെയ്യിപ്പിക്കുമ്പോള്‍ അവന്‍ ചെയ്യുന്ന അധ്വാനത്തിനു കൂലി നിശ്ചയിക്കണം. ജോലി ചെയ്ത്‌ കഴിഞ്ഞ ഉടനെ കൂലി കൊടുക്കുകയും വേണം. ഇപ്രകരം ചെയ്ത്‌ കൂലി വേലക്കാരായ തൊഴിലാളികളെ സന്തോഷിപ്പിക്കല്‍ തൊഴില്‍ എടുപ്പിക്കുന്നവന്റെ ചുമതലയാണ്‌`. പണിയെടുപ്പിച്ചതിനു ശേഷം അവരെ വെറുപ്പിച്ചയക്കുന്നത്‌ ശരിയല്ല.

കുറിപ്പ്‌ :വിദ്യഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ച്‌ എന്ന് കരുതുന്ന പരിഷ്കാരത്തിന്റെ പച്ചപ്പില്‍ മതിമറന്ന് കഴിയുന്ന ആധുനിക അഭിനവ മുതലാളിമാര്‍ തങ്ങളുടെ കിഴില്‍ തൊഴിലെടുക്കുന്നവരെ ചൂഷണം ചെയ്ത്‌ തടിച്ച്‌ കൊഴുത്ത്‌ കൊണ്ടിരിക്കുന്നു. പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവനു പണക്കാര്‍ വലിയ പണക്കാരനുമായി മാറി സമ്പത്ത്‌ ചുരുക്കം ചിലരുടെ കൈകളില്‍ കുമിഞ്ഞു കൂടിയതിന്റെ തികത ഫലങ്ങള്‍ നാം അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.. അന്യ നാട്ടില്‍ വന്ന് മറ്റുള്ളവന്റെ വീട്ടിലും മറ്റ്‌ സ്ഥാപനങ്ങളിലുമെല്ലാം അടിമയെപ്പോലെ പണിയെടുക്കുന്നവരില്‍ പലരും നാട്ടിലും ഇവിടെയും പിന്നിട്‌ മുതലാളിമാരായി അവരുടെ വീട്ടിലും അല്ലെങ്കില്‍ അവര്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളെ കഷ്ടപ്പെടുത്തുന്ന എത്രയോ കഥകള്‍ നാം കേള്‍ ക്കുന്നു. വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന തൊഴിലാളിയുടെ മനസ്സിന്റെ വേദനയില്‍ ഉയര്‍ത്തുന്ന സൌദങ്ങളില്‍ പക്ഷെ ഇവര്‍ക്ക്‌ മനസ്സമാധാനമുണ്ടാവുമോ ? നാളെ ലോക രക്ഷിതാവായ അല്ലാഹുവിന്റെ മുന്നില്‍ ഇതിനൊക്കെ ഉത്തരമേകാതെ രക്ഷപ്പെടാന്‍ ഈ സമ്പാദ്യങ്ങള്‍ ഉപകരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കി അവര്‍ക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നു എന്ന് മാത്രം പറയട്ടെ.. ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും തൊഴിലാളികളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരിക്കണം. എന്നാല്‍ ഇന്ന് നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അവകാശങ്ങള്‍ നേടിയെടുക്കാന്‍ അക്രമ സമരങ്ങള്‍ നയിക്കുന്നവര്‍ പക്ഷെ തങ്ങളില്‍ അര്‍പ്പിച്ച ജോലി ശരിയായി ചെയ്ത്‌ തീര്‍ക്കാറില്ല എന്നതാണു വാസ്തവം.

വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ സംശയങ്ങള്‍, ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. ‍ അറിവുള്ളവരോട്‌ അന്വഷിച്ച്‌ ഉത്തരം തരാന്‍ ശ്രമിയ്ക്കാം .. ഇന്‍ശാ അല്ലാഹ്‌

മൊഴി മുത്തുകള്‍ -2

നന്ദി
.. ഒരു മഹത്‌ ഗുണം
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ എടുത്തുപറയല്‍ നന്ദിയും അതുപേക്ഷിക്കല്‍ നന്ദികേടുമാണ്‌. കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോടെ നന്ദി ചെയ്യാത്തവര്‍ അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല. ( ബൈഹഖി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
===============================================================
ഉപകാര സ്മരണ, നന്ദി പ്രകടനം, അതിനായി വേണ്ടത്‌ ചെയ്യല്‍ എന്നിവ നബി (സ) യുടെ ചര്യകളില്‍ പെട്ടതാണ്‌. അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ എടുത്തു പറയുന്നത്‌ തന്നെ ഒരു നന്ദി പ്രകടനമാണ്‌. ഈ നന്ദി പ്രകടനത്തിനായി അല്ലാഹുവിനെ ആരാധിക്കുകയും അവന്റെ സൃഷ്ടികളെ സഹായിക്കുകയും ചെയ്യണം. ജനങ്ങള്‍ പരസ്പരം ഉപകാരം ചെയ്യേണ്ടതും അതിന്റെ അടിസ്ഥനത്തില്‍ അന്യോന്യം നന്ദിയുള്ളവരായിരിക്കേണ്ടതുമാണ്‌. അല്ലാഹു എത്ര അനുഗ്രഹം ചെയ്താലും അതിനെ യൊക്കെ മറച്ച്‌ വെച്ച്‌ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മാത്രം പറയലും , ഉപകാരം ചെയ്തവരോട്‌ നന്ദി കാണിക്കാതിരിക്കലും മാത്രമല്ല ഉപകാരം ചെയ്തവനെ ഉപദ്രവിക്കലും ഇന്ന് ജനങ്ങളുടെ ഇടയില്‍ അധികരിച്ചിരിക്കുന്നു. അറിവുള്ളവരും ഇല്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു.
----------------------------------------------------------------------------------------------
നന്ദി ചെയ്യല്‍ ഇസ്‌ ലാകിക ചിട്ടകളില്‍ പെട്ടതും നന്ദികേട്‌ കാണിക്കല്‍ അനിസ്‌ ലാമികവും അവിശ്വാസവും കൂടിയാണെന്നും നബി (സ) യുടെ തിരു മൊഴിയിലൂടെ പഠിക്കേണ്ടതുണ്ട്‌. മനുഷ്യന്‍ ഏറ്റവും നന്ദികെട്ട വിഭാഗമായി നിപതിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണെവിടെയും..
സമ്പത്തിന്റെ മൂര്‍ദ്ധന്യതയില്‍ വിരാചിച്ചുകൊണ്ടിരിക്കുന്നവനോടും വിശേഷങ്ങള്‍ ചോദിച്ചാല്‍ .. ആ ... ഒരുവിധമങ്ങിനെ തട്ടി മുട്ടി നീങ്ങുന്നു... എന്നാണു മിക്കവരില്‍ നിന്നും മറുപടി ലഭിക്കുക..സര്‍വ്വലോക രക്ഷിതാവിനോടും ജനങ്ങളോടും നന്ദിയുള്ളവരായി വര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ സംശയങ്ങള്‍, ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. അറിവുള്ളവരോട്‌ അന്വഷിച്ച്‌ ഉത്തരം തരാന്‍ ശ്രമിയ്ക്കാം .. ഇന്‍ശാ അല്ലാഹ്‌

മൊഴിമുത്തുകള്‍ -1

അക്രമം

അക്രമത്തെ സൂക്ഷിക്കുവിന്‍; എന്തു കൊണ്ടെന്നാല്‍ അകമം അവസാന നാളില്‍ അന്ധകാരങ്ങളാകുന്നു. ( മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥനയെ സൂക്ഷിക്കുക; എന്തുകൊണ്ടെന്നാല്‍ ആ പ്രാര്‍ത്ഥനയുടെയും അല്ലാഹുവിന്റെയും ഇടയില്‍ മറയില്ല ( അഥവാ അല്ലാഹു ഉടനെ സ്വീകരിക്കും ) ( തിര്‍മുദി (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

മറ്റുള്ളവരെ യാതൊരു കാരണവശാലും ഉപദ്രവിയ്ക്കരുത്‌. ഉപദ്രവമാകുന്ന അക്രമം പരലോക ശിക്ഷയ്ക്ക്‌ കാരണമാകുമെന്നതില്‍ സംശയമില്ല. കൂടാതെ അക്രമിക്കപ്പെട്ട അല്ലെങ്കില്‍ ഉപദ്രവിയ്ക്കപ്പെട്ട മനുഷ്യന്‍ അക്രമിയെ കുറിച്ച്‌ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ച്‌ ഉത്തരം നല്‍കും. അപ്പോള്‍ അക്രമിയായ മനുഷ്യനു ഇഹത്തിലും പരത്തിലും ( ഈ ലോകത്തും , പരലോകത്തും ) അല്ലാഹുവിന്റെ ശിക്ഷയ്ക്ക്‌ പാത്രമാകും. ആ ശിക്ഷയാകട്ടെ വേഗത്തില്‍ അവനെ / അക്രമിയെ ബാധിക്കുകയും ചെയ്യും.

ജനങ്ങള്‍ പരസ്പരം മര്യാദകേടായി പെരുമാറുന്നതും ദ്രോഹിക്കുന്നതും അക്രമം തന്നെയാണു. ഒരു സദസ്സില്‍ / സഭയില്‍ വെച്ച്‌ അപമാനിക്കുന്നതും തന്നെ ബഹുമാനിക്കാത്തതിന്റെ പേരില്‍, താന്‍ പറഞ്ഞത്‌ അനുസരിക്കാത്തതിന്റെ പേരില്‍, ഇതരന്‍ കീഴടങ്ങണം എന്ന ദുരുദ്ധേശ്യത്തോട്‌ കൂടി അവന്റെ ജീവിത മാര്‍ഗങ്ങളില്‍ തടസ്സമുണ്ടാക്കലും, ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചു വിടലും, അന്യന്റെ സ്വത്ത്‌ അന്യയമായി കൈക്കലാക്കുവാന്‍ ശ്രമിക്കലും അത്‌ വഴി അവനെ ഭവന രഹിതനാക്കലും, എന്നു വേണ്ട തനിയ്ക്ക്‌ ഇഷ്ടമില്ലാത്തതിന്റെ പേരിലോ, തന്റെ സ്വാര്‍ത്ഥ മോഹങ്ങള്‍ സാധിക്കുവാനോ , മറ്റുള്ളവര്‍ ക്ക്‌ ഉപദ്രവകരമായിതീരുന്ന ഏത്‌ പ്രവര്‍ത്തിയും അക്രമത്തില്‍ പെട്ടതാണ്‌.

-------------------------------------------------------------------------------------------------

ഈ മുന്നറിയിപ്പിന്റെ കാതല്‍ തിരിച്ചറിയാന്‍ ഏവര്‍ ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്‌.വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ സംശയങ്ങള്‍, ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. അറിവുള്ളവരോട്‌ അന്വഷിച്ച്‌ ഉത്തരം തരാന്‍ ശ്രമിയ്ക്കാം .. ഇന്‍ശാ അല്ലാഹ്‌

ഒരു ശ്രമം മാത്രം..

ഏറെ തെറ്റിദ്ധരിപ്പിക്കുവാന്‍ കുത്സിത ശ്രമങ്ങള്‍ നടക്കുന്നു.

പക്ഷെ നിശ്പക്ഷമതികള്‍, ചിന്തകര്‍ എല്ലാം ആ ദീപനാളത്തിന്റെ പ്രകാശം തിരിച്ചറിയുന്നു..

വറഫഅനാ ലക ദിക്‌റക്‌ (അങ്ങയുടെ നാമം നാം ഉയര്‍ത്തിയിരിക്കുന്നു / മഹത്തരമാക്കിയിരിക്കുന്നു ) എന്ന ഖുര്‍ആന്‍ പ്രഖ്യാപനം എല്ലാ ഇകഴ്ത്തലുകളെയും അതിജീവനം ചെയ്ത്‌ നിലകൊള്ളുമ്പോള്‍ ഇഷ്കിന്റെ പതാക ആഷിക്കുകള്‍ക്ക്‌ ആവേഷമായി പാറുന്നു...

ഇത്‌ ഒരു ശ്രമം മാത്രം..

നല്ല മനസ്സുകളുടെഅകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു..